“ഗുരുദ്വാര ബംഗ്ലാ സാഹിബ്” സന്ദർശിച്ച അനുഭവമാണ് ഇവിടെ പങ്ക്വെക്കുന്നത്. ഈ കോവിഡ് കാലത്ത് ഗുരുദ്വാര, ദിവസവും 40,000 ആളുകൾക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന വാർത്ത കണ്ടപ്പോഴാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് അവിടെ പോയ അനുഭവം എഴുതണം എന്ന് തോന്നിയത്.
യാദൃശ്ചികമായിട്ടാണ് തജിന്ദർ സിങിനെ പരിചയപെട്ടത്. ജോലിയുടെ ഭാഗമായി ഡൽഹിയിൽ പോയപ്പോഴായിരുന്നു കോനാട്ട് പ്ലസിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തജിന്ദർ സിങിനെ കാണുന്നത്. ഒരാഴ്ച കാലം ഡൽഹിയിലുണ്ടായിരുന്ന ഞാൻ വൈകുന്നേരങ്ങളിൽ ഡൽഹിയിലൂടെ കാൽനടയായോ, റിക്ഷയിലോ, ഓട്ടോറിക്ഷയിലോ കറങ്ങി നടക്കൽ പതിവായിരുന്നു. അങ്ങിനെ ഒരു യാത്രയിലാണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. ഇദ്ദേഹം ഡൽഹിലെ സിഖ് സമൂഹത്തിലെ അറിയപ്പെടുന്ന ആൾകൂടിയാണെന്ന് പിന്നീടാണ് മനസ്സിലായത്.
പതിവ് പോലെ അന്ന് വൈകുന്നേരവും കാഴ്ചകൾ കാണാനായി പുറത്തിറങ്ങി. ഹോട്ടലിന് പുറത്തുണ്ടായിരുന്ന തജിന്ദർ ജിയുടെ കൂടെയായിരുന്നു അന്നത്തെ യാത്ര. അന്ന് എന്റെ കൂടെ സഹപ്രവർത്തകയായ ഒരു ന്യൂസീലൻഡ്കാരിയും അവരുടെ അമ്മയും ഉണ്ടായിരുന്നു. ആദ്യം ഞങ്ങൾ പോയത് ജന്ദർ മന്ദിറിലേക്കായിരുന്നു. പിന്നീട് തജിന്ദർ ജി ക്ഷണിച്ചത് പ്രകാരം സിഖ്കാരുടെ പ്രധാന ആരാധനാലയമായ ഗുരുദ്വാര ബംഗ്ലാ സാഹിബിലേക്ക് പോയി.
സിഖ് മതത്തിലെ 10 ഗുരുക്കളിൽ എട്ടാമനായ “ഗുരു ഹരി കൃഷൻ” സാഹിബിന്റെ (ഹർ കൃഷൻ) ഓർമ്മക്കായി രൂപം കൊണ്ടതാണ് ഗുരുദ്വാര ബംഗ്ലാ സാഹിബ്. മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസബിന്റെ സീനിയർ ജനറലായിരുന്ന (“മിർസ രാജ”) മഹാരാജ ജയ് സിംഗിന്റെ ബംഗ്ലാവ് ആയിരുന്നു ഈ ഗുരുദ്വാര. പിന്നീട് ബംഗ്ലാവിന് ചില മാറ്റങ്ങൾ വരുത്തി ഗുരുദ്വാര ബംഗ്ലാ സാഹിബ് എന്ന ആരാധനാലയമായി മാറുകയായിരുന്നു
ഈ ബംഗ്ലാവ് “ഗുരുദ്വാര ബംഗ്ലാ സാഹിബ്” എന്ന ആരാധനാലയമായി മാറിയതിന് പിന്നിൽ ഒരു ചരിത്രം ഉണ്ട്. നമ്മൾ ഏതൊരു ചരിത്ര നിർമിതികൾ സന്ദർശിക്കുമ്പോയും അതുമായി ബന്ധപ്പെട്ട ചരിത്രം അറിഞ്ഞിരുന്നാൽ കാണുന്ന കാഴ്ചകൾക്ക് കൂടുതൽ മനോഹാരിത ഉണ്ടാവും. അപ്പോൾ കാര്യത്തിലേക്ക് കടക്കാം. സിഖ് മതവിശ്വാസികളുടെ ഏഴാമത്തെ ഗുരു ആയിരുന്ന “ഗുരു ഹർ റായ്” തന്റെ മൂത്ത മകനോടുള്ള അതൃപ്തി കാരണം ഇളയ മകനായ ഗുരു ഹരി കൃഷനെ എട്ടാമത്തെ ഗുരു ആയി പ്രഖ്യാപിച്ചത് മുതലാണ് ഈ ചരിത്രം തുടങ്ങുന്നത് (സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരു നാനാക്ക് ആയിരുന്നു ആദ്യത്തെ ഗുരു).
1661-ലാണ് ഇത് സംഭവിച്ചത്. ഗുരു ഹർ റായി ഇങ്ങനൊരു തീരുമാനമെടുത്തതിന് പിന്നിൽ മറ്റൊരു കഥയുണ്ട്. മുഗൾ സാമ്രാജ്യത്തിന്റെ സിംഹാസനത്തിലേക്ക് സഹോദരൻമാരായിരുന്ന ഔറംഗസബും ഡാര ഷിക്കോയും തുടർച്ചയായി യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ ഡാര ഷിക്കോയെ ഗുരു ഹർ റായ് പിന്തുണച്ചിരുന്നു. ഔറംഗസബ് യുദ്ധത്തിൽ വിജയിച്ചതിനുശേഷം, ഗുരു ഹർ റായിയോട് ഡാര ഷിക്കോവിനെ പിന്തുണച്ചതിന്റെ കാരണം ബോധിപ്പിക്കാൻ ഉത്തരവിട്ടു. കാരണം വിശദീകരിക്കാൻ ഗുരു ഹർ റായ് മൂത്തമകൻ രാം റായിയെ പ്രതിനിധിയായി ഔറംഗസബിന്റെ സന്നിധിയിലേക്ക് അയച്ചു. 13 വയസുകാരനായ രാം റായിയോട് ഔറംഗസബ്, സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായിരുന്ന “ആദി ഗ്രന്ഥിലെ” മുസ്ലിം വിരുദ്ധമെന്ന് തോന്നിക്കുന്ന ഒരു വാക്യത്തെ കുറിച്ച് ചോദ്യം ചെയ്യുകയുണ്ടായി. എന്നാൽ വേദഗ്രന്ഥത്തിൽ ഉറച്ച്നിൽക്കുന്നതിന് പകരം ഔറംഗസബ്നെ പ്രീണിപ്പിക്കുന്നതിനായി രാം റായ് ഈ വാക്യം മാറ്റുകയാണുണ്ടായത്. തന്റെ മൂത്ത മകന്റെ ഈ പ്രവർത്തി ഗുരു ഹർ റായ് അതൃപ്തനാക്കി. അങ്ങിനെയാണ് മൂത്ത മകന് പകരം ഇളയ മകനായ ഹർ കൃഷനെ സിഖ് മതത്തിന്റെ അടുത്ത ഗുരുവായി പ്രഖ്യാപിക്കുന്നത്. അങ്ങിനെ തന്റെ അഞ്ചാം വയസ്സിൽ ഗുരു ഹരി കൃഷൻ എട്ടാമത്തെ സിഖ് ഗുരുവായി തിരഞ്ഞെടുക്കപെട്ടു.
അനിയനെ ഗുരുവായി തിരഞ്ഞെടുത്തതിൽ എതിർപ്പുണ്ടായിരുന്നു രാം റായി ഔറംഗസബിനോട് പരാതിപെട്ടു. ഇതിനെകുറിച്ച് അന്വേഷിക്കാൻ ഡൽഹിയിൽ ഉണ്ടായിരുന്ന തന്റെ സീനിയർ ജനറലായിരുന്ന (“മിർസ രാജ”) മഹാരാജ ജയ് സിംഗിനെ ഔറംഗസബ് ചുമതലപ്പെടുത്തി.
അന്വേഷണത്തിന്റെ ഭാഗമായി ഗുരു ഹരി കൃഷനെ മഹാരാജാ ജയ് സിംഗ് ഡൽഹിയിലേക്ക് വിളിപ്പിക്കുകയുണ്ടായി. മഹാരാജാ ജയ് സിംഗിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ബംഗ്ലാവായിരുന്നു ഗുരു ഹരി കൃഷൻ ഡൽഹിയിൽ എത്തിയപ്പോൾ താമസിച്ചിരുന്നത്. എന്നാൽ സിഖ് സമൂഹത്തിന്റെ ഒന്നിച്ചുള്ള ആവശ്യത്തിലും ഗുരു ഹരി കൃഷന്റെ സൽപ്രവർത്തിയിലും സന്തുഷ്ടനായ മഹാരാജാ ജയ് സിങ് ഗുരു ഹരി കൃഷനെ എട്ടാമത്തെ സിഖ് ഗുരുവായി അംഗീകരിക്കാൻ ഉത്തരവിടുകയായിരുന്നു.
ഗുരു ഹരി കൃഷൻ ഡൽഹിയിൽ എത്തിയ സമയത്തായിരുന്നു അവിടെ വസൂരി എന്ന രോഗം പടർന്നു പിടിച്ചത്. ഗുരു ഹരി കൃഷൻ ബംഗ്ലാവിൽ നിന്ന് രോഗികളെ ശുശ്രൂഷിക്കുകയും, അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ കിണറിലെ വെള്ളം രോഗികൾക്ക് കുടിക്കാൻ നൽകുകയും ചെയ്തു. രോഗികളുമായുള്ള സമ്പർക്കം മൂലം അദ്ദേഹത്തിനും അസുഖം പടരുകയും വൈകാതെ ദേഹം വെടിയുകയും ചെയ്തു.
ആ ചെറിയ കിണർ മഹാരാജ ജയ് സിങ് ഒരു ട്ടാങ്ക് ആക്കി വിപുലീകരിക്കുകയും അതിലെ വെള്ളം ഭക്തർക്കെടുക്കാൻ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. ഈ കിണറിലെ വെള്ളം രോഗമുക്തിയ്ക്ക് ഉപകരിക്കുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. അതിലെ വെള്ളം ഇന്നും രോഗശാന്തിക്കായി സിഖുകാർ ഉപയോഗിക്കുന്നുണ്ട്. ഈ ചരിത്രങ്ങളുടെ തുടർച്ചയായിട്ടാണ് 1783- ൽ ഈ ബംഗ്ലാവിൽ ചെറിയ രീതിയിൽ ഗുരുദ്വാര തുടങ്ങുകയും പിന്നീട് ഈ ബംഗ്ലാവും പരിസരവും ചേർത്ത് ഇന്ന് കാണുന്ന രീതിയിൽ സിഖ് മതസ്ഥരുടെ പ്രധാനപ്പെട്ട ഒരു ആരാധനാലയമായി മാറുന്നതും.
സന്ധ്യാ സമയത്താണ് ഞങ്ങൾ ഗുരുദ്വാരയിൽ എത്തുന്നത്. തങ്ങളുടെ ഈ ആരാധനാലയത്തെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും തജിന്ദർ ജി വാചാലനായികൊണ്ടിരിക്കുകയാണ്. തങ്ങളുടെ മതത്തെ കുറിച്ചും മതാചാരങ്ങളെ കുറിച്ചും വിദേശത്ത് നിന്ന് വന്ന ഞങ്ങൾക്ക് കൂടുതൽ മനസ്സിലാക്കിതരണം എന്ന നിർബന്ധമുള്ള പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം
അതിനാൽ തന്നെ പ്രത്യേക പരിഗണയോടുകൂടിയായിരുന്നു ഞങ്ങൾക്ക് ഒരൊ സ്ഥലവും പരിചയപ്പെടുത്തി തന്നിരുന്നത്. ഓരോ ചെറിയ കാര്യങ്ങളിലും പ്രത്യേക സൗകര്യം അദ്ദേഹം ഒരുക്കി തന്നിരുന്നു. ആരാധനാലയത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ചെരുപ്പ് അഴിച്ചു വെക്കൽ, തലമറക്കൽ എന്നിവ അവിടുത്തെ ആചാരമാണ്. നല്ല തിരക്കുണ്ടായതിനാൽ ഞങ്ങളെയും കൊണ്ട് VIP സന്ദർശകർകുള്ളതാണെന്ന് തോന്നുന്ന ഒരു സ്ഥലത്തേക്ക് തജിന്ദർ ജി കൊണ്ട് പോയി.
നല്ല വൃത്തിയുള്ള ആ സ്ഥലത്ത് വെച്ച് പാദരക്ഷകൾ അഴിച്ച്വെച്ച് തലയിൽ കാവി കളറുള്ള ഒരു തുണികൊണ്ട് മറച്ചുകൊണ്ട് ഞങ്ങൾ ഗുരുദ്വാരയിലേക്കു പോയി. സ്ത്രീകൾ അവരുടെ ഷാൾ കൊണ്ടാണ് സാധാരണ തലമറകാറുള്ളത്.ഗുരുദ്വാരയുടെ അകത്ത് പ്രവേശിക്കുന്നതിന് മുമ്പായി സിഖ്കാരുടെ ആചാരപ്രകാരമുള്ള പ്രസാദം (മധുരപലഹാരം) വാങ്ങിക്കാൻ വേണ്ടി തജിന്ദർ ഞങ്ങളെ ക്ഷണിച്ചു. തികഞ്ഞ ക്രിസ്ത്യൻ വിശ്വാസിയായ എന്റെ സഹപ്രവർത്തകയും മുസ്ലിം വിശ്വാസിയായ എനിക്കും ചെറിയ വിഷമം ഉണ്ടായെങ്കിലും, ഈ മധുരപലഹാരം പാവങ്ങൾക്ക് കഴിക്കാനാണ് കൊടുക്കുന്നതെന്ന് മനസ്സിലാക്കിയ ഞാൻ അദ്ദേഹത്തിന്റെ കൂടേ പോയി 4 പ്രസാദം 40 രൂപ കൊടുത്ത് വാങ്ങിച്ചു. ഈ പ്രസാദം കുറച്ചപ്പുറത്തുള്ള ഒരു കൗണ്ടറിൽ കൊടുക്കലാണ് പതിവ്. അവിടെ പ്രസാദം കൊടുത്തതിന് ശേഷം ഞങ്ങൾ ഗുരുദ്വാരക്കുളിലേക് പ്രവേശിച്ചു
പുറത്ത് ഉള്ള ഒരു ചെറിയ അരുവിയിൽ നിന്നും കാൽ കഴുകിയിട്ട് വേണം അകത്തേക്ക് പ്രവേശിക്കാൻ. അകത്ത് കയറിയാൽ പിന്നെ ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ്. ആരാധനാലയത്തിന്റെ നടുവുൽ ഒരു സിഖ് പുരോഹിതൻ എന്തോ മന്ത്രങ്ങൾ ചൊല്ലുന്നു. അവിടെ ചുറ്റും ഇരിക്കുന്ന വിശ്വാസികൾ അത് ഏറ്റ് ചൊല്ലുന്നു. അവരുടെ കൂട്ടത്തിൽ ഞങ്ങളും ഇരുന്നു. തജിന്ദർ ജിയുടെ ഓരോ കാര്യങ്ങളും വിവരിച്ച് തരുന്നുണ്ടയിരുന്നു. കുറച്ച് നേരം അകത്ത് ചിലവഴിച്ചതിന് ശേഷം മറ്റൊരു വാതിലിലൂടെ ഞങ്ങൾ പുറത്തിറങ്ങി. പുറത്ത് നിന്ന് ലഭിക്കുന്ന ഒരു പുണ്ണ്യ വെള്ളം കുടിക്കാൻ വേണ്ടി വിശ്വാസികൾ വരിനിൽക്കുന്നത് കണ്ടു. അവിടെ അറിയപ്പെടുന്ന വ്യക്തിയായതിനാലാണെന്ന് തോന്നുന്നു തജിന്ദർജിക്കു വരിനിൽകാതെ തന്നെ വെള്ളം കുടിക്കാൻ പറ്റി. പിന്നീട് ഞങ്ങൾ പോയത് ഗുരുദ്വാരയുടെ മറ്റൊരു ഭാഗത്തേക്കാണ്. അവിടെ ഓരോ മുറികളിലായി ഓരോ പുരോഹിതന്മാർ പ്രാത്ഥനകളിലും വേദപുസ്തകം വായിക്കുന്നതിലും മുഴുകിയിരിക്കുകയായിരുന്നു. ഇവിടെക്കൊന്നും സാധാരണ സന്ദർശകർക്ക് അനുമതിയുണ്ടാവാറില്ല.
പിന്നീട് ഗുരുദ്വാരയുടെ പ്രധാനപ്പെട്ട സ്ഥലമായ “ലാൻഘർ” (ഭക്ഷണ ശാല)ലേക്കാണ് തജിന്ദർജി ഞങ്ങളെയും കൊണ്ട് പോയത്. ആയിരങ്ങൾ അവിടെ ഭക്ഷണത്തിനായി പുറത്ത് കാത്ത് നിൽക്കുന്നുണ്ട്. ദിവസേന ഇവിടെ 1,000 കണക്കിനാളുകൾക്ക് അന്നദാനം നടക്കുന്നുണ്ടെന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് മാത്രമല്ല അവരോട് ബഹുമാനവും തോന്നി. ജാതി മത ഭേദമന്ന്യേ ആർക്കും ഇവിടെ നിന്നും വിശപ്പടക്കാം എന്നാണ് മനസ്സിലായത്. സിഖ് മത വിശ്വാസത്തിന്റെ ഭാഗമാണ് ഓരോ ഗുരുദ്വാരയുമായി ബന്ധപ്പെട്ട് ഇങ്ങിനെ ഒരു അന്നദാനം. ഗുരു നാനാക്കിന്റെ കാലം മുതലേ തുടർന്ന് പോരുന്ന ഒരു പുണ്ണ്യ പ്രവർത്തിയാണ് ഈ അന്നദാനം.
ഇവിടുത്തെ തിരക്കുകൾക്കിടയിലൂടെ തജിന്ദർജി ഞങ്ങളെ ഭക്ഷണം പാകം ചെയ്യുന്ന കാഴ്ചകൾ കാണിക്കാനായി കൊണ്ട് പോയി. അവിടുത്തെ കാഴ്ച്ചകൾ കാണേണ്ടത് തന്നെയാണ്. ഭീമാകാരമായ പാത്രങ്ങളിൽ കറികൾ തയ്യാറാകുന്നുണ്ട്. ചിലർ ചപ്പാത്തി പരത്തുന്ന തിരക്കിലാണ്, മറ്റുചിലർ ചപ്പാത്തി ചുട്ടെടുക്കുന്നുണ്ട്. നമുക്ക് വേണെമെങ്കിൽ പാചകത്തിൽ അവരെ സഹായിക്കാം. എന്റെ കൂടെ സഹപ്രവർത്തകയും അമ്മയും ഒരു കൗതുകത്തിന് വേണ്ടി ചപ്പാത്തി പരത്തുന്നതിൽ അവരെ സഹായിച്ചു. അപ്പോയെക്കും പുറത്ത് നിൽക്കുന്നവരെ ഭക്ഷണത്തിന് വേണ്ടി അകത്തേക്ക് പ്രവേശിപ്പിച്ച് തുടങ്ങിയിരികുന്നു. ആളുകൾ ഭക്ഷണത്തിനായി തറയിൽ ഇരിക്കുമ്പോൾ തന്നെ ചപ്പാത്തി, ചോറ്, പരിപ്പ് കറി തുടങ്ങിയ വിഭവങ്ങൾ അവരുടെ മുന്നിൽ എത്തിയിട്ടുണ്ടാവും. ആളുകളുടെ തിരക്കിനനുസരിച്ച് ഭക്ഷണം വിതരണം ചെയ്യാൻ പറ്റുന്നുണ്ടെന്നത് ഇവുടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഭക്ഷണം പാകം ചെയ്യുന്നിടത്ത് നിന്നുള്ള ജനവാതിലുകളിലൂടെയാണ് ഭക്ഷണം കൈമാറികൊണ്ടിരിക്കുന്നത്. ഇതിനായി “കർ സേവ”കർ എന്ന പേരിൽ അറിയപ്പെടുന്ന ധാരാളം പ്രവർത്തകർ അവിടെ ഉണ്ട്. മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച്ചകൾ തന്നെയാണ് ഇതെല്ലം. ഇതെല്ലം കൺകുളിർക്കെ കണ്ട് കൊണ്ട് ഞങ്ങൾ ഗുരുദ്വാരക്ക് സമീപത്തുള്ള “സരോവർ” എന്നറിയപ്പെടുന്ന വിശാലമായ കുളത്തിനടുത്തേക്കാണ് പോയത്.
ഈ സരോവറിന് സിഖ് മത വിശ്വാസവുമായി ഒഴിച്ചുകൂടാനാവാത്ത ബന്ധമുണ്ട്. ഈ കുളത്തിൽ സ്നാനം ചെയ്യുന്നതും ശരീരഭാഗങ്ങൾ കഴുകുന്നതും ഒരു പുണ്ണ്യമാക്കപ്പെട്ട കർമ്മമായാണ് വിശ്വാസികൾ കരുതുന്നത്. ഇതിലെ ജലം ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്നവരും ഉണ്ട്. രോഗശാന്തിക്ക് ഈ വെള്ളം ഉത്തമമാണെന്നാണ് പറയപ്പെടുന്നത്. ഇവിടെനിന്ന് കാണുന്ന ഗുരുദ്വാരയും അതിന്റെ സ്വർണ്ണ നിറത്തിലുള്ള മിനാരവും അതിമനോഹരമാണ്. വിശാലമായ ഈ കുളത്തിന് ചുറ്റും നടന്നു കാഴ്ചകൾ കാണുന്നതിനിടക്കാന് പ്രാർത്ഥനയുടെ (Nitnem) സമയം ആയത്.
രെഹ്റാസ് സാഹിബ് (Rehras Sahib) എന്ന പ്രാർത്ഥനക്കുള്ള (നമസ്കാരം) സമയമായിരുന്നു അപ്പോൾ. ദിവസവും ഉണ്ടാവാറുള്ള 3 പ്രാർത്ഥനകളിൽ രണ്ടാമത്തെ പ്രാർത്ഥന (നമസ്കാരം) ആണ് രെഹ്റാസ് സാഹിബ്. കൈകൾ കൂപ്പിയും സാഷ്ടാംഗം ചെയ്തുമുള്ള ആരാധനാ രീതിയാണ് ഇത്. പ്രാർത്ഥന കഴിഞ്ഞതിന് ശേഷം ഞങ്ങൾ അവിടെ ഉള്ള ഒരു ചെറിയ മ്യൂസിയത്തിലേക്ക് പോയി. സിഖ് മത ചരിത്രവുമായി ബന്ധപ്പെട്ട മ്യൂസിയമായിരുന്നു അത്. ശേഷം ഞങ്ങൾ അവിടെനിന്നും ഇറങ്ങി. ഗുരുദ്വാരയിൽ ഫോട്ടോ എടുക്കാൻ അനുമതിയില്ലാത്തതിനാൽ അധികം ഫോട്ടോ പകർത്താൻ പറ്റിയിട്ടില്ല.
ഇംതിയസ്. ബി
01-05-2020