മരുഭൂമിയിലെ മരുപ്പച്ച
Travel Apr 04, 2023
അൽ അഹ്സ
സൗദി അറേബ്യയുടെ കിഴക്കുഭാഗത്തുള്ള അൽ- അഹ്സയിലേക്ക് 2021-ലെ ഈദ് അവധിയിൽ നടത്തിയ യാത്രയിലെ ചില കാഴ്ചകളും വിശേഷങ്ങളുമാണ് ഇവിടെ പങ്ക്വെക്കുന്നത്. സൗദിയിലെ ഒരു പ്രദേശം നിറയെ പച്ചപ്പായി കാണുന്നത് അത്ഭുദമല്ലേ? എന്നാൽ അങ്ങിനൊരു സ്ഥലമാണ് അൽ-അഹ്സ. ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ച അൽ- അഹ്സയിൽ ആണ് ഉള്ളത്. കൂടാതെ ആയിരകണക്കിന് വർഷങ്ങൾ പഴക്കമുള്ള നിരവധി പൈതൃക സ്ഥലങ്ങൾ, പുരാതന സ്ഥലങ്ങൾ, ചരിത്രപ്രസിദ്ധമായ കോട്ടകൾ, കെട്ടിടങ്ങൾ, പള്ളികൾ, പൂന്തോട്ടങ്ങൾ, കനാലുകൾ, നീരുറവകൾ, കിണറുകൾ, പ്രകൃതിദത്ത തടാകങ്ങള്‍ തുടങ്ങിയവകൊണ്ട് സമ്പുഷ്ടമാണ് അൽ- അഹ്സ. അൽ-അഹ്സയുടെ ഈ പ്രത്യേകതകൾ കൊണ്ടാണ് യുനെസ്കോ 2018-ൽ ലോക പൈതൃക പ്രദേശമായി അംഗീകരിച്ചത്.
ഇപ്രാവശ്യത്തെ ഞങ്ങളുടെ യാത്രയിൽ സുഹൃത്, ഹസീമും അവന്റെ ഭാര്യയും ഉണ്ടായിരുന്നു. പെരുന്നാൾ ദിവസത്തെ നമസ്കാരത്തിന് ശേഷം ഞങ്ങൾ റിയാദിൽ നിന്നും പുറപ്പെട്ടു. ഏകദേശം മൂന്നര മണിക്കൂർ (320 കി മി) യാത്ര ഉണ്ട് അൽ- അഹ്സയിലേക്ക്. മരുഭൂമികൾക്കിടയിലൂടെയുള്ള വിജനമായ റോഡിലൂടെ യാത്ര ചെയ്ത് ഏകദേശം 12 ആയപ്പോൾ ഞങ്ങൾ അൽ-അഹ്സയിലെ ഹോട്ടലിൽ എത്തി. ഇനിയുള്ള മൂന്ന് ദിവസം അൽ-അഹ്സയിലും അടുത്തുള്ള “ഉഖൈര്‍” എന്ന സ്ഥലത്തെയും കാഴ്ചകളാണ്. അൽപനേരം ഹോട്ടലിൽ വിശ്രമിച്ചതിന് ശേഷം ഞങ്ങൾ കാഴ്ചകൾ കാണാനായി ഇറങ്ങി. മുൻകൂട്ടി നിക്ഷയിച്ചപ്രകാരം ആദ്യം ഞങ്ങൾ പോയത് “അൽ-ഷുബ” എന്ന മലയിലേക്കാണ്.
അൽ-ഷുബ മല
അൽ-അഹ്സയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് അൽ-ഷുബ മല. അൽ-അഹ്സ പട്ടണത്തിൽ നിന്നും ഏകദേശം 15 കി. മി. ദൂരം സഞ്ചരിച്ചാൽ ഇവിടെ എത്താം. അൽ-ഷുബ എന്ന ചെറിയ മലയും അതിന്റെ താഴ്വരയുമായി ബന്ധപ്പെട്ട് കിടക്കുന്ന ചില കാഴ്ചകളും, വിനോദങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. മലയിൽ നിന്നും താഴേക്കുള്ള രണ്ട് തൂക് പാലങ്ങളും കേബിൾ കാറുകളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. കാർ, ബൈക്ക്, സൈക്കിൾ എന്നിവ കൊണ്ടുള്ള സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അത്തരത്തിൽ ഉള്ള വിനോദത്തിന് ആവിശ്യമായ സ്ഥലങ്ങളും ഇവിടെ ഉണ്ട്. കൂടാതെ ഇവിടെ നിന്നും സൂര്യാസ്തമയം കാണാനും ആളുകൾ എത്തിച്ചേരാറുണ്ട്.
അൽ–അഹ്സ മ്യൂസിയം (Al-Ahsa national museum)
അൽ-ഷുബ മലയിൽ നിന്നും പിന്നീട് പോയത് അൽ-അഹ്സ മ്യൂസിയത്തിലേക്കാണ്. അൽ-അഹ്സയുടെ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി ശേഷിപ്പുകൾ സന്ദർശകർക്കായി ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ ഞങ്ങൾ അവിടെ എത്തിയപ്പോൾ മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. കോവിഡ് ആയതിനാൽ മ്യൂസിയം തുറക്കാറില്ലെന്നാണ് അറിഞ്ഞത്.
അൽ-കൂട്ട് ഫെൻസ് (Al koot fence)
അൽ-കൂട്ട് ഫെൻസ് എന്നത് അൽ-അഹ്സയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് . ഇവിടെ ആണ് പ്രസിദ്ധമായ ഖൈസാരിയ സൂക്ക്, ഇബ്രാഹിം കൊട്ടാരം, “ഹൗസ് ഓഫ് അലീജിയൻസ്” എന്നിവ ഉള്ളത്. അൽ-കൂട്ട് ഫെൻസ് ആണ് അൽ-അഹ്സ പട്ടണത്തിന്റെ പ്രധാന വ്യാപാര കേന്ദ്രവും. ഇബ്രാഹിം കൊട്ടാരവും “ഹൗസ് ഓഫ് അലീജിയൻസ്” ഉം താൽക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ നമുക്ക് ഇവയെല്ലാം പുറത്ത് നിന്ന് ചുറ്റി കാണാൻ കഴിയും എന്നാണ് അറിഞ്ഞത്.
ഇബ്രാഹിം കൊട്ടാരം (Ibrahim palace/Qasr Ibrahim)
അൽ-അഹ്സ മ്യൂസിയത്തിൽ നിന്നും ഞങ്ങൾ പോയത് അൽ-കൂട്ട്ന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ കോട്ടയായ ഖസ്ർ ഇബ്രാഹിം അല്ലങ്കിൽ ഇബ്രാഹിം കൊട്ടാരം എന്നറിയപ്പെടുന്ന പുരാതന നിർമിതി കാണാനാണ്. ഈ ചരിത്ര നിർമ്മിതിയെ ഡോം പാലസ്, അൽ-കൂട്ട് പാലസ് അല്ലെങ്കിൽ ഇബ്രാഹിം കാസിൽ എന്നും വിളിക്കാറുണ്ട്. എന്നാൽ ഈ കോട്ട താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്ന് അറിഞ്ഞിരുന്നു. പുറമെ നിന്ന് കാണാം എന്ന പ്രതീക്ഷയിൽ ആയിരുന്നു അങ്ങോട്ട് പോയത്. എന്നാൽ ഞങ്ങൾ അവിടെ എത്തിയപ്പോൾ അകത്തേക്കുള്ള ഒരു വാതിൽ തുറന്ന് കിടപ്പുണ്ടായിരുന്നു. മഗ്രിബ് നമസ്കാര സമയമായതിനാൽ അകത്തുള്ള ഒരു പള്ളിയിൽ നമസ്കരിക്കാൻ വേണ്ടി തുറന്നതായിരുന്നു അത്. അവസരം മുതലെടുത്ത് ഞങ്ങൾ അകത്ത് കയറി കാഴ്ചകൾ കാണുകയും പഴയ ആ പള്ളിയിൽ നമസ്കരിക്കുകയും ചെയ്തു. ആകെ 3 പേര് മാത്രമേ പള്ളിയിൽ ഉണ്ടായിരുന്നുള്ളു. നമസ്കാരം കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും പുറത്തിറങ്ങുകയും വാതിൽ അടക്കുകയും ചെയ്തു.
*ഓട്ടോമൻ കാലഘട്ടത്തിലെ പ്രധാന നിർമിതിയാണ് ഇബ്രാഹിം കൊട്ടാരം. 1556-ൽ അക്കാലത്തെ ഓട്ടോമൻ ഗവർണറായിരുന്ന അലി ഇബ്നു അഹമ്മദ് ഇബ്നു ലോവാന്ദ് അൽ ബുറൈകിയാണ് ഇത് പണികഴിപ്പിച്ചത്. 1801-ൽ സൗദി ഗവർണർ ഇബ്രാഹിം ഇബ്നു ഉഫയസൻ കോട്ട നവീകരിച്ചു. നിരവധി ചരിത്രകാരന്മാർ പറയുന്നത് ഈ കോട്ടയ്ക്ക് അദ്ദേഹത്തിന്റെ പേരാണ് നൽകിയതെന്നാണ്. അതിനുശേഷം, കൊട്ടാരം 1913 ഏപ്രിൽ 13-ന് അബ്ദുൽ അസീസ് അൽ സൗദ് രാജാവ് ഏറ്റെടുക്കുകയായിരുന്നു*.
ഖൈസാരിയ സൂക്ക് (Qaisariah Souq)
ഇബ്രാഹിം കൊട്ടാരത്തിൽ നിന്നും ഞങ്ങൾ പോയത് പ്രശസ്തമായ ഖൈസാരിയ സൂഖിലേക്കാണ്. സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ പുരാതന വാണിജ്യ കേന്ദ്രമാണ് ഖൈസാരിയ സൂഖ്. 1822-ലാണ് ഈ സൂഖ് നിർമ്മിച്ചത്. 2001-ൽ തീപിടിത്തത്തിൽ സൂഖ് ഏതാണ്ട് കത്തി നശിച്ചെങ്കിലും, പിന്നീട് പുർനിർമ്മിക്കുകയായിരുന്നു. 422 -ലധികം കടകൾ ഉൾക്കൊള്ളുന്ന ഖൈസാരിയ സൂഖിലെ ഓരോ കടകളും രൂപകൽപന ചെയ്തിരിക്കുന്നത് പഴമ നിലനിർത്തിക്കൊണ്ടാണ്. പരമ്പരാഗത വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആഭരണങ്ങൾ, പുരാവസ്തുക്കൾ തുടങ്ങിയവ ഈ സൂഖിൽ ലഭ്യമാണ്. അൽ-അഹ്സയുടെ സമ്പദ്വ്യവസ്ഥയിൽ ഒരു സുപ്രധാന പങ്ക് ഈ സൂഖിനുണ്ട്. പരമ്പരാഗത രീതിയിലുള്ള സൂഖിലൂടെ കാഴ്ചകൾ കണ്ട് നടക്കുന്നത് നല്ല അനുഭൂദിയാണ്. മലയാളികളുടെ ചില കടകളും അവിടെ ഉണ്ട്. ചില സാധനങ്ങൾ അവരുടെ കടയിൽ നിന്നും ഞങ്ങൾ വാങ്ങിച്ചു. അൽ-അഹ്സയിൽ പോകുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഖൈസാരിയ സൂഖ്.
ഹൗസ് ഓഫ് അലീജിയൻസ് (House of Allegiance)
അൽ- അഹ്സയിൽ കണ്ടിരിക്കേണ്ട മറ്റൊരു ചരിത്ര നിർമിതിയാണ് ഹൗസ് ഓഫ് അലീജിയൻസ് (House of Allegiance). ഓട്ടോമൻ ജഡ്ജി ആയിരുന്ന അബ്ദുൾ-ലത്തീഫ് അൽ-മുല്ലയുടെ വീട് ആയിരുന്നു ഇത്. അൽ-അഹ്സയെ പിടിച്ചടക്കാൻ വേണ്ടി രാജാവ് അബ്ദുൽ അസീസ് 1913-ൽ അൽ – അഹ്സയിൽ എത്തിയപ്പോൾ താമസിച്ചിരുന്നത് ഈ വീട്ടിലായിരുന്നു. പിന്നീട് അൽ-അഹ്സയിലെ ആളുകൾ അബ്ദുൽ അസീസ് രാജാവിനോട് കൂറ് പുലർത്തികൊണ്ട് പ്രതിജ്ഞ ചെയ്തതും ഇവിടെ ആയിരുന്നു. അങ്ങിനെ ആണ് ഹൗസ് ഓഫ് അലീജിയൻസ് (House of Allegiance) എന്ന് ഈ വീടിന് പേര് വന്നത്. ഹൗസ് ഓഫ് അലീജിയൻസ് കാഴ്ചകൾക്ക് ശേഷം ഞങ്ങൾ താമസ സ്ഥലത്തേക്ക് തിരിച്ചു.
രണ്ടാമത്തെ ദിവസം രാവിലെ 10 മണി ആയപ്പോൾ വീണ്ടും ഞങ്ങൾ കാഴ്ചകൾ കാണാനിറങ്ങി. ഇന്ന് ഞങ്ങൾ പോകുന്നത് അൽ-അഹ്സയിലെ “മരുപ്പച്ച” കാണാനാണ്. അൽ-അഹ്സയിലെ “മരുപ്പച്ച” എന്നത് ഏതെങ്കിലും ഒരു പ്രത്യേക സ്ഥലമല്ല, മറിച്ച് അൽ-അഹ്സയിൽ മുഴുവനായും പരന്ന് കിടക്കുന്നതാണ് ഈ പച്ചപ്പ്. എന്നാൽ ചില പ്രത്യേക സ്ഥലങ്ങളിൽ കൂടുതലായി മരുപ്പച്ച കാണാൻ സാധിക്കും. അങ്ങിനെ ഒരു സ്ഥലത്തേക്കാണ് ഞങ്ങൾ പോയത്. അവിടെ എത്തിയപ്പോൾ സൗദി അറേബ്യ ആണോ എന്ന് തോന്നിപ്പോകുന്ന തരത്തിലായിരുന്നു കാഴ്ചകൾ. നിറയെ ഈത്തപ്പനകളും, മരങ്ങളും, സസ്യങ്ങളും, പക്ഷി മൃഗങ്ങളും കൂടാതെ നീരുറവകളും നിറഞ്ഞതായിരുന്നു ഞങ്ങൾ പോയ സ്ഥലം.
*പൊതുവെ വരണ്ട കാലാവസ്ഥയുണ്ടാവുന്ന മരുപ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും ജീവിക്കാൻ ആവശ്യമായ ജലം ലഭ്യമാകുകയും അങ്ങിനെ അവിടെ സസ്യങ്ങളും ജന്തുക്കളും യഥേഷ്ടം വളരുകയും ജീവിക്കുകയും ചെയ്യുന്നു. ഇത്തരം പ്രദേശങ്ങളെയാണ് മരുപ്പച്ച എന്നു വിളിക്കുന്നത്. ഭൂജലവിതാനത്തിൽ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. മുമ്പ് പറഞ്ഞപോലെ അൽ–അഹ്സ മരുപ്പച്ച ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയായി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. ഗിന്നസ് റെക്കോർഡ്സ് നൽകുന്ന വിവരങ്ങൾ പ്രകാരം ഏതാണ്ട് 85.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഈ മരുപ്പച്ചയിൽ 2.5 ദശലക്ഷം ഈന്തപ്പനകൾ വളരുന്നുണ്ട്. ഏതാണ്ട് 280-തോളം നീരുറവകൾ ഉൾക്കൊള്ളുന്നതാണ് ഈ മേഖലയിലെ ജലശേഖരം*.
ജബൽ അർബാ (Jabal Arba).
അൽ- അഹ്സയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ജബൽ അർബാ എന്ന പേരിൽ അറിയപ്പെടുന്ന മലകളും അതിനെ ചുറ്റിപറ്റി നിൽക്കുന്ന സ്ഥലവും. അർബാ എന്നാൽ അറബിയിൽ നാല് എന്നും ജബൽ എന്നാൽ മല എന്നുമാണ് അർഥം. പേര് സൂചിപ്പിക്കുന്ന പോലെ 4 പാറക്കെട്ടുകളെ പോലുള്ള 4 ചെറിയ മലകളാണ് ഇവിടെ കാണാൻ സാധിക്കുക. ഇവിടെ ട്രക്കിംങ്ങിന് അനുയോജ്യമാണ്.
അഫ്സാർ തടാകം (Yellow lake)
അൽ-അഹ്സയിൽ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ മരുഭൂമിക്ക് നടുവിലെ അഫ്സാർ തടാകത്തിൽ എത്താം. 35 കിലോമീറ്റർ നല്ല റോഡിലൂടെ സഞ്ചരിച്ചാൽ പിന്നീട് 5 കിലോമീറ്റർ ഓഫ് റോഡ് യാത്ര ചെയ്താലാണ് ഇവിടെ എത്തുക. ഓഫ് റോഡ് യാത്ര വേണ്ടി വന്നതിനാൽ ഞങ്ങൾ അഫ്സാർ തടാകത്തിൽ പോകാതെ തൊട്ടടുത്ത ഉഖൈർ എന്ന പൗരാണിക നഗരത്തിലേക്ക് തിരിച്ചു. ഓഫ് റോഡ് യാത്രക്ക് അനുയോജ്യമായ വാഹനമുള്ളവർ തീർച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് ഇത്.
ഉഖൈർ തുറമുഖം (Uqair port)
അൽ- അഹ്സയിൽ നിന്നും ഏകദേശം 80 കി. മീ സഞ്ചരിച്ചാൽ ചരിത്രപ്രസിദ്ധമായ ഉഖൈറിൽ എത്താം. അവിടത്തെ പുരാതന തുറമുഖത്തിന്റെ പേരിലാണ് ഉഖൈർ പ്രസിദ്ധമായത്. അറേബ്യൻ ഗൾഫിലെ ആദ്യത്തെ തുറമുഖം ആയിരുന്ന ഉഖൈർ തുറമുഖം. ഇന്ന് നൂറ് കണക്കിന് തുറമുഖങ്ങൾ ഉള്ള അറേബ്യൻ ഗൾഫിലെ ആദ്യത്തെ തുറമുഖം എന്നത് ഉഖൈർന്റെ പ്രത്യേകത ആണ്. സൗദി അറേബ്യയുടെ രൂപീകരണത്തിന് മുമ്പ് തന്നെ അറേബ്യയയുടെ വാണിജ്യ, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ നിർണായക സ്ഥാനമുണ്ടായിരുന്നു ഈ തുറമുഖ നഗരത്തിന്. ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളുമായി അതിർത്തി തീരുമാനിച്ച 1922 ലെ “ഉഖൈർ ഉടമ്പടി” പ്രസിദ്ധമാണല്ലോ.
ഏകദേശം വൈകുന്നേരമായപ്പോൾ ഞങ്ങൾ ഉഖൈറിൽ എത്തി. പഴയ തുറമുഖവും അതിനടുത്ത് ഒരു കോട്ടയും ഉണ്ട്. നല്ല മനോഹരമായ കടൽ തീരത്താണ് ഇവ സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ തുറമുഖവും കോട്ടയും ഇന്ന് ജീർണാവസ്ഥയിൽ ആണുള്ളത്. 1930-40 കളിൽ എണ്ണയുടെ സാന്നിധ്യം സൗദി അറേബ്യയിൽ കണ്ടത്തിയതിന് ശേഷമാണ് ഉഖൈർ തുറമുഖത്തിൻറ്റെ പ്രസക്തി കുറഞ്ഞ് തുടങ്ങിയത്. കൂടാതെ, 1957 ൽ ദമ്മാം തുറമുഖത്തിന്റെ നിർമ്മാണം നടക്കുകയും ദമ്മാം റെയിൽവേ സ്റ്റേഷൻ പ്രവർത്തന സജ്ജമാവുകയും ചെയ്തതതോടെ ഉഖൈർ ചിത്രത്തിൽ നിന്ന് പതുക്കെ പിൻവാങ്ങുകയും ചെയ്തു.
അഖീർ കോട്ട (Aqeer castle- Uqair)
ഉഖൈർ തുറമുഖത്തിനടുത്തുള്ള കോട്ടയാണ് അഖീർ കോട്ട എന്ന പേരിൽ അറിയപ്പെടുന്നത്. ഓട്ടമൻ കാലത്ത് നിർമിച്ചതാണ് ഈ കോട്ട. ഇവിടെ നിന്നും പിന്നീട് ഞങ്ങൾ പോയത് ഉഖൈർ റോമൻ തീയേറ്റർ എന്ന നിർമിതി കാണാനാണ്.
ഉഖൈർ റോമൻ തീയേറ്റർ (Uqair Romen theatre)
ഉഖൈർ തുറമുഖത് നിന്നും ഏകദേശം 25 കി മി യാത്ര ചെയ്താലാണ് ഉഖൈർ റോമൻ തീയേറ്റർന്റെ അടുത്തെത്തുക. അതിമനോഹരമായ കടൽ തീരത്തിന് ചാരിയുള്ള റോഡിലൂടെയാണ് യാത്ര ചെയ്താണ് റോമൻ തീയേറ്ററിൽ എത്തിയത്. റോമൻ വാസ്തുശില്പവിദ്യയിൽ സൗദിയിലെ അൽ ഉഖൈർ തീരത്ത് നിർമിച്ച ഓപ്പൺ തീയറ്റർ രൂപത്തിലുള്ള നിർമ്മിതിയാണ് ഈ ഉഖൈർ റോമൻ തീയേറ്റർ. നല്ല മനോഹരമായ കാഴ്ചയാണ് അവിടെ. മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിന്നും വിഭിന്നമായി നിരവധി സഞ്ചാരികൾ കാഴ്ചകൾ കാണാനും ഒരുമിച്ച് ഇരിക്കാനും ഭക്ഷണം കഴിക്കാനും വന്നിട്ടുണ്ട് ഇവിടെ.
ഉഖൈർ ബീച്ച്
ഉഖൈർ റോമൻ തീയേറ്ററിലെ കാഴ്ചകൾക്ക് ശേഷം ഞങ്ങൾ കടൽ തീരത്ത് കുറച്ചു നേരം ചിലവഴിക്കാൻ തീരുമാനിച്ചു. സായാഹ്നങ്ങൾ കടൽ തീരത്ത് ചിലവഴിക്കാൻ വരുന്നവർക്ക് വേണ്ടി എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് ഈ തീരങ്ങളിൽ. കടകൾ, വിശ്രമമുറികൾ, മൂത്രപ്പുരകൾ തുടങ്ങിയ പ്രാഥമിക ആവിശ്യങ്ങൾക്കായ എല്ലാം. ബീച്ചിൽ കുറച്ച് നേരം ചിലവഴിച്ചതിന് ശേഷം ഞങ്ങൾ തിരിച്ച് അൽ-അഹ്സയിലേക്ക് തിരിച്ചു. ഇനി ബാക്കി കാഴ്ചകൾ പിറ്റേ ദിവസം.
ജവാത്ത് പള്ളി (Jawath mosque)
അൽ- അഹ്സയിലെ അവസാന ദിവസം ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി. ഇന്ന് പോകുന്നത് ജവാത്ത് പള്ളിയിലേക്കും പ്രശസ്തമായ ജബൽ ഗാരയിലേക്കുമാണ്. ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയാണ് സൗദിയുടെ കിഴക്കന്‍ മേഖലയായ അൽ-അഹ്സ, ദമ്മാം, ജുബൈല്‍, ഖതീഫ് കൂടാതെ ഇപ്പോഴത്തെ ബഹ്റൈനും. ഈ പ്രദേശങ്ങളിലെ ആദ്യത്തെ മുസ്ലിം പള്ളി അൽ-അഹ്സയിൽ ആണ് നിര്‍മ്മിക്കപെട്ടത്. ജവാത്ത് പള്ളി എന്നാണ് അത് അറിയപ്പെടുന്നത്. അതിന്റെ ചരിത്ര ശേഷിപ്പുകള്‍ ഉള്ള സ്ഥലം തേടിയാണ് ആദ്യത്തെ യാത്ര.
ഹിജ്റ വർഷം 7-ൽ ബനി അബ്ദ് അൽ-ഖയ്സ് ഗോത്രമാണ് ഈ പള്ളി നിർമിച്ചത്. മദീനയിലെ മസ്ജിദ് നബവിക്ക് ശേഷം വെള്ളിയാഴ്ച്ചത്തെ ജുമാ നമസ്കാരം നടന്ന ആദ്യത്തെ പള്ളി എന്ന പ്രത്യേകത ഉണ്ട് ജവാത്ത് പള്ളിക്ക്. AD 930-ല്‍ കർമ്മിഷ്യൻ ഭരണാധികാരിയായ അബു താഹിർ അൽ ജന്നാബി മക്കയിലെ കഅ്ബ ആക്രമിക്കുകയും, ഹജറുല്‍ അസ്വത് കഅ്ബയിൽ നിന്നും അടർത്തിമാറ്റി നശിപ്പിക്കാൻ ശ്രമിച്ചതും, മക്കയിൽ നിന്ന് ഹജറുല്‍ അസ്വത് കടത്തിക്കൊണ്ട് പോയതും ചരിത്രമാണ്. അങ്ങിനെ കൊണ്ടുപോയ ഹജറുല്‍ അസ്വത് 20 കൊല്ലക്കാലം ജവാത്ത് പള്ളിയിലായിരുന്നു സൂക്ഷിച്ചിരുന്നത് എന്ന് പറയപ്പെടുന്നുണ്ട്.
ജീര്‍ണിച്ച് നശിച്ചു പോയ ഈ പള്ളിയുടെ യാഥാര്‍ത്ഥ രൂപം ഇന്ന് നമുക് കാണാൻ സാധിക്കുകയില്ല പകരം അവിടെ പുരാതന രീതിയില്‍ നിര്‍മിച്ച, ഇന്നും പ്രാത്ഥനക്ക് ഉപയോഗിക്കുന്ന പള്ളിയാണ് ഉള്ളത്. ഞങ്ങൾ പള്ളിയുടെ ചുറ്റും നടന്ന് കണ്ടു. നിലവിൽ പള്ളിക് സമീപം ജവാത്ത് പാർക്ക് എന്ന പേരിൽ ഒരു മനോഹര ഉദ്യാനവും ഉണ്ട്. ജവാത്ത് പള്ളി സന്ദർശിക്കുന്നവരിൽ ഈ ഉദ്യാനത്തിൽ സമയം ചിലവഴിക്കുന്നവരും ഉണ്ട്.
ജബൽ ഖാര (Al Qara Hill)
ജവാത്ത് പള്ളിയിൽ നിന്നും ഞങ്ങൾ പോയത് സൗദി അറേബ്യയിലെ തന്നെ പ്രധാന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ജബൽ ഖാരയിലേക്കാണ്. അൽ-അഹ്സയിൽ നിന്നും 15 കി മി യാത്ര ചെയ്താലാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന പ്രകൃതി പ്രതിഭാസമായ ജവാൻ ഖാര എന്ന മലയിൽ എത്തുക. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 250 മീറ്റർ ഉയരത്തിൽ പരന്നുകിടക്കുന്ന ജബൽ ഖാരക്ക് വ്യവിധ്യമാർന്ന ആകൃതിയും വലുപ്പവും നിറവുമാണുള്ളത്. നൂറ്റാണ്ടുകളോളം വെയിലും കാറ്റും മഴയും ഏറ്റത് മൂലമാണ് ഈ പ്രതിഭാസത്തിന് കാരണം. ഈ മലയും അതിന്റെ അകത്തെ ഗുഹകളെയും ഇന്ന് സൗദിയിലെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമാണ്.
50 റിയാൽ ടിക്കറ്റ് എടുത്ത് ഞങ്ങൾ അവിടുത്തെ കാഴ്ച്ചകൾ കാണാൻ അകത്തേക്ക് പ്രവേശിച്ചു. ഈ മലയുടെയും അതിന്റെ പരിസരങ്ങളുടെയും ചരിത്രം വിവരിക്കുന്ന ഒരു മ്യൂസിയത്തിലൂടെ വേണം മലയുടെ താഴ്വരയിലേക്ക് പ്രവേശിക്കാൻ. ഞങ്ങൾ അവിടെ എത്തുമ്പോൾ ഏകദേശം സൂര്യൻ അസ്തമിക്കാനുള്ള സമയം ആയികൊണ്ടിരിക്കുകയായിരുന്നു. മലക്കുള്ളിലേക്കുള്ള നടപ്പാത ഇലക്ട്രിക്ക് വിളക്കുകൾ കൊണ്ടും ഇരിപ്പിടങ്ങൾകൊണ്ടും മനോഹരമാക്കിയിട്ടുണ്ട്. ഇനി മലക്കുള്ളിലെ കാഴ്ചകൾ ആണ്. അകത്തേക്ക് പ്രവേശിച്ചതോടെ പുറമേയുള്ള ചൂടെല്ലൊം പോയി ഈർപ്പമുള്ള അന്തരീക്ഷം. അത്യാവശ്യം തണുപ്പും, ഉള്ളിലേക്ക് പ്രവേശിക്കുന്നതോടെ വ്യത്യസ്ഥ ദിശകളിലേക്കായി പല വഴികൾ. ചിലയിടങ്ങളിൽ കൂരാകൂരിട്ടുള്ള ഗുഹകൾ, ഈ ഗുഹകൾ കടന്ന് ചെല്ലുബോൾ മലയുടെ വായ് പിളർന്നത് പോലുള്ള വിടവിലൂടെ സൂര്യ പ്രകാശം അകത്തേക്ക് പ്രവേശിക്കുന്നു. ഏകദേശം ഒന്നരകിലോമീറ്ററോളം നീണ്ടു കിടക്കുന്നു ഈ വിസ്മയ കാഴ്ച്ച.
നൂറ്റാണ്ടുകൾക്ക് മുമ്പ് ജനവാസം ഉണ്ടായിരുന്ന ഈ പ്രദേശം പല ഐതിഹ്യങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് സൗദിയിലെ ചില ഫിലിപ്പിനോ ആളുകളുമായി ബന്ധപെട്ടതാണ്. ഈ മലയിൽ ഉള്ള അൽ-നാഷാബ് എന്ന ഗുഹയെ “യൂദാസ് ഗുഹ” എന്ന് ഇവർ വിളിക്കുന്നുണ്ട്. അതിന് കാരണം യേശു ക്രിസ്തുവിനെ 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് ബൈബിൾ പറയുന്ന യേശുവിന്റെ 12 ശിഷ്യന്മാരിലൊരാളായിരുന്നു യൂദാസ് സ്കറിയോത്ത ആത്മഹത്യ ചെയ്തത് ഈ ഗുഹയിലാണെന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ ഈ വിശ്വാസത്തിന്റെ ഉറവിടം അജ്ഞാതമാണ്.
ഫ്ളോട്ടിങ് റോക്ക് (Floating rock)
ചെറിയ കല്ലിനു മുകളിൽ നിൽക്കുന്ന രണ്ട് ഭീമൻ കല്ലുകൾ ആണ് ഫ്ളോട്ടിങ് റോക്ക് എന്ന പേരിൽ അറിയപ്പെടുന്നത്. ജബൽ ഖാരയിൽ നിന്നും അൽപ്പം സഞ്ചരിച്ചാൽ ഈ അത്ഭുദം കാണാൻ സാധിക്കും. ജബൽ ഖാരയിൽ നിന്നും ഈ കാഴ്ച്ച കാണാൻ പോയി, അവിടെ നിന്നും മൂന്ന് ദിവസത്തെ അൽ-അഹ്സ യാത്ര അവസാനിപ്പിച്ച് ഞങ്ങൾ റിയാദിലേക്ക് മടങ്ങി.
ഇംതിയാസ് ബി
റിയാദ്