യെമൻ അതിർത്തിയിലൂടെ ഒരു യാത്ര
Travel Apr 02, 2023
യെമൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണ സൗദി അറേബ്യയിലെ നജ്റാൻ, ജിസാൻ, അസീർ പ്രവിശ്യകളിലൂടെ നടത്തിയ യാത്രയിലെ കാഴ്ചകളും അനുഭവങ്ങളുമാണ് ഇവിടെ പങ്ക്വെക്കുന്നത്. വരണ്ട കാലാവസ്ഥയും ഒരേതരത്തിലുള്ള പ്രകൃതിദൃശ്യവും, അനന്തമായ മണൽക്കൂനകളുള്ള ഒരു രാജ്യമാണ് സൗദി അറേബ്യ എന്നാണല്ലൊ പൊതുവെ ഉള്ള ധാരണ. എന്നാൽ നിറയെ മലകളും, നദികളും, കടലും, ദ്വീപുകളും, അതിമനോഹരമായ ഭൂപ്രകൃതിയും, വ്യത്യസ്തമായ കാലാവസ്ഥയും, കൂടാതെ സഹസ്രാപ്തങ്ങളുടെ ചരിത്രവും, ചരിത്രശേഷിപ്പുകളുംകൊണ്ട് സമ്പുഷ്ടമാണ് സൗദിയുടെ തെക്ക് ഭാഗത്തുള്ള ഈ പ്രദേശങ്ങൾ. നീണ്ട 10 വർഷകാലം സൗദിയിലെ ജിദ്ദയിലും റിയാദിലുമായി താമസിക്കുന്നുണ്ടെങ്കിലും ഈ മനോഹരമായ പ്രദേശങ്ങളെ അടുത്തറിയാൻ സാധിച്ചത് ഈ യാത്രയിലാണ്.
സൗദി തലസ്ഥാനമായ റിയാദിൽ താമസിക്കുന്ന ഞാനും, ഭാര്യയും, മോനും 2020-ലെ ഈദിന് ലഭിച്ച അവധിയിലാണ് 6 ദിവസം നീണ്ട ഈ യാത്ര പുറപ്പെട്ടത്. സൗദിയിലെ ഉൾപ്രദേശങ്ങളിലൂടെയും പുറംപ്രദേശങ്ങളിലൂടെയും റോഡ് മാർഗമുള്ള യാത്ര പ്രത്യേക അനുഭവമായിരിക്കും എന്നതിനാൽ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. റോഡിനിരുവശവും പരന്ന് കിടക്കുന്ന മരുഭൂമിയും, അങ്ങിങ്ങായി മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളും, മലകളും, കുന്നുകളും, ഇതിനെല്ലാം ഇടയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്. റിയാദിൽ നിന്നും ഏകദേശം 1000 കി.മി യാത്ര ചെയ്താലാണ് നജ്റാനിൽ എത്താൻ പറ്റു എന്നതിനാൽ വഴിയിൽ “വാദി ദ-വാസിർ” എന്ന സ്ഥലത്ത് താമസിച്ച്, പിറ്റേ ദിവസമാണ് നജ്റാനിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ തീർച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് ഒരു വിശ്രമം അത്യാവശ്യമായിരുന്നു.
പുലർച്ചെ പെരുന്നാൾ നമസ്കാരം കഴിഞ്ഞതിന് ശേഷം വാദി അദ്-ദവാസിറിൽ നിന്ന് നജ്റാനിലേക്ക് പുറപ്പെട്ടു. വിജനമായ വഴിയിലൂടെ മനോഹമായ കാഴ്ചകൾ കണ്ട് യാത്ര തുടർന്നു. 8 മണിയായപ്പോൾ ഞങ്ങൾ “ഖരിയാത്ത് അൽ-ഫ” എന്ന പൗരാണിക പട്ടണത്തിൽ എത്തി. വാദി അദ്-ദവാസിറിൽ നിന്ന് നജ്റാനിലേക്ക് പോകുന്ന വഴിയിൽ 120 കിലോമീറ്റർ അപ്പുറത്താണ് “ഖരിയാത്ത് അൽ-ഫ” എന്ന ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. “കിൻഡാ” എന്ന മധ്യ അറേബ്യയിലെ ഗോത്ര രാജ്യത്തിന്റെ ആദ്യത്തെ തലസ്ഥാനമായിരുന്നു “ഖരിയാത്ത് അൽ-ഫ”. ബി.സി രണ്ടാം നൂറ്റാണ്ടിന് മുമ്പായിരുന്ന കിൻഡാ ഗോത്രത്തിൽ പെട്ടവർ ഇവിടെ താമസിച്ചിരുന്നത്. അന്നത്തെ വീടുകൾ, ചന്തകൾ, റോഡുകൾ, ശ്മശാനങ്ങൾ, ക്ഷേത്രങ്ങൾ, കിണറുകൾ തുടങ്ങി വിവിധ ശേഷിപ്പുകൾ ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്.
“റുബൽ ഖാലി” മരുഭൂമിയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലാണ് “ഖരിയാത്ത് അൽ-ഫ” (അൽ-ഫാവ് ഗ്രാമം) സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 2,200 വർഷങ്ങൾക്ക് മുമ്പ്, അൽ-ഫ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. അറേബ്യൻ ഉപദ്വീപിന്റെ തെക്ക്, വടക്ക്-കിഴക്ക് ഭാഗവുമായി ബന്ധിപ്പിക്കുന്ന വ്യാപാര പാത കൂടിയായിരുന്നു ഇവിടം. സൗദി അറേബ്യയിലെ ഏറ്റവും വിദൂര സ്ഥലങ്ങളിൽ ഒന്നായ ഈ സ്ഥലത്ത് സസ്യങ്ങളുടെ അഭാവം മൂലം നിലവിൽ വാസയോഗ്യമല്ലാതായിട്ടുണ്ട്. അതിനാൽ നിലവിൽ ഇവിടെ ജനവാസമില്ല. ഇപ്പോൾ 100 കിലോമീറ്റർ ചുറ്റളവിൽ ഒരു ഗ്രാമം പോലും ഇല്ല.
പ്രധാന പാതയിൽ നിന്ന് ഏതാനും 500 മീറ്റർ അകലെയാണ് ഖരിയാത്ത് അൽ-ഫാവ്. ഭൂപ്രദേശം മണലായതിനാൽ ചെറുവാഹനത്തിൽ അങ്ങോട്ട് എത്താൽ പ്രയാസമാണ്. സൗദിയിൽ ഇങ്ങിനെ ഒരു സ്ഥലം ഉള്ളതായി അധികമാർക്കും അറിയാത്തതിനാലാണെന്ന് തോന്നുന്നു, ഞങ്ങൾ അല്ലാതെ മറ്റാരും അവിടെ സന്ദർശകരായി ഇല്ലായിരുന്നു. ഇവിടുത്തെ കാഴ്ച്ചകൾ കണ്ട് പിന്നീട് ഞങ്ങൾ പോയത് “ബിർ-ഹിമ” ഗ്രാമത്തിലേക്കാണ്. നജ്റാൻ എത്തുന്നതിന് 120 കി.മി ഇപ്പുറത്തായിട്ടാണ് “ബിർ-ഹിമ” സ്ഥിതി ചെയ്യുന്നത്.
നജ്റാനിലേക്കുള്ള പ്രധാന പാതയിൽ നിന്നും 35 കി.മി ഉള്ളിലേക്ക് സഞ്ചരിച്ചാണ് “ബിർ-ഹിമ” എന്ന പുരാതന ഗ്രാമത്തിൽ എത്തുക. വിജനമായ പാതയിലൂടെ കൂറ്റൻ പാറക്കല്ലുകൽ പോലെയുള്ള കുന്നുകളും അങ്ങിങ്ങായുള്ള ചെറിയ വീടുകൾക്കും ഇടയിലൂടെ ഉള്ള ചെറിയ പാതയിലൂടെ സഞ്ചരിച്ചാണ് ബിർ-ഹിമയിൽ എത്തുക. മനുഷ്യന്റെ അധിനിവേശത്തിന്റെ പുരാതന ചരിത്രം വിളിച്ചോതുന്നതാണ് ഈ പ്രദേശം. ഈ സ്ഥലത്തെ 7,000 വർഷങ്ങൾക്ക് മുമ്പുള്ള റോക്ക് കൊത്തുപണികൾ (petroglyphs) ചരിത്രന്വേഷികൾക്കും സഞ്ചാരികൾക്കും കൗതുകമുള്ള കാഴ്ചയായിരിക്കും. വേട്ടയാടൽ രംഗങ്ങൾ, അനുഷ്ഠാന നൃത്തങ്ങൾ, കന്നുകാലികൾ, സിംഹം, ജിറാഫുകൾ, ഒട്ടകപ്പക്ഷികൾ തുടങ്ങിയവ പാറകല്ലിൽ കൊത്തിവച്ചിട്ടുണ്ട്.
7,000 വർഷങ്ങൾ മുമ്പ് ഇവിടെ താമസിച്ചിരുന്ന ജനങ്ങൾ ഉപയോഗിച്ചിരുന്ന കിണറുകൾ ആണ് ബിർ-ഹിമയിലെ മറ്റൊരു അത്ഭുതം. പാറപോലെ ഉറച്ച മണ്ണിൽ കുഴിച്ച ഈ കിണറുകളിൽ ഇന്നും വെള്ളം ഉണ്ട് എന്നത് കൗതുകമുണർത്തുന്ന കാഴ്ചയാണ്. ഈ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അടയാളമാണ് ഇവിടെ ഉള്ള ഈ 7 കിണറുകൾ. നിഭാഗ്യവശാൽ ഈ ചരിത്ര പ്രദേശം വേണ്ടവിധം പരിപാലിക്കപ്പെട്ടില്ല എന്നത് ദുഃഖകരമാണ്. ഒരു മാർഗ്ഗനിർദ്ദേശ ബോർഡോ, ബന്ധപ്പെട്ട അധികാരികളോ ഇവിടെ ഇല്ല എന്നത് സന്ദർശകരെ പ്രയാസപ്പെടുത്തും എന്നത് സംശയമില്ല. ഈ സ്ഥലത്തെ കുറിച്ച് പഠിച്ച് വന്ന ഞങ്ങൾക്ക് പോലും ഈ സ്ഥലത്തെ മനസിലാക്കാൻ ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ഇവിടെയും ഞങ്ങളെ കൂടാതെ വേറെ ആരും ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത് അതിക സമയം ചിലവഴിക്കാതെ ഞങ്ങൾ നജ്റാനിലേക്ക് പുറപ്പെട്ടു.
ഉച്ച സമയം 2:30 ആയപ്പോഴേക്കും ഞങ്ങൾ ചരിത്രപ്രസിദ്ധമായ നജ്റാൻ നഗരത്തിൽ എത്തി. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പുരാതന നാഗരികത നിലനിൽക്കുന്ന നജ്റാൻ, സൗദിയിൽ വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്. നിരവധി മലകളാൽ ചുറ്റപ്പെട്ട മനോഹര നഗരമായ നജ്റാൻ, ചരിത്രംകൊണ്ടും ഭൂപ്രകൃതിയുടെ സൗന്ദര്യംകൊണ്ടും സമ്പന്നമാണ്. മറ്റ് നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി നിരവധി കൃഷിയിടങ്ങളും, നീർചാലുകളും, പുരാതന വാസ്തുവിദ്യയിൽ പണിത കെട്ടിടങ്ങളും ഉള്ള സ്ഥലമാണ് ”കാർഷിക നഗരം” എന്നറിയപെടുന്ന നജ്റാൻ. യെമന് അതിര്ത്തിയോടു ചേര്ന്നു കിടക്കുന്ന നജ്റാനിന് 4000 വർഷത്തെ ചരിത്രപാരമ്പര്യം അവകാശപ്പെടാനുണ്ട്. യെമൻ ആസ്ഥാനമായി നിലവിലുണ്ടായിരുന്ന “ഹിംയർ” രാജ്യത്തിന്റെ ഭാഗമായിരുന്ന നജ്റാൻ, പിന്നീട് റൊമാൻ സാമ്രാജ്യത്തിന്റെ കീഴിലുളള “അറേബ്യ ഫെലിക്സ്” എന്ന പുരാതന യെമൻ രാജ്യത്തിന്റെ ഭാഗമായി മാറുകയായിരുന്നു. യെമനിലെ പുരാതന ഗോത്ര വർഗമായ “യാം” ഗോത്രത്തിൽ പെട്ടവരാണ് ഇവിടെ അധികവും താമസിക്കുന്നത്. അതിനാൽത്തന്നെ യെമൻ സംസ്കരവുമായി വളരെയേറെ അടുപ്പമുള്ള സംസ്കാരമാണ് നജ്റാനിൽ കാണുന്നത്. ജീവിതരീതി, ഭക്ഷണശൈലി, വസ്ത്രരീതി തുടങ്ങിയവയിലെല്ലാം ഒരു യെമൻ ബന്ധം കാണാൻ സാധിക്കുന്നുണ്ട്.
ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഞങ്ങൾ നജ്റാനിലെ കാഴ്ചകൾ കാണാനായി ഇറങ്ങി. പൊതുവെ തിരക്കില്ലാത്ത നഗരത്തിലൂടെ “അൽ-ഉഖ്ദൂദ്” എന്ന ചരിത്ര പ്രസിദ്ധമായ സ്ഥലത്തേക്കാണ് ആദ്യം പോയത്. ഇവിടെയാണ് വിശുദ്ധ ഖുര്ആനില് ഇടംപിടിച്ച ഒരു ദുരന്ത സംഭവത്തിന്റെ ശേഷിപ്പുകള് ഉള്ളത്. ഉഖ്ദൂദ് എന്നാൽ “കിടങ്ങുകൾ” എന്നാണ് അർത്ഥം. ഇസ്ലാമിന് മുമ്പ് നജ്റാനിൽ ഉണ്ടായിരുന്ന റോമൻ ഭരണാധികാരി (ജൂത ഭരണാധികാരി) ക്രിസ്തീയ വിശാസികളായിരുന്ന (ഏക ദൈവ വിശ്വാസികൾ) ആളുകളെ കിടങ്ങുകൾ കുഴിച്ചുണ്ടാക്കിയ അഗ്നികുണ്ഡങ്ങളിൽ എറിഞ്ഞ് കൊന്നൊടുക്കിയ സ്ഥലമാണ് അൽ-ഉഖ്ദൂദ്. നജ്റാനിൽ നിന്നും വെറും 15 കി.മി യാത്ര ചെയ്താൽ ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ എത്താം. നിർഭാഗ്യവശാൽ ഞങ്ങൾ അവിടെ എത്തുമ്പോൾ നിരാശയായിരുന്നു ഫലം. മതിലുകളാൽ ചുറ്റപ്പെട്ട ഈ സ്ഥലം അടച്ചിട്ടിരിക്കുകയായിരുന്നു. പെരുന്നാൾ ദിവസമായതിനാൽ അവിടെ ഉള്ള ജോലിക്കാരൻ പ്രവേശന കവാടം അടച്ചിട്ട് മറ്റെവിടേക്കോ പോയതാണെന്നാണ് അറിയാൻ സാധിച്ചത്. പിറ്റേ ദിവസം രാവിലെ വീണ്ടും വരാം എന്ന് തീരുമാനിച്ച് ഞങ്ങൾ “അബു-സൗദ്” എന്ന പുരാതന ഗ്രാമത്തിലേക്ക് പോയി.
അൽ-ഉഖ്ദൂദിൽ നിന്നും 8 കി.മി ദൂരം മാത്രം യാത്ര ചെയ്താൽ അബു-സൗദ് ഗ്രാമത്തിൽ എത്താം. നജ്റാൻ ഡാമിലേക്ക് പോകുന്ന വഴിയിൽ നിന്നും കുറച്ച് ഉള്ളിലേക്ക് സഞ്ചരിച്ചാൽ ഈ ഗ്രാമത്തിലെത്താം. അബു-സൗദ് എന്നത് നജ്റാനിലെ ഒരു പുരാതന ഗ്രാമമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വീടുകളും, അതുമായി ബന്ധപ്പെട്ട ജീവിതവും നിലനിൽക്കുന്ന ഒരു ഗ്രാമം. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുമ്പോൾ റോഡിന് ഇരുവശങ്ങളിലും, കൃഷിയിടങ്ങൾക്കിടയിലുമായി നിരവധി വീടുകൾ കാണാം. മണ്ണും കല്ലും ഉപയോഗിച്ചുണ്ടാക്കിയ ഈ വീടുകളെല്ലാം പുരാതന വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്നവയാണ്. അതിൽ അധികവും നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്. ചിലത് പുതുക്കിപണിതിട്ടുണ്ടെങ്കിലും, ആ പഴയ രുപം നിലനിർത്തിയിട്ടുണ്ട്. ആൾതാമസം ഉള്ളതാണ് ഇതിൽ കൂടുതൽ വീടുകളും എന്നതാണ് കൗതുകമായി തോന്നിയത്. പുരാതന അറേബ്യൻ ജീവിതശൈലി ഇവിടെ നമുക്ക് നേരിട്ട് കാണാം. ഈ പരമ്പരാഗത ജീവിതശൈലി നജ്റാനിലെ ജനങ്ങൾ ഇന്നും അഭിമാനപൂർവ്വം തുടർന്ന് പോരുന്നുണ്ട്. പരമ്പരാഗത കെട്ടിടങ്ങൾ പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും സ്ഥിരം കാഴ്ചകളാണ്.
അബു-സൗദ് ഗ്രാമത്തിലെ കാഴ്ചകൾ കണ്ട് നടക്കുന്നതിനിടയിൽ, ഒരു കർഷകൻ ഞങ്ങളെ പരിചയപ്പെടുകയും, തൊട്ടടുട്ടുള്ള അദ്ദേഹത്തിന്റെ കൃഷിയിടം കാണിച്ചുതരാൻ സന്തോഷത്തോടെ ക്ഷണിക്കുകയും ചെയ്തു. നിറയെ പഴവർഗ്ഗങ്ങൽ നിറഞ്ഞ കൃഷിയിടം ഞങ്ങൾ നടന്ന് കണ്ടു. തീൻ, ഷമാം, ഉറുമാമ്പഴം തുടങ്ങിയ പഴങ്ങൾ അദ്ദേഹം ഞങ്ങൾക്ക് പറിച്ചു തന്നു. പക്ഷെ, പെട്ടന്നുണ്ടായ ശക്തമായ മഴകാരണം ഞങ്ങൾക് അവിടെ നിന്നും പെട്ടന്ന് തിരിച്ച് പോരേണ്ടി വന്നു.
അബു-സൗദ് ഗ്രാമത്തിലെ കാഴ്ചകൾ കണ്ടതിന് ശേഷം ഞങ്ങൾ പോയത് “റൗമ്” മലയിലേക്കാണ്. റൗമ് മലയുടെ ചുവട്ടിൽ എത്തിയപ്പോഴേക്കും മഴ തോർന്നിരുന്നു. നജ്റാനിലെ വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ് റൗമ് മല. 1000 മീറ്റർ ഉയരമുള്ള ഈ മലക്ക് മുകളിൽ 1900-കളിൽ യെമെനി സൈന്യം നിർമിച്ച ഒരു കോട്ട ഇന്നും തല ഉയർത്തി നിൽക്കുന്നുണ്ട്. ഇതിന്റെ മുകളിൽ നിന്നും നോക്കിയാൽ നജ്റാൻ നഗരത്തിന്റ മുഴുവൻ ഭാഗവും കാണാം എന്ന പ്രത്യേകതയും ഉണ്ട്. മലയുടെ മുകളിൽ എത്തുന്നത് കുറച്ച് സാഹസികമായ പണിയാണെങ്കിലും, മുകളിൽ നിന്നുള്ള കാഴ്ചകൾ മനോഹരമാണ്. നജ്റാനിലെ ബാക്കി കാഴ്ചകൾ പിറ്റേ ദിവസത്തേക്ക് മാറ്റി വെച്ചുകൊണ്ട്,റൗമ് മലയിൽ നിന്നും പിന്നീട് ഞങ്ങൾ താമസസ്ഥലത്തേക്ക് തിരിച്ച് പോയി.
നജ്റാനിലെ രണ്ടാം ദിവസം രാവിലെ വീണ്ടും അൽ-ഉഖ്ദൂദിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ യാദൃച്ഛികമായി മലകൾക്കിടയിലൂടെ ഒരു റോഡ് മുകളിലേക്ക് പോകുന്നത് കാണാൻ ഇടയായി. അതിലൂടെ പോയി നോക്കിയാലോ എന്ന് ബാനു (ഭാര്യ) പറഞ്ഞപ്പോൾ എനിക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ഞങ്ങളെ നിരാശപെടുത്തിയില്ല എന്ന് മാത്രമല്ല, നല്ല കാഴ്ചകൾ സമ്മാനിക്കുന്നതായിരുന്നു ആ യാത്ര. നജ്റാൻ മലനിരകൾക്കിടയിലൂടെ കുത്തനെ ഉള്ള കയറ്റത്തിലൂടെ കിലോമീറ്ററുകളോളം ഉള്ള യാത്ര നല്ല രസമായിരുന്നു. കുറേദൂരം സഞ്ചരിച്ചപ്പോൾ ഒരു ഒഴിഞ്ഞ സ്ഥലത്ത് ഒരു ഉദ്യാനം, വിശ്രമിക്കാനും കാഴ്ച്ചകൾ കാണാനുമായി നിർമിച്ചിരിക്കുന്നത് കാണാനിടയായി. കുടുംബമായും അല്ലാതെയും ആളുകൾ അവിടെ സമയം ചിലവഴിക്കാൻ എത്തിയിട്ടുണ്ട്. കാറുമായി കുറച്ച് ദൂരം അകത്തേക്ക് പോയി ഉള്ളിലുള്ള മലമുകളിൽ ഇരിക്കുന്നവരും ഉണ്ട്. ഞങ്ങളും പോയി അങ്ങിനെ ഒരു കുന്നിൻ മുകളിലേക്ക്. നല്ല മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് കൊണ്ട് കുറച്ച് സമയം അവിടെ ചിലവഴിച്ചു. കുറച്ച് ഫോട്ടോകൾ മൊബൈലിൽ പകർത്തി പിന്നീട് അൽ ഉഖ്ദൂദിലേക്ക് പുറപ്പെട്ടു.
അൽ ഉഖ്ദൂദിൽ ഇന്നലത്തെ അനുഭവമായിരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും, ഇന്ന് അവിടെ ജോലിക്കാരുണ്ടായിരുന്നു. പേരും മൊബൈൽ നമ്പറും അവിടെ എഴുതി, ഒപ്പിട്ടതിന് ശേഷം ഞങ്ങൾ ആ ചരിത്രഭൂമിയിലൂടെ നടന്നു. പ്രവാചകൻ ഇസാ നബി (യേശു) യുടെ യതാര്ത്ഥ അധ്യാപനങ്ങളില് വിശ്വസിച്ചിരുന്ന ക്രൈസ്തവ വിശ്വാസികളെ യഹൂദ മതത്തിലേക്ക് തിരിച്ച് വരാത്തതിനാലാൽ, അന്നത്തെ യഹൂദ ഭരണാധികാരി അഗ്നിയുടെ വലിയ കിടങ്ങുകളിൽ ഇട്ട് അതിക്രൂരമായി ചുട്ടെരിച്ച് കൊന്നൊടുക്കിയ സംഭവം നടന്ന സ്ഥലത്താണ് നിൽക്കുന്നത് എന്നത് ഞങ്ങളെ സങ്കടപ്പെടുത്തി. മുഹമ്മദ് നബിയുടെ ആഗമനത്തിനു നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഈ സംഭവം വിശുദ്ധ ഖുര്ആനിൽ വിവരിച്ചിട്ടുണ്ട് എന്നത് ഈ സ്ഥലത്തിന്റെ മഹത്വം വർദ്ധിപ്പികുന്നു. ഏക്കറ കണക്കിന് പരന്ന് കിടക്കുന്ന ഈ ചരിത്രഭൂമിയിലൂടെ നടക്കുമ്പോൾ നൂറ്റാണ്ടുകൾക്കപ്പുറത്തെ പല ചരിത്ര ശേഷിപ്പിലുകളും കാണാൻ സാധിക്കും. പാറയിൽ തീർത്ത ചിത്രങ്ങൾ, പുരാതനകാലത്തെ അവശിഷ്ട്ടങ്ങൾ തുടങ്ങിയവ ഇപ്പോഴും കാണാം. ഒരു കാലത്ത് നജ്റാൻ “അൽ ഉഖ്ദൂദ്” എന്ന പേരിലും അറിയപ്പെട്ടിരുന്നു എന്നാണ് ചരിത്രം .
ആവിശ്യത്തിന് സമയം ചിലവഴിച്ച് ഞങ്ങൾ ആ ചരിത്രഭൂമിയോട് വിടപറഞ്ഞു. തൊട്ടടുത്ത് ഒരു മ്യൂസിയം ഉണ്ടെങ്കിലും ഇപ്പോൾ അത് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഈ മ്യൂസിയത്തിൽ പല ചരിത്രശേഷിപ്പുകളും ഉണ്ടെന്നാണ് മനസ്സിലായത്. വൈകുന്നേരം ആവുമ്പോഴേക്കും അബഹയിൽ എത്തേണ്ടതിനാൽ, നജ്റാനിൽ കാണേണ്ടിയിരുന്ന “അൽ-ആൻ കൊട്ടാരവും” “എമിറാഹ് കൊട്ടാരവും” പിന്നെ ഒരിക്കൽ സന്ദർശിക്കാം എന്ന് തീരുമാനിച്ച് ഞങ്ങൾ അബഹയിലേക്ക് പുറപ്പെട്ടു. 1688-ഇൽ ആണ് അൽ-ആൻ കൊട്ടാരം നിർമിച്ചത്. നജ്റാനിലെ ഉയർന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ, അൽ-ആൻ കൊട്ടാരത്തിൽ നിന്നുള്ള നജ്റാനിലെ കാഴ്ച അതിമനോഹരമാണ്. എമിറാഹ് കൊട്ടാരം 1944 നിർമിച്ച സർക്കാർ മന്ദിരമാണ്. നജ്റാൻ ഡാം, നജ്റാനിൽ കണ്ടിരിക്കേണ്ട മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ്.
ഈദ് അവധി ആയതിനാൽ സുഹൃത്തുക്കളായ അബി, നിസാം, മാനു, ബിൻസ്റ്റൻ, ഷെബി, ജിഫിൻ, അജ്മൽ എന്നിവർ കുടുംബമായും അല്ലാതെയും അബഹയിൽ എത്തിയിട്ടുണ്ടായിരുന്നു. അബഹയിലെ കാഴ്ച്ചകൾ സുഹൃത്തുക്കളോടൊപ്പമാവാം എന്ന് തീരുമാനിച്ചതിനാലാണ് തിരക്ക് പിടിച്ച് നജ്റാനിൽ നിന്നും പുറപ്പെട്ടത്. നജ്റാനിൽ നിന്നും അബഹയിലേക്ക് ഏകദേശം 250 കി.മി ദൂരമാണ് യാത്ര ചെയ്യാനുള്ളത്. നജ്റാനിൽ നിന്ന് അബഹയിലേക്കുള്ള യാത്രയും കാഴ്ചകളും അതിമനോഹരവും വ്യത്യസ്തവുമാണ്. ഈ പ്രദേശങ്ങളിലെ പ്രകൃതി ഭംഗി ഒന്ന് കാണേണ്ടത് തന്നെയാണ്.
വഴിയിലെ പല കാഴ്ചകളും കണ്ട് അബഹയിലേക്കുള്ള യാത്ര പുരോഗമിച്ചുകൊണ്ടിരുന്നു. യമൻ അതിർത്തിയിൽ നിന്ന് കേവലം 19 കി. മി മാത്രം അകലെയുള്ള റോഡിലൂടെ ആണ് യാത്ര. അബഹയോട് അടുക്കും തോറും കാലാവസ്ഥയിൽ ചില മാറ്റം കണ്ട് തുടങ്ങി. റോഡ് കോടമഞ്ഞിൽ മറയാൻ തുടങ്ങിയിരിക്കുന്നു. കോടമഞ്ഞിന് അകമ്പടിയായി ഇടക്ക് ചെറിയ മഴയും പെയ്യുന്നുണ്ട്. നല്ല പഴയ ഗാനങ്ങൾ ആസ്വദിച്ച് ഞങ്ങൾ യാത്ര തുടർന്നു. അബഹയിൽ എത്തുന്നതിന് 50 കി.മി മുമ്പ് “ഹബല” എന്ന ഒരു പർവ്വതഗ്രാമത്തിലെ കാഴ്ചകൾ കണ്ടിട്ട് അബഹയിലേക്ക് പോകാം എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാൽ ഹബല അടുക്കും തോറും കാഴ്ചകൾ തീർത്തും മങ്ങുന്ന രീതിയിൽ കോടമഞ്ഞ് മൂടിയിരുന്നു. ഒരു മീറ്ററിന് അപ്പുറത്തുള്ള കാഴ്ച്ചകൾ കാണാൻ തന്നെ വളരെ ബുദ്ധിമുട്ടി. വളരെ സാവധാനത്തിൽ മാത്രമേ കാർ ഓടിക്കാൻ പറ്റു എന്നതിനാൽ പ്രതീക്ഷിച്ചതിലും വളരെ വൈകിയാണ് ഹബലയിൽ എത്തിയത്.
ഹബല എന്നത് അസീർ പ്രവിശ്യയിലെ ഒരു പർവ്വതഗ്രാമമാണ്. ഓട്ടോമൻ ഭരണത്തിൽ അതൃപ്തി ഉണ്ടായിരുന്ന “ഖതാനി” എന്ന ഗോത്രം തുർക്കികളിൽ നിന്നും അകന്ന് കഴിയാൻ വേണ്ടിയായിരുന്നു ഹബലയിലെ പർവത താഴ്വരകളിൽ താമസിച്ചിരുന്നത്. ഏകേദശം 350 വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ ഖതാനി ഗോത്രം താമസം തുടങ്ങിയിരുന്നത്. ഭൂമിയുടെ നിരപ്പിൽ നിന്നും ഏകദേശം 275 മീറ്റർ താഴെ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. താഴ്വരയിൽ നിന്നും കയറുകളിൽ തൂങ്ങിയായിരുന്നു ഗ്രാമവാസികൾ അവരുടെ ആവശ്യങ്ങൾക്കായി മുകളിലേക്ക് എത്തിയിരുന്നത്. കയറിന് അറബിയിൽ ഹബല എന്നാണ് പറയുക. അങ്ങിനെണ് ഈ സ്ഥലത്തിന് ഹബല എന്ന പേര് വന്നത്. ഏകദേശം 1900-ന്റെ പകുതി വരെ ഇവിടെ ആളുകൾ താമസിച്ചിരുന്നു. പുരാതന ഗ്രാമത്തിന്റെ ശേഷിപ്പുകൾ കാണുന്നതിനോടൊപ്പം, ഇവിടുത്തെ ഭൂപ്രകൃതിയും അതിന്റെ ഭംഗിയും ആസ്വദിക്കുക എന്നതുംകൂടെയാണ് ഇവിടേക്ക് വരുന്ന സഞ്ചാരികളുടെ ലക്ഷ്യം. കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന ഹബലയെ കാണാൻ പ്രത്യേക ഭംഗിയാണ്. മൂടൽമഞ്ഞ് പലപ്പോഴും പർവതത്തെ വലയം ചെയ്യുമ്പോൾ, താഴെയുള്ള ഗ്രാമം മേഘത്തിൽ മുങ്ങിക്കിടക്കുന്നതായി അനുഭവപ്പെടും. നിരവധി മലകളും പർവ്വതങ്ങളും ഹബലയിൽ ഉള്ളതിനാൽ സാഹസിക യാത്ര ഇഷ്ട്ടപെടുന്നവർക്കും അനുയോജ്യമാണ് ഈ സ്ഥലം.
എന്നാൽ ഹബലയിൽ എത്തിയപ്പോൾ പ്രതീക്ഷക്ക് വിപരീതമായിരുന്നു കാര്യങ്ങൾ. ചുറ്റും ഒന്നും കാണാൻ പറ്റാത്ത തരത്തിൽ കോടമഞ്ഞിൽ മൂടി നിൽക്കുകയായിരുന്നു ഹബല. കൂടാതെ, ഈദ് അവധി ആയതിനാൽ നല്ല തിരക്കും അനുഭവപെട്ടു. കോവിഡ് കാലമായതിനാലും, കാഴ്ച്ചകൾ കാണാൻ പറ്റാത്ത അന്തരീക്ഷമായതിനാലും ഞങ്ങൾ അവിടെ നിന്നും അബഹയിലേക്ക് പുറപ്പെട്ടു. പിറ്റേ ദിവസം വെളുപ്പിന് വീണ്ടും ഹബലയിലെ കാഴ്ചകൾ കാണാൻ തിരിച്ച് വരാം എന്ന് മനസ്സിൽ ഉറപ്പിച്ചായിരുന്നു അബഹയിലേക്ക് പുറപ്പെട്ടത്. അബഹയിൽ എത്തുന്നതിന് മുമ്പ്, “ഖമീസ് മുശൈത്” എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ താമസം.
ഉദ്ദേശിച്ച സമയത്ത് ഞങ്ങൾക്ക് എത്താൻ പറ്റാതെ വന്നപ്പോൾ സുഹൃത്തുക്കൾ അബഹയിലെ കാഴ്ചകൾ കാണാൻ പോയിരുന്നു. താമസസ്ഥലത്തെത്തി, നല്ല പാകിസ്താനി ഭക്ഷണമെല്ലാം കഴിച്ചതിന് ശേഷം ഞങ്ങളും അബഹ പട്ടണത്തിലെ കാഴ്ചകൾക്കായി ഇറങ്ങി. അബഹ മാർക്കറ്റും അൽ-മുഫ്തഹ ഗ്രാമവും ആയിരുന്നു ലക്ഷ്യം. സൗദി അറേബ്യയിലെ പതിമൂന്ന് പ്രവിശ്യകളിൽ ഒന്നായ അസിർ പ്രവിശ്യയുടെ തലസ്ഥാനമാണ് അബഹ. സമുദ്രനിരപ്പിൽ നിന്നും 2200 മീറ്റർ (7200 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി അബഹയിൽ എല്ലാ സമയത്തും തണുപ്പനുഭപ്പെടാറുണ്ട്. അബഹ പട്ടണവും മാർക്കറ്റും ചുറ്റി കണ്ട് രാത്രിയോട്കൂടി ഞങ്ങൾ ഖമീസ് മുശൈത്തിലേക്ക് തിരിച്ചു. അബഹ കാഴ്ചകൾ കണ്ട് മടങ്ങിയ ഞങ്ങൾ പിന്നീട് സുഹൃത്തുക്കളോടൊപ്പം അൽപസമയം ചിലവഴിച്ചു. പിറ്റേ ദിവസം വെളുപ്പിന് ഹബലയിലേക്കു പോകേണ്ടതിനാൽ അധികം വൈകാതെ ഞങ്ങൾ താമസസ്ഥലത്തേക്ക് പോയി. സുഹൃത്തുക്കളായ അബി, ഷെബി, ജിഫിൻ, അജ്മൽ എന്നിവർ ഞങ്ങളുടെ കൂടെ ഹബലയിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു.
വെളുപ്പിന് 6 മണിക്ക് തന്നെ ഞങ്ങൾ പുറപ്പെട്ടു. തലേ ദിവസത്തിൽ നിന്നും വ്യത്യസ്തമായി നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഇന്നത്തേത്. നേർത്ത മഞ്ഞിലൂടെ മനോഹര കാഴ്ച്ചകൾ കണ്ട് ഞങ്ങൾ ഹബലയിൽ എത്തി. രാവിലെ ആയതിനാലാണന്ന് തോന്നുന്നു ഞങ്ങളെ കൂടാതെ വളരെ കുറച്ച് സഞ്ചാരികൾ മാത്രമേ അവിടെ ഉണ്ടായിരുന്നൊള്ളു. ഹബലയുടെ ഭംഗി പൂർണമായും ആസ്വദിക്കാൻ പറ്റുന്നതായിരുന്നു ഇന്നത്തെ പ്രഭാതം. മേഘത്തിന്റെ മുകളിൽ നിന്നും ഭൂമിയിലേക്ക് നോക്കുന്ന അനുഭവമായിരുന്നു മല മുകളിൽ നിന്നും താഴ്വരയിൽ ഉള്ള പുരാതന ഗ്രാമം നോക്കുമ്പോൾ അനുഭവപ്പെട്ടത്. ഹബലയിലെ കേബിൾ കാറിലൂടെ ഉള്ള യാത്രയും ആസ്വദിക്കേണ്ടതാണ്. ഇവിടുത്തെ കാഴ്ചകൾ കണ്ട്, ചിത്രങ്ങൾ പകർത്തിയതിന് ശേഷം തൊട്ടടുത്തുള്ള “ഹബല വെള്ളച്ചാട്ടം” കാണാനാണ് ഞങ്ങൾ പോയത്. പേരിൽ “വെള്ളച്ചാട്ടം” എന്നുണ്ടെങ്കിലും, അങ്ങിനെ ഒരു വെള്ളച്ചാട്ടത്തിന്റെ ലക്ഷണമൊന്നും ഇല്ല എന്നത് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. പക്ഷെ, മഴ ഉണ്ടാവുമ്പോൾ ഇവിടെ വെള്ളച്ചാട്ടം ഉണ്ടാവാറുള്ളതിനാലാണ് ഇങ്ങിനെ പേര് വിളിക്കാൻ കാരണം. ഇവിടുത്തെ മലമുകളിൽ നിന്നും താഴേക്കുള്ള കാഴ്ചകൾ അതിമനോഹരമാണ്. ഒരു അഘാതമായ കൊക്കയുടെ മുകളിൽ നിന്നും താഴേക്ക് നോക്കുന്ന പ്രതീതി. ഞങ്ങൾ സുഹൃത്തുക്കൾ ഇവിടുത്തെ കാഴ്ചകൾ മതിവരുവോളം ആസ്വദിച്ചു. നിരവധി ഫോട്ടോകൾ പകർത്തി ഞങ്ങൾ ഉച്ചയോടടുത്ത് ഹബലയിൽ നിന്നും തിരിച്ചു.
ഇനി അബഹയിലെ മറ്റൊരു വിനോദസഞ്ചാര ഗ്രാമമായ അൽ-സുദയിലേക്കാണ് ഞങ്ങളുടെ യാത്ര. ഉച്ച ഭക്ഷണത്തിന് ശേഷം എല്ലാവരും ഒരുമിച്ച് അൽ-സുദയിലേക്ക് പുറപ്പെട്ടു. അൽ-സുദ സൗദി അറേബ്യയിലെ അബഹ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. അബഹ നഗരത്തിൽ നിന്ന് 28 കിലോമീറ്റർ (17 മൈൽ) അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,015 മീറ്റർ (9,892 അടി) ഉയരത്തിൽ പർവ്വതങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമാണ് അൽ-സുദ. എല്ലാ സമയങ്ങളിലും തണുപ്പനുഭവപ്പെടുന്ന ഒരു പ്രദേശം കൂടെയാണ് അൽ-സുദ. അബഹ പട്ടണത്തിൽ നിന്നും ചുരം കയറി വേണം അൽ-സുദയിൽ എത്താൻ. ഈദ് അവധി ആയതിനാലും സൗദിയിലെ മറ്റു ഭാഗങ്ങളിൽ കഠിനമായ ചൂട് സമയമായതിനാലും അബഹയിലും അൽ-സുദയിലെക്കുള്ള വഴിയിലും നല്ല തിരക്കനുഭവപ്പെട്ടു. വാഹനങ്ങൾ സാവധാനമാണ് നീങ്ങുന്നത്. സുഹൃത്തുക്കൾ ഇന്നലെ അൽ-സുദയിൽ പോയി, അവിടുത്തെ കാഴ്ചകൾ ആസ്വദിച്ചതാണ്. ഇന്ന് ഞങ്ങൾക്ക് വേണ്ടി മാത്രമാണ് അവർ കൂടെ വരുന്നത്. തിരക്കാണെങ്കിലും അബഹയിൽ വന്നിട്ട് എങ്ങിനെ അൽ-സുദയിൽ പോകാതിരിക്കുന്നത് എന്നതായിരുന്നു എന്റെ മനസ്സിൽ. ഇവിടുത്തെ സൂര്യാസ്തമയം കാണേണ്ടത് തന്നെയാണ്. അവസാനം തിരക്കിലൂടെ കുറെ നേരം യാത്ര ചെയ്ത് ഞങ്ങൾ അൽ-സുദയുടെ മുകളിൽ എത്തി. നേരെത്തെ പറഞ്ഞ പോലെ നല്ല തിരക്കാണ് അവിടെ. പ്രധീക്ഷിച്ചതിലും അധികം സമയം യാത്രക്ക് വേണ്ടിവന്നതിനാലും, അബഹയിൽ നിന്ന് ഇന്ന് തന്നെ ജിസാനിലേക്ക് പുറപ്പെടേണ്ടതിനാലും അൽ-സുദയിൽ അധികം സമയം ചിലവഴിക്കാതെ ഞങ്ങൾ യാത്ര തുടർന്നു. അടുത്തത് “രിജാൽ അൽമ” എന്ന മറ്റൊരു പുരാതന ഗ്രാമത്തിലേക്കാണ്. അബഹയിലെ നിന്നും ജിസാനിലേക്ക് പോകുന്ന വഴിയിൽ ആണ് അൽ-സുദയും, രിജാൽ അൽമയും.
രിജാൽ അൽമ എന്നത് അബഹക്ക് പടിഞ്ഞാറ് 45 കിലോമീറ്റർ അകലെ അൽ-സുദ പർവതത്തിന്റെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന, സൗദിയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു പുരാതന പൈതൃക ഗ്രാമം ആണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രവും ചരിത്രശേഷിപ്പുകളും ഉള്ള ഈ പ്രദേശം, രാജ്യത്തിലെ ഏറ്റവും പുരാതന സാംസ്കാരിക, പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലായി അംഗീകരിക്കാൻ പോകുന്ന പട്ടികയിൽ ഉള്ള സ്ഥലംകൂടെയാണ് റിജാൽ അൽമ. യെമനിൽ നിന്ന് മക്കയിലേക്കും മദീനയിലേക്കും വരുമ്പോഴുള്ള പ്രധാന ഇടത്താവളമായിരുന്ന രിജാൽ അൽമ, അറേബ്യയിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. രിജാൽ അൽമക്ക് “കല്ല് ഗ്രാമം” എന്ന് വിളിപേരും ഉണ്ട്. കല്ലുകളാൽ നിർമിക്കപ്പെട്ട കെട്ടിടങ്ങളും വീടുകളും ആണ് ഇവിടെ ഉള്ളത് എന്നതിനാലാണ് ഇങ്ങിനെ ഒരു പേര് വിളിക്കാൻ കാരണം.
636 CE മുതൽ 1835 വരെ നിരവധി യുദ്ധങ്ങൾക്കും സംഘട്ടനങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ മണ്ണ് എതിരാളികൾക്ക് മുന്നിൽ മുട്ട് മടക്കിയിട്ടില്ല എന്നതാണ് ചരിത്രം. ഓട്ടോമൻ ഭരണം അറേബ്യയിൽ പിടിമുറുക്കിയ സമയത്തും ഓട്ടോമൻ ഭരണത്തിന് പിടികൊടുക്കാതെ സ്വന്തമായ ഭരണമായിരുന്നു ഇവിടെ നടന്നിരുന്നത്. അതിന് മുമ്പും പല ചെറുത്ത് നിൽപ്പുകളും ഇവിടെ ഉണ്ടായിരുന്ന “അസീരി ഗോത്രത്തിൽ” നിന്നും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള പല ഭരണകൂട, സൈനിക അതിക്രമങ്ങളെയും ചെറുത്ത് തോൽപ്പിക്കാൻ കാരണം റിജാൽ അൽമയിലെ ആളുകളുടെ ധൈര്യം ആണെന്നാണ് ചരിത്രം. അതിനാൽ “ബുദ്ധിമുട്ടുള്ളത്” എന്ന് സൂചിപ്പിക്കുന്ന “അസി” എന്ന പേര് ഈ പ്രദേശത്തെ അറിയപ്പെട്ടിരുന്നു. “അസി” എന്ന പേര് ഇവിടുത്തുകാരുടെ ധൈര്യത്തെയും, ശക്തിയെയും സൂചിപ്പിക്കുന്നതാണെന്നാണ് പറയെപ്പെടുന്നത്. രിജാൽ അൽമയിലാണ് താൻ ജനിച്ചത് എന്ന് പറയുന്നതും അത് ഔദ്യോഗിക രേഖകളിൽ ചേർക്കുന്നതും ഈ ഭാഗങ്ങളിലെ സൗദികൾക്കിടയിൽ വലിയ അഭിമാനമാണ്.
അൽ-സുദയിൽ നിന്നും ഞങ്ങൾ ജിസാനിലേക്കു പോകുന്ന വഴിയിലൂടെ രിജാൽ അൽമയിലെക്ക് പുറപ്പെട്ടു. അപകടകരമായ രീതിയിൽ ഉള്ള വളവും തിരിവും നിറഞ്ഞ കുത്തനെ ഉള്ള ചുരത്തിലൂടെ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടതുണ്ട്. സാഹസികവും അപകടകരുവുമായ യാത്ര ആണെങ്കിലും, സുന്ദരമായ പച്ച പുതച്ച മലകൾക്കിടയിലൂടെ ഉള്ള യാത്ര മനോഹരമാണ്. നല്ല ശ്രദ്ധയോടെ ആയിരിക്കണം ഈ വഴിയിലൂടെ വാഹനം ഓടിക്കേണ്ടത്. അതിന്റെ മുന്നറിയിപ്പുകൾ റോഡിന്റെ പല ഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്. എന്റേതടക്കം ഞങ്ങളുടെ 4 കാറുകൾ ഒരുമിച്ചായിരുന്നു മനോഹര കാഴ്ചകൾ കണ്ട്കൊണ്ട് ചുരം ഇറങ്ങിക്കൊണ്ടിരുന്നത്. ഇടക്ക് എന്റെ കാറിനെ മറികടന്നുകൊണ്ട് കൂടെ ഉണ്ടായിരുന്ന രണ്ട് കാറുകൾ മുന്നോട്ട് പോയി. ചുരത്തിന്റെ മുക്കാൽ ഭാഗം ഇറങ്ങിയപ്പോൾ ബ്രേക്കിനെന്തോ കുഴപ്പമുള്ളത് പോലെ തോന്നി. ബ്രേക്ക് എത്ര ചവിട്ടിയിട്ടും കാർ നിൽക്കാത്തപോലെ. പിന്നീടുള്ള വളവുകൾ ചെറിയ ഭയത്തോടുകൂടിയാണെങ്കിലും ഒരു വിധത്തിൽ ഇറക്കി. ബാനുവിനോട് കാര്യം പറഞ്ഞില്ല, അവളെ ഭയപെടുത്തണ്ടല്ലോ. കുറച്ചുകൂടെ മുന്നോട്ട് പോയപ്പോൾ കാര്യം പന്തിയല്ല എന്ന് മനസ്സിലാക്കി കാർ ഒരു വശത്ത് നിർത്തി. അബിയും, ഷെബിയും കുടുബവും ഞങ്ങളുടെ പിന്നിലായിരുന്നതിനാൽ, അബിയെ വിളിച്ച് കാര്യം പറഞ്ഞു. ഭാര്യയെയും മോനെയും അവരുടെ കാറിൽ കയറ്റിയിട്ട് അബിയും ഞാനും ഒരു വിധത്തിൽ ചുരത്തിന്റെ ബാക്കി ഭാഗവും ഇറക്കി. അപ്പോഴേക്കും മറ്റ് സുഹൃത്തുക്കൾ ഞങ്ങളെയും കാത്ത് താഴെ നിൽപ്പുണ്ടായിരുന്നു. ബ്രേക്കിന്റെ തുടർച്ചയായ ഉപയോഗമാണ് ഈ തകരാറിന് കാരണം എന്ന് മനസ്സിലായി. ചില അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും യാത്ര തുടർന്നു. സുഹൃത്തുക്കൾ കൂടെ ഉണ്ടായിരുന്നത് ഈ സമയത്ത് വലിയ സഹായമായി. ഏകദേശം 5 മണിയായപ്പോൾ ഞങ്ങൾ രിജാൽ അൽമയിലെത്തി.
മലകളാൽ ചുറ്റപ്പെട്ട ഒരു മനോഹര ഗ്രാമം. ആ ഗ്രാമത്തിൽ കല്ലുകളാൽ നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾ. പല വർണ്ണത്തിലുള്ള ജാലകങ്ങൾ ഈ കെട്ടിടങ്ങളുടെ ഭംഗി വർധിപ്പിക്കുന്നു. രിജാൽ അൽമയിലെ പ്രധാന കെട്ടിട സമുച്ചയത്തിൽ മ്യൂസിയം, പുരാതന വീടുകൾ, പള്ളി, കൂടാതെ മുൻവശത്തെ വിശാല മുറ്റത്തിന് ചുറ്റും ആംഫിതിയേറ്റർ പോലെ വിശാല ഇരിപ്പിടം തുടങ്ങിയവ സഞ്ചാരികൾക്കായി ഉണ്ട്. ചരിത്രാന്വേഷികൾക്കും, ഫോട്ടോഗ്രാഫി ഇഷ്ട്ടപെടുന്നവർക്കും, സാദാരണകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരിടമാണ് രിജാൽ അൽമ എന്നാണ് എനിക്ക് തോന്നിയത്. ഞങ്ങളുടെ കൂട്ടത്തിലും പല ഇഷ്ട്ടങ്ങൾ ഉള്ളവരായിരുന്നു. ചിലർ പുറത്തുനിന്ന് ഫോട്ടോ എടുത്ത് സമയം ചിലവഴിക്കുന്നുണ്ടായിരുന്നു. എനിക്ക് ചരിത്രവും അതിന്റെ ശേഷിപ്പുകളും കാണാൻ ഇഷ്ടമായതിനാൽ ഈ പുരാതന കെട്ടിടങ്ങളും, വീടുകളും അതിന്റെ ചുറ്റുപാടും ചുറ്റികാണാൻ തീരുമാനിച്ചു. സുഹൃത്ത്, മാനുവും കൂടെ കൂടി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കെട്ടിടങ്ങൾ ഇന്നും പറയത്തക്ക കേടുകൾ കൂടാതെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് ഞങ്ങളെ ആശ്ചര്യപ്പെടുത്തി.
രിജാൽ അൽമയിലെ കാഴ്ചകൾ കണ്ടതിന് ശേഷം ഞങ്ങൾ മുറ്റത്തുള്ള ഇരിപ്പിടത്തിൽ കുറച്ച് നേരം സമയം ചിലവഴിച്ചു. സമയം സന്ധ്യ ആയപ്പോൾ ഞങ്ങൾ അവിടെ നിന്നും സൗദിയിലെ മറ്റൊരു പ്രവിശ്യയായ ജിസാനിലേക്ക് പുറപ്പെട്ടു. ഒരു ദിവസം കൂടെ അബഹയിലെ നിൽക്കുകയാണെങ്കിൽ ചില കാഴ്ചകൾകൂടെ അബഹയിൽ ഉണ്ട്. അൽ- മുഫ്താഹ് മ്യൂസിയം, അൽ-ബസ്ത ഗ്രാമം, ഷംസൻ കോട്ട, അബഹ ഡാം തുടങ്ങിയവ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റ ദിവസം കൊണ്ട് കാണാൻ പറ്റുന്നവയാണ്. എന്നാൽ അബഹയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങൾ ഞങ്ങൾ ഈ രണ്ട് ദിവസത്തിനിടയിൽ കണ്ട് ആസ്വദിച്ചിരുന്നു. ഇനി മറ്റൊരിക്കൽ വരാം എന്ന് മനസ്സിൽ ഉറപ്പിച്ച് ഞങ്ങൾ ആ മനോഹര ഭൂമിയോട് യാത്ര പറഞ്ഞു!
ഇനി ഞങ്ങളുടെ യാത്ര സൗദിയിലെ മറ്റൊരു പ്രവിശ്യയായ ജിസാനിലേക്കാണ്. യെമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന സൗദി അറേബ്യയുടെ പ്രവിശ്യയാണ് ജിസാൻ. തെക്ക് ഭാഗത്ത് 300 കിലോമീറ്ററോളം ചെങ്കടൽ, വടക്ക് ഭാഗത്ത് അയൽ രാജ്യമായ യെമൻ എന്നിവയാണ് അതിർത്തികൾ. രണ്ട് ദിവസമാണ് ജിസാനിലെ കാഴ്ചകൾക്കായി ഞങ്ങൾ നീക്കി വെച്ചിരുന്നത്. റിജാൽ അൽമയിൽ നിന്ന് ഞങ്ങൾ സുഹൃത്തുക്കൾ രണ്ട് വഴിക്കായി പിരിഞ്ഞു. അവരും ജിസാനിലേക് പോകുന്നുണ്ടെങ്കിലും പിറ്റേ ദിവസം അവിടെ നിന്നും മടങ്ങാനാണ് അവരുടെ തീരുമാനം. റിജാൽ അൽമയിൽ നിന്നും സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് ഞങ്ങൾ ജിസാനിൽ എത്തുന്നതിനു മുമ്പുള്ള “ദർബ്” എന്ന സ്ഥലത്തേക്കാണ് പോയത്. അവിടെയാണ് എളാപ്പ (ഉപ്പയുടെ അനിയൻ) ജോലി ചെയ്യുന്നത്. അദ്ദേഹത്തെ കണ്ടിട്ട് വേണം ജിസാനിലേക്ക് പോകാൻ. ഏകദേശം 200 കി.മി യാത്ര ചെയ്യാനുണ്ട് റിജാൽ അൽമയിൽ നിന്നും ജിസാനിലേക്ക്.
സമയം രാത്രി 8 മണി ആയപ്പോൾ ദർബിൽ എത്തി. എളാപ്പയുടെ കൂടെ കുറച്ച് സമയം ചിലവഴിച്ചു. കുറെ കാലത്തിന് ശേഷം തമ്മിൽ കണ്ടതിന്റെ സന്തോഷമായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് ഞങ്ങൾ ജിസാനിലേക്ക് പുറപ്പെട്ടു. ജിസാനിലും പരിസര പ്രദേശത്തും രണ്ട് ദിവസമായി നല്ല മഴ ആണെന്ന് പറഞ്ഞിരുന്നു സുഹൃത്തായ ഫാസിൽ. ഫാസിൽ വർഷങ്ങളായി ജിസാനിലാണ് ജോലി ചെയ്യുന്നത്. ഇനിയുള്ള രണ്ട് ദിവസം അവനുണ്ടാവും കൂടെ. ദർബിൽ നിന്നും പുറപ്പെട്ടപ്പോൾ തുടങ്ങിയതാണ് മഴ. നല്ല മഴയത്ത് ആളൊഴിഞ്ഞ റോഡിലൂടെ ഉള്ള യാത്ര നല്ല രസമായിരുന്നു. മഴ ജിസാനിൽ എത്തുന്നത് വരെ തുടർന്നു. രാത്രി 10 മണി ആയപ്പോൾ ജിസാനിലെ ഹോട്ടലിൽ എത്തി. പിറ്റേ ദിവസം കാലത്ത് “ഫർസാൻ ദ്വീപിൽ” പോകണം. ഫാസിൽ രാവിലെ വരാം എന്ന് പറഞ്ഞിട്ടുണ്ട്.
അതിരാവിലെ തന്നെ ഫാസിൽ വിളിച്ച് എഴുന്നേൽപ്പിച്ചു. പിന്നീട് അവന്റെ കൂടെ ജിസാൻ തുറമുഖത്തേക്ക് പോയി. അവിടെ നിന്നാണ് ഫർസാൻ ദ്വീപിലേക്കുള്ള ഫെറി, ബോട്ട് എന്നിവ പുറപ്പെടുന്നത്. ഗവർമെന്റിന്റെ കീഴിലുള്ള ഫെറിയിൽ ആണ് പോകുന്നതെങ്കിൽ സൗജന്യമാണ് യാത്ര, ബോട്ടിനാണെങ്കിൽ ഒരാൾക്ക് 50 റിയാലാണ്. കോവിഡ് കാലമായതിനാൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നതിൽ നിയന്ത്രണമുണ്ടായതിനാൽ ഞങ്ങൾക്ക് ഫെറിയിൽ ടിക്കറ്റ് ലഭിച്ചില്ല. അതിനാൽ ഞങ്ങളുടെ യാത്ര ബോട്ടിലാണ്.
ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപാണ് ഫർസാൻ ദ്വീപ്. ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന പവിഴപ്പുറ്റിൽ നിന്നും രൂപം കൊണ്ട ഈ ദ്വീപസമൂഹത്തിൽ ആകെ 84 ദ്വീപുകളാണുള്ളത്. ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഫർസാൻ. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറേ ദിക്കിൽ, ജിസാൻ തീരത്തു നിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരത്തിലാണ് മനോഹരമായ പ്രകൃതിദൃശ്യങ്ങളും ചരിത്രവുമുള്ള ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
ജിസാൻ തീരത്ത് നിന്നും ഫർസാൻ ദ്വീപിൽ എത്താൻ ചെങ്കടലിലൂടെ ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്യണം. രാവിലെ 7 മണി ആയപോയേക്കും ഞങ്ങൾ യാത്ര തുടങ്ങി. ബോട്ടിൽ ഞങ്ങളെ കൂടാതെ മധ്യവയസ്കരായ ഒരു കൂട്ടം മലയാളികളും ഉണ്ടായിരുന്നു. അവർ ഉച്ചത്തിൽ സംസാരിച്ചും ഫോട്ടോ എടുത്തും യാത്ര ആസ്വദിക്കുകയായിരുന്നു. അവരുമായി സംസാരിച്ചപ്പോഴാണ് മനസ്സിലായത് അവരിൽ ഒരാൾ എന്റെ സ്വന്തം നാട്ടുകാരനും മറ്റുള്ളവർ അടുത്ത പ്രദേശങ്ങളിൽ ഉള്ളവരും ആണെന്ന്. ജിദ്ദയിൽ നിന്നും ഈദ് അവധി ആഘോഷിക്കാൻ വന്നവരാണ് അവർ. സമയം ഏകദേശം 8:30ആയപ്പോൾ ഞങ്ങൾ ദ്വീപിൽ എത്തി. അവിടെ നിന്നും ഒരു സ്വദേശിയുടെ കാറിൽ കാഴ്ചകൾ കാണാനായി പുറപ്പെട്ടു. 150 റിയാൽ കൊടുത്താൽ 3 മണിക്കൂർ കൊണ്ട് ഫർസാനിലെ കാഴ്ച്ചകൾ കാണിക്കാം എന്നതായിരുന്നു കരാർ. 160 റിയാൽ കൊടുത്താൽ കാർ വാടകക്ക് കിട്ടുമെങ്കിലും ഫർസാനിലെ പ്രധാന സ്ഥലങ്ങൾ കാണിച്ച് തരാൻ ഒരാൾ ഉണ്ടാകുന്നത് സൗകര്യമാണെന്നുള്ളത് കൊണ്ടാണ് കാർ വാടകക്ക് എടുക്കാതിരുന്നത്. ഉച്ചവരെ ദ്വീപിലെ കാഴ്ചകൾ കണ്ടതിന് ശേഷം ജിസാനിലെ മറ്റ് കാഴ്ചകൾ കാണാൻ വേണ്ടി മടങ്ങി പോകണം എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം.
ദ്വീപിൽ ഞങ്ങൾ ആദ്യം പോയത് “അൽ-ഖസ്സർ” ഗ്രാമത്തിലേക്കാണ്. ഈന്തപ്പനകൾ ഇടതിങ്ങി വളരുന്ന ഒരു പുരാതന ഗ്രാമമാണിത്. റോമാക്കാരുടെ കാലം മുതലുള്ള ഈ ഗ്രാമം, ദ്വീപിലെ ഏറ്റവും പഴക്കം ചെന്ന സ്ഥലമാണന്നാണ് പറയപെടുന്നത്. എന്നാൽ നിലവിൽ ഇവിടെ ആരും താമസിക്കുന്നില്ല. ഇവിടെ ഇപ്പോഴും പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച ധാരാളം ഭവനങ്ങൾ കാണാൻ സാധിക്കും. ഈ പുരാതന ഗ്രാമത്തിലെ കാഴ്ചകൾക്ക് ശേഷം ഡ്രൈവർ ഞങ്ങളെയും കൊണ്ട് പോയത് ഫർസാനിലെ ഒരു കടൽ തീരത്തേക്കാണ്.
ഇവിടുത്തെ ഒരു പ്രധാന ആകർഷണം അതീവ സുന്ദരങ്ങമായ കടൽ ത്തീരങ്ങളാണ്. ചെങ്കടലിലെ ഈ മനോഹര തീരങ്ങളിൽ നീരാടുവാനും തെളിഞ്ഞ വെള്ളത്തിൽ മുങ്ങി വർണ്ണവൈവിധ്യമുള്ള വിവിധയിനം മത്സ്യങ്ങളും, വർണ്ണാഭമായ പവിഴപ്പുറ്റുകളും കണ്ട് ആസ്വദിക്കുവാനും ധാരാളം സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. ഇവിടുത്തെ വെള്ളത്തിന്റെ നിറത്തിലുള്ള പ്രത്യകത ഞങ്ങളെ വല്ലാതെ ആകർഷിച്ചു. ചില ഭാഗങ്ങളിൽ തെളിഞ്ഞ കുപ്പി ചില്ല് പോലത്തെ വെള്ളമാണെങ്കിൽ, തൊട്ടപ്പുറത് പച്ച നിറത്തിലുള്ള വെള്ളമായിരിക്കും, മറ്റൊരിടത്തു നീല നിറത്തിലുള്ള വെള്ളവും കാണാം. ഒരു നിമിഷം സൗദി അറേബ്യായിൽ ആണോ എന്ന് പോലും സംശയിച്ചുപോകും. കടലിലും, തീർത്തും അൽപ നേരം ചിലവഴിച്ചതിന് ശേഷം കാറിൽ കയറിയപ്പോൾ ഫാസിൽ ഞങ്ങളുടെ തീരുമാനത്തിൽ ഒരു മാറ്റം വരുത്തി. ഫർസാൻ ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്ക് ബോട്ടിൽ പോയി, മീൻ പിടിച്ചാലോ (ചൂണ്ടയിൽ) എന്ന്. ആ തീരുമാനം ഞങ്ങൾക്കിഷ്ട്ടപെട്ടു. ഡ്രൈവറോട് ബോട്ട് കിട്ടുന്ന തീരത്തേക്ക് പോകാൻ പറഞ്ഞു. ചെറിയ രീതിയിൽ കാറ്റ് വീശുന്നുണ്ടായിരുന്നു അപ്പോൾ. കാറ്റ് കൂടിയാൽ ബോട്ട് യാത്ര സാധ്യമല്ലാതാകും എന്ന് ഫാസിൽ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ തീരത്ത് എത്തിയപ്പോൾ കാറ്റിന് ചെറിയ ശമനം ഉണ്ടായി. ഈ തീരത്ത് നിന്നാണ് പല ദ്വീപിലേക്കും ബോട്ടുകൾ പുറപ്പെടുന്നത്. ഒരു മണിക്കൂറിനാണ് ബോട്ട് ബുക് ചെയ്തത്. ചൂണ്ടയിടലായിരുന്നു പ്രധാന ഉദ്ദേശ്യം. നടുക്കടലിൽ നീന്താനും, ചൂണ്ട ഇടാനും മറ്റും രണ്ടോ അതിലധികമോ മണിക്കൂറിന് ബോട്ട് ബുക്ക് ചെയ്യാം. എല്ലാ സൗകര്യങ്ങളും ബോട്ടിലെ ആള് ചെയ്ത് തരും. നല്ല പച്ചനിറത്തിലുള്ള വെള്ളത്തിലൂടെ അതിവേഗം ബോട്ട് കുതിച്ചുകൊണ്ടിരുന്നു.
യാത്രാമദ്ധ്യേ ജനവാസമില്ലാത്ത ഏതാനും ചെറുദ്വീപുകൾ കാണുവാൻ സാധിച്ചു. ഈ ചെറുദ്വീപുകളിൽ ചിലത് പാറക്കെട്ടുകൾ മാത്രമുള്ളതും മറ്റു ചിലത് പവിഴപ്പുറ്റിനു മദ്ധ്യത്തിലുള്ള വെറും മണൽത്തിട്ടകളുമാണ്. കടലിലൂടെ ഉള്ള ഈ യാത്രക്കിടയിൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമൻ സേന പണിത കോട്ടയും കാണാം. കൂടാതെ മറ്റൊരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഓട്ടോമൻ കാലത്തെ കോട്ടയും കാണാം. പഴയകാലത്ത് പട്ടാളക്കാർ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നതായിരുന്നു ഈ കോട്ടകൾ. ഇവിടെ നിന്ന് ദ്വീപിലെ മിക്കവാറുമുള്ള തീരപ്രദേശങ്ങൾ നിരീക്ഷിക്കുവാൻ സാധിച്ചിരുന്നു.
ഈ കാഴ്ചകളെല്ലാം കണ്ട് യാത്ര പുരോഗമിക്കുമ്പോൾ കാറ്റ് ശക്തമാവാൻ തുടങ്ങി. ബോട്ടിൽ നിന്നും ഞങ്ങളെ എടുത്തെറിയുന്ന തരത്തിലായിരുന്നു നടുക്കടലിലെ വെള്ളത്തിന്റെ ചലനം. ശക്തമായ കാറ്റിനാൽ ഞങ്ങൾ പോകാൻ ഉദ്ദേശിച്ച ദ്വീപിലേക്ക് ബോട്ട് അടപ്പിക്കാൻ പറ്റിയില്ല. എങ്കിലും ഇനി ഇങ്ങിനെ ഒരവസരം കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ച് നടുക്കടലിൽ ബോട്ട് നിർത്തി ചൂടയിടാൻ തീരുമാനിച്ചു. മനസ്സില്ലാമനസോടെയാണ് ബോട്ടിന്റെ ഡ്രൈവർ (boatman) സമ്മതിച്ചത്. ചൂണ്ട ഇടേണ്ട താമസം, നല്ല “അമൂർ” ചൂണ്ടയിൽ കുടുങ്ങി. ഞങ്ങൾക്ക് ആവശ്യമുള്ള മീനുകൾ കിട്ടിയതിന് ശേഷം ബോട്ട് തിരിച്ച് തീരത്തേക്ക് പോയി. കാറ്റ് ബുദ്ധിമുട്ടിച്ചെങ്കിലും ഒരു വിധത്തിൽ തീരത്തെത്തി. ഇനി ഈ തീരത്ത് നിന്ന് ജിസാനിലേക്കുള്ള ബോട്ട് കിട്ടുന്ന മറ്റൊരു തീരത്തേക്ക് പോവണം. ഉച്ച മുതൽ ജിസാനിലെ മറ്റു കാഴ്ചകൾക്ക് വേണ്ടി മാറ്റിവെച്ചതിനാൽ ഇവിടെ നിന്നും തിരിച്ചുപോകൽ ഞങ്ങൾക്ക് അത്യാവിശ്യമായിരുന്നു. ചുരുങ്ങിയത് ഒരു പകലും രാത്രിയും ദ്വീപിൽ ചിലവഴിച്ചാലാണ് ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനും അനുഭവിക്കാനും പറ്റുകയുള്ളു. സൂര്യാസ്തമയ സമയത് ദ്വീപിലെ കടൽത്തീരത്ത് പക്ഷികളുടെയും കിളികളുടെയും ഇടയിൽ ഇരുന്ന് അസ്തമയ കാഴ്ചകൾ കാണുന്നത് പ്രത്യേക അനുഭവമാണെന്ന് കേട്ടിട്ടുണ്ട്. കൂടാതെ മറ്റ് പല കാഴ്ചകളും ദ്വീപിന്റെ പല ഭാഗങ്ങളിലായുണ്ട്.
ജിസാനിലേക്ക് പോകാനുള്ള ബോട്ടിനായി ഞങ്ങൾ തുറമുഖത്തേക്ക് പുറപ്പെട്ടു. ഈ കാറ്റിൽ ജിസാനിലേക്കുള്ള ബോട്ട് ഉണ്ടാകുമോ എന്ന സംശയം ടാക്സി ഡ്രൈവർ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഇത് കേട്ടപ്പോൾ ഞങ്ങൾ നിരാശരായി. ജിസാനിൽ എത്തിയിട്ട് മറ്റ് പല സ്ഥലങ്ങളിലേക്കും പോകാൻ തീരുമാനിച്ചതായിരുന്നു. കൂടാതെ ഞങ്ങൾക്ക് പിറ്റേ ദിവസം രാവിലെ തിരിച്ചു റിയാദിലേക്ക് പോവാനുള്ളതാണ്. ഫാസിലിന് തിരിച്ചെത്തിയിട്ട് ജോലി സംബന്ധമായ ചില അത്യാവിശ്യങ്ങളുമുണ്ട്. എന്നാൽ ആ ഡ്രൈവർ പറഞ്ഞ പോലെ തന്നെ ആയിരുന്നു കാര്യങ്ങൾ. ശക്തമായ കാറ്റും മഴയും മൂലം ജിസാനിലേക്കുള്ള എല്ലാ ബോട്ട് യാത്രകളും നിർത്തിവെച്ചിരിക്കുന്നു. ഇനി എന്ത് ചെയ്യും! പിറ്റേ ദിവസം കാലാവസ്ഥ അനുകൂലമായാൽ മാത്രമേ ബോട്ട് യാത്ര പുനരാരംഭിക്കുകയൊള്ളു. ചില അവസരങ്ങളിൽ ദിവസങ്ങളോളം ഇങ്ങിനെ നിർത്തിവെച്ചിരുന്നതായി അറിഞ്ഞപ്പോൾ ഞങ്ങൾ കൂടുതൽ നിരാശരായി.
ഏതായാലും ഇന്ന് ഇനി ജിസാനിൽ എത്താൻ പറ്റില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. ബാക്കിയുള്ള പകലും രാത്രിയും ദ്വീപിലെ കാഴ്ചകൾ കാണാം. താമസിക്കാനുള്ള ഹോട്ടൽ കണ്ടുപിടിക്കണം. ഇട്ടിരിക്കുന്ന വസ്ത്രമല്ലാതെ ഒന്നും കരുതിയിട്ടില്ലാത്തതിനാൽ, അതും വാങ്ങിക്കണം. സൗകര്യത്തിനായി ഒരു കാർ വാടകക്കെടുത്തു. പിന്നീട് താമസ സ്ഥലം തിരക്കിയുള്ള യാത്രയായിരുന്നു. ആകെ നാലോ അഞ്ചോ ഹോട്ടലുകളെ ദ്വീപിൽ ഒള്ളു. അതിൽ ഒന്നിലും ഒഴിവില്ല, ബോട്ട് പുറപ്പെടാത്തതിനാൽ എല്ലാവരും റൂം ബുക്ക് ചെയ്തിരിക്കുന്നു. അവസാനം അത്ര സൗകര്യമില്ലാത്ത ഒരു താമസ സ്ഥലം തരപ്പെട്ടു. ഇനി ആവശ്യസാധനങ്ങൾ വാങ്ങിക്കണം.
വേണ്ട വസ്ത്രങ്ങളും മറ്റും വാങ്ങി റൂമിൽ തിരിച്ചെത്തി. പിന്നീട് ഭക്ഷണമെല്ലാം കഴിച്ച് ദ്വീപിലെ കാഴ്ചകൾ കാണാൻവേണ്ടി പുറത്തിറങ്ങി. ഇപ്പോൾ ആവിശ്യത്തിന് സമയമുണ്ട്. സൗകര്യത്തിനു കാറും ഉണ്ട്. കുറച്ചു നേരം ദ്വീപിലെ കാഴ്ചകൾ കണ്ട് കാറിൽ യാത്ര ചെയ്തു. അസ്തമയ സമയം ആവാറായപ്പോൾ, ആളുകൾ പൊതുവെ കൂടുന്ന തീരം ഒഴിവാക്കി ഞങ്ങൾ ആളൊഴിഞ്ഞ ഒരു തീരത്തേക്ക് പോയി. റോഡിൽ നിന്നും 5 കിലോമീറ്ററോളം ഉള്ളിലേക്ക് ഒഴിഞ്ഞ പ്രദേശത്തിലൂടെ യാത്ര ചെയ്തിട്ട് വേണം ഈ തീരത്ത് എത്താൻ. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച മനോഹരമായിരുന്നു. മണൽ തീരത്ത് നിരവധി പക്ഷികളും കിളികളും, അസ്തമയത്തിനായി തയ്യാറെടുക്കുന്ന സൂര്യൻ. ശാന്തമായ ഈ കടൽത്തീരത്ത് കൈകോർത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഒരു ദമ്പതികളെ കൂടാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. നല്ല പച്ച നിറത്തിലുള്ള വെള്ളവും, വെളുത്ത പട്ടുപോലുള്ള കടൽ തീരവും, നിരവധി പക്ഷികളും, ഇതിന്റെ എല്ലാം ഭംഗി ആസ്വദിച്ച് രാത്രി ആവുന്നത് വരെ ഞങ്ങൾ ഈ തീരത്ത് ചിലവഴിച്ചു.
കടൽ തീരം ഇരുൾ മൂടിയപ്പോൾ ഞങ്ങൾ അവിടെ നിന്നും മടങ്ങി. ഇനി ദ്വീപിലൂടെ യാത്ര ചെയ്ത് മറ്റു കാഴ്ചകൾ കാണണം. പക്ഷെ ഞങ്ങളുടെ തീരുമാനത്തിന് വിപരീതമായി മൂടികെട്ടിയിരുന്ന അന്തരീക്ഷം മഴയായി മാറി. പുറത്തെ കാഴ്ചകൾ കാണാൻ പറ്റാത്ത തരത്തിൽ മഴയുടെ ശക്തി കൂടി വന്നു, കൂട്ടിന് നല്ല ഇടിയും മിന്നലും. ചെറിയ പേടി തോന്നിയെങ്കിലും, മഴ ആസ്വദിക്കാൻ ശ്രമിച്ചുകൊണ്ട് യാത്ര തുടർന്നു. ഈ ശക്തമായ മഴയിൽ ദ്വീപിൽ കറങ്ങി നടക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ ഞങ്ങൽ താമസസ്ഥലത്തേക്ക് പുറപ്പെട്ടു. താമസസ്ഥലത്ത് എത്തിയപ്പോയേക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു. ഇനി രണ്ട് കാര്യങ്ങളാണ് ചെയ്യാനുള്ളത്. ഒന്ന്, ഉച്ചക്ക് പിടിച്ച മീനുകളെ പാകം ചെയ്യണം, പിന്നെ നാളെ തിരിച്ചുപോകാൻ ഫെറിയുടെ ടിക്കറ്റ് കിട്ടുമോ എന്ന് തിരക്കണം. കാറ്റും മഴയും ഉണ്ടെങ്കിലും ഫെറി സർവീസ് മുടങ്ങാറില്ല. പക്ഷെ ടിക്കറ്റ് കിട്ടുന്ന കാര്യം സംശയമാണ്.
ഫെറിയുടെ ടിക്കറ്റിനായി ഓഫീസിൽ പോയപ്പോൾ അറിഞ്ഞത്, വരുന്ന 3 ദിവസത്തേക്ക് ടിക്കറ്റ് ലഭ്യമല്ല. ഇനി നാളെ രാവിലെ തുറമുഖത്ത് പോയി നോക്കിയാൽ ചിലപ്പോൾ ടിക്കറ്റ് എടുത്ത ആരെങ്കിലും വരാതിരുന്നാൽ, ആ ഒഴിവിൽ നമുക് പോകാം എന്നാണ് ഓഫീസിൽ നിന്നും ലഭിച്ച വിവരം. എന്നാൽ അങ്ങിനെ ഒരു അവസരം കിട്ടാൻ പ്രയാസമാണ്. കാരണം ധാരാളം ആളുകൾ നാളെ തിരിച് പോകാൻ കാത്ത്നിൽക്കുന്നവരാണ്. ഇനിയുള്ള പ്രതീക്ഷ, നാളെ മഴയും കാറ്റും അവസാനിച്ച് ബോട്ട് സർവീസ് പുനരാരംഭിക്കുക എന്നതാണ്. ഇനി മീൻ പാകം ചെയ്യാനുള്ള കാര്യങ്ങൾ നോക്കണം. മീൻ വൃത്തിയാക്കി കൊടുത്താൽ ദ്വീപിലെ മീൻ മാർകെറ്റിൽ മീൻ പാകം ചെയുന്ന ഒരു മലയാളി ഉണ്ടെന്ന് അറിയാൻ സാധിച്ചു. മാർക്കറ്റിലെ ഒരു കടയിൽ നിന്നും മീൻ വൃത്തിയാക്കി പാകം ചെയ്യാൻ വേണ്ടി ആ മലയാളിയെ ഏൽപ്പിച്ചു. അതിനിടയിൽ ഒരു യെമനി ഹോട്ടലിൽ നിന്നും കുറച്ച് ചോറും വാങ്ങി. പാകം ചെയ്ത മീനുകളും ചോറുമായി റൂമിൽ പോയി അത്താഴം കഴിച്ചു. രാവിലെ മഴ ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ച് കിടന്നു.
പുലർച്ചെ 5 മണിക്ക് എണീറ്റു. നിർഭാഗ്യവശാൽ പുറത്ത് ഇപ്പോഴും മഴ ഉണ്ട്. എങ്കിലും പ്രതീക്ഷയോടെ തുറമുഖത്തേക്ക് പുറപ്പെട്ടു. കാർ “റെന്റ് എ കാർ” കമ്പനിയിൽ തിരിച്ചേൽപ്പിച്ച്, ഫെറി പുറപ്പെടുന്ന സ്ഥലത്തേക്ക് പോയി. അവിടെ നല്ല തിരക്കനുഭവപ്പെട്ടു. ഫെറിയിൽ ടിക്കറ്റെടുത്തവരുടെ നീണ്ട നിരതന്നെ ഉണ്ട്. ഒരു ഭാഗത്ത് ആളുകൾ ഒരു പേപ്പറിൽ അവരുടെ പേര് എഴുതി വെക്കുന്നുണ്ട്. ഫെറിയിൽ ഒഴിവ് വന്നാൽ ആ ലിസ്റ്റിൽ നിന്നും ക്രമപ്രകാരം ആളുകളെ വിളിക്കും. ഞങ്ങൾ പേരെഴുതുമ്പോൾ ആ ലിസ്റ്റിലെ 40-മത്തെ ആളായിരുന്നു ഞാൻ, ഫാസിൽ 41. സ്ത്രീകൾ മറ്റൊരു ഭാഗത്തായതിനാൽ ഭാര്യയും മോനും അവിടെ ഉള്ള പേപ്പറിൽ ആയിരുന്നു അവരുടെ പേര് എഴുതിയത്.
ഫെറിയിൽ ടിക്കറ്റെടുത്തവർ മുഴുവൻ കയറിയതിനെ ശേഷം ലിസിറ്റിലുള്ളവരെ ഓരോരുത്തരായി വിളിക്കാൻ തുടങ്ങി. ഞങ്ങളുടെ ഊഴം എത്താൻ വേണ്ടി കാത്തിരിക്കുന്ന സമയത്ത് ഭാര്യയുടെയും മകന്റെയും പേര് അപ്പുറത്ത് വിളിച്ചിരുന്നു. ഞങ്ങളില്ലാതെ അവർക്ക് പോകാൻ പറ്റില്ല, ഞങ്ങളെ പേര് വിളിക്കാതെ അകത്തേക്ക് പോകാനും പറ്റില്ല. ഞങ്ങൾ അവിടുള്ള സെക്യൂരിറ്റികാരനോടും ഓഫീസർമാരോടും ഈ കാര്യം പറഞ്ഞിട്ടും അവർ ഞങ്ങളെ അകത്ത് കടക്കാൻ അനുവദിച്ചില്ല. എന്തായാലും ആ പ്രതീക്ഷയും നഷ്ട്ടപെട്ടു, ഫെറി ഞങ്ങളെ കൂടാതെ പുറപ്പെട്ടു. ഇനി എന്ത് ചെയ്യും എന്നറിയാതെ അവിടെ നിന്നും കുറച്ചപ്പുറത്തെക്ക് മാറി നിന്നപ്പോൾ കാണുന്നത്, ചെറുബോട്ടുകൾ പോകുന്ന സ്ഥലത്ത് ഒരു ആൾകൂട്ടം. പെട്ടന്ന് അവിടേക്ക് ഓടി. മഴ ചെറുതായൊന്ന് കുറഞ്ഞപ്പോൾ, തലേന്ന് ദ്വീപിൽ എത്തിയ ബോട്ടുകളിൽ ആളുകളെ ജിസാനിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതാണ്. പല ആളുകളും ടിക്കറ്റെടുക്കാൻ തിരക്ക് പിടിക്കുന്നുണ്ടെങ്കിലും, ഞങ്ങളുടെ അവസ്ഥ കണ്ട ഒരു ഓഫീസർ അവിടെ ഉണ്ടായിരുന്നതിനാൽ ഞങ്ങൾക്കുള്ള ടിക്കറ്റ് സങ്കടിപ്പിച്ച് തന്നു. ബോട്ടിൽ യാത്ര തുടങ്ങിയപ്പോൾ വീണ്ടും മഴ തുടങ്ങി. എങ്കിലും ഒരു വിധത്തിൽ ജിസാനിൽ എത്തി. ജിസാനിൽ നിന്നും ഫാസിലിനോട് യാത്ര പറഞ്ഞ്, ഹോട്ടലിൽ നിന്നും ബാഗെല്ലാം എടുത്ത് റിയാദിലേക്ക് പുറപ്പെട്ടു.
ജിസാനിൽ തീർച്ചയായും കാണേണ്ട സ്ഥലമാണ് വാദി ലജബും, ഫീഫ മലയും, കൂടാതെ മറ്റു പല പുരാതന കാഴ്ചകളും ജിസാനിൽ ഉണ്ട്. ഞങ്ങളുടെ തീരുമാനത്തിന് വിപരീതമായി കാര്യങ്ങൾ സംഭവിച്ചതിനാൽ ഈ സ്ഥലങ്ങൾ കാണാൻ സാധിച്ചില്ല. പക്ഷെ മറ്റൊരിക്കൽ തീർച്ചയായും ഇങ്ങോട്ട് വരും എന്ന് മനസ്സിൽ ഉറപ്പിച്ചാണ് ഞങ്ങൾ റിയാദിലേക്ക് പുറപ്പെട്ടത്.
ഇംതിയാസ്
റിയാദ്