ഫാസിസം
History Nov 04, 2017
ഫാസിസം നമ്മെ തേടിയെത്തിയോ” എന്ന ചോദ്യം ഈ അടുത്ത കാലത്തായി ഉയർന്നു കേൾക്കുന്ന ഒന്നാണ് . പ്രത്യേകിച് 2014 ൽ ബിജെപി ഇന്ത്യയിൽ അധികാരത്തിൽ വന്നതിനു ശേഷം, രാജ്യത്തു അങ്ങോളമിങ്ങോളം നടന്നു കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങൾക്കിടയിലാണ് ഈ ചോദ്യം ഉയർന്നു വരുന്നത് .
ഫാസിസം എന്നത് ഭൂതകാലത്തു മറ്റെവിടെയോ ഉണ്ടായിരുന്ന, നമ്മളെ ബാധിച്ചിട്ടില്ലാത്ത, ബാധിക്കാൻ സാധ്യത ഇല്ലാത്ത എന്തോ ഒന്നാണ് എന്ന ധാരണയായിരുന്നു നമ്മളിൽ പലർക്കും ഉണ്ടായിരുന്നത്. ഫാസിസം ഇന്ത്യയിൽ ഉണ്ടോ ഇല്ലയോ എന്ന സംശയം നമുക്കിടയിൽ തന്നെ പലർക്കും ഉണ്ട്. എന്താണ് ഫാസിസം? ഫാസിസം എന്നത് ഒരു ഭരണകൂടത്തിന്റെ സർവാധിപത്യം മാത്രമല്ല. കുറച്ചു വര്ഷങ്ങള്ക്കു മുമ്പ് ഡോ. ലോറൻസ് ബ്രിറ്റ് എന്ന ഒരു രാഷ്ട്രീയ ചിന്തകൻ ഫാസിസത്തെക്കുറിച്ച് ഒരു ലേഖനം എഴുതുകയുണ്ടായി.
ഫാസിസത്തിന്റെ 14 ലക്ഷണങ്ങൾ/ സ്വഭാവങ്ങൾ എന്തെല്ലാം എന്നതായിരുന്നു ബ്രിറ്റ് ആ ലേഖനത്തിൽ വിശതീകരിച്ചിരുന്നത് . ഇതിനു വേണ്ടി അദ്ദേഹം പഠനം നടത്തിയിരുന്നത് ജർമനിയിലെ ഹിറ്റ്ലർ, ഇറ്റലിയിലെ മുസ്സോളിനി, സ്പെയിനിലെ ഫ്രാങ്കോ, ഇന്തോനേഷ്യയിലെ സുഹാർതോ, ചിലിയിലെ പിനോഷെ എന്നിവരുടെ ഫാസിസ്റ്റ് ഭരണത്തെയായിരുന്നു . ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ ഈ 14 ലക്ഷണങ്ങൾ വെച്ചുകൊണ്ട് ഇന്ത്യയിൽ ഫാസിസം എത്തിയോ ഇല്ലയോ എന്ന് പരിശോധിക്കാം . ഫാസിസ്റ്റു ഭരണകൂടത്തിന്റെ ഒരു സ്വഭാവം ആയി ബ്രിറ്റ് പറയുന്നത്;
- ശക്തമായ ദേശീയത
ശക്തമായ ദേശീയത എന്നതാണ് ഫാസിസത്തിന്റെ ഒരു ലക്ഷണം അല്ലങ്കിൽ സ്വഭാവമായി ബ്രിറ്റ് പറയുന്നത്. എന്താണ് യഥാർത്ഥത്തിൽ ഈ ദേശീയത? ദേശീയത എന്ന വാക് വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. ദേശീയത എന്നത് ഒരു മതത്തിന്റെയോ, ജാതിയുടെയോ, നിറത്തിന്റെയോ, ഭാഷയുടെയോ അതുമല്ലങ്കിൽ സംസ്കാരത്തിന്റെയോ പേരിലിൽ പിറവിടുക്കുന്ന ഒരു തരം വികാരമാണ്.ദേശീയതയും രാജ്യസ്നേഹവും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്. രാജ്യസ്നേഹം എന്നത് ഒരു പൗരന്റെ ഹൃദയത്തിൽ നിന്നും ജനിച്ച അല്ലങ്കിൽ ജീവിക്കുന്ന രാജ്യത്തിനോടുള്ള ഉള്ള സ്നേഹം. എന്നാൽ ദേശീയതയുടെ തീവ്രമായ അവസ്ഥയാണ് ശക്തമായ ദേശീയത, ഉന്മാദ ദേശീയത എന്നും പറയാം (jingoism).
ഇങ്ങനൊരു ഉന്മാദ ദേശീയത ഉണ്ടാവുമ്പോൾ ഉടലെടുക്കുന്ന പ്രശനം എന്താണെന്നു വെച്ചാൽ, ആ മതത്തിൽ പെടാത്തവരോ , ആ ഭാഷ സംസാരിക്കാത്തവരോ അല്ലങ്കിൽ ആ സംസ്കാരത്തിന് ഭാഗമല്ലാത്തവരോ ആയ മററു വിഭാഗക്കാരെ വെറുപ്പോടു കൂടി അകറ്റിനിർത്താൻ ശ്രമിക്കുകയോ അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയോ അല്ലങ്കിൽ അവരെ രാജ്യ വിരുദ്ധനായി മുദ്രകുത്തുകയോ ചെയ്യുന്നു. ഇതായിരുന്നു ജർമനിയിലും ഇറ്റലിയിലും എല്ലാം ഉണ്ടായിരുന്നത്. അതിനു അവിടെ വമ്പിച്ച ജനപിന്തുണയും ഉണ്ടായിരുന്നു. അതാണ് മുമ്പ് സൂചിപ്പിച്ചതു, ഫാസിസം എന്നത് ഒരു ഭരണകൂടത്തിന്റെ സർവാധിപത്യം മാത്രമല്ല, അതിനെ പിന്തുണക്കുന്ന തരത്തിലേക്ക് ഒരു ഭൂരിപക്ഷത്തിന്റെ മനോനിലയെ രൂപപ്പെടുത്തുകകൂടെയാണ്. ഈ അടുത്തകാലത്തുണ്ടായ ഒരു ഉദാഹരണമായി സ്പെയിനിൽ ഇപ്പോൾ ഉണ്ടായ ഒരു പുതിയ രാഷ്ട്ര രൂപീകരണം. ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവരുടെ കാറ്റിലോണിയ എന്ന രാജ്യം, അവർ ഫ്രഞ്ച് സംസാരിക്കാത്തവർ ആയിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിലേക്ക് നോക്കുകയാണെങ്കിൽ അവിടെ ഈ ഉന്മാദ ദേശീയത ഉണ്ടോ? പല തെളിവുകളുടെ അടിസ്ഥാനത്തിൽ ഉന്മാദ ദേശീയത ഇന്ത്യയിൽ ഉണ്ടെന്നു പറയാം .
കാരണം, ഇന്ത്യയിൽ ഇന്ന് സംഘപരിവാർ ശക്തികൾ ഹിന്ദുത്വത്തിന്റെ പേരുപറഞ്ഞു ഒരു കപട ഹിന്ദുത്വ ദേശീയത രൂപപ്പെടുത്തിയിട്ടുണ്ട്. അവർ അവകാശപ്പെടുന്നത് ഇന്ത്യ എന്നത് ഒരു പ്രത്യേക മതവിഭാഗത്തിന്റെതാണെന്നും അവർ അല്ലാത്ത മറ്റുള്ളവർ ഇന്ത്യയുടെ ഭാഗമല്ല എന്നും ആണ്. അതിന്റെ ഭാഗമാണല്ലോ ഇന്ത്യ എന്ന പേര് മാറ്റി ഹിന്ദുസ്ഥാൻ എന്നാകണം എന്ന RSS ന്ടെ ആവിശ്യവും അതുപോലെ താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ല, അത് പൊളിക്കണം എന്നതും പശുവിന്റെ പേരിൽ ഉള്ള കോലാഹലങ്ങളും എല്ലാം. ഇത്തരത്തിൽ ഒരു വിഭാഗം ജനങ്ങളെ മാത്രം രാജ്യസ്നേഹികളും രാജ്യത്തിന്റെ അവകാശികളും ആക്കി മാറ്റുകയും മറ്റുള്ളവരെ ദേശവിരുദ്ധരാക്കിയുമുള്ള ഒരു കപട ദേശീയത ആണ് സംഘപരിവാർ ശക്തികൾക്കുള്ളത്. ഈ ഒരു കപട ദേശീയത ജനങ്ങളിൽ കുത്തിനിറച് നാട്ടിൽ പ്രശ്നങ്ങളും കലാപങ്ങളും ഇളക്കിവിടുകയും, അതിൽ ഫാസിസ്റ്റുകൾ നേട്ടം കൊയ്യുകയുമാണ് ചെയ്യുന്നത്. ഇതിലെ വിരോധാഭാസം എന്തന്നുവെച്ചാൽ ഇന്ത്യയുടെ സ്വതന്ത്ര്യത്തിലൊ ഇന്ത്യയുടെ പുരോഗതിയിലോ യാതൊരുതരത്തിലുള്ള പങ്കുമില്ലാത്തവർ ആണ് ഇവർ എന്ന് മാത്രമല്ല മറിച് ഇതിനെയൊക്കെ ഒറ്റി കൊടുക്കുകയായിരുന്നു ഈ കൂട്ടർ ചെയ്തിരുന്നത്. ഫാസിസത്തിന്റെ മറ്റൊരു ലക്ഷണമായി ബ്രിറ്റ് പറയുന്നത്;
- ശത്രുവിനെ നിർണയിക്കുക
ഒരു പൊതു ശത്രുവിനെ നിർണയിക്കുകയും അവർ രാജ്യത്തിന്റെ ശത്രുവാണെന്ന് വരുത്തി തീർക്കുകയുമാണ് ഫാസിസത്തിന്റെ മറ്റൊരു ലക്ഷണം. ഈ ശത്രു ആ സമൂഹത്തിൽപെട്ട ഒരു വിഭാഗം തന്നെയായിരിക്കും, അവർ ന്യൂനപക്ഷമായിരിക്കും. ജാതിപരമായ ന്യൂനപക്ഷം അല്ലങ്കിൽ മതപരമായ ന്യൂനപക്ഷം അതുമല്ലങ്കിൽ രാഷ്ട്രീയപരമായ ന്യൂനപക്ഷം. RSS അവർ അവരുടെ മുഖ്യശത്രുക്കളായി അഞ്ച് വിഭാഗങ്ങളെ നിര്ണയിച്ചിട്ടുണ്ട്. 5 M’s എന്നാണ് അവരെ അറിയപ്പെടുന്നത്. Macaulayism, Missionaries, Materialism, Marxism and Muslim എന്നിവരാണ് ആ അഞ്ച് ശത്രുക്കൾ. ഇവർ രാജ്യത്തിന് ഭീഷണിയാണെന്ന് ഭൂരിപക്ഷ ജനവിഭാഗത്തിനിടയിൽ പറഞ്ഞു പരത്തി ഒരു ഭീതി ജനിപ്പിക്കും. .
അങ്ങിനെ രാജ്യത്തിനകത്തുള്ള പൗരന്മാർക്കിടയിൽ വിദ്വെഷം ജനിപ്പിക്കുകയും, രാജ്യത്തു വർഗീയ ദ്രുവീകരണങ്ങൾ ഉണ്ടാകുകയും ചെയ്യും. ഈ ന്യൂനപക്ഷത്തിനെതിരെയുള്ള എല്ലാ അക്രമണത്തിനെയും രാജ്യസ്നേഹത്തിന്റെ പേരുപറഞ്ഞു ന്യായികരിക്കും. നമ്മുടെ മുമ്പിൽ ഇതിനു പല ഉദാഹരണങ്ങൾ ഉണ്ട്. ഗുജറാത്തു കലാപം, മുസാഫർ നഗർ കലാപം, ഒറീസയിൽ ക്രിസ്ത്യാനികൾക്കെതിരെ ഉണ്ടായ കലാപം, രാജ്യത്തിന്റെ പലഭാഗത്തും മുസ്ലിങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റുകൾക്കെതിരെയും ദളിദർക്കെതിരെയും ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ, വ്യജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, അങ്ങിനെ എണ്ണിയാൽ ഒടുങ്ങാതെ സംഭവങ്ങൾ . ഈ സന്ദർഭത്തിൽ സച്ചിദാനത്തിന്ടെ ഒരു കവിതയാണ് ഓർമ്മ വരുന്നത്. “ഈ നാട്ടിൽ പിറന്നു പോയി കബർ ഇവിടെത്തന്നെയാകണമെന്നു ഉറപ്പിച്ചിരുന്നു ഇപ്പോൾ വീടുകിട്ടാത്ത യതീം, ആർക്കും എന്നെ തുരുങ്ങലിൽ അയക്കാം, വ്യാജ ഏറ്റുമുട്ടൽ എന്ന് പാടി കൊല്ലാം, തെളിവ് പേരൊന്നുമാത്രം മതി”. ഇന്ത്യയിൽ നടന്ന എല്ലാ കലാപങ്ങളിലും ഒരു ഭാഗത്തു RSS ഉണ്ടായിരുന്നു എന്നത് ഇതിനോടുകൂടി കൂട്ടി വായിക്കേണ്ടതാണ്
- ബുദ്ധിജീവികളോടും കലയോടും ഉള്ള വെറുപ്പ്
ബുദ്ധിജീവികൾ അഥവാ ഉന്നത വിദ്യാഭ്യാസമുള്ള ചിന്തിക്കുന്ന ജനവിഭാഗങ്ങൾ, അതു പോലെ കലാകാരന്മാർ എന്നിവരോട് ഫാസിസ്റ്റുകൾക് എതിർപ്പായിരിക്കും. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്ന അല്ലങ്കിൽ അവരുടെ കൊള്ളരുതായ്മയെ തുറന്നു കാണിക്കുന്ന കൂട്ടരായതിനാലാണ് ഫാസിസ്റ്റ് ഭരണകൂടത്തിന് ഇവരോടുള്ള എതിർപ്പിന്റെ കാരണം. അതിനാൽ ഫാസിസ്റ്റുകൾ ഉന്നത വിദ്യാഭ്യാസത്തിനെയും കലയെയും ഇല്ലായ്മചെയ്യാൻ അല്ലങ്കിൽ അവരുടെ നിയന്ത്രണത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കും . 2014 ൽ ബിജെപി ഭരണത്തിൽ എത്തിയപ്പോൾ ഉന്നതവിദ്യാഭാസത്തിന്ടെ തലപ്പത്തു മന്ത്രിയായി നിയമിച്ചത് സ്മൃതി ഇറാനി എന്ന ഒരു മുൻ സീരിയൽ അഭിനേത്രിയെ ആയിരുന്നു. അവരുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ഇന്ത്യയിൽ ഒരുപാടു വിവാദങ്ങൾ ഉണ്ടായതായിരുന്നല്ലോ.
അബ്ദുൽ കാലം ആസാദിനെ പോലെയുള്ള പ്രഗദ്ഭർ ഇരുന്ന കസേര ആയിരുന്നു അത്. പിന്നീടിങ്ങോട്ട് ഉന്നത വിദ്യാഭ്യാസ ഘടനയെ തന്നെ തകർക്കുന്ന തരത്തിലുള്ള സംഭവങ്ങളായിരുന്നു നടന്നു കൊണ്ടിരിന്നത്. തങ്ങളുടെ അജണ്ട നടപ്പാക്കാൻ വേണ്ടി സംഘപരിവാർ തങ്ങളുടെ ആളുകളെ (ഒരു യോഗ്യതയും ഇല്ലാതെ ആളുകളെ) യൂണിവേഴ്സിറ്റിയുടെ തലപ്പത്തും മറ്റും അവരോധിക്കുകയും അതിനു വേണ്ടി JNU പോലുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭയസ സ്ഥാപനങ്ങളിൽ നടത്തിയ കടന്നു കയറ്റവും നമ്മൾ കണ്ടതാണല്ലോ. അതുപോലെ ഒരു ചരിത്രവും അവകാശപ്പെടാനില്ലാത്ത അവർ അവരുടെ ഇഷ്ടാനുസരണം ചരിത്രത്തെ വളച്ചൊടിക്കുകയും അത് പാഠ്യവിഷയമാകുകയും ചെയ്യുന്നു. എതിർത്ത് സംസാരിക്കുന്ന ബുദ്ദിജീവികളെ, എഴുത്തുകാരെ, കലാകാരന്മാരെ ഇല്ലായ്മചെയ്യുക എന്നതും ഇതിന്ടെ ഭാഗമാണ്. കൽബുർഗി, പൻസാരെ, ദബോർഗർ, ഗൗരി ലങ്കേഷ് തുടങ്ങിയവരെ ഇല്ലായ്മ ചെയ്തത് ഇതിന്ടെ ഉദാഹരണങ്ങൾ ആണ്. അവസാനം ഈ അടുത്ത് തമിഴ്നാട്ടിൽ വിജയ് എന്ന നടന്റെ സിനിമയ്ക്കെതിരെ ഉണ്ടായ ആക്രമണങ്ങൾ, അത് പോലെ ഇന്ത്യയിലെ പല കലാകാരന്മാർക്കെതിരെ ഉണ്ടായ ആക്രമണങ്ങൾ (പല കലാകാരന്മാരെയും അവരുടെ മതത്തിന്റെ പേരിൽ വേർതിരിക്കുകയും അവരോട് ഇന്ത്യയിൽ നിന്ന് പോകാൻ പറഞ്ഞതും നാം ഓർകുന്നുണ്ടല്ലോ) എല്ലാം ഫാസിസ്റ്റു ഭരണമാണ് ഇന്ത്യയിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് എന്നതിന്റെ തെളിവുകളാണ്.
- കോർപ്പറേറ്റ് താല്പര്യം സംരക്ഷിക്കപ്പെടുന്നു.
2016- 17 ലെ കേന്ദ്ര ബജറ്റിൽ, 1000 -ൽ താഴെ വരുന്ന കോർപ്പറേറ്റുകൾക്ക് നികുതി ഇളവായിട്ട് നൽകിയത് 610000 കോടി രൂപയാണ്. ഇതേ സമയം 130 കോടി വരുന്ന ഇന്ത്യക്കാർക്ക്, അവരുടെ കൃഷിക്, വിദ്യാഭ്യാസത്തിന് തുടങ്ങിയവക്കൊക്കെ കൂടി നീക്കി വെച്ചിരുന്ന സബ്സിഡി 235000 കോടി രൂപ മാത്രമാണ്. 610000 കോടി രൂപ കോര്പറേറ് നികുതി ഇളവ് നൽകുന്ന ഭരണകൂടം 130 കോടി വരുന്ന ഇന്ത്യക്കാർക്ക് നീക്കിവച്ചതു വെറും 235000 കോടി രൂപയാണ് എന്നത് നാം അറിയാതെ പോകുന്നിടത്താണ് ഫാസിസത്തിന്റെ വിജയം.
ഫാസിസ്റ്റ് ഭരണത്തിൽ കോർപ്പറേറ്റ് താല്പര്യം സംരക്ഷിക്കപ്പെടുന്നു എന്നതിന് ധരാളം തെളിവുകൾ നമ്മുടെ മുമ്പിൽ ഉണ്ട്. അത് അവരുടെ വളർച്ചയുടെ തോത് നോക്കിയാൽ നമുക്കതു മനസ്സിലാവും. അദാനിയെ പോലുള്ള കുത്തക മുതലാളിമാരുടെ വളർച്ച, മറ്റു കോപ്പറേറ്റുകളുമായി പ്രധാനമന്തി മോഡിക്കുള്ള അടുപ്പം, അതുപോലെ മോദിയെ അധികാരത്തിൽ എത്തിക്കാൻ കോര്പറേറ്റുകൾ കാണിച്ച താല്പര്യം.
- ദേശീയ സുരക്ഷയെ കുറിച്ചുള്ള വേവലാതി
ഭരണകൂടം അവരുടെ നിഗൂഢമായ താല്പര്യങ്ങൾ നിറവേറ്റാൻ വേണ്ടി രാജ്യ സുരക്ഷാ എന്നത് ഒരു ഉപകരണമായി ഉപയോഗിക്കാറുണ്ട്. രാജ്യ സുരക്ഷാ എന്ന ഒരു ഭീതി ജനങ്ങൾക്കിടയിൽ പരത്തി അതിന്റെ മറവിൽ പല കാര്യങ്ങളും നടപ്പാക്കുന്നു. ഉദാഹരണത്തിന് ഈ അടുത്തകാലത്ത് മോഡി ഭരണകൂടത്തിന്റെ നോട്ട് നിരോധനം തന്നെ അനുയോജ്യമായ ഉദാഹരണമാണ്. തീവ്രവാദം, കള്ളനോട്ട് തുടങ്ങിയവ ഇല്ലാതാക്കുക എന്ന പേരുപറഞ്ഞായിരുന്നു ഒറ്റ രാത്രികൊണ്ട് 1000 ന്ടെയും 500 ന്ടെയും നോട്ട് നിരോധിച്ചിരുന്നത്. ജനജീവിതത്തെ ദുസ്സഹമാക്കിയ ഈ നടപടിയെ ഭരണകൂടം മറികടന്നത് രാജ്യസുരക്ഷയുടെയും രാജ്യസ്നേഹത്തിന്റെയും പേര് പറഞ്ഞു ജനങ്ങളെ തെറ്റിധരിപ്പിച്ചു കൊണ്ടായിരുന്നു. എന്നാൽ നോട്ട് നിരോധനത്തിന്റെ പിന്നിൽ മറ്റു പലതാല്പര്യങ്ങളുമായിരുന്നു ഭരണകൂടത്തിനുണ്ടായിരുന്നത്. കോർപ്പറേറ്റുകൾ എടുത്ത ഭീമമായ വായ്പ തിരിച്ചടയ്ക്കാതെ ബാങ്കുകളുടെ പ്രവർത്തനം അവതാളത്തിലാകും എന്ന് വന്നപ്പോൾ, നോട്ട് നിരോധിക്കുക വഴി എല്ലാ പണവും ബാങ്ക്കളിൽ എത്തിക്കുകയും അത് വഴി അവരുടെ പ്രശ്നങ്ങൾക്ക് ആശ്വാസം കണ്ടത്തുകയുമായൊരുന്നു ഒരു ലക്ഷ്യം. അതുപോലെ പെട്രോൾ, ഗ്യാസ് തുടങ്ങിയവക്ക് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വില വർധനവിനെയും ഭരണകൂടം മറികടക്കുന്നത് ഇത്തരത്തിൽ രാജ്യ പുരോഗതി എന്നൊക്കെ പറഞ്ഞു കൊണ്ടാകുന്നു. എന്നാൽ ഇതൊക്കെ വിശ്വസിച്ചു ഭരണകൂടത്തിൻടെ എല്ലാ ജനദ്രോഹ നടപടികളെയും അനുഭവിച്ചു ന്യായികരിക്കുന്ന ഒരു ഭൂരിപക്ഷത്തെ ഈ ഫാസിസ്റ്റുകൾ രൂപപെടുത്തിവെച്ചിരിക്കുന്നിടത്താണ് ഇവർ വിജയിക്കുന്നത്.
- നിയന്ത്രിക്കപ്പെടുന്ന മീഡിയ.
ഈ ലക്ഷണവും ഇന്ത്യയിൽ വളരെ വ്യാപകമായി കണ്ടു കൊണ്ടിരിക്കുന്നു. ചുരുക്കം ചില മാധ്യമ സ്ഥാപനങ്ങൾ ഒഴിച്ച് നിർത്തിയാൽ മിക്ക മാധ്യമങ്ങളും ഇന്ന് ബിജെപി യുടെ നേരിട്ടുള്ള നിയന്ത്രണത്തിലൊ , അല്ലങ്കിൽ പരോക്ഷമായ നിയന്ത്രണത്തിലൊ ആണ്. ഭരണകൂടത്തിന്റെ എല്ലാ കൊള്ളരുതായ്മകളെയും ന്യായീകരിക്കുകയും അവർക്കു വേണ്ടി മാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന പ്രാദേശിക ദേശീയ മാധ്യമങ്ങൾ ഇന്ന് ധാരാളം ഇന്ത്യയിൽ ഉണ്ട്. ഫാസിസ്റ്റുകളുടെ അതീനതയിൽ അല്ലാത്ത മാധ്യമങ്ങളെ ഇല്ലായ്മ ചെയ്യാനും ഇന്ന് തുടങ്ങിയിട്ടുണ്. സത്യം പുറം ലോകത്തു എത്തിക്കാതിരിക്കുകയാണ് ഇതിന്ടെ ലക്ഷ്യം. ഈ അടുത്തകാലത്ത് ദേശീയ മാധ്യമങ്ങളിൽ കേരളത്തിനെതിരെ ബിജെപി ക്കു വേണ്ടി നടത്തിയ അസത്യപ്രചാരണങ്ങൾ ഇതിന്റെ ഒരു തെളിവാണ്.
- മതവും സർക്കാരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
ഫാസിസ്റ്റ് രാജ്യങ്ങളിലെ സർക്കാരുകൾ പൊതുജനാഭിപ്രായം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഉപാധിയായി രാജ്യത്തെ ഏറ്റവും സാധാരണമായ മതത്തെ ഉപയോഗപ്പെടുത്തുന്നു. ഈ സർക്കാരിന്റെ 15-ആം മാസം ആഘോഷിച്ചപ്പോൾ ഓരോരോ മന്ത്രിമാരെയും വിളിപ്പിച്, RSS തലവൻ മോഹൻഭഗവത്, എത്രത്തോളം ഈ മന്ത്രിമാർ തങ്ങളുടെ ആശയങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്നു എന്ന് പരിശോധിച്ചിരുന്നു. യോഗി ആദിത്യനാഥിനെ പോലുള്ള മത നേതാക്കൾ ഭരണ തലപ്പത്തു എത്തിയതും ഇതിന്ടെ ഭാഗമാണ്.
- സൈന്യത്തിന്റെ ആധിപത്യം
ആവശ്യത്തിനും അനാവശ്യത്തിനും സൈന്യത്തെ ഉപയോഗ പെടുത്തുക എന്നത് ഒരു ഫാസിസ്റ്റു ഭരണകൂടത്തിന്റെ സ്വഭാവമാണ്. സൈന്യത്തെ അവരുടെ പ്രത്യേക താല്പര്യത്തിനു വേണ്ടിയായിരിക്കും ഉപയോകിക്കുക. ഈ അടുത്ത കാലത്ത് കേരളത്തിലെ കണ്ണൂരിൽ സൈന്യത്തെ ഇറക്കണം എന്ന സംഘപരിവാറുകളുടെ ആവിശ്യം ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്.
- മനുഷ്യാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റം
പൗരന്മാരുടെ മൗലികാവകാശത്തിനു മേലുള്ള കടന്നു കയറ്റം. ഇതും ഇന്ന് ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു ലക്ഷണമാണ്. നമ്മൾ എന്ത് കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം തുടങ്ങിയ പൗരന്റെ പ്രാഥമിക അവകാശങ്ങൾ വരെ ഭരണകൂടം തീരുമാനിക്കുന്നു. രാജ്യ സുരക്, രാജ്യപുരോഗതി, രാജ്യസ്നേഹം എന്നീ മേമ്പൊടിയോടു കൂടിയാണ് ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത്. ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്ഷൻ തുടങ്ങിയവ ആധാർ നമ്പറുമായി ബന്ധപ്പെടുത്തുക എന്ന പുതിയ തീരുമാനവും ഇതിൽ പെടും.
- പുരുഷാധിപത്യo
ഫാസിസ്റ്റ് രാഷ്ട്രങ്ങളുടെ ഗവൺമെൻറുകൾ മിക്കവാറും പുരുഷാധിപത്യത്തിന് മാത്രം പ്രാധാന്യം അർഹിക്കുന്നു
- തൊഴിലാളി ശക്തിയെ അടിച്ചമർത്തുന്നു
തൊഴിലാളികളുടെ സംഘടനാശക്തി എന്നത് ഫാസിസ്റ്റ് ഗവൺമെന്റിന്റെ യഥാർത്ഥ ഭീഷണി എന്നതുകൊണ്ട്, തൊഴിലാളി യൂണിയനുകൾ പൂർണമായും ഇല്ലാതാകുകയോ അല്ലെങ്കിൽ അടിച്ചമർത്തപ്പെടുകയോ ചെയ്യും. തൊഴിലാളി പാർട്ടി എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലയ്മ ചെയ്യാൻ ശ്രമിക്കുന്നതും ഇതിന്ടെ ഭാഗമാണ്.
- കുറ്റകൃത്യവും ശിക്ഷയും ഇഷ്ടപ്പെടുക.
ശിക്ഷ വളരെപ്പെട്ടന്ന് നടപ്പാക്കുക എന്നത് ഫാസിസത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഫാസിസ്റ്റുകൾക്കെതിരെ ശബ്ദിക്കുന്നവരെ/എതിർക്കുന്നവരെ പെട്ടന്ന് ഇല്ലായ്മ ചെയുക എന്നത് ഫാസിസ്റ്റ് ഭരകൂടത്തിന്ടെ ഒരു ലക്ഷണമാണ്. 2014 നു ശേഷം ഉണ്ടായ പല കൊലപാതകങ്ങളും ഇതിന്റെ ഉദാഹരണങ്ങൾ ആണ്. പൻസാരെ, ധബോർക്കർ, കൽബുർഗി,ഗൗരി ലങ്കേഷ് തുടങ്ങിയവ ഇതിൽ പെടുന്നു.
- വ്യാപക പ്രതിസന്ധിയും അഴിമതിയും
ഫാസിസ്റ്റ് ഭരണകർത്താക്കൾ മിക്കപ്പോഴും സുഹൃത്തുക്കൾ, സഹപ്രവർത്തകരുടെ ഗ്രൂപ്പുകൾ ചേർന്ന് ഗവൺമെന്റ് പദവികളിൽ സ്ഥാനമുറപ്പിക്കുകയും, പ്രശ്നങ്ങളിൽ നിന്ന് അവരുടെ സുഹൃത്തുക്കളെ സംരക്ഷിക്കുന്നതിനായി ഗവൺമെന്റ് അധികാരം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ഇതിന്റെ വ്യക്തമായ ഉദാഹരണമാണ് നോട്ട് നിരോധന സമയത്തു പുതിയ നോട്ട് അച്ചടിച്ചപ്പോൾ പല BJP നേതാക്കൾക്കും പുതിയ 2000 ത്തിന്റെ നോട്ട് മുൻകൂട്ടി കിട്ടിയിരുന്നത്. അതുപോലെ BJP നേതാക്കളുടെ സാമ്പത്തിക വളർച്ച, അമിത് ഷായുടെ മകന്റെ കമ്പനിയുടെ അതിവേഗതയിലുള്ള വളർച്ച, കേരളത്തിലെ ചില നേതാക്കളുടെ കള്ളനോട്ട് കേസ്, കോഴ തുടങ്ങിയവ.
- വഞ്ചനാപരമായ തിരഞ്ഞെടുപ്പ്
ഫാസിസ്റ്റ് രാഷ്ട്രങ്ങളിലെ തെരഞ്ഞെടുപ്പ് ചില സന്ദർഭങ്ങളിൽ വിശ്വസിനീയമല്ല. വോട്ടിങ് മെഷീനിലെ കൃത്രിമത്വം, എതിർ സ്ഥാനാർത്ഥിയെ കോല ചെയ്യപെടൽ, തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനത്തിലേക്കുള്ള കടന്നു കയറ്റം അത് വഴി അവരുടെ സൗകര്യത്തിലേക്ക് തിരഞ്ഞെടുപ്പിനെ എത്തിക്കുക. ഇതിന്ടെ കൂടെ കൂട്ടി വായിക്കേണ്ടതാണ്, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തലപ്പത്തുള്ളവരുടെ വിശ്വാസ്യത.
ഗുജറാത്തിൽ നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചീഫ് സെക്രട്ടറി ആയിരുന്ന അച്ചാൽ കുമാർ ജ്യോതി എന്ന മുൻ IAS ഉദ്യോഗസ്ഥനെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയി നിയമിച്ചതും അതുപോലെ രാജസ്ഥാനിൽ വസുന്ധര രാജ സിന്ധ്യ എന്ന ബിജെപി മുഖ്യമന്ത്രിയുടെ സമയത്തു അവിടെ അഡിഷണൽ ചീഫ് സെക്രെട്ടറി ആയിരുന്ന മറ്റൊരു IAS ഉദ്യോഗസ്ഥനെ ഇലക്ഷൻ കമ്മീഷണർ ആയി നിയമിച്ചതും, വിശ്വാസ്യയോഗ്യമായിരുന്ന ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ തങ്ങളുടെ ഇഷ്ട്ടത്തിനനുസ്സരിച്ചു പ്രവർത്തിക്കുന്ന ഒരു സംവിധാനമാക്കി മാറ്റുന്നതിന്റെ ഭാഗമായിരുന്നു. ഇന്ത്യയിൽ ഈ അടുത്ത കാലത്തു നടന്ന പല തിരഞ്ഞടുപ്പുകൾക്കെതിരെയും ഇലക്ഷന് കമ്മീഷനെതിരെയും പലതരത്തിലുള്ള ആരോപണങ്ങളും സംശയങ്ങളും പരാതികളും ഉയർന്നു വന്നിരുന്നു.
ഇതൊക്കെയാണ് ഫാസിസ്റ്റു ഭരണകൂടത്തിന്റെ ലക്ഷണങ്ങളായി പറയപ്പെടുന്നത്. ഈ ലക്ഷണങ്ങൾ വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ ഇന്ന് ഫാസിസ്റ്റ് ഭരണമാണ് നടക്കുന്നത് എന്ന നിഗമനത്തിലേക്ക് നിസംശയം എത്തിച്ചേരാം.
ഇOതിയാസ് ബംങ്കാളത്