പ്രവാചകന്റെ ചരിത്രം ഉറങ്ങുന്ന മണ്ണിൽ; മദീന, ബദർ, ഖൈബർ.
Travel Apr 18, 2023
മുസ്ലിം ലോകത്തിന്റെ പുണ്ണ്യഭൂമിയായ മദീനയിലേക്കും (യഥ്രിബ്) പരിസര ചരിത്ര പ്രദേശങ്ങളായ ബദർ, ഖൈബർ എന്നിവടങ്ങളിലേക്കും നടത്തിയ യാത്രയുടെ ചെറുവിവരണവും ഫോട്ടോകളുമാണ് താഴെ ഉള്ളത്.
അൽ-മസ്ജിദ് അൻ-നബവി:
പ്രവാചകന്റെ പള്ളി എന്നറിയപ്പെടുന്ന മസ്ജിദ് അൻ-നബവി മക്കയിലെ പള്ളി പോലെത്തന്നെ മുസ്ലിങ്ങളുടെ പുണ്ണ്യസ്ഥലമാണ്. ഖുബ പള്ളിക്ക് ശേഷം മദീനയിൽ ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് (സ്വ) നിർമ്മിച്ച പള്ളിയാണ് അൽ-മസ്ജിദ് അൻ-നബവി. മദീനയുടെ ഹൃദയഭാഗത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. എ.ഡി 622-ൽ മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത ശേഷം പ്രവാചകൻ താമസമാക്കിയ വീടിനോട് ചേർന്ന് നിർമ്മിച്ചതാണ് ഈ പള്ളി. പല കാലഘട്ടങ്ങളിലായി പുതുക്കി പണിത പള്ളി നിലവിൽ പത്തുലക്ഷം പേര്‍ക്കു ഒന്നിച്ച് നമസ്കരിക്കാന്‍ സൗകര്യമുണ്ട്. പ്രവാചകൻ മുഹമ്മദ് (സ്വ) അന്ത്യവിശ്രമം കൊള്ളുന്നത് ഈ പള്ളിയുടെ ഉള്ളിലാണ്.
മസ്ജിദുൽ ഖുബാ:
ഇസ്ലാമിക ചരിത്രത്തിൽ നബി(സ്വ) ആദ്യം പണിത പള്ളിയാണ് മസ്ജിദ് ഖുബാ. മദീനയുടെ തെക്ക് മസ്ജിദുന്നബവിയിൽ നിന്നും ഏകദേശം മൂന്നര കിലോമീറ്റർ അകലെ ഖുബ എന്ന സ്ഥലത്താണ് നബി(സ്വ)യുടെ കരങ്ങളാൽ ഈ പള്ളി പണിതത്. ഇവിടെവെച്ചാണ് ജമാഅത്ത് നിസ്കാരത്തിനുള്ള പ്രഖ്യാപനമുണ്ടായതും ആദ്യമായി ജമാഅത്തായി നിസ്കരിച്ചതും.
മസ്ജിദ് ഖിബ്ലതൈന്
രണ്ടു ഖിബ്ലകളുടെ പള്ളി എന്ന പേരിലറിയപ്പെടുന്ന മസ്ജിദ് ഖിബ്ലതൈന് മദീനയിലെ സുപ്രധാന തീർത്ഥാടന കേന്ദ്രമാണ്. മുഹമ്മദ് നബി മദീനയിലെത്തി പതിനേഴ് മാസക്കാലം നിസ്കാരത്തിൽ അഭിമുഖീകരിച്ചിരുന്നത് ജെറുസലേമിലെ ബൈതുൽ മുഖദ്ദസിലേക്കായിരുന്നു. മുഹമ്മദ് നബിക്ക് ലഭിച്ചത് ഈ പള്ളിയിൽ അസ്വർ നിസ്കരിക്കുന്നതിനിടയിലായിരുന്നു ഖിബ്ല, മസ്ജിദുല്‍ അഖ്സായില് നിന്ന് കഅ്ബയിലേക്ക് മാറ്റിക്കൊണ്ടുള്ള ഖുര്‍ആന്‍ വചന(2:144)മിറങ്ങിയത്.
ഉഹ്ദ് മല:
മസ്ജിദു നബവിയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന എട്ട് കിലോമിറ്റര്‍ നീളവും രണ്ട് കിലോമീറ്റര്‍ വീതിയുമുള്ള പര്‍വതമാണ് ഉഹ്ദ് മല. ഇസ്ലാമിക ചരിത്രത്തിലെ ഉഹ്ദ് യുദ്ധം നടന്നത് ഈ പര്‍വതത്തിന്‍െറ താഴ്വരയില് വെച്ചായിരുന്നു. യുദ്ധത്തില്‍ മരണപ്പെട്ടവരുടെ ഖബറിടവും തൊട്ടടുത്ത് പുതുക്കിപ്പണിത ഒരു മസ്ജിദും കാണാം. മദീനയിലത്തുന്ന ഏതൊരു തീര്‍ഥാടകനും ഇവിടെ സന്ദര്‍ശിച്ച് 70 ഓളം വരുന്ന രക്തസാക്ഷികള്‍ക്ക് അഭിവാദ്യം ചെയ്താണ് മടങ്ങാറുള്ളത്.
അൽ-ഗമാമ പള്ളി:
പ്രവാചകന് മുഹമ്മദ് നബി(സ) തങ്ങള്‍ മഴക്ക് വേണ്ടി നിസ്കരിച്ച സ്ഥലത്തു പിന്നീട് ഭരണാധികാരിയായ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് പ്രസ്തുത സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി ഹിജ്റ വര്‍ഷം 86 ല്‍ പണിത പള്ളിയാണ് അൽ-ഗമാമ പള്ളി. വിശുദ്ധ ഹറം പള്ളിയുടെ 500 മീറ്റര്‍ മാത്രം അകലെയാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ‘ഗമാമ’ എന്നാല്‍ മേഘം എന്നാണര്‍ത്ഥം. ഈ സ്ഥലത്തു വെച്ച് പ്രവാചകര്‍ മുഹമ്മദ് നബി(സ) മഴക്ക് വേണ്ടി നിസ്കാരം നിര്വ്വഹിക്കുമ്പോള് പ്രവാചകന് സൂര്യന്റെ ചൂടില്‍ നിന്നും മേഘം തണലിട്ടു കൊടുത്തതിനാലാണ് ‘മസ്ജിദുല്‍ ഗമാമ’ എന്ന പേരില്‍ ഈ പള്ളി അറിയപ്പെടുന്നത്. പ്രവാചകന് മുഹമ്മദ് നബി(സ) അവസാനമായി പെരുന്നാള്‍ നിസ്കാരം നിര്‍വ്വഹിച്ചതും ഈ സ്ഥലത്തുവെച്ചുതന്നെയായിരുന്നു
അബൂബക്കർ മസ്ജിദ്:
മദീനയിലെ ഏറ്റവും പഴക്കം മറ്റൊരു പള്ളിയാണ് അബൂബക്കർ മസ്ജിദ്. അൽ-ഗമാമ പള്ളിക്ക് സമീപത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. മുഹമ്മദ് (സ്വ) ഈദ് പ്രാർത്ഥന നടത്തിയിരുന്ന സ്ഥലമാണിതെന്നും മുഹമ്മദിന്റെ മരണശേഷം അബൂബക്കറും അതേ പാരമ്പര്യം തുടർന്നുവെന്നും പറയപ്പെടുന്നു.
ജന്നത്തുല്‍ ബഖീ:
പ്രവാചകന് മുഹമ്മദ് നബിയുടെ ഭാര്യമാരടക്കമുള്ള കുടുംബത്തേയും പല സഹാബിമാരെയും അടക്കം ചെയ്ത ഖബറിടമാണ് മദീനയിലെ ജന്നത്തുല്‍ ബഖീ. മസ്ജിദുന്നബവിയുടെ സമീപത്താണ് ജന്നത്തുൽ ബഖീയുടെ സ്ഥാനം.
സൊകൈഫാത് ബനി സഈദ:
സൊകൈഫാത് ബനി സഈദ എന്നത് നബിയുടെ കാലത്ത് ബനി സഈദ ഗോത്രം താമസിച്ചിരുന്ന സ്ഥലമാണ്. മസ്ജിദ് നബവിക്ക് അഥവാ നബിയുടെ വീടിന് തൊട്ടടുത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. നബിയുടെ മരണശേഷം അൻസാറുകളായ മുസ്ലിങ്ങൾ ഇവിടെ കൂടിയിരുന്നാണ് അടുത്ത ഖലീഫ ആരാണെന്ന് തീരുമാനിച്ചത്. പല തർക്കങ്ങൾക്കും സംഭവവികാസങ്ങൾക്കും ഒടുവിൽ അബു ബക്കർ(റ)നെ ഒന്നാം ഖലീഫ ആയി തീരുമാനിക്കുകയായിരുന്നു. പലകാലഘട്ടത്തിലെ രൂപമാറ്റങ്ങൾക്കൊടുവിൽ സൊകൈഫാത് ബനി സഈദ ഇന്ന് ഒരു പാർക്ക് ആയി മാറിയിട്ടുണ്ട്.
അൻബാരിയ മസ്ജിദ്:
മദീനയിലെ മനോഹരമായ പള്ളികളിലൊന്നാണ് പ്രവാചകന്റെ പള്ളിയുടെ തെക്കുപടിഞ്ഞാറുള്ള അൻബാരിയ മസ്ജിദ്. 1908-ൽ ഒട്ടോമൻ സുൽത്താൻ അബ്ദുൽഹമീദ് രണ്ടാമൻ, അൽ-മുഅസിം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഹെജാസ് റെയിൽവേ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ആരാധനാലയം പണികഴിപ്പിച്ചതാണ്. ചുറ്റുമുള്ള സമൃദ്ധമായ പൂന്തോട്ടമാണ് മസ്ജിദിന്റെ ചരിത്രപരമായ ശിലാനിർമ്മാണത്തിന്റെ ഭംഗിക്ക് പ്രാധാന്യം നൽകുന്നത്.
കഅബ് ഇബ്നു അഷ്റഫ് കൊട്ടാരം
ബനു നദിർ എന്ന ജൂത ഗോത്രത്തിൽ പെട്ട കവിയും പ്രവാചക ശത്രുവുമായിരുന്ന കഅബ് ഇബ്നു അഷ്റഫിന്റെ വീടാണ് ഇത്. ഇപ്പോൾ പൂർണമായും നശിച്ച രീതിയിലാണ് ഈ വീട് ഉള്ളത്
ബദർ:
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ യുദ്ധം (*ബദർ യുദ്ധം) നടന്ന പ്രസിദ്ധമായ സ്ഥലമാണ് മദീനയിൽ നിന്നും 160 കി മി അകലെയുള്ള ബദർ. മദീനയിൽ എത്തുന്ന വിശ്വാസികൾ ബദറിലും സന്ദർശിക്കാറുണ്ട്. ഇവിടെ പ്രധാനമായും 3 സ്ഥലങ്ങളാണ് വിശ്വാസികൾക്ക് കാണാനുള്ളത്. ബദർ യുദ്ധം നടന്ന സ്ഥലവും, യുദ്ധത്തിൽ വീരമൃത്യു വരിച്ച മുസ്ലിം യോദ്ധാക്കളുടെ കബറിടവും, ബദർ ബദർ യുദ്ധസമയത്ത് നബി(സ) കൂടാരം സ്ഥാപിച്ച സ്ഥലത്ത് പണിത മസ്ജിദ് അരീഷ് എന്ന പള്ളിയുമാണ് പ്രധാനമായും കാണാനുള്ളത്.
*മുസ്ലിംകൾ നടത്തിയ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യത്തെതുമായ യുദ്ധമായിരുന്നു ബദർ യുദ്ധം. ഹിജ്റ 2 റമദാൻ 17 വെള്ളിയാഴ്ച, ഏകദേശം 313 പേരുള്ള മുസ്ലീം സൈന്യം 1,000 ഖുറൈഷികളുടെ സൈന്യത്തെ നേരിട്ടു. ഈ യുദ്ധത്തിൽ മുസ്ലിം സൈന്യം വിജയിക്കുകയായിരുന്നു .
ഖൈബർ:
മദീന നഗരത്തിൽ നിന്ന് 170 കിലോമീറ്റർ വടക്ക് ഖൈബർ എന്ന പുരാതന നഗരം സ്ഥിതി ചെയ്യുന്നത്. നിരവധി കോട്ടകളും ഡാമുകളും ഉണ്ടായിരുന്നഖൈബർ കൃഷി കൊണ്ടും ജല ലഭ്യത കൊണ്ടും സമ്പന്നമായിരുന്നു. ജൂത ഗോത്രങ്ങൾ ആയിരുന്നു അധികവും ഇവിടെ താമസിച്ചിരുന്നത്. ചരിത്രപ്രസിദ്ധമായ ഖൈബർ യുദ്ധത്തിന് ശേഷമാണ് ജൂത വിഭാഗം അവിടെ നിന്നും പതിയെ പലായനം ചെയ്യുകയാണുണ്ടായത്. ബി.സി.6000 മുതൽ ഈ പ്രദേശത്ത് ജന വാസമുണ്ടായിരുന്നു എന്നാണ് ചരിത്രം. ഇന്നും പഴയ ചരിത്രത്തിന്റെ ബാക്കിപത്രങ്ങൾ അവിടെ കാണാം.
ഇംതിയാസ്
റിയാദ്