ചെങ്കടൽ തീരങ്ങളിലൂടെ ഒരു യാത്ര
Travel Apr 03, 2023
സൗദി അറേബ്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന തീരദേശ പ്രവിശ്യയായ തബൂക്കിലൂടെ നീണ്ട 10 ദിവസത്തെ യാത്രയിലെ പ്രകൃതി വിസ്മയ കാഴ്ചകളും പൗരാണിക ചരിത്രങ്ങളുമാണ് ഇവിടെ പങ്ക്വെക്കുന്നത്. വരണ്ട കാലാവസ്ഥയും അനന്തമായ മണൽക്കൂനകളുമുള്ള ഒരു രാജ്യമാണ് സൗദി അറേബ്യ എന്നതാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ, ഈ ഭൂമിയിലൂടെ യാത്ര ചെയ്താൽ മാത്രമേ എത്ര മനോഹരമായ കാഴ്ചകൾകൊണ്ടും ചരിത്രങ്ങൾകൊണ്ടും സമ്പുഷ്ടമാണ് സൗദി അറേബ്യ എന്ന് തിരിച്ചറിയാൻ പറ്റു.
അതിമനോഹരവും ചരിത്രങ്ങൾ ഉറങ്ങുന്നതുമായ ചെങ്കടൽ തീരങ്ങളിലൂടെ തുടങ്ങിയ യാത്ര അവസാനിച്ചത് സൗദി അറേബ്യയിലെ ആദ്യത്തെ ലോക പൈതൃക സ്ഥലമായ “മദായിൻ സാലിഹ്” (Madain saleh)-ൽ ആയിരുന്നു. ചെങ്കടൽ തീരങ്ങളായ യാമ്പു, ഉംലുജ്ജ്, അൽ-വജ്ജ്, ദുബ, ഷർമ്മ, റാസ് അൽ ഷെയ്ക്ക് ഹമീദ്, മഖ്ന, ഹഖ്ൽ എന്നീ മനോഹര സ്ഥലങ്ങളിലൂടെയുള്ള യാത്ര തബൂക്, അൽ-ഉല, മദായിൻ സാലിഹ് എന്നീ ചരിത്ര ഭൂമിയിലൂടെ അവസാനിപ്പിക്കുകയായിരുന്നു. പതിവുപോലെ ഞാനും കുടുംബവും തനിച്ച് പോകാനിരുന്ന യാത്രയിലേക്ക് യാദൃശ്ചികമായി സുഹൃത്ത്, ലിജോയും കുടുംബവും ചേർന്നതോടെ യാത്ര ഒന്നുകൂടെ ആനന്ദകരമായി. ഈ യാത്രയിൽ ഞങ്ങൾ സഞ്ചരിച്ച സ്ഥലങ്ങളെ കുറിച്ചുള്ള ചെറിയ വിവരണങ്ങൾ ആണ് താഴെ കുറിക്കുന്നത്.
ഉംലുജ്ജ് (Umluj- Maldives of Saudi Arabia):
സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത്, ചെങ്കടലിന്റെ തീരത്തുള്ള ഒരു ചെറിയ പട്ടണമാണ് ഉംലൂജ്. “സൗദി അറേബ്യയിലെ മാലിദ്വീപ്” എന്നാണ് അതിമനോഹര സമുദ്രപ്രകൃതിയുള്ള ഈ പ്രദേശം അറിയപ്പെടുന്നത്. 104 ദ്വീപുകൾ അടങ്ങിയിരിക്കുന്ന ഉംലുജ്ജിലെ തെളിഞ്ഞ ചില്ലുപോലുള്ള വെള്ളത്തിലൂടെ ഉള്ള ബോട്ട് യാത്ര ആസ്വദിക്കേണ്ടതാണ്. ബോട്ട് യാത്രയ്ക്കിടയിൽ ചെങ്കടലിൽ ചാടി നീന്തി കുളിക്കുന്നത് പ്രത്യേക അനുഭവമാണ്. ബോട്ട് യാത്രക്കിടയിൽ ചില ദ്വീപുകളും അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വ്യത്യസ്ത ഇനത്തിൽ പെട്ട പക്ഷികളെയും കാണാൻ സാധിക്കും. വെളുത്ത പട്ട് പോലുള്ള ശാന്തമായാ കടൽത്തീരം ഇവിടുത്തെ പ്രത്യേകതയാണ്. അതി മനോഹര പവിഴപ്പുറ്റുകളും മറ്റ് സമുദ്രവിഭവങ്ങളും നിറഞ്ഞ ഇവിടുത്തെ കടലിൽ സ്കൂബ ഡൈവിംഗ്, സ്നോർക്കലിംഗ്, നീന്തൽ എന്നിവ ആസ്വദിക്കേണ്ടത് തന്നെയാണ്. യാമ്പുവിൽ നിന്നും 170 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ മനോഹര സ്ഥലത്തേക്ക് എത്തിച്ചേരാം. ഇവിടെ നിന്നും പിന്നീട് ഞങ്ങൾ പോയത് അൽ-വജ്ജിലേക്കായിരുന്നു.
അൽ-വജ്ജ്:
ചെങ്കടലിൽ തീരത്തിലൂടെ ഉംലുജ്ജിൽ നിന്നും 150 കിലോമീറ്റർ യാത്ര ചെയ്താൽ രാജ്യത്തിലെ ഏറ്റവും പഴയ തീരദേശമായ അൽ-വജ്ജിൽ എത്താം. അതിമനോഹരമായ കടലും, പവിഴപ്പുറ്റുകളും മറ്റ് സമുദ്രവിഭവങ്ങളും ഈ പ്രദേശത്തേക്ക് ആളുകളെ ആകർഷിക്കുന്നു. ഓട്ടോമൻ കാലഘട്ടങ്ങളിലെ പല കോട്ടകളും, കെട്ടിടങ്ങളും അൽ-വജ്ജിൽ സന്ദർശകർക്കായി നിലവിലുണ്ട്.
ഒന്നാം ലോകമഹായുദ്ധ സമയത്തെ അറബ് കലാപത്തിൽ അൽ-വജ്ജ്ന് പ്രധാന പങ്കുണ്ടായിരുന്നു. 1917 ൽ ഫൈസൽ ഒന്നാമന്റെ സൈന്യം ഇവിടം ആയിരുന്നു പ്രസിദ്ധമായ “ഹെജാസ് റെയിൽവേയ്ക്കെതിരായ” നിരവധി ആക്രമണങ്ങൾക്കുള്ള തട്ടകമായി ഉപയോഗിച്ചിരുന്നത്. പുരാതന ഗോത്രങ്ങളിൽ നിന്നുള്ള പൗരന്മാർ ആണ് അധികവും ഇവിടെ വസിക്കുന്നത്.
ദുബ (The Pearl of the Red Sea):
“ചെങ്കടലിന്റെ മുത്ത്” എന്ന് അറിയപ്പെടുന്ന ദുബ-ലേക്കാണ് അൽ-വജ്ജിൽ നിന്നും പിന്നീട് ഞങ്ങൾ പോയത് . അൽ-വജ്ജിൽ നിന്നും 150 കിലോമീറ്റർ ദൂരത്താണ് ദുബ എന്ന പുരാതന പട്ടണം സ്ഥിതിചെയ്യുന്നത്. പണ്ട് കാലങ്ങളിൽ ഈജിപ്ത്തിൽ നിന്ന് ഹജ്ജിന് വന്നിരുന്നത് ദുബ വഴി ആയിരുന്നു. ഇപ്പോഴും ഈജിപ്തിലേക്കും ജോർദാനിലേക്കും പായകപ്പലുകളിലും കപ്പലുകളിലും ഇവിടെ നിന്ന് യാത്ര ചെയ്യാം. പ്രസിദ്ധമായ സൂയസ് കനാലുമായി ഏറ്റവും അടുത്തുള്ള സൗദി തുറമുഖവുമാണ് ദുബ.
ദുബയിലെ കടലും നിരവധി ആളുകൾ സ്കുബ ഡൈവിംഗ്, സ്നോർക്കലിംഗ്, നീന്തൽ എന്നിവക്ക് വേണ്ടി തിരഞ്ഞെടുക്കാറുണ്ട്. ചെങ്കടലിലൂടെ ഉല്ലാസബോട്ടിൽ ഉള്ള യാത്രയും യാത്രാമദ്ധ്യേ ഉള്ള നീന്തലും സ്കൂബ ഡൈവിങ്ങും ആസ്വദിക്കേണ്ടതാണ്. കടലിനടിയിലെ ലോകം നമ്മൾ കണ്ടറിയേണ്ടത് തന്നെയാണ്. അതിന് ഏറ്റവും അനുയോജ്യം ചെങ്കടൽ തന്നെയാണ്. ദുബ-യിലും ഞങ്ങൾ കടലിനടിയിലെ വിസ്മയ ലോകം നേരിൽ കണ്ടാസ്വദിച്ചു. ചെങ്കടൽ കാഴ്ചകൾ അല്ലാതെ ഇവിടെയും നിരവധി പ്രസിദ്ധമായ ചരിത്രശേഷിപ്പുകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് 1931-ൽ നിർമിച്ച അബ്ദുൽ അസീസ് രാജാവിന്റെ കോട്ട.
പ്രകൃതിയുടെ അത്ഭുദം എന്നറിയപ്പെടുന്ന “വാദി ദിസഹ്” എന്ന സ്ഥലത്തേക്കാണ് പിന്നീട് ഞങ്ങൾ പോയത്. ദുബയിൽ നിന്നും തബുക്കിലേക്കുള്ള വഴിയിലാണ് മനോഹരമായ ഈ താഴ്വര. പില്ലർ ആകൃതിയിലുള്ള ചുവന്ന മലകളാലും ഈത്തപ്പനകളാലും നിറഞ്ഞ ഈ പ്രദേശത്തിന്റെ മനോഹാരിത എത്ര വർണിക്കാൻ വാക്കുകൾക്കാവില്ല. താഴ്വരകളിലെ ഈത്തപ്പനകളും, അരുവികളും ഈ പ്രദേശത്തെ അതിമോനോഹരമാക്കുന്നു. അധികമാരും എത്തിപെട്ടിട്ടില്ലാത്ത ഈ മനോഹര സ്ഥലം ഭാവിയിൽ സൗദിയിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന സ്ഥലമായി മാറുമെന്നതിൽ സംശയമില്ല. അത്രയും മനോഹരമാണ് ഇവിടേക്കുള്ള യാത്രയും പ്രകൃതിയും. പ്രകൃതി സൗന്ദര്യത്തിന് പുറമെ നബ്റ്റിയെൻസ് കാലഘട്ടത്തിലെ ചില ശവകുടീരങ്ങളും ശേഷിപ്പുകളും ഇവിടെ സന്ദർശിക്കാവുന്നതാണ്. ഈത്തപ്പനകളുടെ താഴ്വര എന്നും വാദി ദിസഹിനെ വിളിക്കാറുണ്ട്.
ഷർമ:
സൗദി അറബിയയിലെ ഏറ്റവും മനോഹരായ കടൽ തീരമുള്ള സ്ഥലമാണ് ഷർമ എന്നാണ് പറയപ്പെടുന്നത്. ഇവിടുത്തെ ബീച്ചിൽ സായാഹ്നം ചിവഴിക്കുന്നതും സൂര്യാസ്തമയം ആസ്വദിക്കുന്നതും പ്രത്യേക അനുഭവമാണ്. വാദി ദിസഹ്-ൽ നിന്നും ദുബ വഴി ഷർമയിലേക്കാണ് പിന്നീട് ഞങ്ങൾ പോയത്.
റാസ് അൽ-ഷെയ്ക്ക് ഹമീദ്:
അഖബ ഉൾക്കടലിന്റ (gulf of aqaba) തുടക്കത്തിലും ചെങ്കടലിന്റെ അവസാനത്തിനും ഇടയിൽ സൗദി അറേബ്യയിലെ മറ്റൊരു മനോഹര തീര പ്രദേശമാണ് റാസ് അൽ-ഷെയ്ഖ് ഹമീദ്. ഈജിപ്തിലെ പ്രധാന വിനോദ സഞ്ചാര പ്രദേശമായ ഷർമ് അൽ-ഷെയ്ഖിലേക്ക് ഇവിടെ നിന്നും 20 കിലോമീറ്ററുകളുടെ ദൂരം മാത്രമേ ഒള്ളു. അതിമനോഹര സമുദ്രപ്രകൃതിക്ക് പുറമെ വർഷങ്ങൾക്ക് മുമ്പ് തകർന്ന് വീണ ഒരു പഴയ വിമാനം ഇന്നും ഈ കടൽ തീരത്തുണ്ട്. 1960-ൽ ഒരു അമേരിക്കൻ കുടുംബം സഞ്ചരിച്ചിരുന്ന “കാറ്റലീന എൻ 5593 വി” എന്ന വിമാനം ചില സംശയത്തിന്റെ പേരിൽ ഈ സ്ഥലത്തു വെച്ച് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
റാസ് അൽ-ഷെയ്ഖ് ഹമീദിന്റെ കടൽത്തീരങ്ങൾ അതിമനോഹരമാണ്, മാത്രമല്ല പടിഞ്ഞാറ് 15 കിലോമീറ്റർ അകലെയുള്ള ഈജിപ്തിലെ സീനായി പർവതനിരകളിലെ കാഴ്ച്ചകളും ഇവിടെ നിന്ന് ആസ്വദിക്കാൻ പറ്റും. സീനായിയുടെ മുകളിലൂടെ ഉള്ള സൂര്യാസ്തമയം ഇവിടെ നിന്നും നോക്കികാണുന്നത് പ്രത്യേക അനുഭവമാണ്. ഷർമയിൽ നിന്നും 90 കിലോമീറ്റർ ആളൊഴിഞ്ഞ പാതയിലൂടെ സഞ്ചരിച്ചാൽ ഈ തീര പ്രദേശത്ത് എത്താം.
മഖ്ന:
ഈജിപ്തിനെയും സീനായി പർവതങ്ങളെയും അഭിമുഖീകരിച് അഖബ ഉൾക്കടൽ തീരത്ത് സ്ഥിതിചെയ്യുന്ന സൗദിയുടെ മറ്റൊരു മനോഹര തീരദേശമാണ് മഖ്ന. പ്രവാചകൻ മൂസ (അ) (prophet moses) യുടെ ജീവിതത്തിലെ ഒരു സുപ്രധാന കാലഘട്ടത്തിന് സാക്ഷ്യം വഹിച്ച പ്രദേശമായിട്ടാണ് മഖ്ന പ്രസിദ്ധമായത്. ഈജിപ്തിൽ നിന്നും മൂസ നബിക്ക് (prophet moses) പലായനം ചെയ്യേണ്ടി വന്നപ്പോൾ അഖബ ഉൾക്കൽ വഴി മഖ്നയിലേക്കാണ് വന്നിരുന്നത്. ശേഷം 10 വർഷത്തോളം മഖ്നയിലും സമീപ പ്രദേശമായ അൽ-ബാദ’അ യിലുമാണ് ജീവിച്ചിരുന്നത്. മോസസ് കിണറുകൾ, മോസസ് റോഡ്, മോസസ് വാലി (Tayyib al Ism), മോസസ് വടികൊണ്ട് പിളർത്തിയ മല, വടികൊണ്ട് അടിച്ച് ഉണ്ടാക്കിയ അരുവികൾ തുടങ്ങിയ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ ഇന്നും മഖ്നയിൽ ഉണ്ട്. ഒരു ഭാഗത് അഖബ ഉൾക്കടലും മറുഭാഗത് മലകളും അതിനിടയിലൂടെ മഖ്നയിലൂടെ ഉള്ള യാത്ര കണ്ണും മനസ്സും നിറക്കും. ഈ യാത്രക്കിടയിൽ മറുകരയിൽ ഉള്ള ഈജിപ്ത് കാണാൻ സാധിക്കും എന്നത് കൗതുകം ഉള്ള മറ്റൊരു കാഴ്ചയാണ്. ഈജിപ്തിൽ നിന്ന് മൂസാ നബി കടൽ കടന്നെത്തിയ മഖ്നയിലെ സ്ഥലം ഇന്ന് “ത്വയിബ് അൽ-ഇസ്മ്” എന്ന പേരിലാണ് അറിയപ്പെടുന്നത്.
അൽ-ബദ’അ (The ancient city of Madyan)
ഖുറാനിൽ പ്രതിപാദിച്ചിട്ടുള്ള മദ്യൻ സമുദായത്തിന്റെയും, പ്രവാചകൻ ഷുഹൈബ് (അ) ന്റെയും നഗരമായിട്ടാണ് അൽ-ബദ’അ അറിയപ്പെടുന്നത്. പ്രവാചകൻ മൂസ (അ) ഈജിപ്തിൽ നിന്ന് പലായനം ചെയ്ത ശേഷം 10 വർഷത്തോളം താമസിച്ച സ്ഥലംകൂടെയാണ് അൽ-ബദ’അ. പ്രവാചകൻ മൂസ (അ) പ്രവാചകൻ ഷുഹൈബ് (അ)നെ കണ്ടുമുട്ടുകയും തന്റെ ഒരു മകളെ മൂസ (അ)ന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു എന്നതാണ് ചരിത്രം. ഇതുമായി ബന്ധപ്പെട്ട പല ചരിത്ര ശേഷിപ്പുകൾ ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. നബ്റ്റിയെൻ കാലഘട്ടത്തിലെ ചില നിർമ്മിതികളും ഇവിടെ നിലവിലുണ്ട്. മഗൈർ ഷുഹൈബ് എന്ന പേരിൽ അറിയപ്പെടുന്ന നബ്റ്റിയെൻ കാലഘട്ടത്തിലെ ശവകുടീരങ്ങൾ ഉൾപ്പെടുന്ന നിർമിതികൾ ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. മഖ്നയിൽ നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ പുരാതന പട്ടണത്തിൽ എത്താം.
ഹഖ്ൽ:
അഖബ ഉൾക്കടൽ തീരത്തെ അവസാന സൗദി പട്ടണമാണ് ഹഖ്ൽ. ഇവിടെ നിന്നും ജോർദാനിലെ അഖബ നഗരം, ഈജിപ്തിലെ തബ പട്ടണം, ഇസ്രായേൽ തുറമുഖ നഗരമായ എലത്ത് എന്നിവ കാണാൻ സാധിക്കും എന്നത് ഹഖ്ൽന്റെ പ്രത്യേകത ആണ്. ഹഖലിൽ എത്തുന്നവരെ ഒരിക്കലും മടുപ്പിക്കാത്ത തരത്തിലാണ് ഈ പട്ടണത്തിന്റെ മനോഹാരിത. ഹഖൽ നിന്നും മഖ്ന പോകുന്ന വഴിയിൽ “സൗദി ടൈറ്റാനിക്” എന്ന് അറിയപ്പെടുന്ന ജോർജിയോസ് ജി എന്ന കപ്പൽ തകർന്ന സ്ഥലം കാണാവുന്നതാണ്. കടലിന് അരികിലൂടെ വിജനമായ റോഡിലൂടെ സഞ്ചരിച്ചാൽ ഈ സ്ഥലത്തെത്താം. കടലിൽ വർഷങ്ങളായി കിടക്കുന്ന കപ്പലിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കാനും കടൽത്തീരത്ത് ശാന്തമായി സമയം ചെലവിടാനും പറ്റിയ സ്ഥലമാണ് ഇവിടം.
ഹഖ്ലിൽ നിന്നും തബുക് പോകുന്ന വഴിയിലുള്ള “ബദാം പർവ്വതം” എന്നർത്ഥം വരുന്ന “ജബൽ അൽ-ലോസ്” പർവ്വതത്തിലേക്കായിരുന്നു പിന്നീടുള്ള ഞങ്ങളുടെ യാത്ര. ഇത്രയും ദിവസം ചെങ്കടലിന്റെ തീരത്തിലൂടെ ആയിരുന്നു യാത്ര എങ്കിൽ ഇനി സൗദിയുടെ മറ്റൊരു ഭാഗത്തേക്കാണ് യാത്ര. സമുദ്രനിരപ്പിൽ നിന്ന് 2,549 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജബൽ അൽ-ലോസ് തബൂക് പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള പർവതമാണ്. സൗദി അറേബ്യയിൽ മിക്കവാറും എല്ലാ വർഷവും മഞ്ഞ് വീഴുന്ന ഒരേയൊരു സ്ഥലമാണ് ജെബൽ അൽ ലോസ്. വിശുദ്ധ ഖുർആനിൽ പരാമർശിച്ചിട്ടുള്ള സീനായി പർവതം ഇതാണെന്ന് ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. ഈ പർവതത്തിന്റെ മുകളിലേക്കുള്ള യാത്രയാണ് മനോഹരം. മുകളിൽ എത്തുംതോറും തണുപ്പ് കൂടിക്കൂടി വന്നു. ഹഖലിൽ നിന്നും 115 കിലോമീറ്റർ ദൂരമാണ് ജബൽ അൽ-ലോസ്ക്കുള്ളത്.
തബുക്:
തബുക് പ്രവിശ്യയുടെ തലസ്ഥാനമാണ് ചരിത്രപ്രസിദ്ധമായ തബുക് നഗരം. ജെബൽ അൽ-ലോസിൽ നിന്നും ബിർ ഇബ്ന് ഹിർമസ് വഴി 180 കിമി യാത്ര ചെയ്താൽ തബുക്കിൽ എത്താം. മുഹമ്മദ് നബിയും കൂട്ടാളികളും (എ.ഡി. 630) റോമക്കാർക്കെതിരെ പോരാടാൻ തബൂക്കിൽ തമ്പടിച്ചത് മുതലാണ് തബൂക്ക് പ്രസിദ്ധമായത്. അതിന് ശേഷം തബുക് പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിലും ഗൾഫ് യുദ്ധത്തിലും തബുക് നഗരം നിർണായക സാന്നിധ്യമായിട്ടുണ്ട്. ഖുറാനിലെ സൂറത്തുൽ തൗബ അവതരിച്ചത് മുഹമ്മദ് നബിയുടെ തബുക് യാത്രയും അതുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു. തൗബ മസ്ജിദ് എന്ന തബുക്കിലെ പള്ളി ഈ ചരിത്രവുമായി ബന്ധപെട്ട് നിർമിച്ചിട്ടുള്ളതാണ്. തബുക്കിലെ ഓട്ടോമൻ കോട്ട, ഇജാസ് റെയിൽവേ സ്റ്റേഷൻ എന്നിവ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.
അൽ-ഉല:
ലോകത്തിന്റെ അറിയപ്പെടാത്ത അത്ഭുതമാണ് അൽ-ഉല. കൂറ്റൻ പാറക്കെട്ടുകളാൽ നിറഞ്ഞ സുന്ദരമായ പട്ടണമാണ് അൽ-ഉല. സൗദി അറേബ്യയുടെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക സൈറ്റായ ഹെഗ്ര, അൽ-ഉലയുടെ പരിധിക്കുള്ളിൽ പെടുന്ന സ്ഥലമാണ്. തബുക്കിൽ നിന്നും 300 കിമി സഞ്ചരിച്ചാൽ മദീന പ്രവിശ്യയിൽ പെട്ട അൽ-ഉല പട്ടണത്തിൽ എത്താം. ഭൂപ്രകൃതിയുടെ മനോഹാരിതകൊണ്ട് സമ്പന്നമായ അൽ-ഉലക്ക് സഹസ്രാബ്ദങ്ങളുടെ ചരിത്രം പറയാനുണ്ട്. നബ്തിയൻസിന്റെ അധിനിവേശത്തിന് പുറമെ പ്രമുഖമായ ദദാൻ സമൂഹത്തിന്റെയും കേന്ദ്രമായിരുന്നു അൽ-ഉല. ദദാൻ സമൂഹത്തിന്റെ ശേഷിപ്പുകൾ ചരിത്രാന്ന്വേഷികൾക്കായി അൽ-ഉലയിൽ ഉണ്ട്. ജബൽ ഇക്മ എന്ന മലയും ദദാൻ എന്ന സ്ഥലവുമാണ് ദദാൻ സമൂഹത്തിന്റെ ശേഷിപ്പുകൾ ഉള്ള സ്ഥലം. കൂടാതെ നൂറ്റാണ്ടുകൾക്ക് മുമ്പ് ജനങ്ങൾ വസിച്ചിരുന്ന സ്ഥലം അൽ-ഉല പൈതൃക ഗ്രാമം (Al-ula heritage village) എന്ന പേരിൽ വിനോദ സഞ്ചാരികൾക്കായി അൽ-ഉലയിൽ ഉണ്ട്.
നിരവധി കൂറ്റൻ പാറക്കെട്ടുകളും മലകളും അതുമായി ചുറ്റപ്പെട്ട സഹസ്രാബ്ദങ്ങളുടെ ചരിത്രങ്ങളും അൽ-ഉല സഞ്ചാരികളുടെ ഇഷ്ട്ട സ്ഥലമായി മാറിയിട്ടുണ്ട്. എലഫന്റ് റോക്ക് എന്നറിയപ്പെടുന്ന ഒരു ഭീമൻ ആനയുടെ രൂപത്തിലുള്ള പാറക്കല്ല് അൽ-ഉലയിലെ കാണേണ്ട മറ്റൊരു കാഴ്ചയാണ്. കൂടാതെ മലകൾക്കിടയിലെ കുതിര സവാരി, സൈക്കിൾ സവാരി, ക്യാമ്പിംഗ്, ട്രക്കിംഗ് തുടങ്ങിയ പല പരിപാടികളും അൽ-ഉലയിൽ ഉണ്ട്. എന്നാൽ ഇതിൽ പലതും www.experiencealula.com എന്ന വെബ് സൈറ്റ് മുഖേന ടിക്കറ്റ് എടുത്താൽ മാത്രമെ പ്രവേശനമുള്ളൂ എന്നത് സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ടതാണ്.
മദായിൻ സാലിഹ് (Hegra- The second largest city of the Nabatean Kingdom):
സൗദി അറേബ്യയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്ഥലമായ മദായിൻ സാലിഹ് ആയിരുന്നു ഞങ്ങളുടെ ടൂറിലെ അവസാന സ്ഥലം. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സൗദിയിലെ ആദ്യ സ്ഥലമാണ് ഹെഗ്ര എന്ന പേരുള്ള മദായിൻ സാലിഹ്. മദീന പ്രവിശ്യയുടെ വടക്ക് ഭാഗത്ത് അൽ-ഉല പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അൽ-ഉല പട്ടണത്തിൽ നിന്നും വെറും 30 കി മി യാത്ര ചെയ്താൽ ഇവിടെ എത്താം. ജോർദാനിലെ പെട്ര കഴിഞ്ഞാൽ നബ്തിയൻ സമൂഹം രണ്ടാമതായി അവരുടെ തലസ്ഥാനമായി കണ്ടിരുന്നത് ഹെഗ്ര ആണ് . നബ്തിയൻസിന് മുമ്പ് സമൂത് എന്ന ഗോത്രവും അവരിലേക്ക് അയക്കപ്പെട്ട പ്രവാചകൻ സാലിഹ് നബിയും ജീവിച്ചിരുന്നതും ഇവിടെ ആണെന്നാണ് ചരിത്രം പറയുന്നത്. അങ്ങിനെ ആണ് “സാലിഹ് നഗരങ്ങൾ” എന്ന അർത്ഥമാക്കുന്ന മദായിൻ സാലിഹ് എന്ന പേര് ഈ സ്ഥലത്തിന് വരാൻ കാരണം. എന്നാൽ നബ്തിയൻസിന്റെ ശേഷിപ്പുകൾ ആണ് ഇന്നും ഇവിടെ തല ഉയർത്തി നിൽക്കുന്നത്.
ഓട്ടോമൻ കാലത്ത് സിറിയയിൽ നിന്നും മദീന വരെ ഉണ്ടായിരുന്ന ഇജാസ് റയിൽവേയുടെ ട്രെയിനും സ്റ്റേഷനുകളും ചരിത്ര സ്മാരകങ്ങളായി ഹെഗ്രയിൽ നിലനിൽക്കുന്നുണ്ട്. ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടൻ ഇവിടുത്തെ സ്റ്റേഷൻ തകർക്കുകയായിരുന്നു. അങ്ങിനെ നിരവധി ചരിത്രങ്ങളുടെയും ശേഷിപ്പുകളുടെയും കലവറയാണ് മദായിൻ സാലിഹ്. ഇവിടെയും അൽ-ഉലയിലെ പോലെ www.experiencealula.com എന്ന വെബ് സൈറ്റ് മുഖേന ടിക്കറ്റ് എടുത്താൽ മാത്രമെ പ്രവേശനമുള്ളൂ.
ഇംതിയാസ് ബി റിയാദ്