മഹത്തായ ചരിത്ര ശേഷിപ്പുകളുടെ ഭൂമികയായ ഈജിപ്തിലേക്ക് ഞാനും ഭാര്യയും മകനും പോയ ഒരു യാത്രയുടെ വിവരണമാണ് “ഈജിപ്ത് ഡയറി” എന്ന പേരിൽ ഇവിടെ കുറിക്കുന്നത്. മാനവസംസ്കാരവും നാഗരികതയും പിറന്ന് വീണ് പടർന്ന് പന്തലിച്ച നാടാണല്ലോ ഈജിപ്ത്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പിരമിഡുകളും ഫറോവാ കാലത്തെ ശില്പകലയും ആഭിചാത്യ ചിഹ്നങ്ങളും ഗ്രീക്ക് കാലഘട്ടത്തിലെ വാസ്തുവിദ്യയും പടയോട്ടങ്ങളും ക്രിസ്ത്യൻ സ്മാരകങ്ങളുടെ പ്രൗഢിയും ഇസ്ലാമിക കലയുടെ ചൈതന്യവും നൈൽ നദിയുടെ അമ്പരപ്പിക്കുന്ന ജൈവ പ്രകൃതിയും സമ്പന്നമാക്കുന്നതാണ് ഈജിപ്ത്. സൗദി അറേബ്യയിലെ റിയാദിൽ നിന്നും 24/12/2019-ന് തുടങ്ങി 03/01/2020-ന് അവസാനിച്ച,10 ദിവസത്തെ ഒരു യാത്രയായിരുന്നു ഞങ്ങളുടേത്.
ഈ യാത്രയിൽ നൂറ്റാണ്ടുകളുടെ ചരിത്രങ്ങളും, മിത്തുകളും, ശാസ്ത്രവും, ദാർശനിക ചിന്തകളുമുണ്ട്. സഹസ്രാബ്ദങ്ങളുടെ മതിൽ കെട്ടുകൾ പൊളിച്ചാൽ കാണുന്ന അത്ഭുത കാഴ്ചകൾ എഴുതുമ്പോൾ ചില ന്യൂനതകൾ സംഭവിക്കാമെങ്കിലും, ചരിത്ര സത്യങ്ങളോട് പരമാവധി നീതി പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
ഈ യാത്രയിൽ നൂറ്റാണ്ടുകളുടെ ചരിത്രങ്ങളും, മിത്തുകളും, ശാസ്ത്രവും, ദാർശനിക ചിന്തകളുമുണ്ട്. സഹസ്രാബ്ദങ്ങളുടെ മതിൽ കെട്ടുകൾ പൊളിച്ചാൽ കാണുന്ന അത്ഭുത കാഴ്ചകൾ എഴുതുമ്പോൾ ചില ന്യൂനതകൾ സംഭവിക്കാമെങ്കിലും, ചരിത്ര സത്യങ്ങളോട് പരമാവധി നീതി പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
അബ്രഹാമിക് മതങ്ങളിലുള്ള നിരവധി പ്രവാചകന്മാർ ജീവിച്ച നാട് കൂടിയാണല്ലോ ഈജിപ്ത്. ജോസഫ് (യൂസഫ് (അ)), മോസസ് (മൂസ(അ)), ആരോൺ (ഹാറൂൺ (അ)), ജീസസ് (ഈസ (അ)) തുടങ്ങിയ പ്രവാചകന്മാർ ഈജിപ്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ചവരാണ്. ഈ പ്രവാചകന്മാരുടെ കാലഘട്ടം നമ്മൾ സഞ്ചരിക്കുന്ന ചരിത്രത്തിന്റെ ഭാഗമാണെങ്കിലും
അവരെ കുറിച്ച് ഇവിടെ എഴുതുന്നില്ല. ഈ പ്രവാചന്മാരുടെ അനുചരന്മാർക്കിടയിൽ പല വിത്യസ്ത വിശ്വാസങ്ങൾ ഉള്ളത് കൊണ്ടാണ് അത് ഒഴിവാക്കുന്നത്. ഈജിപ്തിലെ ഞങ്ങളുടെ ഓരോ ദിവസങ്ങളിലെ കാഴ്ചകൾ ഓരോ ഭാഗങ്ങളാക്കിയാണ് താഴെ എഴുതിയിട്ടുള്ളത്.
- ദിവസം 1 (24/12/2019) – കയ്റോ
ഒരുപാട് കാലത്തെ ആഗ്രഹം സഫലീകരിച്ചുകൊണ്ട് ഇന്ന്, 24/12/2019 ന് രാത്രി 9 മണിക്ക് ഈജിപ്തിലെ തലസ്ഥാന നഗരിയായ കയ്റോയിൽ ഞങ്ങൾ വിമാനമിറങ്ങി. അവിടെ “ഇമോ ടൂർസിന്റെ” പ്രധിനിധി അഹ്മദ് എയർപോർട്ടിലെ നടപടികളിൽ സഹായിക്കാൻ ഞങ്ങളെ കാത്ത് നിൽപ്പുണ്ടായിരുന്നു. എയർപോർട്ടിലെ എല്ലാ നടപടികളും സുഖമമായി കഴിഞ്ഞതിനു ശേഷം ഇമോ ടൂർസ് നിയോഗിച്ച ടൂർ ലീഡ് ഞങ്ങളെയും കൂട്ടി ഹോട്ടലിലേക്ക് പുറപ്പെട്ടു. കയ്റോ എയർപോർട്ടിൽ നിന്നും ഏകദേശം 40 km അകലെയുള്ള “ഗിസ” എന്ന ചരിത്രഭൂമിയിലായിരുന്നു ഹോട്ടൽ. രാത്രി വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന കെയ്റോ നഗരം പിന്നിട്ട് ഗിസയിലെ ഹോട്ടലിൽ എത്തിയപ്പോൾ ഏകദേശം 11 മണി ആയിരുന്നു.
മുൻകൂട്ടി ആവശ്യപെട്ടത് പ്രകാരം, ഗിസ പിരമിഡുകൾക് അഭിമുഖമായിട്ടുള്ളതായിരുന്നു ഞങ്ങൾക്കുള്ള മുറികൾ. താമസസ്ഥലത്ത് എത്തി ജനവാതിൽ തുറന്ന് ആവേശത്തോട്കൂടിയാണ് ഞങ്ങൾ പിരമിഡുകൾ നേരിട്ട് കണ്ടത്.
നാളെ ഞങ്ങൾ കാണാൻ പോകുന്നത് ഗിസയിലെ ഈ പിരമിഡുകൾ, സ്ഫിങ്സ്, വാലി ടെംപിൾ കാണാനും, അതുപോലെ സഖാറ, മെൻഫിസ് തുടങ്ങിയ പുരാതന ഈജിപ്തിന്റെ ചരിത്രങ്ങളുടെ ശേഷിപ്പുകൾ നിലനിക്കുന്ന സ്ഥലങ്ങളിലേകുമാണ്. ആ കാഴ്ചകളയുടെ വിശേഷങ്ങൾ നാളെ വിശദമായി എഴുതാം.
ശുഭരാത്രി!
- ദിവസം രണ്ട് (25/12/2019) – ഗിസ
രാവിലെ 8 മണിയായപ്പോൾ ഹോട്ടലിനു പുറത്ത് ഞങ്ങളെയും കാത്ത് ടൂർ ഗൈഡ്, അഹമ്മദ് ഹസ്സൻ നിൽപ്പുണ്ടായിരുന്നു. മുൻകൂട്ടി നിക്ഷയിച്ചത് പ്രകാരം ആദ്യം ഞങ്ങൾ പോയത് ഗിസയിലെ പിരമിഡുകൾ കാണാനായിരുന്നു. ഞങ്ങളുടെ താമസസ്ഥലത്തിന്റെ അടുത്താണ് പിരമിഡുകൾ സ്ഥിതിചെയ്യുന്നതെങ്കിലും, പ്രവേശന കവാടം മറ്റൊരു ഭാഗത്തായിരുന്നതിനാൽ ഗിസ എന്ന പൗരാണിക പട്ടണത്തിലൂടെ യാത്രചെയ്തിട്ടാണു ഈ പ്രവേശന കവാടത്തിൽ എത്തിയത് . പ്രവേശന ടിക്കറ്റെടുത്ത് ഞങ്ങൾ പിരമിഡുകളുടെ അടുത്തേക്ക് നടന്നു. ചെറുപ്പത്തിൽ പഠിച്ചതും വായിച്ചതും കാണാൻ അതിയായി ആഗ്രഹിച്ചതുമായ പിരമിഡുകൾ കണ്ടപ്പോൾ എന്തന്നില്ലാത്ത ആഹ്ലാദമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്.
പൗരാണിക ഈജിപ്തിന്റെ പ്രൗഢിയും കൗതുകവുമായ അത്യഭാര നിർമാണ ചാരുതയുള്ള ശേഷിപ്പുകൾ ആണ് ഈ പിരമിഡുകൾ. ഇവിടെ മൂന്ന് സുപ്രധാന പിരമിഡുകളാണ് സന്ദർശകരെ അതിശയിപ്പിച്ച് ഇന്നും തല ഉയർത്തി നിൽക്കുന്നത്. നാലാമത്തെ രാജവംശത്തിലെ എട്ട് രാജാക്കന്മാരിൽ രണ്ടാമനായ ഫറോവ ഖുഫുവിന്റെ (ഗ്രീക്ക് ഭാഷയിൽ ചിയോപ്സ്) “ദ ഗ്രേറ്റ് പിരമിഡ്” എന്നറിയപ്പെടുന്ന പിരമിഡാണ് അതിൽ പ്രധാനപ്പെട്ടത്. 147 മീറ്റർ ആണ് ഇതിന്റെ ഉയരം. BC 2580-2560 കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചത്. കെഫ്രിൻ , മാക്രനിയസ് എന്നിവരുടേതാണ് അടുത്ത രണ്ടു പിരമിഡുകൾ.
4,500 വർഷത്തിലേറെയായിട്ടും, ഈജിപ്ഷ്യൻ പിരമിഡുകൾ ഇപ്പോഴും അവരുടെ മഹിമ നിലനിർത്തുന്നു. ഈജിപ്തിൽ മാത്രം നൂറുക്കണക്കിന് പിരമിഡുകൾ ഉണ്ടായിരുന്നു എന്നതാണ് ചരിത്രം.പലതും കാലഹരണപ്പെട്ടു. തികഞ്ഞ അന്ധവിശ്വാസത്തിൽ നിന്നാണ് പിരമിഡുകളുടെ ജന്മം എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്. ജങ്ങൾക്കും ദൈവത്തിനും ഇടയിൽ ഉള്ള ഒരു ഇടനിലക്കാരനായി ദൈവം തിരഞ്ഞെടുത്ത സവിശേഷ വ്യക്തിയായിട്ടാണ് ഫറോവയെ പുരാതന ഈജിപ്തുകാർ കണ്ടിരുന്നത് (വിശ്വസിച്ചിരുന്നത്). രാജാവ് (ഫറോവ) മരിചാൽ, അവൻ “മരണാന്തര ജീവിതത്തിന്റെ ദേവനായാ “ഒസൈറസ്” ( മറ്റ് പല ദേവന്മാരിൽ ഒരാൾ) ആയി മാറും എന്ന വിശ്വാസമാണ് അവർക്കുണ്ടായിരുന്നു.
അതുകൊണ്ടാണ് മരണപ്പെട്ട ഫറോവയെ മമ്മിഫിക്കേഷൻ നടത്തി മരണാന്തര ജീവിതത്തിനുവേണ്ടി പിരമിഡിന്റെ ഉള്ളിൽ തയ്യാറാക്കിവെച്ചിരുന്നത്. പിരമിഡിന്റെ മുകളിലെ മിനുസമാർന്ന കോണിൽ സൂര്യ ദേവന്റെ (Amun Ra) കിരണം പതിച്ച് പിരമിഡിനുള്ളിലെ ആത്മാവ് ദേവനായി മാറും എന്ന വിശ്വാസമാണ് ഈ പിരമിഡ് നിർമാണത്തിന് പിന്നിൽ എന്ന് പറയപ്പെടുന്നു.4500 വർഷങ്ങൾക്ക് മുമ്പുള്ള ഈ അത്ഭുത നിർമിതികളുടെ പുറം കാഴ്ചകൾ മതിവരുവോളം കണ്ട് ആസ്വദിച്ചതിന് ശേഷം ലോകാത്ഭുതങ്ങളിൽ ഒന്നായ ഏറ്റവും വലിയ പിരമിഡിനുള്ളിലെ (the great pyramid) കാഴ്ച്ചകൾ കാണാനായി പോയി. ഇതിനായി പ്രത്യേകം ടിക്കറ്റ് വാങ്ങേണ്ടതുണ്ട്. പിരമിഡിന്റെ കല്ലുകൾക്കിടയിലൂടെ കയറിയിട്ട് വേണം അകത്തേക്ക് പ്രവേശിക്കാൻ. തീർത്തും സാഹസികവും വ്യത്യസ്തവുമായ അനുഭവമായിരുന്നു പിരമിഡിനുള്ളിൽ. സഹസ്രാബ്ദങ്ങൾക്കു മുമ്പ് നിർമിച്ച ഈ അത്ഭുത നിർമ്മിതിക്ക് ഉള്ളിൽ കയറി കാഴ്ചകൾ കാണുന്നതിന്റെ അനുഭൂതി പറഞ്ഞറിയിക്കേണ്ടതില്ലലോ. മുകളിലേക്കുള്ള ഇടുങ്ങിയ വഴികൾ, വശങ്ങളിൽ നിരവധി അറകൾ, ഇതിന്റെ ചില ഭാഗങ്ങളിൽ സന്ദർശകർക്ക് അനുമതിയില്ല. ചില പ്രദേശങ്ങളിൽ ഫോട്ടോഗ്രാഫി അനുവദനീയമല്ല. ഇറുകിയതും നീളമുള്ളതുമായ വഴിയിലൂടെ ഞങ്ങൾ മുകളിലേക്ക് കയറി.
ചില ഭാഗങ്ങളിൽ സീലിങ്ങിന് ഉയരം തീരെ കുറവായിരുന്നു, അത്തരത്തിലുള്ള വഴികളിൽ തല താഴ്ത്തിയും മുട്ട് മടക്കിയും ആയിരുന്നു കയറേണ്ടിരുന്നത് .ഇരുണ്ട വെളിച്ചം മാത്രമേ മുകളിലേക്കുള്ള വഴിയിൽ ഉണ്ടായിരുന്നുള്ളു. മുകളിലേക്കും താഴേക്കും ഒരേ വഴി മാത്രമായിരുന്നതിനാൽ ചിലഭാഗങ്ങളിൽ മറ്റുള്ളവർക് വഴിമാറികൊടുക്കേണ്ടി വന്നു. മുകളിൽ എത്തിയാൽ “കിംഗ് ചേംബർ” അല്ലാതെ ഒന്നും ഇന്ന് കാണാൻ സാധിക്കില്ല. കാരണം, മമ്മിയും പല നിധികളും മോഷ്ട്ടിക്കപെട്ടതായിട്ടാണ് പറയപ്പെടുന്നത്. ഈ കിംഗ് ചേംബറിലാണ് മമ്മിഫിക്കേഷൻ കഴിഞ്ഞ ഫറോവയെ മരണാനന്തര ജീവിതത്തിന് വേണ്ടി ഒരുക്കികിടത്തുന്നത്. കൂടാതെ മരണാന്തര ജീവിതത്തിന് വേണ്ട എല്ലാം ആവിശ്യസാധനങ്ങളും ഈ പിരമിഡിൽ ഫറോവക്ക് വേണ്ടി സൂക്ഷിക്കുമായിരുന്നു. അതിൽ വിലപടിപ്പുള്ള പല സാധനങ്ങളും ഉൾപെടും.
പിരമിഡുകൾ കാണാൻ പോകുന്നവർ തീർച്ചയായും ആസ്വദിക്കേണ്ട ഒട്ടക സവാരിക്കായിരുന്നു പിരമിഡിന്റെ ഉള്ളിൽ നിന്നും ഇറങ്ങിയതിന് ശേഷം ഞങ്ങൾ പോയത്. പിരമിഡുകൾക്കടുത്തായി ധാരാളം ഒട്ടകങ്ങൾ ഇതിനായിനിരത്തിവെച്ചിട്ടുണ്ട്. തീർത്തും ആനന്ദകരമായ ഒരു അനുഭവമായിരുന്നു പിരമിഡുകൾക്ക് ചുറ്റുമുള്ള ഈ സവാരി. അതിന് ശേഷം ഗിസയിലെ മണൽപ്പരപ്പിൽ മുൻകാലുകൾ നീട്ടിവെച്ച് സിംഹഗാഭീര്യത്തോടെ, പിരമിഡുകളുടെ കാവൽക്കാരൻ എന്ന പോലെ തലയുയർത്തി ഇരിക്കുന്ന “സ്ഫിങ്സ്” കാണാനാണ് പോയത്. സ്ഫിങ്സ് എന്നത് സിംഹത്തിന്റെ ഉടലും മനുഷ്യന്റെ ശിരസുമുള്ള ഒരു ഭീമാകാരമായ കലാ സൃഷ്ട്ടി(ശിൽപ്പം) ആണ്. ഹിന്ദു പുരാണത്തിൽ മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായി സങ്കല്പിക്കുന്ന നരസിംഹത്തിന്റെ തലതിരിഞ്ഞ രൂപം
പൗരാണിക ഈജിപ്തിലെ നിർമ്മിതികൾ പൊതുവെ മരണാനന്തരജീവിതവും ആരാധന സങ്കല്പങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ സ്ഫിങ്സിനെ എന്തിന് വേണ്ടി? ആര്? എപ്പോൾ നിർമ്മിച്ചു എന്നതിനെക്കുറിച്ച് ഇന്നും വ്യക്തമായ ധാരണയില്ല. സ്ഫിങ്സുമായി ബന്ധപ്പെട്ട കഥകൾ പലതരത്തിലാണ്. ഓരോ പുരാതന ചരിത്രകാരും സ്ഫിങ്സിന് സ്വന്തം ഭാവനകൾക്കനുസരിച് ചിറകുകൾ നൽകി. ഐതിഹ്യങ്ങളും ഇതിഹാസങ്ങളും സ്ഫിങ്സിന് അഭൂതപൂർവമായ മാന്ത്രികഭാവങ്ങളാണ് ചാർത്തി കൊടുത്തത്.
ഇന്നത്തെ ഗിസ നാലായിരം വർഷങ്ങൾക്ക് മുമ്പ് ഫറോവമാരുടെ ശവപ്പറമ്പായിരുന്നു. മരണത്തിന്റെ ദേവനായും, പരേതാത്മാക്കളുടെയും ശവകുടീരങ്ങളുടേയും കാവാലാളായും അറിയപ്പെടുന്ന ചെന്നായമുഖനായ അനുബിസിനെയാണ് സ്ഫിങ്സ് പ്രധിനിധാനം ചെയ്യുന്നതെന്ന് വാദിക്കുന്ന ചിലർ ഉണ്ട്. ഇത് എത്രത്തോളം സ്വീകാര്യമെന്ന് കാര്യത്തിൽ സംശയം ഉണ്ട്. ഫറോവ കാലഘട്ടത്തിലെ പ്രമുഖ ദേവനായ സൂര്യനിൽ (Amun Ra) നിന്നുള്ള പ്രകാശം സ്ഫിങ്സ്ന്റെ തലയിൽ പതിച്ച് ഫറോവയുടെ ആത്മാവിനെ പുനർജീവിപ്പികലാണ് സ്ഫിങ്സ് നിർമാണത്തിന്റെ പിന്നിലെ രഹസ്യം എന്ന് വാദിക്കുന്നവരും ഉണ്ട്.
ഏതാണ്ട് ഭൂരിഭാഗകാലവും ഈ സിംഹശ്രേഷ്ടൻ മണൽ പരപ്പിനടിയിൽ തന്നെയായിരുന്നു. ഈ അടുത്ത കാലം വരെയും സ്ഫിങ്സിന്റെ തല മാത്രമേ പുറത്ത് കാണാൻ ഉണ്ടായിരുന്നുള്ളുപല തവണയായി പലരും സ്ഫിങ്സിന് ചുറ്റുമുള്ള മണൽക്കൂനകൾ കുഴിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അതിശക്തമായ മണൽക്കാറ്റിലും ഗിസെ പീഠഭൂമിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലവും പൂർണ്ണമായും വിജയം കൈവരിച്ചില്ല. ആധുനിക കാലഘട്ടത്തിൽ സ്ഫിങ്സിനെ വീണ്ടെടുക്കാനുള്ള പുരാവസ്തു ഉത്ഖനനം നടക്കുന്നത് എ ഡി 1817- ലാണ്. ഇറ്റാലിയൻ പുരാവസ്തു ഗവേഷകനായ ഗിയോവാനി ബാറ്റിസ്റ്റ കാവിഗ്ലീയയുടെ നേതൃത്വത്തിൽ നടന്ന വീണ്ടെടുക്കലിൽ സ്ഫിങ്സിന്റെ മാറ് വരെയുള്ള ഭാഗങ്ങൾ മണ്ണിൽ നിന്ന് പുറത്തെടുത്തു.
1925-നും 1936-നും ഇടയിൽ എമിലി ബാറൈസ് എന്ന ഈജിപ്റ്റോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് സ്ഫിങ്സിനെ പൂർണമായും മണലിൽ നിന്ന് വീണ്ടെടുത്തത്.സ്ഫിങ്സിന്റെ മൂക്കിന് ചില കേടുപാടുകൾ സംഭവിച്ചതായി കാണാം. സ്ഫിങ്ക്സിന്റെ മൂക്ക് ആരാണ് തകർത്തതെന്നതിനെ കുറിച്ചും നിരവധി കഥകൾ പ്രചരിക്കുന്നുണ്ട് . അതിൽ പ്രധാനം, നെപ്പോളിയൻ ബോണപാർട്ടാണ് ഈ മൂക്ക് തകർത്തത് എന്നതാണ്. 1798-ൽ ഈജിപ്തിൽ ഉണ്ടായ ഫ്രഞ്ച് അധിനിവേശത്തിൽ ഗിസയ്ക്കടുത്തുള്ള സൈനിക പോരാട്ടത്തിൽ ഫ്രഞ്ച് പടയുടെ പീരങ്കി കൊണ്ടനാണ് സ്ഫിങ്ക്സിന്റെ മൂക്ക് പൊട്ടിയത് എന്ന് പറയുന്നു.
സ്ഫിങ്സ് സ്ഥിതി ചെയ്യുന്നത് ഗിസയിലെ “വാലി ടെംപിൾ” എന്നറിയപ്പെടുന്ന ക്ഷേത്രത്തിനടുത്താണ്. ഈ ക്ഷേത്രത്തിലൂടെ പോയാണ് സ്ഫിങ്സിന്റെ അടുത്തെത്തുക. ഈ ക്ഷേത്രം എന്തിനാണ് നിർമ്മിച്ചത് എന്നതിനും പല അഭിപ്രായങ്ങൾ നിലവിൽ ഉണ്ട്. അതിൽ പ്രധാനമായ അഭിപ്രായം, ശവസംസ്കാരത്തിന് മുമ്പ് രാജാവിന്റെ മമ്മിയുടെ ശുദ്ധീകരണത്തിനും അതിന് ശേഷം മമ്മിഫിക്കേഷൻ പ്രക്രിയകുമായിട്ടുമാണ് ഈ ക്ഷേത്രം ഉപയോഗിചിരുന്നത് എന്നാണ്.
കൂടതെ ബലി നല്കുന്നതിനുവേണ്ടിയും ഇത് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. ഇതിനകത്ത് മരണപ്പെട്ട പലരുടെയും പ്രതിമകളും ഉണ്ടായിയുന്നു. അതിൽ പലതും കയ്റോ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരിക്കുകയാണ്. സൂര്യപ്രകാശം ഈ പ്രതിമകിലേക്കു നേരിട്ട് പതിക്കുന്ന തരത്തിലാണ് ഈ ക്ഷേത്രത്തിന്റെ മേൽക്കൂരയും ചുമരും നിർമിച്ചിരിക്കുന്നത്. ഇങ്ങിനെ സൂര്യപ്രകാശം പതിപ്പിക്കുന്നതിന്റെ കാരണം നേരെത്തെ വ്യക്തമാക്കിയല്ലോ!
ഗിസയിലെ കാഴ്ചകൾ എല്ലാം കണ്ട് ഏകദേശം 12 മണിയായപ്പോൾ ഞങ്ങൾ ഇറങ്ങി. ഉച്ചഭക്ഷണം കഴിക്കലായിരുന്നു അടുത്ത ലക്ഷ്യം. എന്നാൽ പോകുന്ന വഴിയിൽ ആൽക്കഹോൾ ഇല്ലാത്ത പെർഫ്യൂം ഓയിലും (Alcohol Free Perfume oil) ബോഡി ഓയിലും വിൽക്കുന്ന കയ്റോയിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിലേക്ക് അഹമ്മദ് ഞങ്ങളെ കൊണ്ടുപോയി. പൊതുവെ സുഗന്ധദ്രവ്യങ്ങളില് വലിയ കമ്പമുള്ളവരാണ് ഈജിപ്തുകാര്. ഇത് സർക്കാർ നിയന്ത്രിത കടയാണെന്നും എല്ലാ എണ്ണകളും 100% യഥാർത്ഥമാണെന്നും അഹമ്മദ് പറഞ്ഞത് കൊണ്ടാണ് ഞങ്ങൾ അവിടെ പോയത്.
ഒരു പെൺകുട്ടി ഞങ്ങൾക്ക് ചെമ്പരുത്തി ചായ തന്ന് സ്വീകരിച്, വിവിധ സുഗന്ധദ്രവ്യ എണ്ണകളും ചില ഔഷത എണ്ണകളും പരിചയപെടുത്തി.ചില്ല് കൊണ്ട് ആകര്ഷകമായ ആകൃതിയിലുള്ള പലതരം പെര്ഫ്യൂം കുപ്പികളുടെ കാഴ്ച രസകരമാണ്. റോസ്, മുല്ല, താമര, ആമ്പല്, പാപ്പിറസ് തുടങ്ങി ഒട്ടേറെ പൂക്കളില് നിന്ന് കലര്പ്പില്ലാത്ത രീതിയില് തയ്യാറാക്കുന്ന സ്വാഭാവിക എണ്ണകളാണെന്നാണ് അവർ പറഞ്ഞത്. ഒന്നും വാങ്ങാൻ ഉദ്ദേശമില്ലായിരുന്ന ഞങ്ങളെകൊണ്ട് 4 കുപ്പികൾ വാങ്ങിപ്പിച്ചു. പെർഫ്യൂം ഷോപ്പിലെ ആളുകളുടെ പെരുമാറ്റവും, അതിനകത്തെ സുഗന്ധപൂരിതമായ അന്തരീക്ഷവും അവിടുന്ന് എന്തെങ്കിലും വാങ്ങാൻ നമ്മെ പ്രേരിപ്പിക്കും. ജൂലിയസ് സീസറുടെ മരണശേഷം മാര്ക്ക് ആന്റണിയുമായുള്ള സമാഗമത്തിനായി ക്ലിയോപാട്ര അണിഞ്ഞൊരുങ്ങി ചെന്നപ്പോള് അവരുടെ ശരീരത്തിലെ മദിപ്പിക്കുന്ന ഗന്ധമാണ് ആന്റണിയെ ആദ്യം കീഴ്പ്പെടുത്തിയതത്രെ.
പെർഫ്യൂം ഷോപ്പിൽ നിന്നും ഇറങ്ങിയതിന് ശേഷം “പാപ്പിറസ്” കൊണ്ട് ഉണ്ടാക്കുന്ന വസ്തുക്കൾ വിൽക്കുന്ന ഒരു ഷോപ്പിലേക്കാണ് ഞങ്ങൾ പോയത്. പുരാതന ഈജിപ്തുകാർ പേപ്പർ, കൊട്ട, ചെരുപ്പ്, പായ, കയർ, പുതപ്പ്, മരുന്ന്, സുഗന്ധദ്രവ്യങ്ങൾ, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ഒരുതരം ചെടി ആണ് പാപ്പിറസ്. 5000 വർഷങ്ങൾക്ക് മുമ്പ് പുരാതന ഈജിപ്തുകാർ ഇത്തരത്തിലുള്ള പേപ്പർ ഉണ്ടാക്കുകയും അതിൽ എഴുതുകയും ചിത്രങ്ങൾ വരക്കുകയും ചെയ്തിരുന്നു എന്നത് അവർ എത്രത്തോളം കരകൗശല മേഖലയിലും കലയിലും പ്രാവീണ്യമുളവരാണെന്ന് നമുക്ക് മനസിലാക്കാം. അത്രക്കും അടുക്കും ചിട്ടയോടുംകൂടിയാണ് പാപ്പിറസ് ചെടിയിൽ നിന്നും പേപ്പറും മറ്റും അവർ ഉണ്ടാക്കിയിരുന്നത്. പാപ്പിറസ് ചെടികൊണ്ട് എങ്ങിനെ പുരാതനകാലത്ത് പേപ്പർ ഉണ്ടാക്കിയിരുന്നത് എന്നെല്ലാം കണ്ടതിനു ശേഷം ഉച്ചഭക്ഷണത്തിനു വേണ്ടി റെസ്റ്റോറെന്റിൽ പോയി.
നല്ല ഈജിപ്ഷ്യൻ ഭക്ഷണം കഴിച്ചതിന് ശേഷം “മെംഫിസ്” എന്ന ചരിത്രപ്രധാനമായ സ്ഥലത്തേക്കാണ് ഞങ്ങൾ പോയത്. ഗിസയിൽ നിന്നും ഏകദേശം 22 കി.മി അകലെ സ്ഥിതിചെയ്യുന്ന പുരാതന ഈജിപ്തിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ നഗരങ്ങളിലൊന്നാണ് മെംഫിസ്. പുരാതന ഈജിപ്തിന്റെ തലസ്ഥാനമായും ഒരു പ്രധാന മത ആരാധനാകേന്ദ്രമായും കൂടാതെ പ്രധാന വാണിജ്യ കേന്ദ്രമായും ഇവിടം പ്രവർത്തിച്ചിരുന്നു. അത്കൊണ്ട്തന്നെ ഈജിപ്തിലെ ആദ്യകാല ഫറോവമാർ മെംഫിസിൽ നിന്നായിരുന്നു രാജ്യം ഭരിച്ചിരുന്നത്. സൃഷ്ടികളുടെയും കലാസൃഷ്ടികളുടെയും ദേവനായി പുരാതന ഈജിപ്തുകാർ ആരാധിച്ചിരുന്ന “പാത്” (Ptah) ദേവന്റെ സംരക്ഷണയിലാണ് മെംഫിസ് എന്ന് അവർ വിശ്വസിച്ചിരുന്നു. അതിനാല് ഇത് ഒരു ആത്മീയ കേന്ദ്രമായി മാറിയത്.
പിന്നീട് മെംഫിസ് ഒരു തലസ്ഥാനമല്ലാതായപ്പോൾ പോലും ഇത് ഒരു പ്രധാന വാണിജ്യ, സാംസ്കാരിക, മത കേന്ദ്രമായി തുടർന്നു. മെംഫിസ്, നൈൽ നദി തായ്വരക്കടുത്തുള്ള നഗരമായതിനാലാണ് പുരാതനകാലത്ത് ഇവിടെ താമസത്തിനുള്ള സ്വാഭാവിക സ്ഥലമായി മാറിയത്. രാജ്യത്തെ മിക്ക ഭരണാധികാരികളും ഈ നഗരത്തിലോ സമീപത്തോ അവരുടെ വലിയ സ്മാരകങ്ങൾ നിർമ്മിചിരുന്നു. രാംസെസ് II മുതൽ മഹാനായ അലക്സാണ്ടർ വരെ ഇതിൽ പെടുന്നു. എന്നാൽ റോമാക്കാർ ഈജിപ്തിനെ കീഴടക്കിയതിനുശേഷം മെംഫിസ്ന്റെ പ്രാധാന്യം കുറയാൻ തുടങ്ങി. ക്രി.വ. നാലാം നൂറ്റാണ്ടോടുകൂടി ആളുകൾ ഈജിപ്ഷ്യൻ ദേവന്മാരുടെ പഴയ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സന്ദർശിക്കുന്നത് നിർത്തലാക്കി. ക്രിസ്തുമതത്തിന്റെ വരവാണ് ഇത് വേഗത്തിലാക്കിയത്. ഏഴാം നൂറ്റാണ്ടിൽ അറബ് അധിനിവേശം മെംഫിസിന്റെ നാശം ആക്കംകൂട്ടി. പിന്നീട് 19, 20 നൂറ്റാണ്ടുകളിൽ ഇവിടെനിന്ന് പല ചരിത്ര സ്മാരകങ്ങൾ കണ്ടെത്തുകയും അതിനെത്തുടർന്നാണ് ടൂറിസത്തിന്റെ ഭാഗമായി മെംഫിസ് സന്ദർശകർക്കായി ഒരുക്കിയത്.
ഗിസയിൽ നിന്ന് മെംഫിസിലേക്കുള്ള യാത്ര ഞങ്ങൾക് ഒരു പ്രത്യേക അനുഭവമായിരുന്നു. ഈജിപ്തിനെ ഉൾഗ്രാമങ്ങളിലൂടെ ഉള്ള ഒരു കാർ യാത്ര. ഇന്ത്യയിലെ പഴയകാലങ്ങളിലെ ഗ്രാമങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളായിരുന്നു ഈ യാത്രയിൽ മുഴനീളം ഉണ്ടായിരുന്നത്. റോഡിന്റെ വശങ്ങളിൽ കൃഷിയിടങ്ങൾ, പൊട്ടിപൊളിഞ്ഞ റോഡുകൾ, പഴയകാലത്തെ ഓട്ടോറിക്ഷകൾ, 80-കളിലെ വാനുകൾ, വഴിയരികിൽ മീൻ വിൽക്കുന്ന വൃദ്ധകൾ, പഴയരീതിയിൽ ഉള്ള പലചരക്കു കടകൾ, ഇറച്ചിക്കടകൾ, തോടുകൾ, പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾ. ഈ കാഴ്ചകളെല്ലാം കണ്ട്കൊണ്ടാണ് ഞങ്ങൾ പുരാതന ഈജിപ്തിന്റെ തലസ്ഥാനമായ മെംഫിസിൽ എത്തിയത്.
യാതാർത്ഥ മെംഫിസിന്റെ വളെരെ കുറച് മാത്രമേ ഇന്ന് നിലനില്കുന്നുള്ളു എങ്കിലും ലോക പൈത്രക സ്ഥലങ്ങളുടെ പട്ടികയിൽ ഗിസ പിരമിഡുകൾക്കൊപ്പം സ്ഥാനം ഉള്ള സ്ഥലമാണ് മെംഫിസ്. അവിടെ ഒരു ഓപ്പൺ എയർ മ്യൂസിയവും, അതിൽ പുരാതന നഗരത്തിലെ അവശേഷിക്കുന്ന ചില അത്ഭുതങ്ങൾ സന്ദർശകർക്ക് വേണ്ടി പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഇതിൽ റാംസെസ് II ന്റെ കൂറ്റൻ പ്രതിമയും ഒരൊറ്റ അലബാസ്റ്റർ കല്ലിൽ കൊത്തിയെടുത്ത മനോഹരമായ സ്ഫിങ്സും ഉൾപ്പെടുന്നു. ഏകദേശം എൺപത് ടൺ ആണ് ഈ സ്ഫിങ്ക്സിന്റെ ഭാരം.
ശേഷം ഞങ്ങൾ പോയത് “സഖാറ” യിലേക്കാണ്. മെംഫിസിനടുത്തുള്ള സഖാറ, ശവസംസ്കരണത്തിനും അതുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും വേണ്ടിയുള്ള ഒരു പുരാതന സ്ഥലമാണ്. സഖാറയിലെ ഏറ്റവും പ്രശസ്തമായ നിർമിതി, ജോസറിന്റെ സ്റ്റെപ്പ് പിരമിഡാണ്. മൂന്നാം രാജവംശത്തിന്റെ (ബിസി 2667—2448) കാലഘട്ടത്തിൽ, ഭൂമിയിൽ നിർമ്മിച്ച ആദ്യത്തെ ശിലാ സമുച്ചയമാണിത്. കൂടാതെ ഈജിപ്തിലെ ആദ്യത്തെ പിരമിടുംകൂടെയാണ് ഈ “സ്റ്റെപ് പിരമിഡ്”. കല്ലുകൾ ഒന്നിന് മുകളിലായി അടുക്കിവെച് സ്റ്റെപ് രൂപത്തിലുള്ള പിരമിഡ് ആയതിനാലാണ് ഇതിനെ സ്റ്റെപ്പ് പിരമിഡ് എന്ന് വിളിക്കുന്നത്. ഈ പ്രദേശത്തെ ചുറ്റപെട്ടുകൊണ്ട് നിർമിച്ചിരുന്നു കൂറ്റൻ മതിലിന്റെ ഇന്ന് അവശേഷിക്കുന്ന ഭാഗം അതിന്റെ വാസ്തുവിദ്യാ നിലവാരംകൊണ്ട് സന്ദർശകരെ അത്ഭുദപ്പെടുത്തുന്നു. 4700 വർഷങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയ ഒരു കവാടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നതെന്ന് വിശ്വസിക്കാൻ പറ്റിയിരുന്നില്ല. അത്രക്കും മനോഹരമായിരുന്നു അതിലെ കൊത്തുപണിയും നിർമാണവും. ആ കവാടത്തിലൂടെ ഉള്ളിൽ കടന്നാണ് ഈജിപ്തിലെ ആദ്യത്തെ പിരമിഡായ സ്റ്റെപ് പിരമിഡ് ആസ്വദിച്ച് കാണാൻ സാധിക്കുക. ഗിസയിലെ ഗ്രേയ്റ്റ് പിരമിഡിനെ പോലെ ഈ പിരമിഡിന്റെ ഉള്ളിലേക്ക് കയറാനുള്ള സൗകര്യം സന്ദർശകർക്കായി ഒരുക്കികൊണ്ടിരിക്കുകയാണ്. ഏകേദശം 2 മാസംകൊണ്ട് പണിപൂർത്തിയാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. സ്റ്റെപ് പിരമിഡ് കൂടാതെ ജീർണാവസ്ഥയിലുള്ള ചില പിരമിഡുകളും അതിനടുത്ത് കാണാം. ഫറോവ കാലത്തിലെ ചരിത്രത്തിലേക്ക് കൂട്ടികൊണ്ട് പോയ ഇന്നത്തെ ടൂർ അവസാനിപ്പിച്ച് ഞങ്ങൾ റൂമിലേക്ക് തിരിച്ചു.
- ദിവസം 3 (26/12/2019) – കയ്റോ
ഇന്നലത്തെ പോലെ ഇന്നും 8 മണിയായപ്പോൾ ഞങ്ങൾ കയ്റോയിലെ കാഴ്ചകൾ കാണാനായി ഇറങ്ങി. ഇന്ന് പോകാനുള്ള സ്ഥലങ്ങൾ പഴയ കെയ്റോ (old Cairo) യിലെ പ്രശസ്തമായ ഒരു കോട്ട (Citadel of Cairo or Citadel of Saladin), ലോക പ്രശസ്തമായ കെയ്റോ മ്യൂസിയം, ഖാൻ എൽ-ഖലീലി മാർക്കറ്റ്, അൽ-അസ്ഹർ മസ്ജിദ്/യൂണിവേഴ്സിറ്റി, അൽ- ഹുസൈൻ പള്ളി എന്നിവയാണ്.
ആദ്യം ഞങ്ങൾ പോയത് പഴയ കയ്റോയിലെ പ്രശസ്തമായ കോട്ടയിലേക്കാണ്. പഴയ കെയ്റോ എന്നത് റോമൻ കാലത്തെ സ്മാരകങ്ങളും, ക്രിസ്ത്യൻ പള്ളികളും, ജൂത പള്ളികളും, ഇസ്ലാമിക സ്മാരകങ്ങളും, പള്ളികളെല്ലാം ഉള്ള പഴയ ഭരണ സിരാകേന്ദ്രമാണ്. പഴയ കെയ്റോ ടൂറിനായി മാത്രം മറ്റൊരു ദിവസം മാറ്റിവെച്ചതിട്ടുള്ളതിനാൽ ഇന്ന് സലാഹ് എൽ-ദിൻ അയ്യൂബി കോട്ട എന്നറിപ്പെടുന്ന കോട്ടയിലേക്ക് മാത്രമേ പോയിട്ടുള്ളൂ.
അയ്യൂബിഡ് രാജവംശ”ത്തിന്റെ സ്ഥാപകനും ഈജിപ്തിലെ ആദ്യത്തെ സുൽത്താനുമായ സലാഹ് എൽ-ദിൻ അയ്യൂബി (An-Nasir Salah ad-Din Yusuf ibn Ayyub) 1176-ലാണ് ഈ കോട്ട നിർമിച്ചത്. പിന്നീട് വന്ന ഭരണാധികാരിൽ അവർക്ക് വേണ്ട മാറ്റങ്ങൾ ഈ കോട്ടയിൽ വരുത്തി. 12-ആം നൂറ്റാണ്ട് മുതൽ 19-ആം നൂറ്റാണ്ട് വരെയുള്ള 700 വർഷങ്ങളോളം ഈജിപ്ത്തിലെ ഭരണാധികാരികൾ ഭരണം നടത്തിയിരുന്നത് ഇവിടെനിന്നായിരുന്നു.നഗരത്തിന്റെ ഉയർന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ കോട്ടയിൽ പഴയ കൊട്ടാരങ്ങൾ, പള്ളികൾ, സൈനിക താവളങ്ങൾ, ജയിലുകൾ, മ്യൂസിയെങ്ങൾ മുതലായവയാണ് ഇന്നുള്ളത്. ഒരു മുഴുദിന കാഴ്ചകൾക്കുള്ളത് അകത്തുണ്ടെങ്കിലും സമയപരിമിതിമൂലം പ്രധാനപെട്ടത് മാത്രം കാണുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം.
സന്ദർശകർക്കുള്ള ടിക്കറ്റ് എടുത്തതിന് ശേഷം ഞങ്ങൾ ആദ്യം കോട്ട ഒന്ന് ചുറ്റിക്കണ്ടു. പിന്നീട് 1318-ൽ ഉണ്ടാക്കിയ ഒരു പള്ളി സന്ദർശിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പള്ളിക്ക് ഇന്നും പറയത്തക്ക കേടുപാടുകൾ പറ്റിയിട്ടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സുൽത്താൻ അൽ നാസിർ മുഹമ്മദ് ഇബ്നു കലാവൂൺ ആണ് ഈ പള്ളി നിർമിച്ചത്. ഇന്ത്യയിൽ നിന്നുള്ള ചന്ദന തടികൾ ഇന്നും കേടുകൂടാതെ ഈ പള്ളിയുടെ മേൽക്കൂരയിൽ ഉണ്ട് എന്നത് എന്നെ അതിശയപ്പെടുത്തി. രാഷ്ട്രീയ തകടവുകാരെ പാർപ്പിചിരുന്ന ജയിലുകൾ കാണാനാണ് പിന്നീട് പോയത്. വലിയ മതിലും ഗേറ്റും കൊണ്ട് ചുറ്റപ്പെട്ടാണ് ഈ ജയിലുകൾനിർമിച്ചിരിക്കുന്നത്. ഇടുങ്ങിയതും വെളിച്ചം കടക്കാത്തതുമായ മുറികളായിരുന്നു ഓരോ ജയിലുകളും. എങ്ങിനെയായിരുന്നു ജയിൽവാസികളെ പീഡിപ്പിച്ചിരുന്നത് എന്നതിന്റെ ചുമർചിത്രങ്ങൾ അവിടെ കാണാമായിരുന്നു.
ഈ കോട്ടക്കകത്തെ പ്രധാനപ്പെട്ട ഒരു പള്ളിയിലേക്കായിരുന്നു (The Great Mosque of Muhammad Ali Pasha or Alabaster Mosque) പിന്നീട് ഞങ്ങൾ പോയത്. ആധുനിക ഈജിപ്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന മുഹമ്മദ് അലി പാഷ, അകാലത്തിൽ മരണമടഞ്ഞ തന്റെ മകനുവേണ്ടി തുർക്കിയിലെ പ്രശതമായ “ബ്ലൂ മോസ്കിന്റെ” മാതൃകയിൽ 1848-ൽ പണി കഴിപ്പിച്ചതാണ് ഈ പള്ളി. അദ്ദേഹത്തിന്റെ കബറിടവും ഈ പള്ളിക്കുള്ളിലാണ്. ഇസ്ലാമിക കലകളും ഓട്ടോമൻ ചിത്ര ശൈലിയും കൊണ്ട് പള്ളിയുടെ ഉൾവശം ഭംഗിയായി അലങ്കരിച്ചിരിട്ടുണ്ട്. വിശാലമായ മുറ്റവും അതിന്റെ നടുവിലായി വുളു ചെയ്യാൻ പഴയരീതിയിൽ ഉള്ള സൗകര്യവുമാണ് ഈ പള്ളിയുടെ മറ്റൊരു പ്രത്യേകത. സ്വർണ നിറത്തിലുള്ള മേൽക്കൂര ചൂടിനെ തടയുന്ന കല്ലുകൊണ്ടാണ് നിർമിച്ചത് എന്നാണ് പറയുന്നത്. പല പ്രത്യേകതകളും ഉള്ള ഈ പള്ളിയിൽയിൽ അല്പസമയം ചിലവഴിച്ചതിന് ശേഷം ഞങ്ങൾ കയ്റോയിലെ പ്രശസ്തമായ ഖാൻ എൽ-ഗലീലി മാർക്കറ്റിലേക്ക് പുറപ്പെട്ടു.
പഴയ കയ്റോയിലെ വഴിയോര കാഴ്ചകളെല്ലാം കണ്ട് ഏകദേശം 11 മണിയായപ്പോൾ ഇസ്ലാമിക് കയ്റോയിലെ പ്രശസ്തമായ “ഖാൻ എൽ-ഖലീലി” മാർക്കറ്റിൽ എത്തി. ഈജിപ്തിലെ കയ്റോയിലെ ഒരു പ്രധാന സൂക്കാണ് ഖാൻ എൽ-ഖലീലി. നഗരത്തിലെ രണ്ട് പ്രധാന മുസ്ലിം പള്ളികളായ അൽ-ഹുസൈൻപള്ളി , പ്രശസ്തമായ അൽ-അസ്ഹർപള്ളി /യൂണിവേഴ്സിറ്റി എന്നിവയ്ക്ക് അടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. “ഫാത്തിമിഡ്” ഖലീഫകളുടെ ശ്മശാന സ്ഥലവും “ഫാത്തിമിഡ് ഗ്രേറ്റ് ഈസ്റ്റേൺ” കൊട്ടാരത്തിന്റെ ഭാഗവുമായ ഖാൻ എൽ-ഖലീലി ബസാർ എ.ഡി 970-ൽ ആണ് നിർമ്മിച്ചത്.
അതിനുശേഷം ബസാറിന്റെ രൂപം പരിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും, ഇന്നും ഇത് നഗരത്തിലെ പ്രധാനപെട്ടതും വിനോദസഞ്ചാരികൾക്കും നാട്ടുകാർകും പ്രിയപ്പെട്ട വ്യാപാര കേന്ദ്രവുമായി പ്രവർത്തിക്കുന്നു.
അൽ-ഹുസൈൻ മസ്ജിദിന്റെ മുമ്പിലുള്ള ചെറിയ വഴിയിലൂടെ ഞങ്ങൾ മാർക്കറ്റിനുള്ളിലേക് പ്രവേശിച്ചു. പുരാതന കെട്ടിടങ്ങളോട് കൂടിയ മാർക്കറ്റിൽ വിനോദസഞ്ചാരികളെകൊണ്ട് നിറഞ്ഞിരുന്നു. വഴിയുടെ ഇരുവശങ്ങളിയി അനേകം കടകൾ. ഒരു വഴിയിൽ നിന്നും മറ്റു വഴികൾ, അതിൽനിന്നും മറ്റൊന്ന്, അങ്ങിനെ ഉള്ള വലിയ മാർക്കറ്റാണ് ഖാൻ അൽ- ഖലീലി. നമുക്ക് ഷോപ്പിംഗിൽ വലിയ താൽപ്പര്യമില്ലെങ്കിലും, കയ്റോയിലെ ഈ മാർക്കറ്റിൽ ചുറ്റിനടക്കുന്നത് തന്നെ ഒരു അനുഭവമാണ്. ഈജിപ്തിന്റെ സംസകാരവുമായി ബന്ധപ്പെട്ട എല്ലാം ഈ മാർക്കറ്റിൽ കിട്ടും. പുരാതനവസ്തുക്കൾ, സുവനീർകൾ, വെള്ളി ആഭരണങ്ങൾ, കാർപെറ്റ്സ്, സുഗന്ധദ്രവ്യങ്ങൾ,പാപ്പിറസ് പൈന്റിങ് തുടങ്ങി വിനോദസഞ്ചാരികൾക്കാവിശ്യമുള്ള എല്ലാം ഇവിടെ കിട്ടും. ഗുണമേന്മയുള്ളതും ഇല്ലാത്തതുമായ സാധനങ്ങൾ ഇവിടുള്ളതിനാലും കച്ചവടക്കാർ സാമർത്യകാരായതിനാലും വഞ്ചിക്കപെടാതെ സൂക്ഷിക്കണം എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. വിനോദസഞ്ചാരികളെ അവരുടെ ഭാഷയിൽ സംസാരിച്ചു കച്ചവടം നടത്താൻ മിടുക്കുള്ളവരാണ് ഓരോ കച്ചവടക്കാരും. മാർക്കറ്റെല്ലാം ചുറ്റിക്കണ്ട് ചില്ലറ സാധനങ്ങളെല്ലാം വാങ്ങിച് പുറത്തുള്ള അൽ-ഹുസൈൻ മസ്ജിദിലേക്കാണ് പിന്നീട് ഞങ്ങൾ പോയത്.
അൽ-ഹുസൈൻ മസ്ജിദിലേക് സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത കവാടങ്ങിലൂടെ പ്രവേശിക്കേണ്ടതിനാൽ ഞാൻ തനിച്ചും ഭാര്യയും മോനും ഒരുമിച്ചുമാണ് അകത്ത് പ്രവേശിച്ചത്. 1154-ൽ ഫാത്തിമിഡ് (ഷിയാ വിശ്വാസികൾ) ഭരണകാലത്താണ് ഈ പള്ളി നിർമിച്ചത്. പിന്നീട് 1874-ൽ വിപുലമായി പുതുക്കിപ്പണിതു. ഈജിപ്തിലെ ഏറ്റവും പവിത്രമായ ഇസ്ലാമിക ആരാധനാലയങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈൻ ഇബ്നു അലിയുടെ പേരിലാണ് ഈ പള്ളി അറിയപ്പെടുന്നത്. അതിന് കാരണം, കർബല യുദ്ധത്തിൽ ശിരസ് ഛേദിക്കപ്പെട്ടനിലയിൽ മരണപ്പെട്ട ഹുസൈൻ (റ) തല ഈ പള്ളിയിലാണ് അടക്കം ചെയ്തിരിക്കുന്നത് എന്ന് ചില മുസ്ലീങ്ങൾ വിശ്വസിക്കുന്നതിനാലാണ്. കൂടാതെ, വിശുദ്ധ ഖുർആനിന്റെ ഏറ്റവും പഴയ കയ്യെഴുത്തുപ്രതി ഉൾപ്പെടെ മുസ്ലിങ്ങൾ പവിത്രമായി കരുതുന്ന ചില വസ്തുക്കൾ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഞാൻ പള്ളിയിൽ കയറിയപ്പോൾ ളുഹ്ർ നമസ്കാരത്തിന്റെ സമയമായതിനാൽ, ഹുസൈൻ (റ) തല അടക്കംചെയ്തു എന്ന് പറയപ്പെടുന്ന കുടീരത്തിലേക്കു സന്ദർശനാനുമതി ഉണ്ടായിരുന്നില്ല. പള്ളിക്കകത്തെ ഭക്തിസാന്ദ്രമായ അന്തരീക്ഷം അവിടുന്ന് ഇറങ്ങാൻ അനുവദിക്കുന്നില്ലങ്കിലും, മറ്റ് സ്ഥലങ്ങൾകൂടെ കാണാനുള്ളത്കൊണ്ട് അവിടുന്ന് ഇറങ്ങേണ്ടി വന്നു. പിന്നീട് പോയത് അൽ-ഹുസൈൻ മസ്ജിദിന്റെ എതിർവശത്തുള്ള ലോകപ്രശസ്തമായ അൽ- അസ്ഹർ മസ്ജിദിലേക്കാണ്. ഇത്തരത്തിൽ നൂറുകണക്കിന് മുസ്ലിം പള്ളികൾ കയ്റോയിൽ ഉള്ളതിനാൽ “മിനാരങ്ങളുടെ നാട്” എന്ന വിളിപ്പേരും ഉണ്ട് കയ്റോക്ക്.
കയ്റോയിൽ നിരവധി പഴയ പള്ളികൾ ഉണ്ടെങ്കിലും, മറ്റൊന്നിനെയും അൽ-അസ്ഹർ പള്ളിയുമായി താരതമ്യപ്പെടുത്താൻ പറ്റില്ല. എഡി 970-ൽ ആരാധനയ്ക്കും പഠനത്തിനുമായി ഫാത്തിമിഡ് ഭരണകാലത്ത് സ്ഥാപിതമായ ഈ പള്ളി, ഇസ്ലാമിക ദൈവ ശാസ്ത്രത്തിന്റെയും പഠനത്തിന്റെയും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ്. അൽ-അസ്ഹർ പള്ളി ആദ്യകാലത്ത് ഷിയാ ചിന്തകളുടെ കേന്ദ്രമായിരുന്നു. ഫാത്തിമിഡ് ഭരണ തകർച്ചക്ക് ശേഷമാണ് അത് സുന്നി ചിന്തകളുടെ പ്രഭവ കേന്ദ്രമായി മാറിയത്. ആയിരക്കണക്കിന് പണ്ഡിത പ്രതിഭകൾ പഠിച്ചിറങ്ങിയ പള്ളിയുടെ/യൂണിവേഴ്സിറ്റിയുടെ പൗരാണിക പ്രൗഢിയും തനത് സൗന്ദര്യവും ഒന്ന് കാണേണ്ടത് തന്നെയാണ്. ഒരുകാലത്ത് ബാഗ്ദാദ് ആയിരുന്നു ഇസ്ലാമിക വിജ്ഞാനകേന്ദ്രം. പിൽക്കാലത്ത് കൈറോയിലെ അൽ അസ്ഹർ ലോകത്തെ ഏറ്റവും വലിയ ജ്ഞാന കേന്ദ്രമായി മാറി.
1961-ൽ ജമാൽ അബ്ദുൽ നാസർ പ്രസിഡന്റ് ആയിരുന്നപ്പോൾ ഇസ്ലാമിക വിഷയം കൂടതെ ബൗദ്ധികവിഷയങ്ങൾകൂടെ അൽ-അസ്ഹർ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കൽ തുടങ്ങി. അതോടുകൂടി ഈ പള്ളിയെ കൂടതെ മറ്റൊരു സ്ഥലത്ത്കൂടി യൂണിവേഴ്സിറ്റി പ്രവർത്തനമാരംഭിച്ചു. 1962 ലാണ് ആദ്യമായി സ്ത്രീകൾ ഇവിടെ പ്രവേശനം നേടുന്നത്. ഇസ്ലാമിക വിജ്ഞാനീയങ്ങൾക്ക് പുറമെ വൈദ്യ ശാസ്ത്രമുൾപ്പെടെയുള്ള വിവിധ ആധുനിക കോഴ്സുകളും ഇപ്പോൾ ഇവിടെയുണ്ട്. പല പ്രമുഖ ഇസ്ലാമികപണ്ഡിതൻമാരും ഇവിടെനിന്നാണ് ഇസ്ലാമിക വിഷയത്തിൽ ഉന്നതപഠനം നടത്തിയിരുന്നത്.
ചെരുപ് പുറത്ത് അഴിച്ചുവെച് ഞങ്ങൾ അകത്ത് കയറി. മാർബിൾ പാകിയ വിശാലമായ നടുമുറ്റം, ചുറ്റിലും കുട്ടികളും വലിയവരും ഖുർആൻ പാരായണം ചെയ്യുന്നു. അകത്ത് കടന്നപ്പോൾ പൗരാണികരീതിയിൽ കൊത്തുപണികളും ചിത്രകലകളോടുംകൂടിയ മനോഹരമായ പള്ളിക്കകത്ത് അങ്ങിങ്ങായി പല ക്ലാസ്സുകളും നടക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് ക്ലാസ്സുകൾ നടക്കുന്നത്. സമയക്കുറവ് മൂലം രണ്ട് രക്ഹത് സുന്നത് നമസ്കരിച് അവിടെനിന്നും പെട്ടെന്ന് ഇറങ്ങേണ്ടിവന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇസ്ലാമിക് കയ്റോയിലെ ബാങ്ക്വിളികളുടെ ഈണവും ഭക്തിസാന്ദ്രമായ അന്തരീക്ഷവും കൈറോ പട്ടണത്തിലെ പഴമയുടെ ചൈതന്യവുമെല്ലാം ഒരുമിക്കുമ്പോൽ സന്ദർശകരെ ഒരുപാട് കാലങ്ങൾ പിറകിലേക്ക് കൊണ്ടുപോകും. ഇസ്ലാമിക കയ്റോയെകുറിച് കൂടുതൽ അടുത്തറിയാനുള്ള ആഗ്രഹമുള്ളതിനാലും ഇന്ന് അതിനുള്ള സമയം കിട്ടാത്തതിനാലും മറ്റൊരു ദിവസം ഇങ്ങോട്ട് മാത്രമായി വരണം എന്ന് മനസ്സിൽ ഉറപ്പിച് ഉച്ചഭക്ഷണത്തിനായി നൈൽ നദിക്കരികിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഞങ്ങൾ പോയി. ഭക്ഷണം കഴിച്, ഏകദേശം 2 മണിയായപ്പോൾ ലോകപ്രശസ്തമായ കയ്റോ മ്യൂസിയത്തേക്ക് ഞങ്ങൾ പോയി.
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നായാണ് കയ്റോ അന്താരാഷ്ട്ര മ്യൂസിയം അറിയപ്പെടുന്നത്. കയ്റോയുടെ ഹൃദയം എന്ന് പറയാവുന്ന പ്രസിദ്ധമായ തഹ്റീർ ചത്വരത്തിന് സമീപത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 1901-ൽ നിർമിച്ച ഈ മ്യൂസിയത്തിൽ ഏകദേശം 1,20,000-ത്തിലധികം പൗരാണിക വസ്തുക്കളാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്. ഫറോവമാരുടെ തുടക്കം (old kingdom) മുതൽ ഗ്രീക്ക്-റോമൻ കാലഘട്ടം വരെയുള്ള പുരാതന ഈജിപ്തിന്റെ ചരിത്രം നേരിട്ട് കണ്ട് മനസ്സിലാക്കാൻ പറ്റുന്ന കാഴ്ചകളാണ് മ്യൂസിയത്തിലുള്ളത്. പുരാതന ഈജിപ്തിന്റെ ചരിത്രങ്ങളും, കേട്ട കഥകളും, നേരിൽ കണ്ട കാഴ്ചകളും സത്യമാണെന്ന് വിശ്വസിക്കാവുന്ന തരത്തിലുള്ള തെളിവുകളാണ് ഇവിടെ പ്രദർശനത്തിന് വെച്ചിട്ടുള്ളത്. ഈ 1,20,000-ത്തിലധികം പൗരാണിക വസ്തുക്കൾക്ക് പുറമെ, സ്ഥലപരിതി മൂലം അനേകായിരം പുരാവസ്തുക്കൾ സ്റ്റോർ റൂമുകളിലും മറ്റുമായി സൂക്ഷിച്ചിരിക്കുകയാണ്. ഇതെല്ലാം ഉൾകൊള്ളാവുന്ന ഒരു വലിയ മ്യൂസിയത്തിന്റെ (Grand Egyptian Museum) പണി ഈജിപ്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകം മനസ്സിലാക്കേണ്ട മറ്റൊരു സത്യം, പുരാതന ഈജിപ്തിലെ പല വിലപിടിപ്പുള്ള വസ്തുക്കളും നിധിശേഖരങ്ങളും ഇന്ന് ബ്രിട്ടനടക്കമുള്ള രാജ്യങ്ങളിലെ കൈവശമാണ്.
മ്യൂസിയത്തിന്റെ പുറത്ത് പ്രദർശനത്തിന് വെച്ച ചില പുരാതന പ്രതിമകളെല്ലാം കണ്ട് ഞങ്ങൾ ഉള്ളിലേക്ക് കയറി. സഹസ്രാബ്ദങ്ങളുടെ പഴമയുള്ള ഫറോവമാരുടെ പ്രതിമകളാണ് ഞങ്ങളെ വരവേറ്റത്. രാംസെസ് II, കിംഗ് കുഫു, കിംഗ് കെഫ്രിൻ തുടങ്ങിയവരുടെ പ്രതിമകളാണ് അതിൽ ചിലത്. ഗ്രേറ്റ് പിരമിഡിന്റെ ഉടമസ്ഥനായ കിംഗ് കുഫു- ന്റെ പ്രതിമ മറ്റ് പലരിൽനിന്നും വ്യത്യസ്തമായി തീരെ ചെറുതാണ്. കൂടാതെ പ്രവേശന കവാടത്തിനു സമീപമായി “റോസെറ്റെ കല്ലിന്റെ” (Rosetta stone) ഒരു മാതൃകയുംപ്രദർശിപ്പിച്ചിട്ടുണ്ട്. പുരാതന ഈജിപ്തിലെ എഴുത്തുഭാഷ “ഹൈറോഗ്ലിഫ്സ്” ആയിരുന്നു. കാലക്രമേണ ആ ഭാഷ ഭൂമിയിൽനിന്നും ഇല്ലാതായി. എന്നാൽ ഈജിപ്തിലെ എല്ലാ പുരാവസ്തുവിലും ഈ ഹൈറോഗ്ലിഫിയിലുള്ള ലിഖിതങ്ങളുണ്ട്. എന്നാൽ എന്താണ് എഴുതിയിരിക്കുന്നതന്ന് ആർക്കും വായിച്ചെടുക്കാൻ സാധിചിരുന്നില്ല. അങ്ങനെയിരിക്കെയാണ് 1799-ൽ ഈ റോസെറ്റെ ശില കണ്ടത്തുന്നത്. ഇതിൽ ആലേഖനം ചെയ്തിരിന്നത് ഒരേ വാചകകങ്ങളുടെ മൂന്ന് സ്ക്രിപ്റ്റുകളാണ്. കല്ലിന്റെ മുകളിൽ ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്സ്, മധ്യത്തിൽ ഈജിപ്ഷ്യൻ ഡെമോട്ടിസും അവസാനം പുരാതന ഗ്രീക്കും. ഹൈറോഗ്ലിഫ്സ് എന്ന ഭാഷയുടെ ചുരുളഴിയാൻ ഈ ശിലാലിഖിതം സഹായകമായി. എന്നാൽ യാതാർത്ഥ റോസെറ്റെ ശില ഇപ്പോൾ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. അതിന്റെ ഒരു മാതൃക മാത്രമാണ് ഈ മ്യൂസിയത്തിൽ ഉള്ളത്.
രണ്ട് നിലകളിലായി വിശാലമായി കിടക്കുന്ന ഈ മ്യൂസിയത്തിൽ കല്ലിൽ കൊത്തിവെച്ച ശിൽപ്പങ്ങൾ, പുരാതനകാലത്തെ ജീവിതം വരച്ചുകാട്ടുന്ന ചിത്രങ്ങൾ, മേശകൾ, ശവപ്പെട്ടികൾ, ആഭരങ്ങൾ പാപ്പിറസിന്റെയും നാണയങ്ങളുടെയും വിപുലമായ ശേഖരം, കല്ലുകൾ, പുരാതന വസ്തുക്കൾ, മരണാനന്തരം രാജാക്കന്മാർക്കൊപ്പം സംസ്കരിക്കപ്പെട്ടിരുന്ന ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ ഒരു വലിയ ശേഖരം തന്നെ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. പുരാവസ്തു ഗവേഷകർ കാലക്രമേണ പുതിയ കണ്ടെത്തലുകൾ നടത്തുന്നതിനാൽ മ്യൂസിയത്തിന്റെ ശേഖരം അതിവേഗം വളരുകയാണ്.ഇതിനൊക്കെ പുറമേ മുകളിലത്തെ നിലയിൽ രാംസെസ് II-ന്റെതുൾപ്പെടെ ചില മമ്മികളും സൂക്ഷിച്ചിട്ടുണ്ട്. ഇന്നും കേടുകൂടാതെ സംരക്ഷിക്കപ്പെടുന്ന ഈ മമ്മികൾ ഒരു അത്ഭുതമാണ്. ഇതിനായി ഒരുക്കിയ മുറിയിൽ പ്രവേശിക്കാൻ പ്രത്യേക ഫീസ് ആവിശ്യമാണ്.
രണ്ടാം നിലയിലെ മറ്റൊരു പ്രത്യേകത, തുത്തൻഖാമൻ-ന്റെ മുഖാവരണം പ്രദർശനത്തിന് വെച്ചിട്ടുണ്ടെന്നുള്ളതാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തു എന്ന ഖ്യാതികൂടി ഇതിനുണ്ട്. ശുദ്ധസ്വർണത്തിൽ നിർമിച്ച ഈ മുഖാവരണം രത്നങ്ങൾ പതിപ്പിച്ച പത്തുകിലോയിലധികം തൂക്കമുള്ള ഒരു അമൂല്യനിധിയാണ്. ഈ മുറിയിൽത്തന്നെ ആ യുവരാജാവിന്റെ സ്വർണ്ണ ശവമഞ്ചവും ആടയാഭരണങ്ങളും മറ്റു പുരാവസ്തുക്കളുമുണ്ട്. മുറിയുടെ പുറത്തായി അദ്ദേഹത്തിനെ അടക്കം ചെയ്യാൻ ഉപയോഗിച്ച സ്വർണം പൊതിഞ്ഞ മൂന്ന് ചതുരപ്പെട്ടികൾ കാണാം. ഒരു പെട്ടിക്കുള്ളിൽ അടുത്ത പെട്ടി,അതിനുള്ളിൽ അടുത്ത പെട്ടി. അങ്ങനെ മൂന്നു പെട്ടിക്കുള്ളിലായിരുന്നു തുത്തൻഖാമന്റെ ശവമഞ്ചം അടക്കം ചെയ്തത്. വലിയ പെട്ടിക്കു ഒരു മുറിയോളം വലുപ്പമുണ്ട്. അതിന്റെ അടുത്ത് ഒരു ചില്ലുകൂട്ടിൽ സ്വർണ്ണ സിംഹാസനവും പാദപീഠവും. സിംഹാസനത്തിൽ രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. എന്നാൽ തുത്തൻഖാമൻ-ന്റെ മമ്മി ഇപ്പോഴും ലക്സോരിലെ ശവകുടീരത്തിലാണുള്ളത്.ഏകദേശം മൂന്ന് മണിക്കൂർ മ്യൂസിയത്തിൽ ചിലവഴിച്ച് ഞങ്ങൾ ഇറങ്ങി. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണ് ഇന്നത്തെ കയ്റോ സഞ്ചാരം ഞങ്ങൾക്ക് സമ്മാനിച്ചത്. നാളെ കയ്റോയിൽ നിന്നും 870 കിലോമീറ്റർ അകലെയുള്ള “അസ്വാൻ” എന്ന സ്ഥലത്തെക്കാണ് ഞങ്ങൾ പോകുന്നത്. അതിന്റെ വിശേഷങ്ങൾ നാളെ എഴുതാം.
- ദിവസം 4 (27/12/2019) -അസ്വാൻ
ഈ രാത്രിയിൽ ഞങ്ങൾ ഈജിപ്തിന്റെ തെക്ക് ഭാഗത്തുള്ള അസ്വാൻ എന്ന സ്ഥലത്ത്, നൈൽ നദിയിലെ ഒരു ക്രൂയിസിലാണ് (ചെറിയ ഒരു കപ്പൽ) ഉള്ളത്. കയ്റോയിൽ നിന്നും 850 കി.മി അകലെയാണ്, നിരവധി ചരിത്ര സ്മാരകങ്ങളും അതുമായി ബന്ധപ്പെട്ട ചരിത്രങ്ങളുമുള്ള ഈ മനോഹരമായ പട്ടണം സ്ഥിതിചെയ്യുന്നത്. രാവിലെ 10:30-ന് കയ്റോ എയർപോർട്ടിൽ നിന്നും പുറപ്പെട്ട് ഏകദേശം 12:30 ആയപോയേക്കും അസ്വാനിലെ ചെറിയ എയർപോർട്ടിൽ എത്തി. പുറത്ത് ഞങ്ങളെയും കാത്ത് ഡ്രൈവർ നിൽപ്പുണ്ടായിരുന്നു. കയ്റോയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് അസ്വാൻ. രണ്ട് വിത്യസ്ത രാജ്യങ്ങളെന്നപോലെയാണ് ഈ വ്യത്യസം. ഈജിപ്തിന്റെ വടക്ക് കയ്റോ, അലക്സാൻഡ്രിയ ഭാഗങ്ങളിൽ വെളുത്ത നിറക്കാർ ആണ് കൂടുതൽ. യൂറോപ്പുമായുള്ള അടുപ്പമാണ് അതിന്റെ പ്രധാന കാരണം. പക്ഷെ തെക്കോട്ടു വരുന്തോറും അവരുടെ ആഫ്രിക്കൻ ജനിതകം കൂടുതൽ തെളിഞ്ഞു വരും. ഇവിടുന്ന് കുറച്ചകലെയാണ് സുഡാൻ സ്ഥിതിചെയ്യുന്നത്.
നൈൽ ഈജിപ്തിലേക്ക് കടന്നതിനു ശേഷം ഉള്ള പ്രധാന പട്ടണം ആയ അസ്വനിൽ കറുത്ത നിറമുള്ള “നുബിയൻ” വർഗക്കാരാണ് കൂടുതൽ. ഇവിടെ കാണുന്ന ഈജിപ്തുകാർ കയ്റോയിലെ സുന്ദരന്മാരെയും സുന്ദരികളെയും താരതമ്മ്യപ്പെടുത്തുമ്പോൾ കറുത്തവരാണ്.
എയർപോർട്ടിൽ നിന്നും ഏകദേശം 20 മിനുറ്റ് കൊണ്ട് ഞങ്ങൾ ക്രൂയിസിലെത്തി. 2 മണിയാവുമ്പോഴേക്കും ടൂർ ഗൈഡ് ഞങ്ങളുടെ അടുത്ത് വരും എന്ന് അറിയിച്ച്കൊണ്ട് ഡ്രൈവർ മടങ്ങി. ഇനിയുള്ള 4 ദിവസം നൈൽ നദിയിലെ ഈ ക്രൂയിസിലാണ് താമസവും യാത്രയും. ക്രൂയിസ് എന്നത് നൈൽ നദിയിലൂടെ അസ്വാനിൽ നിന്ന് ലക്സോരിലേക്കും അവിടുന്ന് തിരിച്ചും വിനോദസഞ്ചാരികളുമായി യാത്രചെയ്യുന്ന ഒരു ചെറിയ കപ്പലാണ്. രാത്രിസമയങ്ങളിലാണ് അധികവും യാത്രയുണ്ടാവാറുള്ളത്.
പകൽ സമയങ്ങളിൽ കാഴ്ചകൾ കാണാനായി നൈലിന്റെ തീരത്ത് നിർത്തിയിടാറാണ് പതിവ്. എന്നാൽ ചില സമയങ്ങളിൽ പകലും യാത്ര ഉണ്ടാവാറുണ്ട്.മുൻകൂട്ടി പറഞ്ഞത് പ്രകാരം മുകളിലത്തെ തട്ടിലാണ് ഞങ്ങൾക്കുള്ള താമസ സൗകര്യമുണ്ടായിരുന്നത്. മൂന്ന് നിലകളിലായി 40-ൽ അധികം മുറികൾ, വിശാലമായ ഭക്ഷണശാല, മദ്യശാല, ജിം, നീന്തൽ കുളം തുടങ്ങിയവയെല്ലാം അടങ്ങിയതായിരുന്നു ഈ ക്രൂയിസ്. സമയം 2 മണിയായിപ്പോയേക്കും ടൂർ ഗൈഡ് എത്തിയിരുന്നു. അഹമ്മദ് ഗുറാബി എന്ന നൂബിയൻ കുടുംബത്തിൽ പെട്ട പുരാതന ഈജിപ്തിനെ കുറിച്ച് നല്ല അറിവുള്ള നല്ല മനുഷ്യനാണ് ഇനിയുള്ള 4 ദിവസത്തെ ഞങ്ങളുടെ ഗൈഡ്. ഇന്ന് ഞങ്ങൾ പോയത് അസ്വാനിലെ “ഹൈ ഡാമും”, “ഫിലീ ടെംബിളും” കാണാനായിരുന്നു.
അസ്വാനിലെ ഇളംചൂടിൽ ഞങ്ങൾ ആദ്യം പോയത് പ്രശസ്തമായ ഹൈ ഡാം കാണാനാണ്. കാറിൽ കയറിയ ഉടനെത്തന്നെ, ഇന്ന് കാണാൻപോകുന്ന സ്ഥലങ്ങളെ കുറിചുള്ള ഒരു ചെറുവിവരണം അഹ്മദ് നൽകിയിരുന്നു. കേട്ടറിഞ്ഞിട്ടുള്ള ഈ പ്രശസ്തമായ ഡാം നേരിൽ കാണുന്നതിന്റെ ആകാംക്ഷയായിരുന്നു എന്റെ മനസ്സിൽ. 1960-ൽ ജമാൽ അബ്ദുൽ നാസർ ഈജിപ്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ പണി തുടങ്ങി, 1970-ൽ പൂർത്തിയതാണ് ഈ ഡാം. പുരാതന കാലം മുതൽ വർഷത്തിലൊരിക്കൽ നൈൽ കരകവിഞ്ഞൊഴുകുന്ന ഒരു പ്രതിഭാസം ഈജിപ്തിൽ ഉണ്ടായിരുന്നു. ഇങ്ങിനെ വെള്ളം കയറുമ്പോൾ വലിയ തോതിൽ കൃഷി നാശങ്ങൾ സംഭവിക്കുകയും, പല ചരിത്ര ശേഷിപ്പുളും വെള്ളത്തിനടിയിൽ പെട്ട് അപ്രത്യക്ഷമാവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാറുണ്ടായിരുന്നു.
ഇതിന് തടയിടാൻ 1898-ൽ ഒരു ഡാം (Low dam) നിർമിച്ചിരുന്നങ്കിലും, അത് വേണ്ടവിധം ഗുണം ചെയ്തിരുന്നില്ല. അങ്ങിനെയാണ് നൈൽ നദിക്കും നാസർ തടാകത്തിനും ഇടയിൽ 111 മീറ്റർ ആഴത്തിലും ഏകദേശം 4 കി. മീ. നീളത്തിലും ഹൈ ഡാം നിർമിച്ചത്. സോവിയറ്റ് യൂണിയന്റെ സഹായം കൂടെ ഉണ്ടായിരുന്നു ഈജിപ്തിന് ഈ വലിയ പദ്ധതി പൂർത്തീകരിക്കാൻ. സൂയസ് കനാൽ ദേശവത്കരിച്ചതിന്റെ പിന്നിലെ ലക്ഷ്യം, ഈ ഡാമിന്റെ നിർമാണത്തിന് വേണ്ട പണം കണ്ടെത്തുക എന്നതും കൂടെയായിരുന്നു. നൈലിന്റെ കരകവിഞ്ഞൊഴുകൽ ഈ ഡാമിന്റെ നിർമാണം മൂലം ഇല്ലാതായി എന്ന് മാത്രമല്ല, കൃഷിക്കും വൈദ്യുതിക്കും ആവിശ്യമായ വെള്ളം ഈ ഡാമിൽ നിന്നും ഈജിപ്തിന് ലഭിക്കുകയും ചെയ്തു. അത്കൊണ്ട്തന്നെ ഹൈ ഡാമിന്റെ നിർമാണം വിജയമായിരുന്നു എന്ന് പറയാം.
ഹൈ ഡാമിന്റെ ഒരു ഭാഗത്ത്, ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകങ്ങളിലൊന്നായ “നാസർ തടാകവും” മറു ഭാഗത്ത് നൈൽ നദിയുമാണ് . ഏഴ് രാജ്യങ്ങളിലൂടെ ഒഴുകുന്ന നൈൽ നദി ഈജിപ്ത്തിൽ നിന്നും തുടങ്ങുന്നത് ഇവിടെ നിന്നാണ്. അവിടെ നിന്നും ചില ഫോട്ടോകളെല്ലാം എടുത്ത് ഞങ്ങൾ പിന്നീട് പോയത് പ്രശസ്തമായ ഫിലീ ക്ഷേത്രത്തിലേക്കാണ്. ഐസിസ് ക്ഷേത്രം എന്ന മറ്റൊരു പേരും കൂടെ ഇതിനുണ്ട്.
“ഈജിപ്തിന്റെ മുത്ത്” (The Pearl of Egypt) എന്നറിയപ്പെടുന്ന “ഫിലീ” എന്ന ദീപിൽ ബിസി 280-ൽ ഐസിസ് ദേവതയുടെ പേരിൽ ഗ്രീക്ക് കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമിച്ചത്. പൗരാണിക ഈജിപ്തിന്റെ കാഴ്ചകളുടെ ട്രൈലെർ മാത്രമാണ് കയ്റോയിൽ ഉള്ളതെന്ന് പറഞ്ഞു കേട്ടിണ്ടുണ്ട്. പൗരാണിക ഈജിപ്തിന്റെ ചരിത്രസ്മാരകങ്ങളുടെ 70 ശതമാനവും അസ്വാനിലും ലക്സോരിലുമായിട്ടാണുള്ളത്. കാണാനിരിക്കുന്ന അത്ഭുതങ്ങളുടെ തുടക്കം മാത്രമാണ് ഫിലീ ക്ഷേത്രം എന്ന് അവിടെ എത്തിയപ്പോൾ മനസ്സിലായി. ഈജിപ്തിലെ സ്മാരകങ്ങൾ കാണുന്നതിന് മുമ്പ് അതിന്റെ പിന്നിലെ വിശ്വാസം, ചരിത്രം എന്നിവയെ കുറിച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അല്ലങ്കിൽ സാധരണ കല്ലുകൾകൊണ്ടുണ്ടാക്കിയ ചില പഴയ കെട്ടിടങ്ങൾ കാണുന്ന ലാഘവമേ നമുക്കുണ്ടാകുകയൊള്ളു. അതുകൊണ്ട്തന്നെ ഓരോ സ്മാരകത്തെ കുറിച്ച് എഴുതുമ്പോഴും അതുമായി ബന്ധപ്പെട്ട ചില ചരിത്രവും വിശ്വാസവും ചുരുക്കി എഴുതാം എന്ന് വിചാരിക്കുന്നു.
പുരാതന ഈജിപ്തിലെ ജനങ്ങളുടെ വിശ്വാസങ്ങളിൽ അനേകം ദേവന്മാരും ദേവതകളും ഉണ്ടായിരുന്നു. ഈ ദേവന്മാരും ദേവതകളുമായി ബന്ധപ്പെട്ട പല മിത്തുകളിലൂടെയായിരുന്നു ഈജിപ്തുകാർ ജീവിച്ചുപോന്നിരുന്നത്. അത്തരത്തിലുള്ള ഒരു മിത്താണ് ഫിലീ ക്ഷേത്രത്തിന്റെ പിന്നിലുള്ളത്. ഫറോവമാരുടെ തുടക്കം മുതലേ ഈജിപ്തിലെ പ്രധാനപ്പെട്ട ദേവൻമാരായിരുന്നു സഹോദരന്മാരായ ഒസൈറസും സെത്തും അവരുടെ സഹോദരിമാരായിരുന്നു ദേവതകളായ ഐസിസും നെഫ്റ്റിസും. ഭൂമിയുടെ ദേവനായ ഗെബിന്റെയും, ആകാശത്തിന്റെ ദേവതയായ നട്ടിന്റെയും, മക്കളാണ് ഇവർ നാലുപേരും എന്നാണ് ഐതിഹ്യം. സുന്ദരിയായ ഐസിസിനെ സഹോദരനായ ഒസൈറസും, നെഫ്റ്റിസിനെ മറ്റൊരു സഹോദരൻ സെത്തും വിവാഹം കഴിച്ചൂ. ഇത് അന്നത്തെ ഒരു ആചാരമായിരുന്നെന്നാണ് പറയുന്നത്. രണ്ട് ഭാഗമായിരുന്ന (upper egypt and lower egypt) ഈജിപ്തിന്റെ മേലെ ഈജിപ്ത് ഒസൈറസും താഴെ ഈജിപ്ത് സെത്തും ആയിരുന്നു ഭരിച്ചിരുന്നത്. ഒസൈറസിന്റെ ഭരണത്തിന് കീഴിൽ ജനങ്ങൾ സന്തോഷവാന്മാരായിരുന്നു. ജനങ്ങൾ സേത്തിനെക്കാളും ഒസൈറസിനെ സ്നേഹിച്ചിരുന്നു.
ജനങ്ങൾക്ക് ഒസൈറസിനോടുള്ള സ്നേഹവും, ഒസൈറസിന്റെ ഭാര്യയായ ഐസിസിന്റെ സൗന്ദര്യവും സെതിൽ അസൂയ ഉളവാക്കുകയും, എങ്ങിനെയെങ്കിലും ഒസൈറസിനെ ഇല്ലാതാക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങിനെ ഭക്ഷണത്തിൽ വിഷം കലർത്തി സെത് ഒസൈറസിനെ കൊലപ്പെടുത്തുകയും, മൃതശരീരം 14 കഷ്ണങ്ങളാക്കി ഈജിപ്തിന്റെ പല ഭാഗങ്ങളിൽ കൊണ്ടിടുകയും ചെയ്തു. ഇതറിഞ്ഞ ഐസിസ് വളരെയേറെ വിഷമിചു. ആണ്ട് തോറും നൈലിൽ ഉണ്ടായിരുന്ന പ്രളയം, ഒസൈറസിനെയോർതുള്ള ദുഃഖത്താൽ ഐസിസ് ഒഴുക്കിയ കണ്ണുനീർ കാരണമാണ് എന്ന് പുരാതന ഈജിപ്ത്തുകാർ വിശ്വസിച്ചിരുന്നു. എന്നാൽ പ്രത്യേക കഴിവുള്ള ഐസിസ്, കഷണങ്ങളാക്കിയ ഒസൈറസിന്റെ ശരീരഭാഗങ്ങൾ കണ്ടുപിടിക്കാൻ തീരുമാനിക്കുകയും, നല്ലവളായ സഹോദരി നെഫ്റ്റിസിന്റെ സഹായത്തോടെ ഒസൈറസിന്റെ ശരീരഭാഗങ്ങൾ ഈജിപ്തിന്റെ പലഭാഗങ്ങളിൽ നിന്നും കണ്ടെടുകുകയും ചെയ്തു. എന്നാൽ നൈൽ നദിയിൽ എറിഞ്ഞ ഒസൈറസിന്റെ ലിംഗം മാത്രം കണ്ടെത്താൻ പറ്റിയില്ല. ഈ കാരണത്താലാണ് പൗരാണിക ഈജിപ്തിൽ മത്സ്യം നിഷിദ്ധമാക്കപ്പെട്ടിരുന്നത്. ഒസൈറസിന്റെ ഹൃദയം കിട്ടിയത് ഫിലീ എന്ന ദീപിൽ നിന്നായിരുന്നു. ഇങ്ങിനെ കിട്ടിയ എല്ലാ ശരീരഭാഗങ്ങളും കൂട്ടിയോജിപ്പിച് ഐസിസ് ഒസൈറസിനെ പുനർജീവിപ്പിക്കുകയും (നഷ്ട്ടപെട്ട ശരീരഭാഗം മെഴുക് കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്), തന്റെ ആഗ്രഹപ്രകാരം ഒസൈറസിൽ ഐസിസിനൊരു കുട്ടി ജനിക്കുകയും ചെയ്തു. ആ കുട്ടിയായിരുന്നു ഈജിപ്തിലെ മറ്റൊരു ദേവനായ ഹോറസ്. പരിപൂർണനല്ലാതെ തനിക്കു കൂടുതൽ കാലം ജീവിക്കാൻ പറ്റില്ലന്ന് മനസ്സിലാക്കിയ ഒസൈറസ് പരലോകത്തേക്ക്യാത്രയാകുകയായിരുന്നു. അങ്ങിനെയാണ് ഒസൈറസിനെ മരണാനന്തര ജീവിതത്തിന്റെ ദേവൻ (god of after life), മരണത്തിന്റെ ദേവൻ (god of death), വിധിനിർണയത്തിന്റെ ദേവൻ (god of judgement) എന്നൊക്കെ ആയി വിശ്വസിചിരുന്നത്. ഐസിസിനെ മാജിക്, മാതൃത്വം, മരണം, രോഗശാന്തി, പുനർജന്മം എന്നിവയുടെ ദേവതയായും, ഹോറസിനെ രാജത്വത്തിന്റെ ദേവനായും ആകാശത്തിന്റെ ദേവനയുമാണ് വിശ്വസിച്ചിരുന്നത്. ഓരോ ദേവന്മാർക്കും/ ദേവതമാർക്കും രണ്ട് രൂപമാണ് ഉണ്ടായിരുന്നത്. ഒരു മനുഷ്യ രൂപവും മറ്റൊന്ന് മൃഗങ്ങളുടെയോ പക്ഷികളുടെയൊ മുഖമായിരിക്കുംഉണ്ടാകുക. പരുന്തിന്റെ മുഖമായിരുന്നു ഹോറസിന്റെത്. ഈജിപ്തിന്റെ പതാകന്മേലുള്ള പരുന്തിന്റെ രൂപത്തിന്റെ പിന്നിലെ രഹസ്യം അന്വേഷിച്ചുപോയാൽ ചിലപ്പോൾ എത്തിച്ചേരുക ഹോറസിന്റെ അടുത്തായിരിക്കും.
ഈജിപ്തിലെ ജനങ്ങൾക്കിടയിൽ, ജീവിച്ചിരിക്കുന്ന ഫറോവ ഹോറസ് ദേവന്റെ അവതാരമായും, ഫറോവ മരണമടഞ്ഞാൽ ഒസൈറസ് ദേവനിലേക്കു മടങ്ങും എന്ന വിശ്വാസമാണുണ്ടായിരുന്നത് (ഇങ്ങിനെ അവരെ വിശ്വസിപ്പിച്ചു എന്ന് വേണമെങ്കിലും പറയാം). ഈ ഒരു വിശ്വാസമുള്ളതിനാലാണ്, ഫറോവമാർക്ക് വേണ്ടി അവരുടെ ജീവിതാകാലത്തും മരണശേഷവും എല്ലാം ഒരുക്കികൊടുക്കാൻ ജനങ്ങൾ തയ്യാറായിരുന്നത്. ഫറോവമാർക്ക് ശേഷം ഗ്രീക്കുകാർ ഈജിപ്ത് ഭരിച്ചപ്പോഴും ഈ വിശ്വാസം തുടർന്ന് പോന്നു. അങ്ങിനെയാണ് ഒസൈറസിന്റെ ഹൃദയം കണ്ടെത്തി എന്ന് പറയുന്ന ഫിലീ ദ്വീപിൽ ഗ്രീക്ക് ഭരണകാലത് ഐസിസ് ദേവതയെ പ്രതിഷ്ഠ ആക്കികൊണ്ട് ഐസിസ് ക്ഷേത്രം നിർമിച്ചത്. ഈജിപ്തിന്റെ പുറത്തുനിന്ന് വന്ന ഗ്രീക്ക് ഭരണാധികാരികൾക് (ptolemaic dynasty) ഈ വിശ്വാസം ഇല്ലായിരുന്നങ്കിലും,ഈജിപ്ത് ജനതയെ പ്രീതിപ്പെടുത്താനും ഗ്രീക്ക് ഭരണാധികാരികളും ഫറോവ മാരാണെന്നു വരുത്തി തീർക്കാനും വേണ്ടിയായിരുന്നു ഇത്തരത്തിൽ പല ദേവന്മാരുടെയും ദേവതമാരുടെയും പേരിൽ ക്ഷേത്രങ്ങൾ പണിതിരുന്നത്.
സമയം 5 മണി ആയപ്പോൾ ഞങ്ങൾ ഐസിസ് ക്ഷേത്രത്തിലെത്തി. ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന “അജിൽകിയ” ദ്വീപിൽ എത്താൻ 3 കി.മി നാസർ തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിക്കണം. നൈൽ നദിയിൽ അസ്വാൻ ലോ ഡാം നിർമിച്ചപ്പോൾ ഫിലീ ദ്വീപ് വെള്ളത്തിൽ മുങ്ങിപ്പോവുകയും, അവിടെ ഉണ്ടായിരുന്ന ഫിലീ ക്ഷേത്രം വെള്ളത്തിനടിയിലാവുകയും ചെയ്തു. എന്നാൽ ഈ ചരിത്ര സ്മാരകം നശിച്ചുപോകാതിരിക്കാൻവേണ്ടി ഫിലീ ക്ഷേത്രത്തെ മുഴുവനായും, മീറ്ററുകളുടെ ദൂരവ്യത്യാസം മാത്രമുള്ള അജിൽകിയ എന്ന ദ്വീപിലേക്ക് പുനസ്ഥാപിക്കുകയാണുണ്ടായത്. സ്ഥലം മാത്രമേ മാറിയിട്ടൊള്ളു, ക്ഷേത്രം പണ്ടുണ്ടായിരുന്നതിൽ നിന്നും ഒരു വ്യത്യാസവും ഇല്ലാതെ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ടായിരുന്നു ഫിലീ ക്ഷേത്രത്തിലേക്കുള്ള ഞങ്ങളുടെ ബോട്ട് യാത്ര. തടാകത്തിലെ ചെറുദ്വീപിലെ മരങ്ങളും തടാകത്തിൽ തലയുയർത്തി നിൽക്കുന്ന പാറകെട്ടുകളും കടന്നാണ് അജിൽകിയ ദ്വീപിൽ എത്തുക. കൂടാതെ ഐസിസ് ക്ഷേത്രത്തിന്റെ പൂർണരൂപം കിട്ടുന്ന തരത്തിലുള്ള ചിത്രവും നമുക്ക് ഈ യാത്രയിൽ പകർത്താൻ പറ്റും.ബോട്ടിൽ നിന്നും ഇറങ്ങി ഞങ്ങൾ ക്ഷേത്രത്തിലേക്ക് നടന്നു. പാപ്പിറസ് ചെടിയുടെ തണ്ടിന്റെ ആകൃതിയിലുള്ള നിരവധി തൂണുകളോട് കൂടിയ വലിയ മുറ്റത്താണ് നമ്മൾ എത്തുക. പുറത്തെ ചുമരുകളിൽ ഒസൈറസിന്റെയും ഐസിസിന്റെയും ഹോറസിന്റെയും വലിയ ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ട്. അവരുടെ കൂടെ അന്നത്തെ ഗ്രീക്ക് രാജാക്കന്മാരുടെ ചിത്രങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഈജിപ്ത് ജനതക്കിടയിൽ, ഗ്രീക്ക് രാജാക്കന്മാരും ഫറോവമാരെപോലെ ദേവന്മാരുടെ അവതാരങ്ങളാണെന്നു പ്രചരിപ്പിക്കാനായിരുന്നു അവർ ഇങ്ങിനെ ചെയ്തിരുന്നത്.
ബോട്ടിൽ നിന്നും ഇറങ്ങി ഞങ്ങൾ ക്ഷേത്രത്തിലേക്ക് നടന്നു. പാപ്പിറസ് ചെടിയുടെ തണ്ടിന്റെ ആകൃതിയിലുള്ള നിരവധി തൂണുകളോട് കൂടിയ വലിയ മുറ്റത്താണ് നമ്മൾ എത്തുക. പുറത്തെ ചുമരുകളിൽ ഒസൈറസിന്റെയും ഐസിസിന്റെയും ഹോറസിന്റെയും വലിയ ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ട്. അവരുടെ കൂടെ അന്നത്തെ ഗ്രീക്ക് രാജാക്കന്മാരുടെ ചിത്രങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഈജിപ്ത് ജനതക്കിടയിൽ, ഗ്രീക്ക് രാജാക്കന്മാരും ഫറോവമാരെപോലെ ദേവന്മാരുടെ അവതാരങ്ങളാണെന്നു പ്രചരിപ്പിക്കാനായിരുന്നു അവർ ഇങ്ങിനെ ചെയ്തിരുന്നത്.
അകത്ത് കയറിയാൽ വലിയ തൂണുകളും കൊത്ത്പണികളും എഴുത്തുകളും ചിത്രങ്ങളും കാണാം. 2500 വർഷങ്ങൾക്കിപ്പുറവും ഈ കാഴ്ച്ചകൾക് ഒരു മങ്ങളും ഏറ്റിട്ടില്ല എന്നത് സഞ്ചാരികളെ അത്ഭുതപെടുത്തും. ഗ്രീക്ക് രാജാവ് ഐസിസിനും ഒസൈറസിനും സമ്മാനങ്ങളും മറ്റും സമർപ്പിക്കുന്ന (വഴിപാട്) ചിത്രങ്ങലാണ് പ്രധാനമായും ഇവിടെ ഉള്ളത്. അകത്തുള്ള ചില ഐസിസ് രൂപത്തിന്റെ തല നശിപ്പിച് അവിടെ ക്രിസ്ത്യൻ ചിഹ്നമായ കുരിശ് വരച്ചതായും കാണാം. ഇതിന്റെ കാരണം ഈജിപ്തിലേക്ക് വന്ന ക്രിസ്ത്യാനികൾ ആണ്. ഉപയോഗ്യശൂന്യമായി കിടന്നിരുന്ന ക്ഷേത്രങ്ങൾ ക്രിസ്ത്യാനികൾ അവരുടെ ആരാധനാലയമാക്കി മാറ്റുകയായിരുന്നു. അങ്ങിനെയാണ് പല തൂണുകളിലും മറ്റും കുരിശിന്റെ രൂപം കൊത്തി ചേർത്തിരിക്കുന്നത്.
ചില ക്രിസ്ത്യൻ വിശ്വാസങ്ങൾ ഫിലീ ക്ഷേത്രത്തിലെ ചില വിശ്വാസവുമായി സാമ്മ്യമുള്ളതായികാണുന്നുണ്ട്. ഉദാഹരണത്തിന് ഐസിസ് ഹോറസിനെ മുലയൂട്ടുന്ന പ്രതിമയും,ഉണ്ണിയേശുവിന് മേരി മുലയൂട്ടുന്ന ചിത്രങ്ങളും വളരെ സാദ്ര്യശ്യം ഉള്ളതായി തോന്നാം. മാത്രമല്ല ഇവിടുത്തെ അൾത്താരയിൽ മൂന്ന് ദൈവങ്ങൾ ആണ് ഉള്ളത്, ഇതിൽ നിന്നാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന സങ്കല്പം വന്നത് എന്നും പറയുന്നവരുണ്ട്.
ഏകദേശം ഒരുമണികൂറോളം അവിടെ ചിലവഴിച് ഞങ്ങൾ ക്രൂയിസിലേക് തിരിച് പൊന്നു. ക്രൂയിസിൽ എത്തിയതിനു ശേഷം കുറച്ച് നേരം വിശ്രമിച്ചു. പിന്നീട്, നൈലിന്റെ കാഴ്ചകൾ കാണാൻ വേണ്ടി ഞങ്ങൾ ക്രൂയിസിന്റെ മുകളിലേക്ക് പോയി. സന്ധ്യനേരത്ത് ക്രൂയിസിന്റെ മുകളിൽ പോയിരുന്ന് കാഴ്കൾ കാണുന്നതിന്റെ അനുഭൂതിവർണിക്കാൻ പറ്റാത്തതാണ്. പായക്കപ്പലുകളുടെ പോകുവരവും, ചെറുതോണികൾ തീരെത്തേക്കടുപ്പിക്കുന്നതും,പക്ഷികളുടെ ചേക്കേറലും, തൊട്ടടുത്തുള്ള മലയിലെ ചെറിയ വെളിച്ചവും എല്ലാം വളരെ മനോഹരമാണ്. പുരാതനകാലത്ത് സാധാരണകാരായ ജനങ്ങളുടെ ശ്മശാനമാണ് അടുത്തുള്ള മലയിൽ എന്നാണ് അഹമ്മദ് പറഞ്ഞത്.
കുറച്ച അത്യാവിശ്യ സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നതിനാൽ, ഞാനും ഭാര്യയും മോനുംകൂടെ അസ്വാൻ എന്ന മനോഹര നഗരത്തിലൂടെ രാത്രിയിൽ ചില കടകൾ തേടി നടന്നു. വളരെ നല്ല മനുഷ്യരായിരുന്നു അസ്വാൻ നിവാസികൾ എന്നാണ് ഞങ്ങളുടെ അനുഭവം. നമ്മുടെ കോഴിക്കോട് നഗരത്തിലൂടെ നടക്കുന്നപോലെയായിരുന്നു അനുഭവപ്പെട്ടത്. ആവിശ്യങ്ങൾ കഴിഞ് ക്രൂയിസിൽ എത്തി നല്ല ഈജിപ്ഷ്യൻ രത്രിഭക്ഷണമെല്ലാം കഴിച് കിടക്കാൻ വേണ്ടി റൂമിലെത്തി. നാളെ പുലർച്ചെ പ്രശസ്തമായ അബു സിംപൽ ക്ഷേത്രത്തിലേക്കാണ് പോകാനുള്ളത്. ഇവിടെനിന്നും 300 കി.മി. അകലെയായതിനാലാണ് പുലർച്ചെ പുറപ്പെടുന്നത്. ക്രൂയിസ് നാളെ ഉച്ചക്ക് 2 മണിക് യാത്ര തുടങ്ങും, അതിനു മുമ്പ് തിരിച്ച് വരേണ്ടതുണ്ട്.
ശുഭരാത്രി!
- ദിവസം 5 (28/12/2019)- അബു സിംബെൽ
പുലർച്ചെ കൃത്യം 5 മണിക്ക് തന്നെ ഞങ്ങൾ അബു സിംബെൽ എന്ന ചെറിയ ഗ്രാമത്തിലേക്ക് പുറപ്പെട്ടു. കാറിലായിരുന്നു യാത്ര. സുഡാനുമായി വളരെ അടുത്തുള്ള ഈ സ്ഥലത്താണ് രാംസെസ് II നിർമിച്ച 2 പ്രശസ്ത ക്ഷേത്രങ്ങൾ ഉള്ളത്. ബിസി 1264-ൽ രാംസെസ് II, തനിക്കും ഭാര്യ നെഫ്രട്ടേരിക്കും വേണ്ടി നിർമിച്ചതാണ് ഈ ക്ഷേത്രങ്ങൾ. “ആമുൻ-റാ” എന്ന ദൈവമായിരുന്നു അവിടുത്തെ പ്രധാന പ്രതിഷ്ഠ. ഏകേദശം 64 വർഷത്തോളം ഈജിപ്ത് ഭരിച്ച രാംസെസ് II, ഈജിപ്തിന്റെ പല ഭാഗത്തും സ്മാരകങ്ങളും ക്ഷേത്രങ്ങളും പ്രതിമകളും നിർമ്മിച്ചിട്ടുണ്ടെങ്കിലും അബു സിംബെലിലെ ഈ ക്ഷേത്രങ്ങൾക്ക് ഇന്നും വലിയ പ്രാധാന്ന്യം ലഭിക്കാൻ കാരണം അതിന്റെ നിർമാണത്തിലുള്ള പ്രത്യേകതയാണ്. തീർത്തും കല്ലിലാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത്. അതിനാൽ ഈ ക്ഷേത്രങ്ങളെ “രണ്ട് ശിലാക്ഷേത്രങ്ങൾ” എന്നും വിളിക്കാറുണ്ട്. ഈ ക്ഷേത്രത്തിന് അബു സിംബെൽ എന്ന പേര് വരാനുളള കാരണം, മണൽ മൂടികിടന്നിരുന്ന ഈ ക്ഷേത്ര സമുച്ഛയം 1817-ൽ ഇറ്റാലിയൻ പുരാവസ്തു ഗവേഷകനായ ബെലെസോണിക്ക് (Giovanni Battista Belzoni) കാണിച്ചുകൊടുത്തത് അബു സിംബെൽ എന്ന കുട്ടിയായിരുന്നു. ഈ കുട്ടിയോടുള്ള ആദരസൂചകമായിട്ടാണ് ഈ സ്ഥലത്തിന് അബു സിംബെൽ എന്ന പേര് ഇട്ടത്.
ജനവാസം കുറഞ്ഞ പ്രദേശത്തിലൂടെ ഏദേശം 300 കി. മി യാത്ര ചെയ്ത്, 8:30 ആയപ്പോയേക്കും അബു സിംബെലിൽ എത്തി. ഇന്ന് അവിടെ നല്ല തിരക്കുള ഒരു ദിവസമായിരുന്നു. സന്ദർശകരെ ആകർഷിക്കുന്ന ധാരാളം കടകൾക്കിടയിലൂടെ അര കിലോമീറ്ററോളം നടന്നിട്ട് വേണം നാസർ തടാകത്തിന്റെ പടിഞ്ഞാറൻ കരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങളുടെ അടുത്തെത്താൻ. തടാകത്തിലെ കാഴ്ചകൾ കണ്ട് കുറച് മുന്നോട്ടു പോയാൽ ഈ രണ്ട് വലിയ ക്ഷേത്രങ്ങൾ നമ്മുക്ക് കാണാൻ സാധിക്കും. ഇരിക്കുന്ന രൂപത്തിലുള്ള രാംസെസ് II-ന്റെ ഭീമാകാരമായ 4 കൽപ്രതിമകളാണ് ഒന്നാമത്തെ ക്ഷേത്രത്തിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്നത്. ഈ നാല് പ്രതിമകളുടെയും കാലുകൾക്കിടയിൽ അദ്ദേഹത്തിന്റെ ഭാര്യ, നെഫ്രട്ടേരിയുടെ വളരെ ചെറിയ പ്രതിമകളും കാണാം. രാംസെസ് II-ന്റെ ഈ ക്ഷേത്രം മറ്റേതിനെ അപേക്ഷിച് വലുതാണ്. പുറത്ത് നിന്ന് ഈ ക്ഷേത്രത്തിന്റെ ഭംഗി ആസ്വദിച്ചതിന് ശേഷം ഞങ്ങൾ അകത്തെ അത്ഭുതങ്ങൾ കാണാനായി ഉള്ളിൽ കയറി.
ഒരു വലയ ഹാളിലേക്കാണ് നമ്മൾ ആദ്യം എത്തുക. ഹാളിന്റെ ഇരു വശങ്ങളിലായി രാംസെസ് II-ന്റെ പല പ്രതിമകളാൽ നിറഞ്ഞിരിക്കുകയാണ്. പിന്നീട് എത്തുന്നത് ഒരു ചെറിയ ഹാളിലേക്കാണ്. ഈ ഹാളിന്റെ വലത്തേ ഭാഗത്തായിട്ട് ചെറിയ രണ്ട് മുറികൾ ഉണ്ട്. ഇതായിരുന്നു സ്റ്റോർറൂം, കലവറയും ആയി ഉപയോഗിച്ചിരുന്നത്. ഓരോ ഭിത്തിയിലുമുള്ള ചിത്രങ്ങൾ നമുക്ക് ഓരോ കഥകൾ പറഞ്ഞു തരുന്നുണ്ട്. ദൈവത്തെ പ്രീതിപ്പെടുത്താൻ ഫറോവ സമ്മാനങ്ങൾ കൊടുക്കുന്നതും, നുബിയൽ കുറ്റവാളികളെ ദൈവത്തിന്റെ സാന്നിധ്യത്തിൽ ഫറോവ ശിക്ഷിക്കുന്നതുമായ ചിത്രങ്ങളും ഇതിൽ പെടും. ദൈവങ്ങളുടെ പ്രതിമകൾക്കുള്ള ഒരു പരിശുദ്ധമുറിയാണ് (പ്രാര്ഥനാമുറി) ഏറ്റവും അവസാനമായി ഉള്ളത്. അതിന്റെ നടുവിൽ ഒരു കല്ലും, ചുമരിനോട് ചാരി മൂന്ന് ദൈവങ്ങളുടെ കൂടെ രാംസെസ് II-ന്റെ പ്രതിമയും വെച്ചിട്ടുണ്ട്. അകത്ത് നല്ല തിരക്കായതിനാൽ, കൂടുതൽ സമയം ചിലവഴികാതെ ഞങ്ങൾ പുറത്തിറങ്ങി. അടുത്തത് രാംസെസ് II, തന്റെ 60- ഓളം ഭാര്യമാരിൽ ഏറ്റവും പ്രിയപെട്ടവളായിരുന്ന നെഫ്രട്ടേരിക്ക് വേണ്ടി ഉണ്ടാക്കിയ ക്ഷേത്രത്തിലേക്കാണ് ഞങ്ങൾ പോയത്.
ആദ്യത്തെ ക്ഷേത്രത്തിൽ നിന്നും വിഭിന്നമായി ഈ ക്ഷേത്രത്തിന് മുമ്പിൽ രാംസെസ് II- ന്റെയും നെഫ്രട്ടേരിയുടെയും വലിയ പ്രതിമകൾ ഒന്നിടവിട്ട് ഒരേ പ്രാധാന്യത്തോടെയാണ് നിർമിച്ചിട്ടുള്ളത്. അകത്ത് ദേവതകളായ ഹതുർ,ഐസിസ് എന്നിവരുടെ കൂടെ നെഫ്രട്ടേരി നിൽക്കുന്ന പ്രതിമകളും, മറ്റ് പ്രതിമകളും, ചിത്രങ്ങളും ആണ് ഉള്ളത്. ഈ ക്ഷേത്രത്തിനുള്ളിലെ കാഴ്ചകളെല്ലാം കണ്ടതിന് ശേഷം ഞങ്ങൾ പുറത്തിറങ്ങി, പുറത്തു നിന്ന് ഈ രണ്ട് ക്ഷേത്രങ്ങളുടെയും ചിത്രങ്ങളെല്ലാം പകർത്തി, കുറച് നേരം അവിടെ ചിലവഴിച്ചു. തിരിച് 300 കി. മി യാത്ര ചെയ്യേണ്ടതിനാലും 2 മണിക്ക് ക്രൂയിസ് യാത്ര തുടങ്ങുന്നതിനാലും ഞങ്ങൾ 10:30 ആയപ്പോൾ അബു സിംബെലിൽ നിന്നും മടങ്ങി.
സമയം 1:30 ആയപോഴേക്കും ഞങ്ങൾ ക്രൂസിൽ തിരിച്ചെത്തി. മുറിയിലെത്തി കുറച്ചുനേരം വിശ്രമിച്ചതിന് ശേഷം താഴെയുള്ള റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചു. അപ്പോഴേക്കും ക്രൂയിസ് യാത്ര തുടങ്ങാൻ തയ്യാറെടുത്തിരുന്നു. ഇനിയുള്ള മൂന്ന് ദിവസം നൈലിലൂടെയുള്ള യാത്രയും ഇടക്കുള്ള കാഴ്ചകൾ കാണലുമാണ്. നൈൽ നദിയിലൂടെ ഉള്ള ഈ യാത്ര വേറിട്ടൊരു അനുഭവം ആണ്. വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യർ, കൃഷി ചെയ്ത് ജീവിക്കാൻ തുടങ്ങിയതിന്റെ ഫലമാണല്ലോ നദീതട സംസ്കാരം ഉണ്ടായത്. അതിൽ ഏറ്റവും പ്രധാനമാണ് നൈൽ നദി സംസ്കാരം. ബിസി 3100 മുതലാണ് ഈജിപ്തിൽ നൈൽ നദി സംസ്കാരം തുടക്കം കൊള്ളുന്നത്. അതിനാൽത്തന്നെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള സംസ്കാരത്തിന്റെ തൊട്ടിലാണ് ഈ നദി. അസ്വനിൽ നിന്നും ലക്സോരിലേക്കുള്ള ഈ യാത്രയിൽ അയ്യായിരം വർഷങ്ങൾക്കിപ്പുറമുള്ള പല ചരിത്രങ്ങളും, സ്മാരകങ്ങളും, അതിന്റെ തുടർജീവിതങ്ങളും നമുക്ക് കാണാം. യാത്രക്കിടയിൽ ചില കരകളിൽ വിശാലമായ കൃഷിയിടങ്ങൾ കാണാം. പല തരത്തിലുള്ള പഴവർഗങ്ങൾ (വാഴപ്പഴം, മാങ്ങ, കൈതച്ചക്ക) പറിക്കാൻ പാകത്തിന് തയ്യാറായിട്ടുണ്ട്. ചില കരകളിൽ ആളുകൾ പശുവിനെ പരിപാലിക്കുന്നുണ്ട്. ഇന്നും പ്രാചീനരീതിയിൽ ജീവിക്കുന്ന ചിലരെയും ഇടക്ക് കാണാൻ സാധിച്ചു. ഏകദേശം 50 കി.മി യാത്ര ചെയ്തപ്പോൾ അസ്തമയത്തിന്റെ സമയമായി. അപ്പോഴേക്കും ക്രൂയിസ് കോം ഓംബോ എന്ന സ്ഥലത്തെ തീരത്ത് അടുപ്പിച്ചിരുന്നു. നൈലിലെ അസ്തമയം അതിമനോഹരം ആണ്.
അസ്വാനിൽ 50 കിലോമീറ്റർ വടക്കായിട്ടാണ് കോം ഓംബോ എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. ഇനി അവിടുത്തെ പ്രശസ്തമായ മറ്റൊരു ക്ഷേത്രം കാണാനാണ് പോകുന്നത്. ഈജിപ്തിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട് “കോം ഓംബോ ക്ഷേത്രത്തിന്”. ഈജിപ്തിലെ ഒരേയൊരു ‘ഇരട്ട ക്ഷേത്ര’മായിരുന്നു ഇത്. അതായത്, ഒരു ക്ഷേത്രത്തിൽ തന്നെ രണ്ടു പ്രധാന ദൈവങ്ങളെ ആരാധിച്ചിരുന്നു. ഏകദേശം 2300 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ മുതലകളുടെ ദൈവമായ സോബെക്കിനെയും രോഗങ്ങളെല്ലാം ഭേദമാക്കുന്ന, ഫാൽക്കൺ തലയുള്ള ഹോറസിനെയുമായിരുന്നു ആരാധിച്ചിരുന്നത്. ഇതിന്റെ മുന്നിലുള്ള നൈൽ നദിയിൽ നിറയെ മുതലകളായിരുന്നു. ഈ മുതലകളിൽ നിന്നും രക്ഷനേടാനായിരുന്നു മുതലകളുടെ ദൈവമായ സോബെക്കിനെ ആരാധന മൂർത്തിയാക്കി ഫറോവമാരുടെ അവസാന കാലത്ത് തോത്ത്മോസ് മൂന്നാമൻ ഒരു ചെറിയ ക്ഷേത്രം ഇവിടെ നിർമ്മിച്ചത് എന്ന്പറയപ്പെടുന്നു. പിന്നീട് ഹോറെസിനെകൂടി ആരാധനാമൂർത്തിയാക്കി ഇന്നത്തെ രൂപത്തിൽ പണിപൂർത്തിയാക്കിയത് ഗ്രീക്ക് കാലഘട്ടത്തിലാണ്. അതിനാൽ തന്നെ മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച് ഇത് പുതിയതാണ്.
ഇതിന്റെ മുന്നിലുള്ള നൈൽ നദിയിൽ നിറയെ മുതലകളായിരുന്നു. ഈ മുതലകളിൽ നിന്നും രക്ഷനേടാനായിരുന്നു മുതലകളുടെ ദൈവമായ സോബെക്കിനെ ആരാധന മൂർത്തിയാക്കി ഫറോവമാരുടെ അവസാന കാലത്ത് തോത്ത്മോസ് മൂന്നാമൻ ഒരു ചെറിയ ക്ഷേത്രം ഇവിടെ നിർമ്മിച്ചത് എന്ന്പറയപ്പെടുന്നു. പിന്നീട് ഹോറെസിനെകൂടി ആരാധനാമൂർത്തിയാക്കി ഇന്നത്തെ രൂപത്തിൽ പണിപൂർത്തിയാക്കിയത് ഗ്രീക്ക് കാലഘട്ടത്തിലാണ്. അതിനാൽ തന്നെ മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച് ഇത് പുതിയതാണ്.
പാപ്പിറസ് ചെടിയുടെ തണ്ടിന്റെ ആകൃതിയിൽ ഉള്ള തൂണുകളാണ് ക്ഷേത്രത്തെ താങ്ങി നിർത്തിയിരിക്കുന്നത്. അതിൽ നിറയെ കൊത്തുപണികളാണ്. ക്ഷേത്രത്തിന്റെ ഒരുഭാഗം സോബെക് ദേവനും മറ്റേത് ഹോറസ് ദേവനും വേണ്ടി വിഭജിച്ചിട്ടുണ്ട്. പ്രവേശ കവാടങ്ങളും മുറികളും വെവ്വേറെ തന്നെയാണ് ഈ രണ്ട് ദൈവങ്ങൾക്കും വേണ്ടി ഉള്ളത് . തൂണുകളിലും ചുമരുകളിലും മേൽകൂരയിലും നിറയെ കൊത്തുപണികളും ചിത്രങ്ങളുമാണ്. ഓരോ രാജാക്കന്മാരും ദൈവങ്ങൾക്ക് സമ്മാനങ്ങൾ നല്കുന്ന ചിത്രങ്ങൾ കൊത്തിവെച്ചതാണ് കൂടുതലായും കാണുന്നത്. 2500 വർഷങ്ങൾക്ക് മുമ്പും ജനങ്ങൾ ഇത്ര മനോഹരമായി ചിത്രങ്ങൾ കൊത്തിയിരുന്ന എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. അത്രക്കും മനോഹരമാണ് ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ. ഈ ക്ഷേത്രത്തിന്റെ പുറത്തും പല കാഴ്ചകൾ സന്ദർശകർകായിട്ടുണ്ട്. പുരോഹിതർക്കുള്ള മുറികൾ, ക്ഷേത്രത്തിലെ സാധനങ്ങൾ സൂക്ഷിക്കുന്ന മുറികൾ, നൈൽ നദിയിലെ വെള്ളത്തിന്റെ അളവറിയാനുള്ള “നൈലോമീറ്റർ” (വലിയ കിണർ) തുടങ്ങിയവ ക്ഷേത്രത്തിന്റെ പുറത്തുണ്ട്. കൂടതെ മമ്മിഫിക്കേഷൻ ചെയ്ത മുന്നൂറോളം ‘മുതല മമ്മികൾ’ ക്ഷേത്രത്തിന് സമീപത്തെ മ്യൂസിയത്തില് പ്രദർശിപ്പിച്ചിട്ടുണ്ട്.
കോം ഓംബോ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി ഞങ്ങൾ വീണ്ടും ക്രൂയിസിൽ എത്തി. ഇവിടെ ഇന്ന് പല വിനോദ പരിപാടികളും ഉണ്ടായിരുന്നു. നൃത്തം, പാട്ട്, കൂടാതെ ഒരു ജന്മദിന ആഘോഷം അങ്ങിനെ തുടങ്ങി ഒരു ആഘോഷ രാവായിരുന്നു. നാളെ രാവിലെ എഡ്ഫുവിലെ ഹോറസ് ക്ഷേത്രം സന്ദർശിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷെ ഫിലീ ക്ഷേത്രത്തിൽ നിന്നും വലിയ വ്യത്യാസമില്ല ഈ ക്ഷേത്രത്തിന് എന്നറിഞ്ഞതിനാൽ അവിടെ സന്ദർശിക്കേണ്ട എന്ന് തീരുമാനിച്ചു. ഒസൈറസ് ദേവന്റെ ഹൃദയം കണ്ടെടുത്ത ദ്വീപിലാണ് ഐസിസ് ക്ഷേത്രം നിർമ്മിച്ചെതെങ്കിൽ, ഹോറസ്, പിതാവായ ഒസൈറസിന്റെ ഘാതകനായ സേത്തിനെ കൊലപ്പെടുത്തിയ സ്ഥലത് ഗ്രീക്കുകാർ നിർമ്മിച്ചതാണ് എഡ്ഫുവിലെ ഹോറസ് ക്ഷേത്രം. ഫിലീ ക്ഷേത്രത്തിൽ ഐസിസ് ദേവതയാണ് പ്രതിഷ്ഠ എങ്കിൽ എഡ്ഫു ക്ഷേത്രത്തിലെ പ്രതിഷ്ഠ മകൻ ഹൊറസ് ദേവനാണ്. നാളെ രാവിലെ എവിടേക്കും പോകേണ്ടതില്ലാത്തതിനാൽ, കുറച് നേരം മുകളിൽ പോയി നൈൽ നൈദിയുടെ കാറ്റേറ്റ്കൊണ്ട് കാഴ്ചകൾ കണ്ടിരിക്കണം
ശുഭരാത്രി!
- ദിവസം 6 (29/12/2019)- ലക്സോർ
ഇന്ന് രാവിലെ എങ്ങോട്ടും പോകാനില്ലാത്തതിനാൽ ഉച്ചവരെ ക്രൂയിസിൽ തന്നെയായിരുന്നു സമയം ചിലവഴിച്ചിരുന്നത്. എഡ്ഫു ക്ഷേത്രം സന്ദർശിക്കുന്നവർക്ക് വേണ്ടി എഡ്ഫു തീരത്താണ് രാവിലെ ക്രൂയിസ് നിർത്തിയിട്ടിരുന്നത്. സന്ദർശകർ തിരിച്ചെത്തിയതിന് ശേഷം ക്രൂയിസ് പിന്നീട് പോയത് ചരിത്ര പ്രസിദ്ധമായ ലക്സോർ പട്ടണത്തിന്റെ കിഴക് ഭാഗത്തെക്കാണ്. ഇന്ന് രാവിലെ എവിടെയും പോകാനില്ല എന്ന് പറഞ്ഞതിന്റെ കൂടെ, ഉച്ചക്ക് ശേഷം കാണാൻ പോവുന്നത് ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ അത്ഭുത കാഴ്ചകളായിരിക്കും എന്ന് അഹമ്മദ് പറഞ്ഞിരുന്നു. അതിന്റെ ഒരു ആകാംക്ഷ ഉണ്ടായിരുന്നു ലക്സോർ യാത്രക്കിടയിൽ ഞങ്ങൾക്ക്. മറ്റൊരു രസകരമായ കാഴ്ചയും ഈ യാത്രക്കിടയിൽ കാണാനിടയായി. ക്രൂയിസ് പോകുന്നതിനിടയിൽ ഒരു ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയതായിരുന്നു ഞാൻ. അപ്പോൾ കണ്ടത്, കറുത്തവർഗക്കാരായ രണ്ട് ചെറുപ്പക്കാർ ഒരു ചെറുബോട്ടിൽ നിന്നും ഒരു കയർ ഞങ്ങളുടെ ക്രൂയിസിന്റെ മുന്നിലെ തൂണിലേക്ക് എറിഞ്ഞു ബന്ധിപ്പിച് കൂടെ വരുന്നതാണ് കണ്ടത്. ഒറ്റനോട്ടത്തിൽ കടൽ കൊള്ളക്കാരാണെന്ന് തോന്നിപോകുമെങ്കിലും അവർ കച്ചവടകാരായിരുന്നു.
വളരെ കൗതുകം തോന്നി അവരുടെ വ്യത്യസ്തമായ ഈ കച്ചവടം കണ്ടപ്പോൾ. പല ചിത്രങ്ങളോട് കൂടിയ വസ്ത്രങ്ങൾ, പരവതാനി എന്നിവ ക്രൂയിസിലുള്ള സഞ്ചാരികൾക് വിൽക്കുകയാണ് അവർ ചെയ്യുന്നത്. എങ്ങിനെയാണ് അവരുടെ കച്ചവടം എന്ന് വ്യക്തമായി കാണാൻ വേണ്ടി ഞാൻ മുകളിലെ തട്ടിലേക് പോയി. ബോട്ടിലുള്ള സാധനങ്ങൾ ക്രൂയിസിലുള്ളവർക് എറിഞ്ഞുകൊടുക്കുന്നു. ശേഷം രണ്ടുകൂട്ടരും വിലപേശുന്നു. വില ഒത്താൽ പണം ബോട്ടിലേക്ക് എറിഞ്ഞുകൊടുക്കുന്നു. മറിച്ചാണെങ്കിൽ, സാധനം തിരികെ എറിയുന്നു. ചിലപ്പോൾ എറിയുന്ന സാധനം വെള്ളത്തിലേക്ക് പോകുന്നു. അത് അവർ ഒരു കോലുകൊണ്ട് എടുത്ത് ബോട്ടിന്റെ ഒരു ഭാഗത്ത് വെക്കുന്നു. ഇങ്ങിനെയാണ് അവരുടെ കച്ചവടം. കുറച് നേരം കഴിഞ്ഞപ്പോൾ കച്ചവടക്കാരുടെ എണ്ണം കൂടിവന്നു. ചിലർ ബോട്ടിലാണെങ്കിൽ മറ്റ് ചിലർ വഞ്ചിയിൽ. അവർ കയർ ക്രൂയിസിന്റെ മുന്നിലെ തൂണിലേക്കെറിഞ്ഞു ബന്ധിപ്പിക്കുന്നത് കാണാൻ നല്ല രസമാണ്. ഈ കാഴ്ചകളൊക്കെ കണ്ട് വൈകുനേരം 3 മണിയായപ്പോൾ ഞങ്ങൾ ലക്സോറിലെത്തി (East Luxor). ലക്സൊർ പുരാതന ഈജിപ്തിന്റെ തലസ്ഥാനമാണ്. “തീബ്സ്” എന്നായിരുന്നു ഇത് മുമ്പ് അറിയപ്പെട്ടിരുന്നത്. പുറത്ത് ഞങ്ങളെയും കാത്ത് അഹമ്മദ് നിൽപ്പുണ്ടായിരുന്നു. അഹമ്മദ് പറഞ്ഞ ആ പ്രത്യേക സ്ഥലത്തേക്കാണ് ഇനി ഞങ്ങൾ പോകുന്നത്. കർണക് ക്ഷേത്രം!
ഗിസയിലെ പിരമിഡുകള് കഴിഞ്ഞാല് ഈജിപ്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന സ്ഥലമാണ് പുരാതന ക്ഷേത്ര സമുച്ചയമായ കര്ണക് ക്ഷേത്രം. കയ്റോയിൽ നിന്നും പോന്നതിനു ശേഷം കണ്ടതിൽ അധികവും പുരാതന ക്ഷേത്രങ്ങളല്ലേ, പിന്നെന്താ ഈ ക്ഷേത്രത്തിനിത്ര പ്രത്യേകത എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. എന്നാൽ പേരുകളിൽ ക്ഷേത്രം എന്നുണ്ടെങ്കിലും ഓരോ കാഴ്ചകളും വ്യത്യസ്തമാണ്. ഓരോ നിർമിതിയുടെയും പിന്നിലെ ചരിത്രം, കാലഘട്ടം, വിശ്വാസം, വാസ്തുവിദ്യ തുടങ്ങിയവ മറ്റൊന്നിനെ അപേക്ഷിച് വ്യത്യസ്തമാണ്. അസ്വാനിൽ ടോളമിയുടെ (ഗ്രീക്ക്) കാലത്തെ ക്ഷേത്രങ്ങളായിരുന്നു കണ്ടെതെങ്കിൽ ലക്സോരിൽ ഫറോവമാരുടെ നിർമിതികളാണ് അധികവും. ഇന്ന് നമ്മുടെ ചുറ്റും കാണുന്ന ചില മതാചാരങ്ങളും വിശ്വാസങ്ങളും ഈജിപ്തിലെ ഈ ക്ഷേത്രങ്ങളിലെ ചരിത്രങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. ഇത് പല സന്ദർഭങ്ങളിൽ വിവരിച്ചതാണല്ലോ.
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ് കർണാക് ക്ഷേത്രം. ഈജിപ്ഷ്യന് ദേവന്മാരുടെ ദേവനായിരുന്ന “ആമുൻ-റാ”ക്ക് വേണ്ടിയാണ് കര്ണാക് ക്ഷേത്രം നിർമിച്ചത്. 250 ഏക്കർ സ്ഥലത് വ്യാപിച്ചു കിടക്കുന്ന ക്ഷേത്രത്തിന്റെ നിർമാണം ബിസി 1550-ലാണ് ആരംഭിച്ചത്. ഏകദേശം 1300 വര്ഷങ്ങള് എടുത്തിട്ടാണ് കർണാക് ക്ഷേത്രം പൂർണരൂപത്തിൽ എത്തിയത് എന്ന് ചരിത്രം പറയുന്നത്. അതായത് മദ്ധ്യസാമ്രാജ്യത്തിലെ ഫറവോമാരുടെ ഭരണകാലം മുതൽ പിന്നീടത് ടോളമൈക് (ഗ്രീക്ക്) കാലഘട്ടം വരെ ഇവിടെ നിർമാണം തുടർന്നുകൊണ്ടിരുന്നു. ഓരോ ഫറോവമാരും അവരുടേതായ കൂട്ടിച്ചേർത്തലുകൾ ഈ ക്ഷേത്രസമുച്ചയത്തിൽ നടത്തിയിരുന്നു. അതായത് ഒരാൾ നിർമിച്ചതിന്മേൽ മറ്റൊരാൾ കൈകടത്തൽ നടത്താതെ പകരം പുതുതായി വല്ലതും നിർമിക്കുകയായിരുന്നു ചെയ്തിരുന്നത്. തത്ഫലമായാണ് ഈ ക്ഷേത്രസമുച്ചയത്തിന് ഈ ബാഹുല്യവും, സങ്കീർണതയും, വൈവിധ്യവും കൈവന്നത്. എന്തിനാണ് ഈ ക്ഷേത്രസമുച്ചയത്തിൽ മാത്രം എല്ലാവരും അവരുടേതായ കൂട്ടിച്ചേർക്കലുകൾ നടത്തയിരുന്നത് എന്നതിന് അവരുടെ വിശ്വാസപരമായ കാരണങ്ങളാണ് ഉണ്ടായിരുന്നത്. ആമുൻ-റാ എന്നത് സൂര്യ ദേവൻ ആണാല്ലോ, സൂര്യൻ ഉദിക്കുന്നത് കിഴക്ക് നിന്നായതിനാൽ ഫറോവമാരുടെ ജീവിതം തുടങ്ങേണ്ടതും മരണം വരെ ജീവിക്കേണ്ടതും കിഴക്ക് ഭാഗത്തായിരിക്കണം എന്നുള്ളത് കൊണ്ടാണ് ലക്സോരിന്റെ കിഴക്ക് ഭാഗത്ത് ആമുൻ-റാക്ക് വേണ്ടി ഇങ്ങിനെ ഒരു ക്ഷേത്രം നിർമ്മിച്ചതും അതിനെ ചുറ്റിപറ്റി ജീവിച്ചിരുന്നതും. ഈ ഫറോവമാരെ മരണശേഷം അടക്കം ചെയ്തിരുന്നത് പടിഞ്ഞാറൻ ലക്സോരിലെ “രാജാക്കന്മാരുടെ താഴ്വരയിൽ” (valley of kings) ആയിരുന്നു എന്ന് ഇതിനോടപ്പം നാം കൂട്ടി വായിക്കണം. പല ആചാരങ്ങളും ഈ ക്ഷേത്രവുമായി ബന്ധപെട്ട് പുരാതന ഈജിപ്തുകാർക്കിടയിൽ ഉണ്ടായിരുന്നു.
സമയം 3:30 ആയപ്പോഴേക്കും ഞങ്ങൾ ചരിത്രപ്രസിദ്ധമായ ആ നിർമ്മിതിക്ക് അടുത്ത് എത്തി. ഒരു ചെറിയ കിടങ്ങിനു മുകളിലൂടെ ഉള്ള ചെറുപാലത്തിലൂടെ നടന്ന് ഞങ്ങൾ കർണാക് ക്ഷേത്രത്തിന്റെ മുമ്പിൽ എത്തി. ഈ കിടങ്ങിനും ചില ചരിത്രം പറയാനുണ്ട്. ഇവിടെ പണ്ട് കാലങ്ങളിൽ ഒരു ബോട്ട് നിർത്തിടാറുണ്ട്. വർഷയത്തിൽ നൈൽ കരകവിഴുമ്പോൾ ഇവിടുത്തെ ഒരു വലിയ അമുൻ-റാ പ്രതിമയെ ഈ ബോട്ടിൽ കയറ്റി 3 കിലോമിറ്റർ അപ്പുറത്തുള്ള, അമുൻ-റായുടെ ഭാര്യക്ക് വേണ്ടിയുള്ള ലക്സോർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവാൻ വേണ്ടിയുള്ളതാണ് ഈ ബോട്ട്. പുരാതന ഈജിപ്തിലെ ഏറ്റവും വലിയ ആഘോഷമായ ഓപ്പേത് ഉത്സവത്തിൽ ഭാഗമായുള്ള ഒരു ആചാരമാണിത്. വെള്ളം ഇറങ്ങിയതിന് ശേഷം പ്രതിമ അവിടെ നിന്ന് മറ്റൊരു വഴിയിലൂടെ കർണാക് ക്ഷേത്രത്തിലേക്ക് തിരിച് കൊണ്ടുവരുകയും ചെയ്യും. ഈ സമയത്ത് ഭാര്യ ഭർത്താക്കന്മാരായ ഈ ദൈവങ്ങൾ ഒരുമിച്സന്തോഷത്തോടെ കഴിയും എന്നാണ് വിശ്വാസം.
പാലം കടന്ന ഉടനെ വലത് ഭാഗത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ചെറിയ മുസ്ലിം മന്ദിരം കാണാം. ഇത് പൊളിക്കാതെ അവിടെ നിലനിത്തിയിട്ടുണ്ട്. അത് അവിടുന്ന് പൊളിച്ചുമാറ്റി കുഴിച് നോക്കിയാൽ കർണാക് ക്ഷേത്രത്തിന്റെ ഇനിയും കണ്ടെത്താത്ത പല കൂട്ടിച്ചേർക്കലുകളും കാണാമായിരിക്കും എന്ന് അഹമ്മദ് അഭിപ്രായപ്പെട്ടു. പക്ഷെ ഈജിപ്ത്തിലെ നിയമപ്രകാരം 100 വർഷങ്ങക്ക് മുമ്പുള്ള ഒരു നിർമിതിയും നശിപ്പിക്കരുത്, അത് സംരക്ഷിക്കണം എന്നതാണ്. അതിനാൽ ആ മുസ്ലിം മന്ദിരം ഇന്നും സംരക്ഷിച് പോരുന്നു. കുറച് മുന്നോട്ടു പോയാൽ ഇരു വശത്തും ആടിന്റെ തലയോട് കൂടിയ അനവധി സ്ഫിങ്ങ്സുകളുടെ നീണ്ട നിര പ്രവേശനന കവാടം വരെ കാണാം.ഈ സ്ഫിങ്ങ്സുകൾ ആമുൻ-റാ ദേവന്റെ മറ്റൊരു രൂപമായിട്ടാണ് കണക്കാക്കിയിരുന്നത്. ഇതിന്ടെ താടിക്ക് താഴെ ആയി അന്നത്തെ ഫറോവമാരുടെ പ്രതിമ (ചെറുത്) കൊത്തിവെച്ചിട്ടുള്ളതായി കാണാം. ആമുൻ-റാ ദേവന്റെ സംരക്ഷണം ഈ ഫറോവമാർക്കു കിട്ടാൻ വേണ്ടിയായിരുന്നു ഇങ്ങിനെ ചെയ്തിരുന്നത്. അന്നത്തെ ആളുകളുടെ ശില്പകലയിലെ പ്രാവീണ്യമാണ് ഇതിൽ നിന്നും തെളിയുന്നത്.
അകത്ത് കയറിയാൽ, ഓരോ രാജാക്കന്മാരും അവരുടെ ഭരണകാലത്ത് അവരുടേതായ സ്ഥലങ്ങളിൽ ദൈവത്തെ പ്രീതിപ്പെടുത്താനും സ്വന്തം പ്രശസ്തിക്കും വേണ്ടി പണിത പല നിര്മിതികളും നമുക്ക് കാണാൻ സാധിക്കും. ഏക്കർ കണക്കിന് സ്ഥലത് വ്യാപിച്ചു കിടക്കുന്ന കര്ണാക്കിന്റെ ഏറ്റവും വലിയ ആകര്ഷണം ക്ഷേത്രത്തിനുള്ളില് പണിതിരിക്കുന്ന ഭീമാകാരങ്ങളായ തൂണുകള് ആണ്. ഏതാണ്ട് എൺപത് അടി ഉയരവുമുള്ള നൂറ്റിമുപ്പത്തിനാലു കൂറ്റന് തൂണുകള് ക്ഷേത്രാങ്കണത്തില് ഉണ്ട്. ഇവിടുത്തെ മറ്റൊരത്ഭുതം, ഇവിടുത്തെ ഒബ്ലിസ്കുകൾ ആണ്. നിറയെ കൊത്തുപണികളോട് കൂടി കുത്തനെ നിൽക്കുന്ന ഒരു വലിയ കല്ല് ആണ് ഒബ്ലിസ്ക്. 25 മീറ്റർ ഉയരത്തിലുള്ള ഒബ്ലിസ്കിന്റെ അറ്റം പിരമിഡിന്റെ ആകൃതിയാണുണ്ടാവുക. ഇതിന്റെ പിന്നിലേ വിശ്വാസം, അമുൻ-റാ വസിക്കുന്നത് ഇത്തരത്തിലുള്ള പിരമിഡ് രൂപങ്ങളിലാണ് എന്നതാണ്. ഈ ഒബ്ലിസ്കുകൾ കൊണ്ട് വരുന്നത് അസവാനിൽ നിന്നാണ്. ഇത്ര വലിയ കല്ലുകൾ എങ്ങിനെ കൊണ്ട് വന്നു, ഇങ്ങിനെ കുത്തി നിർത്തി എന്നത് ഇന്നും അത്ഭുതം ആണ്. ഇവിടെ നിന്നും പല ഒബ്ലിസ്കുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ചിലത് പിന്നീട് വന്ന ഭരണാധികാരികൾ മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായും കൊടുത്തിട്ടുണ്ട്.
റാംസെസ് II, സെറ്റി I, തുട്ട്മോസ് I, തുട്ട്മോസ് III, തുത്തൻകാമെൻ തുടങ്ങിയ പല ഫറോവമാരുടെ നിർമിതികളും ഇന്നും അവിടെ നിലനിൽക്കുന്നുണ്ടെങ്കിലും “ഹാറ്റ്ഷെപ്സട്ട്” എന്ന ഫറോവയുടെ പ്രതിമകളും നിർമിതികളും മാത്രംതിരഞ്ഞുപിടിച്ച് നശിപ്പിക്കുകയോ, ഇല്ലാതാക്കാൻ ശ്രമിക്കുകയോ ചെയ്തതായി നമുക് കാണാം. അതിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായത്, അത് ഒരു പകയുടെയും വൈരാഗ്യത്തിന്റെയും ബാക്കിപത്രമായിരുന്നു എന്നതാണ്. ബി.സി 1504 – 1484 കാലത്ത് ഈജിപ്ത് ഭരിച്ച തുട്ട്മോസ് ഒന്നാമൻ ഫറോവയുടെ ഏകമകളായിരുന്നു ഹാറ്റ്ഷെപ്സട്ട്. തുട്ട്മോസ് ഒന്നാമനു ആദ്യഭാര്യയിൽ ജനിച്ച തുട്ട്മോസ് രണ്ടാമനായിരുന്നു ഹാഷെപ്സുറ്റിന്റെ ഭർത്താവ്. തന്റെ ഭർത്താവും അർദ്ധസഹോദരനുമായ തുട്ട്മോസ് രണ്ടാമൻ മരിച്ചപ്പോൾ ഹാറ്റ്ഷെപ്സട്ട് രാജ്ഞി ഈജിപ്തിന്റെ ഭരണാധികാരം ഏറ്റെടുത്തത്. എന്നാൽ ഒരു സ്ത്രീ ഫറോവ ആകുന്നത് അവരുടെ വിശ്വാസ പ്രകാരം അനുവദിനീയമായിരുന്നില്ല. അതിനാൽ പുരുഷ വേഷം മാറിയായിരുന്നു ഹാറ്റ്ഷെപ്സട്ട് ഈജിപ്ത് ഭരിച്ചിരുന്നത്.
ഈജിപ്തിന്റെ ചരിത്രത്തിലേ ഏക വനിതാ ഫറോവ കൂടിയായിരുന്നു ഹാറ്റ്ഷെപ്സട്ട്. തുട്ട്മോസ് രണ്ടാമനു മറ്റൊരു ഭാര്യയിൽ പിറന്ന മകൻ തുട്ട്മോസ് മൂന്നാമന് അന്ന് പ്രായപൂർത്തിയായിരുന്നില്ല എന്ന് മാത്രമല്ല ആ കുട്ടിയെ ദൂരെ ഒരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു ഹാറ്റ്ഷെപ്സട്ട്. തനിക്ക് ലഭിക്കേണ്ട അധികാരം പിടിച്ചെടുകുകയും അതിനുവേണ്ടി ദൂരെ ഒരു സ്ഥലത് വർഷങ്ങളോളം തന്നെ അകറ്റി നിർത്തുകയും ചെയ്തത്തിന്റെ പ്രതികാരമായണ് ഹാറ്റ്ഷെപ്സട്ട്ന്റെ മരണ ശേഷം തുട്ട്മോസ് മൂന്നാമൻ ശിലാലിഖിതങ്ങളിൽ നിന്നെല്ലാം അവരുടെ പേരും രൂപവും നീക്കം ചെയ്തിരുന്നത്. നാളെ ഹാറ്റ്ഷെപ്സട്ട്ന്റെ പേരിലുള്ള ഒരു ക്ഷേത്രത്തിലേക്ക് പോകുന്നുണ്ട്. അവരെ കുറിച് കൂടുതൽ അപ്പോൾ എഴുതാം.
പിന്നീട് ഞങ്ങൾ പോയത് ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്തെക്കാണ്. അവിടെയും നിറയെ പ്രതിമകളും രൂപങ്ങളും നിറഞ്ഞു നിൽക്കുകയായിരുന്നു. കുറച് മുന്നോട്ട് പോയപ്പോൾ ഒരു പ്രതിമക്ക് ചുറ്റും ചില സന്ദർശകർ വലയം വെക്കുന്നതായി കണ്ടു. നമ്മുടെ നാട്ടിലെ അമ്പലങ്ങളിൽ പ്രതിഷ്ണം വെക്കുന്ന പോലെ ഇവിടെ പണ്ടുണ്ടായിരുന്ന ഒരു ആചാരമാണ് ഇത് എന്നാണ് അഹമ്മദിൽ നിന്നും അറിഞ്ഞത്. ഇതിന്റെ ഇടത് വശത്ത് ഒരു വലിയ കുളമുണ്ട്. പുരോഹിതന്മാര്ക്കും രാജാക്കന്മാർക്കും അവരുടെ മത ചടങ്ങുകളുടെ മുന്നോടിടായി ദേഹ ശുദ്ധിവരുത്തുവാനായിരുന്നു ഈ കുളം ഉപയോഗിച്ചിരുന്നത്. ഏകദേശം 3 മണിക്കൂർ ഞങ്ങൾ ഈ അത്ഭുത ലോകത് ചിലവഴിച്ചു.
പുരാതന ഈജിപ്തിലെ (പ്രത്യേകിച്ചും അസ്വാനിലെയും ലക്സോരിലെയും) ക്ഷേത്രങ്ങളിലെ ദൈവങ്ങളെയും, അവരുടെ വിശ്വാസങ്ങളും കണ്ടപ്പോൾ എനിക്ക് തോന്നിയത് നമ്മുടെ ഹിന്ദു വിശ്വാസവും, ആചാരവുമായി എന്തോക്കെയോ ചില സാമ്യങ്ങൾ ഉള്ളത് പോലെയാണ്. ഹിന്ദു ദേവന്മാരായ ഗണപതി, ഹനുമാൻ എന്നിവർക്കുള്ള വ്യത്യസ്തമായ രൂപം പുരാതന ഈജിപ്തിലെ ദേവന്മാരായ മുതലയുടെ മുഖമുള്ള സോബേക്, ഫാൽക്കൺ തലയുള്ള ഹൊറേസ് തുടങ്ങിയ ദേവന്മാരുമായിട്ടുള്ള സാമ്യം, സ്ഫിങ്സിന് മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായ നരസിംഹവുമായുള്ള സാമ്യം, അനേകം ദേവൻമാരിലും ദേവതകളിലുമുള്ള വിശ്വാസം, ശില്പങ്ങളെ വെച്ചുള്ള ആരാധന, ക്ഷേത്രത്തിൽ ദൈവങ്ങളുടെ രൂപം വെച്ചുള്ള പ്രാർത്ഥന, ദൈവങ്ങളുടെ അവതാരങ്ങളിലുള്ള വിശ്വാസം എന്നിവയെല്ലാം ആണ് എനിക്ക് അങ്ങിനെ തോന്നാൻ കാരണം.
പിന്നീട്ഞങ്ങൾ പോയത് കർണാക് ക്ഷേത്രത്തിൽ നിന്നും മൂന്ന് കിലോ മീറ്റർ മാത്രം ദൂരമുള്ള ലക്സോർ ക്ഷേത്രത്തിലേക്കാണ്. ലക്സർ ക്ഷേത്രവും കർണാക് ക്ഷേത്രവും തമ്മിലുള്ള ബന്ധം നേരെത്തെ പറഞ്ഞല്ലോ. സമയം 6:30 ആയപ്പോൾ ഞങ്ങൾ ലക്സോർ ക്ഷേത്രത്തിന്റെ മുമ്പിൽ എത്തി. നിറയെ കുതിര സവാരിക്കുള്ള വണ്ടികളാണ് ക്ഷേത്രത്തിന് മുമ്പിലുള്ളത്. ലക്സോർ പട്ടണത്തിലൂടെ കാഴ്ചകൾ കണ്ട് കുതിരവണ്ടിയിൽ യാത്ര നടത്തണം എന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നെങ്കിലും ഇന്ന് അതിനുള്ള സമയമില്ലാത്തതിനാൽ വേണ്ടെന്ന് വെച്ചു. ലക്സോർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റെല്ലാം എടുത്ത് ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. കൊത്തുപണികളാൽ നിറഞ്ഞ കൂറ്റൻ കൽത്തൂണുകളും തലപൊക്കി നിൽക്കുന്ന ശിലാരൂപങ്ങളിലും ഞങ്ങളെ വരവേറ്റു. ബിസി 1390-ൽ ആമേൻഹോട്ടപ് III എന്ന ഫറോവ ആണ് ഈ ക്ഷേത്രത്തിന്റെ പണി തിടങ്ങിവെച്ചത്. തുത്തൻകാമെൻ , റാംസെസ് II തുടങ്ങി അലക്സാണ്ടർ വരെ ഇതിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത് റാംസെസ് II- ന്റെ വലിയ പ്രതിമകളും ഒരു ഒബ്ലിസ്കും കാണാം.ഇവയെല്ലാം റാംസെസ് II- ന്റെ നിർമിതികളാണ്. അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ഈ ക്ഷേത്രത്തിന്റെ നിർമാണത്തിന്റെ നല്ലൊരു പങ്കും നടന്നത്. ഇവിടെ നിന്നും കർണാക് ക്ഷേത്രം വരെ ഒരു പാത ഉണ്ട്. ഇരു വശത്തും മനുഷ്യന്റെ തലയുള്ള ആടിന്റെ പ്രതിമകൾ നിരന്നിരിക്കുന്ന മൂന്നു കിലോമീറ്റർ നീളത്തിൽ ഉള്ള ഒരു പാത. ഈ അടുത്തകാലത്താണ് ഇങ്ങിനെ ഒരു പാത മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത്. ഈ വഴിയിലൂടെയാണ് ലക്സോർ ക്ഷേത്രത്തിൽ നിന്നും കർണാക് ക്ഷേത്രത്തിലേക്ക് വലിയ ആഘോഷമായി അമുൻ-റാ ദേവന്റെ പ്രതിമ തിരിച്ചു കൊണ്ടുപോയിരുന്നത്. പുരാതന ഈജിപ്തിലെ ഏറ്റവും വലിയ ആഘോഷമായ ഓപ്പേത് ഉത്സവത്തിന്റെ ഭാഗമായ ചടങ്ങാണിതെന്ന് നേരെത്തെ പറഞ്ഞിരുന്നല്ലോ.
പതിമൂന്നാം നൂറ്റാണ്ടിൽ ഇറാഖിലെ ബാഗ്ദാദിൽ ജനിച് ലക്സോരിൽ ജീവിച്ചിരുന്ന അബ്ദുൽ ഹജ്ജാജ് എന്ന ഒരു മുസ്ലിം സൂഫിവര്യന്റെ പേരിൽ ലക്സോരിൽ പണിത ഒരു പള്ളി കാരണമാണ് ഈ ക്ഷേത്രം ഭൂമിക്കടിയിൽ നിന്നും കണ്ടെത്താൻ കാരണമായത്. ഈ പള്ളിക്ക് വേണ്ടി ഒരു കിണർ കുഴിച് തുടങ്ങിയതാണ്ലക്സോർ ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾ കണ്ടെത്താൻ സഹായിച്ചത്. ഈ പള്ളി ഇപ്പോഴും ലക്സോർ ക്ഷേത്രത്തിന് അടുത്തായി നമുക്ക് കാണാം. അവിടെയുള്ള അബ്ദുൽ ഹജ്ജാജ്ന്റെ കബറിടം വിശ്വാസികൾ ഇന്നും സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യാറുണ്ട്.
ലക്സോർ ക്ഷേത്രത്തിലെ കാഴ്ചകളെല്ലാം കണ്ട് തിരിച് ക്രൂയിസിൽ എത്തിയിട്ടും സഹസ്രാബ്ദങ്ങൾക്കപ്പുറം നിർമിച്ച ഈ മഹാത്ഭുതത്തിന്റെ കാഴ്ചകൾ മനസ്സിൽ നിന്ന് മാഞ്ഞു പോവുന്നില്ല. ഇന്നത്തെ ഈ രാത്രി ക്രൂയിസിലെ അവസാനത്തെ രാത്രിയാണ്. നാളെ രാവിലെ 10 മണിയാവുമ്പോൾ ക്രൂയിസിൽ നിന്നും ഇറങ്ങണം. നാളെ പോകാനുള്ളത് പ്രസിദ്ധമായ “രാജാക്കന്മാരുടെ താഴ്വരയും” അതിന്റെ അടുത്തുള്ള മറ്റ് ചില ചരിത്ര സ്മാരകങ്ങളും കാണാനാണ്. നാളെ രാത്രി 12:15 നാണ് തിരിച് കയ്റോയിലേക്കുള്ള വിമാനം. ക്രൂയിസിന്റെ രാത്രി യാത്ര ഇനി പടിഞ്ഞാറൻ ലക്സോറിലേക്കാണ്.
ശുഭരാത്രി!
- ദിവസം 7 (30/12/2019)- ലക്സോർ
രാവിലെ 10 മണിയായപ്പോയേക്കും ഞങ്ങൾ ക്രൂയിസിൽ നിന്നും ഇറങ്ങി. പുറത്ത് അഹമദ് കാറുമായി നിൽപ്പുണ്ടായിരുന്നു. ഇന്നത്തെ യാത്ര പടിഞ്ഞാറൻ ലക്സൊറിലേക്കായിരുന്നു. അത്ഭുതങ്ങളും നിഘൂടതകളും “അടക്കം” ചെയ്തിരിക്കുന്ന “രാജാക്കന്മാരുടെ താഴ്വര” (Valley of Kings) എന്നറിയപ്പെടുന്ന സ്ഥലത്തേക്കാണ് ആദ്യം ഞങ്ങൾ പോയത്. 18,19,20 രാജവംശത്തിലെ രാജാക്കന്മാരെ, അവരുടെ മരണ ശേഷം അടക്കം ചെയ്തിരുന്ന സ്ഥലമായിരുന്നു ഇത്. സഞ്ചാരികളെയും പുരാവസ്തു ഗവേഷകരെയും അമ്പരിപ്പിക്കുന്ന ഈ ചരിത്ര ഭൂമിയിലേക്ക് നൈൽ നദി മുറിച് (ബോട്ടിൽ) കടന്നാൽ കുറച് സമയം കൊണ്ട് എത്താമെങ്കിലും ഞങ്ങൾ പോയത് കാറിലായിരുന്നു. റോഡ് മാർഗം പോകുമ്പോൾ കിട്ടാവുന്ന ചില കാഴ്കൾക്ക് വേണ്ടികൂടിയായിരുന്നു ഈ മാർഗം തിരഞ്ഞെടുത്തത്. പടിഞ്ഞാറൻ ലക്സോറിലെ നിവാസികളിൽ ബഹുഭൂരിപക്ഷവും നുബിയൻ വർഗ്ഗത്തിൽ പെട്ട ഈജിപ്തുകാരാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ ജനവിഭാഗത്തിന്റെ മുഖ്യവരുമാന സ്രോതസ് കൃഷിയാണ്.
കരിമ്പ് കൃഷിയാണ് അധികവും കാണുന്നത്. ഈ ജനവിഭാഗങ്ങൾ താമസിക്കുന്ന സ്ഥലത്തിലൂടെ ഉള്ള ചെറിയ റോഡിലൂടെയായിരുന്നു “രാജാക്കന്മാരുടെ താഴ്വര”(Valley of Kings) യിലേക്ക്ഞങ്ങൾ പോയത്. നമ്മുടെ നാട്ടിലെ ഉൾഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്ന പോലെയുള്ള അനുഭവമായിരുന്നു. അങ്ങിങ് പൊട്ടിപൊളിഞ്ഞ ചെറിയ റോഡിന്റെ വശങ്ങളിൽ കൃഷിയും, ചെറിയ വീടുകളും, കടകളും എല്ലാം കണ്ടുകൊണ്ട് ഞങ്ങൾ രാജാക്കന്മാരുടെ താഴ്വരയിലെത്തി.
പുരാതന ഈജിപ്തിൽ, ഫറോവമാരുടെ തുടക്കകാലത്, മരണപ്പെട്ട ഫറോവമാരെ അടക്കം ചെയ്തിരുന്നത് പിരമിഡുകൾക്കുള്ളിലായിരുന്നല്ലോ. അത് അവരുടെ മരണാന്തര ജീവിതവുമായി ബന്ധപ്പെട്ട വിശ്വാസത്തിന്റെ ഭാഗമായിരുന്നു എന്ന് മുമ്പേ പറഞ്ഞല്ലോ. മരിച്ചു കഴിഞ്ഞാൽ തങ്ങൾക്ക് ഒരു പുനർജന്മമുണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു. അതിനാൽ മരിച്ചു പോയവർക്ക് മരണാനന്തര ജീവിതത്തിൽ ഉപയോഗിക്കാനായി വസ്ത്രങ്ങൾ, ഭക്ഷണം, ആഭരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ എല്ലാം തന്നെ പിരമിഡിൽ ഫറോവമാരുടെ മമ്മിയുടെ കൂടെ നിക്ഷേപിച്ചിരുന്നു. അതിനാൽത്തന്നെ പിരമിഡുകളിൽ അവർ ജീവിത കാലത്ത് ഉപയോഗിച്ചിരുന്ന സ്വർണാഭരണങ്ങളുടെയും മറ്റും ഒരു വൻശേഖരം തന്നെ ഉണ്ടായിരുന്നു. ഈ സ്വർണാഭരണങ്ങൾ മോഷ്ടാക്കളെ പിരമിഡുകളിലേക്ക് ആകർഷിച്ചു. മരുഭൂമിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന പിരമിഡുകളിൽ നിന്നും സ്വർണാഭരണങ്ങളും മറ്റു വിലപിടിച്ച വസ്തുക്കളും മോഷണം പോകൽ പതിവായി.ഇത് തങ്ങളുടെ മരണാനന്തരമുള്ള സുഖജീവിതത്തെ ബാധിക്കുമെന്ന് മനസ്സിലാക്കിയ ഫറവോമാർ തങ്ങളുടെ മൃതശരീരങ്ങളെ ആർക്കും കണ്ടുപിടിക്കാൻ പറ്റാത്ത സ്ഥലത് സംസ്കരികാൻ തീരുമാനിച്ചു. പല സ്ഥലങ്ങളിലായി സംസ്കരിക്കപ്പെട്ട മൃതദേഹങ്ങളുടെ കല്ലറകളിൽ നിന്നും മോഷണം പതിവായതിനാലാണ് 18-ആം രാജവംശം മുതലുള്ള ഫറോവമാർ തങ്ങൾക്കായി പടിഞ്ഞാറൻ ലക്സോരിലെ രണ്ട് വലയ കുന്ന്കൾക്കിടയിലെ സ്ഥലം ഇതിനായി തിരഞ്ഞെടുത്തത്
ഈ സ്ഥലം തിരഞ്ഞെടുക്കാൻ മറ്റ് ചില കാരണംകൂടെ വിശ്വാസപ്രകാരം അവർക്കുണ്ടായിരുന്നു. ഇതിൽ ഒരു കുന്നിന്റെ മുകൾഭാഗം പിരമിഡിന്റെ ആകൃതിയിലായതിൽ അമുൻ-റ (സൂര്യ ദേവൻ) ദേവൻ അവിടെ അധിവസിക്കും അങ്ങിനെ ഫറോവമാർക്ക് പുനർജീവൻ പെട്ടന്ന് സാധ്യമാകും എന്ന വിശ്വാസം ഉണ്ടായിരുന്നു. കൂടാതെ അവരുടെ വിശ്വാസപ്രകാരം ജീവിതം തുടങ്ങുന്നത് കിഴക്ക് നിന്നും അവസാനിക്കുന്നത് പടിഞ്ഞാറും ആയിരിക്കണെമെന്നതിനാലാണ് ലക്സോറിന്റെ പടിഞ്ഞാറേ ഭാഗത്തെ ഈ സ്ഥലം തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം. മോഷ്ട്ടാക്കൾക്ക് ഈ സ്ഥലം കണ്ടുപിടിക്കാൻ പറ്റില്ല എന്ന ഉറച്ച വിശ്വാസവും അവർക്കുണ്ടായിരുന്നു.
പ്രവേശന ടിക്കറ്റെടുത്തതിന് ശേഷം ഒരു ഹാളിൽ ഈ താഴ്വരെയെ കുറിച്ച് വിവരിക്കുന്ന ഒരു ചെറിയ വീഡിയോ കാണാം. ടിക്കറ്റ് കൗണ്ടറിൽ നിന്നും അല്പം ദൂരം യാത്ര ചെയ്യേണ്ടതിനാൽ ട്രെയിൻ പോലെയുള്ള ഒരു വാഹനത്തിലാണ് ഈ മലകളുടെ അടുത്തേക്ക് പോകേണ്ടത്. പ്രവേശന ടിക്കറ്റിന്റെ കൂടെ മൂന്ന് ശവകുടീരത്തിനകത്തെ കാഴ്ചകൾ കാണാനുള്ള അനുമതികൂടെ ലഭിക്കും. നല്ല ഉറപ്പുള്ള ചുണ്ണാമ്പുകല്ലുകളുള്ള ഈ മലകളുടെ താഴ്ഭാഗം തുരന്നിട്ടാണ് ഫറോവമാർക്കുന്നുള്ള ഈ ശവകുടീരങ്ങൾ നിർമിച്ചിരുന്നത്. ഇവിടുത്തെ മലകളിൽ നിന്നും ചുണ്ണാമ്പ്കല്ല് (Limestone) എടുക്കുന്നതിനിടയിലാണ് ഇവിടെ ശവകുടീരങ്ങൾ ഉള്ളതായി കണ്ടെത്തിയത്. ആകെ 62 ശവകുടീരങ്ങളാണ് ഇത് വരെ ഇവിടെനിന്നും കണ്ടെടുത്തിട്ടുള്ളത്. ഇനിയും കണ്ടെത്താത്ത പല രഹസ്യങ്ങളും ഈ മലകളിൽ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് പുരാവസ്തുഗവേഷകർ പറയുന്നത് . അതിനാൽ തന്നെ പുരാവസ്തുഗവേഷകർക്കും ചരിത്രനന്വേഷികൾക്കും എന്നും പ്രിയപ്പെട്ട ഇടമാണ് ഇത്. ഈ കണ്ടെത്തിയ 62-ൽ 61 ശവകുടീരങ്ങളിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെട്ട അവസ്ഥയിലായിരുന്നു. മമ്മികളെയും മോഷ്ട്ടാക്കൾ വെറുതെ വിട്ടിരുന്നില്ല. പല മമ്മികളും നശിപ്പിക്കപ്പെട്ട നിലയിലോ അപ്രത്യക്ഷമായ നിലയിലോ ആയിരുന്നു ഉണ്ടായിരുന്നത്. സ്വർണത്തിനും മറ്റും വേണ്ടി കല്ലറകൾ കുത്തി തുറന്ന കൊള്ളക്കാർ മമ്മികളെയും നശിപ്പിച്ചു കളഞ്ഞു, കാരണം അവർക്കു മമ്മി കൊണ്ട് ഉപയോഗം ഉണ്ടായിരുന്നില്ല. എന്നാൽ ചില മമ്മികൾ നശിപ്പിക്കപ്പെടാതെ യൂറോപ്പിലേക് കൊണ്ടുപോയിരുന്നു. മമ്മി പൊടിച്ച് കഴിക്കുന്നത് ചില അസുഖങ്ങൾക്കും അതുപോലെ ലൈംഗിക ശേഷി വർധിപ്പിക്കാനുള്ള മരുന്നായും യൂറോപ്പിലെ ചില ആളുകൾ വിശ്വസിചിരുന്നു.
രാജാക്കന്മാരുടെ താഴ്വര എന്നറിയപ്പെടുന്ന ഈരണ്ട് മലകളും അതിന്ടെ ചുറ്റുപാടുകളും വിശാലമായി കിടക്കുകയാണ്. ഇവിടെയുള്ള ശവകുടീരങ്ങൾ പലഭാഗങ്ങളിലായാണ് നിലകൊള്ളുന്നത്. 62 ശവകുടീരങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും അതിൽ ചിലതിലേക്ക് മാത്രമേ സന്ദർശകർക്ക് പ്രവേശനമുണ്ടായിരുന്നൊള്ളു. അതിൽ പ്രധാനപ്പെട്ട മൂന്നെണ്ണം ഏതാണെന്ന് അഹമ്മദ് നേരത്തേ പറഞ്ഞിരുന്നു. ആദ്യം ഞങ്ങൾ പോയത് മെരെൻപഥാ എന്ന ഫറോവയുടെ ശവകുടീരത്തിനകത്തേക്കാണ്. സാക്ഷാൽ രാംസെസ് II-ന്റെ മകനാണ് മെരെൻപഥാ. പ്രവാചകൻ മോസസ് (മൂസ്സ (അ))-ന്റെ കാലത്തുണ്ടായിരുന്ന ഫറോവയായിരുന്നു മെരെൻപഥാ എന്നും പറയപ്പെടുന്നുണ്ട്. മലക്കുള്ളിലേക്ക് തുരങ്കം ഉണ്ടാക്കിയാണ് വിശാലമായ ഈ ശവകുടീരം നിർമിച്ചിട്ടുള്ളത്. ശവകുടീരം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് കടന്ന് വരുന്ന ഒരു രൂപമുണ്ട്. എന്നാൽ ഇത് മലക്കുള്ളിലെ ഒരു വലിയ വീട് പോലെയാണ് നിർമിച്ചിട്ടുള്ളത്. അകത്തേക്ക് പ്രവേശിച്ചാൽ 150 മീറ്റർ നീളത്തിലുള്ള ഒരു വഴിയാണ്. അതിന്റെ വശങ്ങളിലെ ചുമരിലും മുകളിലും ഫറവോയുടെ ജീവിതവും ഭരണകാലവും ഈജിപ്ഷ്യൻ വിശ്വാസ പ്രകാരമുള്ള മരണാനന്തര ജീവിതവും അടങ്ങുന്ന ചുവരെഴുത്തുകളും ചിത്രങ്ങളും വളരെ പ്രാധാന്യത്തോടെ തന്നെ കൊത്തിവച്ചിട്ടുണ്ട്. ഈ വഴിയുടെ ഇരു ഭാഗങ്ങളിലും വലിയ മുറികളും കാണാം. വശങ്ങളിലായി കാണുന്ന ഈ മുറികൾക്കുള്ളിലും പല ചിത്രങ്ങളും കാണാം. ഈ മുറികളിലായിരുന്നു മരണാനന്തര ജീവിതത്തിന് ആവിശ്യമായ സാധനങ്ങൾ സൂക്ഷിച്ചിരുന്നത്.
അവസാനമായാണ് നമ്മൾ ഫറോവയുടെ മൃതശരീരം മമ്മിയാക്കി സൂക്ഷിക്കുന്ന റൂമിലെത്ത്തുന്നത്. ഇപ്പോൾ അവിടെ മമ്മി ചേംബർ അല്ലാതെ മറ്റൊന്നും കാണാൻ സാധിക്കില്ല .പക്ഷെ ചുമരിലെ ചിത്രങ്ങൾ ഇന്നും ഒരു മങ്ങലും ഏൽക്കാതെ നിലനിക്കുന്നുണ്ട്. ചുമരിലെ ചിത്രങ്ങളിൽ എനിക്കേറ്റവും രസകരമായി തോന്നിയത്, മോഷ്ട്ടാക്കൾക്കുള്ള താക്കീത് എന്ന രീതിയിലുള്ള ഒരു ചുമർ ചിത്രമായിരുന്നു. അനുവാദമില്ലാതെ അകത്തു കടക്കുന്നവർക്കുള്ള ദൈവ ശിക്ഷ എന്തായിരിക്കും എന്ന് ചിത്ര രൂപത്തിൽ വിവരിക്കുന്നതായിരുന്നു ഇത് . തൂങ്ങി നിൽക്കുന്ന വലിയ പാമ്പുകളും അതിന് താഴെയായി തലയില്ലാത്ത കുറച് മനുഷ്യരൂപങ്ങളും ആണ് ചുമരിൽ കാണുന്നത്. അനുവാദമില്ലാതെ അകത്ത് കടക്കുന്നവരെ വലിയ പാമ്പുകൾ ആക്രമിക്കും എന്നാണ് ഈ ചിത്രം പറയുന്നത്. എന്നാൽ അവരുടെ ഈ വിശ്വാസങ്ങളൊക്കെ വെറും അന്ധവിശ്വാസങ്ങളായിരുന്നു എന്നത്തിന്റെ തെളിവാണ്, ഒരു തടസ്സവും കൂടാതെ അനേകായിരം ആളുകൾ അതിനകത്ത് കയറുന്നത്. കൂടാത്ത പുനർജന്മത്തിൽ ഉപയോഗിക്കാൻ വേണ്ടി അവർ സൂക്ഷിച് വെച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതും അവരുടെ ഈ വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങളായിരുന്നു എന്നതിന്റെ തെളിവാണ്.
പുനർജന്മത്തിൽ ഉറച്ചവിശ്വാസമുണ്ടായിരുന്ന ഇവർ, ഒരു ഫറോവ രാജ്യം ഭരിക്കാൻ തുടങ്ങുമ്പോൾ തന്നെ ആ ഫറോവോയുടെ ശരീരം അടക്കം ചെയ്യാനുള്ള കുടീരവും പണിത് തുടങ്ങും. ഇന്ന് കാണുന്ന ആധുനിക സംവിധാങ്ങൾ ഒന്നും ഇല്ലാതെ ഇത്രവും വലിയ കല്ലറകൾ, അതും ചുമരുകൾ മുഴുവനും കൊത്തിയും ചിത്രം വരച്ചും വച്ചിരിക്കുന്നത് എങ്ങിനെ എന്നത് ഒരു അത്ഭുതം തന്നെ ആണ്. എല്ലാ പണികളും ഫറോവയുടെ ജീവിത സമയത് പൂർത്തിയാവുമെങ്കിലും അവസാനത്തെ മുറിയുടെ ( മൃതശരീരം കിടത്താനുള്ള മുറി) പണി ഫറോവയുടെ മരണത്തിന് ശേഷമാണ് തുടങ്ങുക. കാരണം, മമ്മിഫിക്കേഷനും അതുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുമായി ഏകദേശം 60 ദിവസം സാമയെമെടുക്കും. അത്രയും ദിവസമെടുത്തിട്ടാണ് ഈ മുറിയും തയ്യാറാവുക.
മെരെൻപഥായുടെ ശവകുടീരം കൂടാതെ രംസെസ് III, രാംസെസ് IX എന്നിവരുടെ ശവകുടീരങ്ങൾ കൂടി ഞങ്ങൾ സന്ദർശിച്ചു. എന്നാൽ രാജാക്കന്മാരുടെ താഴ്വരയിൽ മോഷ്ടാക്കളുടെ കണ്ണിൽ പെടാത്ത ഒരു ശവകുടീരം ഉണ്ടായിരുന്നു. KV 62 എന്ന നമ്പറിൽ അറിയപ്പെടുന്ന ശവകുടീരം (എല്ലാ ശവകുടീരങ്ങളും വേർതിരിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള നമ്പർ ഉപയോഗിച്ചിട്ടാണ്). അതാണ് ലോകപ്രശസ്തമായ ഫറോവ, തുത്തൻഖാമന്റെ (Tutankhamun) ശവകുടീരം. ആഭരണങ്ങൾ, വസ്ത്രങ്ങൾ, രഥം, ആയുധങ്ങൾ, ഫർണിച്ചറുകൾ, ജോലിക്കാരുടെ പ്രതിമകൾ തുടങ്ങി 5300-ൽ പരം വസ്തുക്കളാണ് ഈ കല്ലറയിൽ നിന്നും പുരാവസ്തു ഗവേഷകർക്ക് ലഭിച്ചത്. ഇതെല്ലം ഇപ്പോൾ കെയ്റോ മ്യൂസിയത്തിലാണുള്ളത്. എന്നാൽ ഇദ്ദേഹത്തിന്റെ മമ്മി മാത്രം ഇപ്പോഴും ഇതിനകത്തുണ്ട്. ഇതിനകത്തേക്കു പ്രേവേശിക്കാൻ പ്രത്യേക ടിക്കറ്റ് ആവശ്യമായതിനാൽ അത് മുൻകൂട്ടി ഞങ്ങൾ വാങ്ങിയിരുന്നു. അകത്ത് പോയി തുത്തൻഖാമൻ എന്ന ആ പ്രശസ്തനായ ഫറോവയുടെ മമ്മിയും സന്ദർശിച്ചതിന് ശേഷം ഞങ്ങൾ രാജാക്കന്മാരുടെ താഴ്വരയിൽ നിന്നും മടങ്ങി.
പിന്നീട് ഞങ്ങൾ പോയത് ഹറ്റ്ഷെപ്സുറ്റ് ക്ഷേത്രത്തിലേക്കാണ്. ഈജിപ്ത് ഭരിചിരുന്ന ഏക വനിതാ ഫറോവയാണ് ഹറ്റ്ഷെപ്സുറ്റ്. കർണാക് ക്ഷേത്രത്തിൽ ചില ചിത്രങ്ങളും രൂപങ്ങളും നശിപ്പിക്കപ്പെട്ടരീതിയിൽ കണ്ടപ്പോൾ ഈ വനിതാ ഫറോവയെ കുറിച്ച് നമ്മൾ പറഞ്ഞിരുന്നല്ലോ. എന്നാൽ, ഈ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിൽ പരമ്പരാഗത രീതിയിൽ കരകൗശല വസ്തുകൾ നിർമിക്കുന്നതും പുരാതന ഈജിപ്തിലെ ചരിത്രവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ വില്കുന്നതുമായ ഒരു കടയിൽ കയറി. അഹമ്മദിന്റെ പരിചയത്തിലുള്ള കടയായിരുന്നു അത്. അലബസ്റ്റർ കല്ല്, ചുണ്ണാമ്പ് കല്ല് എന്നിവ ഉപയോഗിച്ച് പഴയ കാലങ്ങളിൽ എങ്ങിനെ ആയിരുന്നോ കരകൗശല വസ്തുക്കൾ നിർമിച്ചിരുന്നത്, അതുപോലെ പണിയുന്നത് നമുക്കവിടെ കാണാം. നുബിയൻ കുടുംബത്തിൽ പെട്ട വിദഗ്ധരായ പണിക്കാരായിരുന്നു ഈ ജോലി ചെയ്യുന്നത്
ആ കടയിൽ നിന്നും “കനൊപിക് ജാർ” (മമ്മിഫിക്കേഷൻ ചെയ്യുമ്പോൾ ആന്തരിക അവയവം സൂക്ഷിക്കുന്ന 4 ജാർ), മമ്മി സൂക്ഷിക്കുന്ന കല്ലില് തീര്ത്ത ശവപ്പെട്ടി(sarcophagus) പിന്നെ ഒരു ചെറിയ താക്കോൽ എന്നിവ വാങ്ങി ഞങ്ങൾ യാത്ര തുടർന്നു. പോകുന്ന വഴിയിൽ രാജാക്കന്മാരുടെ താഴ്വരയിൽ ശവകുടീരങ്ങൾ നിർമിച്ചിരുന്ന തൊഴിലാളികളെ അടക്കം ചെയ്തിരുന്ന ഒരു മല കാണാം. പോകുന്ന വഴിയിൽ “കൊളോസി ഓഫ് മേമൻ” എന്നറിയപ്പെടുന്ന രണ്ടു പ്രതിമകളും കാണാം. അമേൻഹോട്ടപ് മൂന്നാമൻ എന്ന ഫറോയുടേത് ആണ് ഈ കൂറ്റൻ ഈ പ്രതിമകൾ. ഇതിനു ചുറ്റും ഉണ്ടായിരുന്ന കെട്ടിടം നൂറ്റാണ്ടുകൾക്ക് മുമ്പ് ഈജിപ്തിൽ ഉണ്ടായ ഒരു ഭൂചലനത്തിൽ നശിച്ചുപോയതാണ്. പഴയ കാല സഞ്ചാരികൾ പലരും സൂര്യോദയത്തിൽ ഇതിൽ ഒരു പ്രതിമ ചൂളം വിളിക്കുന്നത് കേട്ടതായി പറയുന്നു. ഇപ്പോൾ അത് കേൾക്കാറില്ല. ഈ ചൂളം വിളിയുടെ കാരണം ഇപ്പോഴും വ്യക്തമല്ല.
അവസാനം ഹറ്റ്ഷെപ്സുറ്റ് ക്ഷേത്രത്തിലെത്തി. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഇത് വരെ കണ്ട ക്ഷേത്രങ്ങളെല്ലാം ഒറ്റ നിലയിൽ എന്നാൽ വളരെ പൊക്കത്തിൽ ഉള്ളവയായിരുന്നല്ലോ. എന്നാൽ ഇത് 3 നിലയിലായി തട്ട് തട്ടായാണ് നിർമിച്ചിരിക്കുന്നത്. ഓരോ ഫറോവമാരും അവരുടെ കാലഘട്ടത്തിൽ രാജാക്കന്മാരുടെ താഴ്വരക്കടുത്ത് തങ്ങളുടെ ശവസംസ്കാര ചടങ്ങുൾക്ക് വേണ്ടി ക്ഷേത്രങ്ങൾ നിർമിക്കാറുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് ഇത്. ഹറ്റ്ഷെപ്സുറ്റ്ന്റെ ഭരണകാലത്തെ വ്യാപാര വിനിമയങ്ങളുടെയും മറ്റും ചിത്രങ്ങളാണ് ഇവിടത്തെ ചുമരുകളിൽ നിറയെ കാണാൻ സാധിക്കുന്നത്. കൂടാതെ അവരുടെ പ്രതിമകളും കാണാം.
ഹറ്റ്ഷെപ്സുറ്റ് ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയതിനു ശേഷം ഉച്ച ഭക്ഷണം കഴിച് ഞങ്ങൾ ബോട്ടിൽ നൈലിലൂടെ ലക്സോറിലേക്ക് തിരിച് പോകാൻ തീരുമാനിച്ചു. ബോട്ടിൽ പോകാനുള്ള കാരണം, വഴിയിൽ “ബനാന ഐലന്റ്” എന്ന ഒരു ദ്വീപിലും കൂടെ പോകാം എന്ന ഉദ്ദേശം ഉള്ളത് കൊണ്ടായിരുന്നു. നിറയെ പായകപ്പലുകൾ ഓടിക്കൊണ്ടിരിക്കുന്ന നൈലിലൂടെ ഞങ്ങൾ ബനാന ഐലന്റിലേക്ക് പോയി. ഇത് വരെ കണ്ടതൊക്കെ ചരിത്ര സ്മാരകങ്ങളായിരുന്നെങ്കിൽ, അതിൽ നിന്നും വിഭിന്നമായി പ്രകൃതിയും പച്ചപ്പും ആയിരുന്നു ഈ ദ്വീപിൽ. പേര് പോലെത്തന്നെഇവിടെ നിറയെ വാഴ കൃഷിയായിരുന്നു. കൂടാതെ ഓറഞ്ച്, മാങ്ങ തുടങ്ങിയ കൃഷികളും ഉണ്ട്. കുതിര, കഴുത, കോഴി, പ്രാവ്, മുതല തുടങ്ങിയ ജീവികളെയും ഇതിനകത്ത് വളർത്തുന്നുണ്ട്. തികച്ചും മനസ്സിന് കുളിർമ്മ നൽക്കുന്ന കാഴ്ചകൾ. ആ കൃഷിയിടങ്ങളിലൂടെ കുറച് നേരം നടന്ന് അവിടുത്തെ കാഴ്ചകൾ കണ്ടു. അവിടെ നിന്നും സൂര്യാസ്തമയം കാണാൻ നല്ല ഭംഗിയാണെന്ന് അഹമ്മദ് പറഞ്ഞു. പക്ഷെ ഞങ്ങൾ ഉച്ചക്ക് ശേഷം അവിടെ എത്തിയതിനാൽ സൂര്യാസ്തമയം കാണാൻ സാധിച്ചില്ല. അവിടെ നിന്നും നല്ല മധുരമുള്ള വാഴപ്പഴങ്ങൾ കഴിച്ചതിന് ശേഷം ഞങ്ങൾ ലക്സോരിലേക്ക് മടങ്ങി. ഏകദേശം 5 മണിയപ്പോൾ ഞങ്ങൾ ലക്സോറിലെത്തി.
കയ്റോയിലേക്കുള്ള വിമാനം രാത്രി 12:15 ആയതിനാൽ ഒരു ഹോട്ടലിൽ മുറിയെടുത്തു. ഇത്രയും മനോഹരമായ ഒരു പട്ടണത്തിൽ മണിക്കൂറുകളോളം ഹോട്ടലിൽ സമയം ചിലവഴിക്കുന്നതിന് ഞങ്ങളുടെ മനസ്സ് സമ്മതിക്കാത്തത് കൊണ്ട് ലക്സോരിൽ ബാക്കി വെച്ച ചില ആഗ്രഹങ്ങൾ കൂടെ പൂർത്തീകരിക്കാൻ തീരുമാനിച്ചു. അതിൽ ഒന്നാമത്തേത് ലക്സോർ പട്ടണത്തിലൂടെ കുതിര സവാരി നടത്തുക എന്നതായിരുന്നു. കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം ഹോട്ടലിൽ നിന്നും പുറത്തിറങ്ങി. ലക്സോരിലെ മുക്കിലും മൂലയിലും കുതിര സവാരികാരെ കാണാം. ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ തന്നെ ഒരു കുതിര വണ്ടിക്കാരൻ ഞങ്ങൾക് മുന്നിൽ വന്ന് നിർത്തി. വിലപേശലിനൊന്നും നിൽക്കാതെ ലക്സോറന്ന ചരിത്ര ഭൂമിയിലൂടെ ഞങ്ങൾ ചുറ്റി കറങ്ങി. ലക്സോർ ക്ഷേത്രത്തിനു മുമ്പിലാണ് ഞങ്ങൾ സവാരി അവസാനിപ്പിച്ചത്. രാത്രി വെളിച്ചത്തിൽ ലക്സോർ ക്ഷേത്രത്തിന് പ്രത്യേക ഭംഗിയാണ്.
ലക്സോർ ക്ഷേത്രത്തിന് അടുത്തുള്ള അബ്ദുൽ ഹജ്ജാജ് പള്ളി ഇന്നലെ സന്ദർശിക്കാൻ പറ്റിയിരുന്നില്ലല്ലോ. അതിനാൽ ഇന്ന് അവിടേക്കു പോകാം എന്ന് തീരുമാനിച്ചു. പതിമൂന്നാം നൂറ്റാണ്ടിൽ ഇറാഖിലെ ബാഗ്ദാദിൽ ജനിച്ച്, ലക്സോരിൽ ജീവിച്ചിരുന്ന അബ്ദുൽ ഹജ്ജാജ് എന്ന മുസ്ലിം സൂഫിവര്യന്റെ പേരിലുള്ളതാണ് ഈ പള്ളി എന്ന് മുന്നേ ഞാൻ പറഞ്ഞിരുന്നല്ലോ. ഈ പള്ളിക്ക് വേണ്ടി കിണർ കുഴിച്ചപ്പോഴാണല്ലോ ലക്സോർ ക്ഷേത്രം മണ്ണിനടിയിൽ നിന്നും കണ്ടെത്താൻ കാരണമായത്. രണ്ട് ചെറിയ മുറികൾ മാത്രമുള്ള ഒരു ചെറിയ പള്ളിയാണ് ഇത്. നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഈ പള്ളിയിൽ അബ്ദുൽ ഹജ്ജാജ് എന്ന ആ മഹാന്റെ കബറിടം ഉണ്ട്. നിസ്കാരത്തിന്റെ സമയത്തായിരുന്നു ഞങ്ങൾ പള്ളിയിൽ എത്തിയത്. നിസ്കരിച്ചതിന് ശേഷം അബ്ദുൽ ഹജ്ജാജ് എന്ന മഹാന്റെ കബറിടം സന്ദർശിച്ചു. അവിടെ വിശ്വാസികളുടെ നിത്യസന്തർശനവും പ്രാർത്ഥനയും നടക്കാറുണ്ട്. കുറച്ച് നേരം അവിടെ ചിലവഴിച്ചതിന് ശേഷം ലക്സോർ മാർക്കറ്റിലൂടെ കാൽനടയായി തിരിച് ഹോട്ടലിലേക്ക് പുറപ്പെട്ടു. ലക്സോർ മാർക്കറ്റ് വളരെ പ്രശസ്തമാണ്. ഏകദേശം 1.5 കിലോമീറ്റർ ഈ മാർക്കറ്റിലൂടെ നടന്നാൽ ഹോട്ടലിലെത്തും. ലക്സോർ മാർക്കറ്റിലെ കച്ചവടങ്ങളും കാഴ്ചകളും കണ്ട് ഞങ്ങൾ നടന്നു. ചില കടകളിൽ കയറി സാധനങ്ങൾ നോക്കി. കച്ചവടക്കാർ അവരുടെ കടയിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. തിരക്കുപിടിച്ച മാർക്കറ്റിലെ ചെറിയ വഴികളിലൂടെ നടന്ന് അവസാനം ഹോട്ടലിലെത്തി. സമയം 10 മണി ആയപ്പോൾ ഞങ്ങൾ എയർപോർട്ടിലേക്ക് പുറപ്പെട്ടു. ലക്സോർ എന്ന പുരാതന പട്ടണത്തിനോട് വിടപറഞ്ഞ് വീണ്ടും കയ്റോയിലേക്ക്. കയ്റോയിൽ എത്തുംത്തുമ്പോൾ പുലർച്ചയാവുന്നതിനാൽ, നാളെ പ്രത്യേക പരിപാടികളൊന്നും നിക്ഷയിച്ചിട്ടുണ്ടായിരുന്നില്ല
ശുഭരാത്രി!
- ദിവസം 8 (31/12/2019) – കയ്റോ
ഇന്നലത്തെ യാത്ര ക്ഷീണം മൂലം കുറച്ച് താമസിച്ചാണ് ഇന്ന് എണീറ്റത്. ഇന്നലെ പറഞ്ഞ പോലെ ഇന്ന് വിശ്രമത്തിനുള്ള (free day) ദിവസമായിരുന്നു. ഭാര്യ അവളുടെ ഒരു സുഹൃത്തിന്റെ കൂടെ ഇന്ന് ചെലവഴിക്കണം എന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നു. അവളുടെ സുഹൃത് ഒരു വർഷമായി കയ്റോയിലാണ് താമസിക്കുന്നത്. റിയാദിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോൾ മുതലുള്ള സൗഹൃദമാണ് അവർ തമ്മിൽ. സമയം 11 മണി ആയപോയേക്കും അസ്മ (ഭാര്യയുടെ സുഹൃത്) ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തി. ഭാര്യയും മോനും കൂടെ അസ്മയുടെ കൂടെ അവളുടെ വീട്ടിലേക്ക് പോയി. തനിച്ച് ഹോട്ടലിലിരിക്കാൻ ഞാനും തീരുമാനിച്ചിരുന്നില്ല. കയ്റോ (ഇസ്ലാമിക് കയ്റോ) എന്ന പൗരാണിക നഗരത്തിലൂടെ വെറുതെ കാഴ്ചകൾ കണ്ട് നടക്കുക എന്നതായിരുന്നു എന്റെ തീരുമാനം. മുമ്പ് അവിടെ പോയപ്പോൾ സമയ കുറവ് മൂലം അധികം സമയം അവിടെ ചിലവഴിക്കാൻ പറ്റിയിരുന്നില്ല. ഒരിക്കൽ കൂടെ അവിടുത്തെ ആത്മീയ അന്തരീക്ഷവും പൗരാണികതയും അനുഭവിക്കണം എന്നത് എന്റെ ആഗ്രഹമായിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം ഹോട്ടലിന്റെ മുമ്പിൽ നിന്നും ഉബർ (Uber) വിളിച് ഞാൻ കയ്റോയിലേക്ക് പുറപ്പെട്ടു. വളരെ മിതമായ നിരക്കിൽ ഈജിപ്തിൽ എവിടെയും യാത്രചെയ്യാം എന്നത് ഒരു പ്രത്യേകതയാണ്. എന്നാൽ കയ്റോയിലെ ചില സമയങ്ങളിലെ ഗതാഗതക്കുരുക്ക് സന്ദർശകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അങ്ങിനെയുള്ള ഒരു ഗതാഗതക്കുരുക്കിൽ ഇന്ന് ഞാൻ അകപ്പെട്ടു. പക്ഷെ, അതികം പ്രയാസപ്പെടാതെ കയ്റോയിൽ എത്തി. അൽ-ഹുസ്സൈൻ പള്ളിയുടെ പിന്നിലായിട്ടായിരുന്നു കാർ നിർത്തിയത്. കയ്റോയിലെ തിരക്കുകൾക്കിടയിലൂടെ കാഴ്ചകളും കണ്ട് ഞാൻ അൽ-ഹുസ്സൈൻ പള്ളിയിലേക്ക് നടന്നു. മുമ്പ് പോയപ്പോൾ അവിടെ കൂടുതൽ സമയം ചിലവഴിക്കാൻ പറ്റാത്തതിനാൽ, ഇപ്രാവിശ്യം പള്ളിക്കകത്തെ ഭക്തിസാന്ദ്രമായ അന്തരികീക്ഷതിൽ കൂടുതൽ സമയം ചെലവഴിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. കൂടാതെ ഹുസൈൻ (റ) എന്ന മഹാന്റെ ശിരസ്സ് അടക്കം ചെയ്തു എന്ന് പറയുന്ന സ്ഥലവും സന്ദർശിക്കണം. പള്ളിയിൽ പ്രവേശിച്ചപ്പോൾ അസർ നമസ്കാരത്തിന്റെ സമയമായിരുന്നു. നമസ്കാരത്തിന് മുന്നിലെ നിരയിൽ തന്നെ സ്ഥാനം പിടിച്ചു. നമസ്കാരം കഴിഞ്ഞാൽ തുറക്കുന്ന ഹുസൈൻ (റ)-ന്റെ മക്ബറയിൽ (കുടീരം) പ്രയാസം കൂടാതെ സന്ദർശനം നടത്താം എന്ന സൗകര്യം കൂടെ മുന്നിലെ നിരയിൽ നമസ്കരിക്കുമ്പോൾ ഉണ്ട്. പള്ളിയുടെ മുൻവശതാണ് ഈ കുടീരം സ്ഥിതിചെയ്യുന്നത്.
നമസ്കാരം കഴിഞ്ഞ ഉടനെ മക്ബറയിൽ സന്ദർശനം നടത്തി. ആളുകൾ അതിന് ചുറ്റും പ്രാർത്ഥിക്കുന്നുണ്ട്. ചിലർ അവിടെ ഇരുന്ന് ഖുർആൻ പാരായണം നടത്തുന്നുണ്ട്. തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷം. ഈ സമയം പള്ളിയിൽ ഒരു മത പണ്ഡിതൻ അവിടെയുള്ള വിശ്വാസികൾക്ക് വേണ്ടി മത പ്രസംഗം നടത്തുന്നുണ്ടായിരുന്നു. ഒന്നും മനസിലാവുന്നില്ലങ്കിലും ഞാൻ അവരുടെ കൂടെ കുറച് നേരം ഇരുന്നു.
മതിവരുവോളം അൽ-ഹുസൈൻ പള്ളിയിൽ ചിലവഴിച്ചതിന് ശേഷം ഖാൻ എൽ-ഗലീലി മാർക്കറ്റിനു മുന്നിലൂടെ അൽ-അസ്ഹർ പള്ളി/യൂണിവേഴ്സിറ്റിയിലേക്ക് പുറപ്പെട്ടു. അവിടെ പല ഭാഗങ്ങളിലായി ഓരോ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പഠനം നടക്കുന്നുണ്ടായിരുന്നു. അവിടെയും ഒരു കാഴ്ചക്കാരനെ പോലെ ഞാൻ എല്ലാം നോക്കി കാണുകയായിരുന്നു. വായിച്ചറിഞ്ഞ അൽ-അസ്ഹർ യൂണിവേഴ്സിറ്റിയിലെ കാഴ്ചകൾ നേരിൽ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം. അവിടെ ഉള്ള ചില വിദ്യാർത്ഥികളുമായി കുറച് നേരം കുശലം പറഞ്ഞതിന് ശേഷം അവിടെ നിന്നും പുറത്തിറങ്ങി.
നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ, ഇനി ഭക്ഷണം കഴിച്ചിട്ട് മതി ബാക്കി കറക്കം എന്ന് തീരുമാനിച്ചു. ഈജിപ്ഷ്യൻ റൊട്ടിയും തഹീനയും അതിന്റെ കൂടെ ചിക്കനും കൂടിയുള്ള നല്ല ഭക്ഷണം ആയിരുന്നു കഴിച്ചത്. പുതുവത്സര രാവ് ആയതിനാലാണെന്ന് തോന്നുന്നു നല്ല തിരക്കാണ് നഗരത്തിൽ. പലതരത്തിലുള്ള കച്ചവടം തെരുവിൽ നടക്കുന്നുണ്ട്. ഉന്തുവണ്ടികളിൽ പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയവ വിൽക്കുന്നവർ, തെരുവുകളിൽ ഭക്ഷണം പാകം ചെയ്ത് വിൽക്കുന്നവർ. കച്ചവടക്കാരിൽ നല്ലൊരു വിഭാഗവും സ്ത്രീകളാണ്. ഈ തിരക്കുകൾക്കിടയിൽ എങ്ങോട്ടെന്നില്ലാതെ ഞാൻ അലഞ്ഞു. എല്ലാം പഴയ കെട്ടിടങ്ങൾ.
അതിൽ മുസ്ലിം പള്ളി, ക്രിസ്ത്യൻ പള്ളി, ജൂത പള്ളി എല്ലാം കാണാം. നടന്ന് ക്ഷീണിച്ചപ്പോൾ തിരിച് ഹോട്ടലിൽ പോകാം എന്ന് തീരുമാനിച്ചു. എന്നാൽ തിരക്ക് കാരണം ഓൺലൈൻ ടാക്സികളൊന്നും കിട്ടിയില്ല . അവസാനം ഒരു മിസ്രിയുടെ കാറിൽ ഹോട്ടലിലേക്ക് പുറപ്പെട്ടു. ഒരു നല്ല മനുഷ്യനായിരുന്നു ഡ്രൈവർ. കയ്റോയിലെ ജീവിതത്തെ കുറിച്ചും മറ്റും സംസാരിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. റോഡിൽ നല്ല തിരക്കായതിനാൽ കുറച്ച് അധികം സമയമെടുത്താണ് ഞാൻ ഹോട്ടലിൽ തിരിച്ചെത്തിയത്. ഇന്നത്തെ യാത്രയിൽ മനസ്സിൽ ബാക്കിവെച്ചിരുന്ന മറ്റൊരു ആഗ്രഹം കൂടെ പൂർത്തിയായി. ഇസ്ലാമിക് കയ്റോയിൽ ഒരു പ്രാവിശ്യംകൂടെ പോകുക എന്നത് എന്റെ ആഗ്രമായിരുന്നു എന്ന് മുന്നേ പറഞ്ഞിരുന്നല്ലോ.
നാളെ ഞങ്ങൾ പോകുന്നത് പഴയ കയ്റോയിലേക്കാണ് (old Cairo). അവിടെ നമുക്ക് 3 മതവിഭാഗങ്ങളുടെ, അതായത് ഇബ്രാഹിം (അ) (Abraham) സന്തതികളുടെ (Abrahamic religions) പുരാതന ആരാധാനാലയങ്ങൾ ഒരേ സ്ഥലത്ത് കാണാം. റോമൻ, ക്രിസ്ത്യൻ, ഇസ്ലാമിക് കാലഘട്ടങ്ങളിലേ സ്മാരകങ്ങളും ആരാധനാലയങ്ങളും പഴയ കയ്റോയിൽ നമുക്ക് നാളെ സന്ദർശിക്കാം. ആ കാഴ്ചകളുടെ വിശേഷങ്ങൾ നാളെ എഴുതാം.
ശുഭരാത്രി!
ദിവസം 9 (01/01/2020) – കയ്റോ
2020-ലെ ആദ്യ ദിവസമായ ഇന്ന് ഞങ്ങൾ ആദ്യം പോയത് സുൽത്താൻ ഹസൻ പള്ളിയിലേക്കാണ് (Mosque and Madrasa of Sultan Hasan). കയ്റോ കോട്ടയുടെ (Citadel of Cairo) വളരെ അടുത്താണ് പ്രശസ്തമായ ഈ പള്ളി സ്ഥിതി ചെയ്യുന്നത്. പ്രാർത്ഥന കൂടാതെ മതപഠനവും കൂടെ ഇവിടെ ഉണ്ടായിരുന്നു എന്നത് ഈ പള്ളിയുടെ പ്രത്യേകതയാണ്. മംലൂക് ഭരണാധികാരിയായിരുന്ന സുൽത്താൻ നാസിർ ഹസൻ 14-ആം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഈ പള്ളി. സാധരണ ഭരണാധികാരികൾ കയ്റോ കോട്ടയുടെ ഉള്ളിലാണ് അവരുടെ പള്ളി പണിയാറുള്ളതെങ്കിലും, തന്റെ ആഗ്രഹത്തിന് അനുസരിച്ച വലിയ പള്ളി നിർമിക്കാനുള്ള സ്ഥല പരിമിതി മൂലമാണ് പുറത്ത് നിർമിച്ചത്
ഇന്ന് അധികം തിരക്കില്ലാത്ത ദിവസമാണെന്ന് തോന്നുന്നു, സന്ദർശകരുടെ എണ്ണം വളരെ കുറവായിരുന്നു അവിടെ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളിയുടെ അകത്തേക്ക് ഞങ്ങൾ പ്രവേശിചു. കയറി ചെല്ലുമ്പോൾ തന്നെ ചില മുറികൾ കാണാം. പഴയകാലത്ത് മതപഠനത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന മുറികൾ ആയിരുന്നു ഇത്. ഇപ്പോൾ ഇത് ഉപയോഗിക്കാറില്ലത്തതിനാൽ വാതിലുകൾ അടച്ച രീതിയിലാണ് ഉള്ളത്. ജനവാതിലിലൂടെ ഉൾവശം നോക്കി. മുറിക്കകത്ത് പ്രത്യേകിച്ചൊന്നും ഇല്ല. പഴയ കാലത്ത് കുട്ടികൾ പഠിച്ചിരുന്ന സ്ഥലം മാത്രം കാണാം. കുറച് കൂടെ മുന്നോട്ട് പോയാൽ മാർബിൾ പാകിയ അതിവിശാലമായ മുറ്റവും അതിന്റെ നടുവിൽ വുദു (അംഗശുദ്ധി വരുത്തല്) ചെയ്യാനുള്ള സ്ഥലവും കാണാം. ഇവിടെ ഒരു പ്രത്യേകതയുണ്ട്. വിശാലമായ ഈ മുറ്റത്തിന്റെ നാല് ഭാഗങ്ങളിലായി മുസ്ലിം മത വിഭാഗത്തിലെ 4 മദ്ഹബകൾക്കും പ്രത്യേകം മതം പഠിപ്പിക്കാനുള്ള സൗകര്യം ഉണ്ട്. ഇതിനായി 4 വലിയ മദ്രസകൾ പള്ളിയുടെ നാല് ഭാഗത്തായി ഉണ്ട്.
പിന്നെയും മുന്നോട്ട് പോയാൽ പള്ളിയുടെ പ്രധാന സ്ഥലത് എത്തും. മനോഹരമായി ചായം പൂശിയിട്ടുള്ള നിരവധി വിളക്കുകൾ നീളൻ ചങ്ങലകളിൽ തൂക്കിയിട്ടിരിക്കുന്നുണ്ട്. കൊത്തുപണികളോട് കൂടിയ പ്രസംഗപീഠം മുന്നിൽ കാണാം. നല്ല ഉയരത്തിലുള്ള മേൽക്കൂരയുടെ വശങ്ങളിൽ വിത്യസ്ത വർണങ്ങളിലുള്ള ജനവാതിലുകൾ ഉണ്ട്. അതിലൂടെ സൂര്യപ്രകാശം വരുമ്പോൾ വിത്യസ്ത നിറങ്ങളാൽ പള്ളിയുടെ ഉൾവശം മനോഹരമാവും. ഇവിടെയുള്ള ഒരു വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ചാൽ സുൽത്താൻ ഹസനുവേണ്ടി നിർമിച്ച കബറിടം കാണാൻ സാധിക്കും. തന്റെ ജീവിത കാലത് തന്നെ തനിക് വേണ്ടി ശവകുടീരം നിർമിച്ചിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ ഇവിടെ അദ്ദേഹത്തിന്റെ മൃതശരീരം അടക്കം ചെയ്യാൻ പറ്റിയിട്ടില്ല. അതിന് കാരണം, അദ്ദേഹത്തിന്റെ ജീവിത കാലത്ത് തന്നെ ദുരൂഹ സാഹചര്യത്തിൽ കാണാതായതിനാൽ ,പിന്നീട് അദ്ദേഹത്തെ കുറിച് ഒരു വിവരവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് ഒരു വ്യക്തതയും നിലവിൽ ഇല്ല. കുറച് നേരം അവിടെ ചിലവഴിച്ചതിന് ശേഷം ഞങ്ങൾ പുറത്തിറങ്ങി.
പിന്നീട് ഞങ്ങൾ പോയത് സുൽത്താൻ ഹസൻ പള്ളിയുടെ തൊട്ടടുത്തുള്ള “അൽ-രിഫാഈ” പള്ളി (Al-Rifa’i Mosque)യിലേക്കാണ്. മുഹമ്മദ് അലി പാഷയുടെ മരുമകളും ഇബ്രാഹിം പാഷയുടെ ഭാര്യയുമായ ഖുഷിയാർ ഹനീമാണ് ഈ പള്ളി പണിയാൻ മുൻകയ്യെടുത്തത്. 1869-ൽ ആണ് ഈ പള്ളിയുടെ നിർമാണം തുടങ്ങുന്നത്. എന്നാൽ, 1880-ൽ നിർമ്മാണം നിർത്തിവെക്കേണ്ടിവന്നു. പിന്നീട്, 1905-ൽ നിർമ്മാണം പുനരാരംഭിക്കുകയും 1911-ൽ പള്ളി പൂർത്തീകരിക്കുകയും ചെയ്തു. മുഹമ്മദ് അലി പാഷയുടെ കുടുംബാംഗങ്ങളുടെ “രാജകീയ ശവകുടീരങ്ങൾ” കൂടിയാണ് ഈ പള്ളി.സുൽത്താൻ ഹസൻ പള്ളിയെ അപേക്ഷിച്ച് ഈ പള്ളിക്ക് അതികം പഴക്കമില്ല. ചതുരാകൃതിയിലായ ഈ പള്ളിക്ക് രണ്ട് ഭാഗങ്ങളാണുള്ളത്.
ഒന്നാമത്തേത് പ്രാർത്ഥനക്കുള്ളതും, രണ്ടാമത്തേത് രാജകീയ ശവകുടീരങ്ങളുമാണ്. പല രീതിയിലുള്ള മാർബിൾ കൊണ്ട് പൊതിഞ്ഞ ചുമരുകളും, വർണങ്ങളാൽ നിറഞ്ഞ ചില്ല് ജനവാതിലുകളും, തൂങ്ങി കിടക്കുന്ന വിളക്കുകളും, കൂടാതെ മനോഹരമായ അറബി വചനങ്ങളും പള്ളിയുടെ ഉൾഭാഗം വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.
ഫഹദ് രാജാവ്, ഫറൂക്ക് രാജാവ്, ഖുഷിയാർ ഹനീം തുടങ്ങിയ രാജവംശത്തിൽ പെട്ടവരുടെ ശവകുടീരങ്ങൾ പള്ളിയുടെ ഉള്ളിൽ കാണാം. ഈ പള്ളിക്കകത് തന്നെയാണ് ഇറാനിലെ അവസാനത്തെ “ഷാ” ഭരണാധികാരി, മുഹമ്മദ് റെസ പഹ്ലവി (Mohammad Reza Pahlavi) യുടെ ശവകുടീരവും ഉള്ളത്. ഫരൂക് രാജാവിന്റെ പെങ്ങളെ ആയിരുന്നു മുഹമ്മദ് റെസ വിവാഹം ചെയ്തിരുന്നത്. ഇറാനിൽ വിപ്ലവം ഉണ്ടായപ്പോൾ ഷാ ഈജിപ്തിലേക്ക് ഒളിച്ചോടിയതായിരുന്നു. പിന്നീട് ഇവിടുന്ന് മരണപെടുകയായിരുന്നു.
രിഫാഈ പള്ളിയിൽ നിന്നും ഞങ്ങൾ പോയത് ഇബ്നു തുലുൺ പള്ളിയിലേക്കാണ്. ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണിത്. നിർമിച്ചപ്പോൾ ഉണ്ടായിരുന്ന അതെ രൂപത്തിൽ അവശേഷിക്കുന്ന ചുരുക്കം പള്ളികളിൽ ഒന്നാണ് ഇത്. തുലൂനിഡ് രാജവംശത്തിന്റെ സ്ഥാപകനായ അഹമ്മദ് ഇബ്നു തുലൂൺ എഡി 879-ൽ നിർമിച്ചതാണ് ഈ പള്ളി. “ജബൽ യഷ്കൂർ” (The Hill of Thanksgiving) എന്ന ചെറിയ കുന്നിലാണ് ഈ പള്ളി നിർമിച്ചിരുന്നത്. എന്നാൽ നൂറ്റാണ്ടുകളായുള്ള മനുഷ്യ വംശത്തിന്റെ വാസവും ഇടപെടലും മൂലം ഇന്ന് അതൊരു കുന്നല്ലാതായിരിക്കുന്നു. ഇബ്നു തുലൂണിന്റെ കൊട്ടാരത്തിന് ചാരിയാണ് ഈ പള്ളി സ്ഥിതി ചെയ്തിരുന്നത്. എന്നാൽ, കൊട്ടാരം പിന്നീട് വന്ന ഭരണാധികാരികൾ തകർക്കുകയായിരുന്നു. ഇന്ന് പള്ളി മാത്രമെ നിലനിൽക്കുന്നൊള്ളു.
ന്ത്രണ്ടാം നൂറ്റാണ്ടിൽ വടക്കേ ആഫ്രിക്ക മുതൽ ഹിജാസ് (ഇന്നത്തെ മക്ക സ്ഥിതി ചെയ്യുന്ന പ്രദേശം) വരെയുള്ള തീർഥാടകർക്ക് അഭയകേന്ദ്രമായി ഇത് പ്രവർത്തിച്ചിരുന്നു. പ്രളയത്തിനുശേഷം നോഹയുടെ (നൂഹ് നബി) പെട്ടകം (Ark) വിശ്രമിക്കാൻ വന്നത് ഇവിടെയാണെന്ന് ചില ഐതിഹ്യവും ഉണ്ട്. ഇങ്ങിനെ പല പ്രത്യേകതകളുള്ള ഒരു പുരാതന പള്ളിയായി ഇബ്നു തുലുൺ പള്ളി.
ചതുരാകൃതിയിലുള്ള പള്ളിയുടെ ഉൾഭാഗം അതിവിശാലമായ മുറ്റമാണ്. മുറ്റത്തിന്റെ ചുറ്റുമുള്ള തുറന്ന സ്ഥലം നമസ്കരിക്കാനും വിശ്രമിക്കാനും ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഞങ്ങൾ അതിലൂടെ നടന്ന് പള്ളിയിലെ കാഴ്ചകളെല്ലാം കണ്ടു. സൂര്യപ്രകാശം പ്രവേശിക്കത്തക തരത്തിൽ നിറയെ ഒഴിഞ്ഞ സ്ഥലങ്ങൾ പള്ളിക്കകത്ത് ഉള്ളതിനാൽ എപ്പോഴും നല്ല വെളിച്ചമായിരിക്കും ഇവിടെ. ഈ പള്ളിയുടെ മറ്റൊരു പ്രത്യേകത നല്ല ഉയരത്തിലുള്ള മുനാരത്തിന്റെ മുകളിലേക്ക് കയറി താഴെയുള്ള കാഴ്ചകൾ കാണാം എന്നതാണ്. മുനാരം ചുറ്റി മുകളിൽ എത്തുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണെങ്കിലും, മുകളിൽ നിന്നും കാണുന്ന കാഴ്ചകൾ നമ്മെ നിരാശപ്പെടുത്തില്ല. പഴയ കയ്റോയിലെ കാഴ്ചകൾ മുകളിൽ നിന്നും ആസ്വദിക്കാം.
ഇബ്നു തുലുൺ പള്ളിയിൽ നിന്നും ഞങ്ങൾ പോയത് പഴയ കയ്റോയുടെ ഭാഗമായ കോപ്റ്റിക് കയ്റോയിലേക്കാണ്. ഇവിടെയാണ് ബാബിലോൺ കോട്ട, കോപ്റ്റിക് മ്യൂസിയം, പ്രധാന ക്രിസ്ത്യൻ പള്ളികളായ ഹാംഗിംഗ് ചർച്ച്, കാവറിൻ ചർച്ച് (അബുസെർഗ്ഗ), മറ്റ് നിരവധി കോപ്റ്റിക് പള്ളികൾ, ബെൻ-എസ്രാ സിനഗോഗ് (ജൂത പള്ളി), മറ്റ് ചരിത്ര സ്ഥലങ്ങൾ എന്നിവ നിലകൊള്ളുന്നത്. ഇവിടേക്ക് പോകുന്ന വഴിയിലാണ് ഈജിപ്തിൽ ആദ്യമായി നിർമ്മിച്ച മുസ്ലിം പള്ളിയായ അംറ് ബ്നു അൽ-ആസ് (റ)ന്റെ പേരിലുള്ള പള്ളി ഉള്ളത്. എഡി 641-ൽ ഇവിടെ പള്ളി നിർമിച്ചെങ്കിലും, പിന്നീട് പല കാലഘട്ടങ്ങളിലായി പുതുക്കി പണിഞ്ഞതിനാൽ പള്ളിയുടെ പഴയ രൂപം ഇന്ന് നമ്മുക് കാണാൻ സാധിക്കില്ല.
അറേബ്യയിൽ നിന്ന് ഖലീഫ ഉമർ (റ)-ന്റെ നിർദ്ദേശപ്രകാരം ആണ് അംറ് ബ്നു അൽ-ആസ് (റ) ഈജിപ്തിലേക്ക് വന്നത്. അദ്ദേഹത്തിന്റെ വരവോടുകൂടിയാണ് റോമൻ കാലഘട്ടം ഈജിപ്തിൽ അവസാനിക്കുന്നതും ഇസ്ലാമിക കാലഘട്ടം തുടങ്ങുന്നത്തും. ഈ പള്ളി പുറത്ത് നിന്ന് കണ്ട് ഞങ്ങൾ കോപ്റ്റിക് കയ്റോയിലേക്ക് പോയി.
കോപ്റ്റിക് കയ്റോയിൽ നമ്മളെ വരവേൽക്കുന്നത് ബാബിലോൺ കോട്ടയാണ്. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റോമൻ ചക്രവർത്തിയായ ട്രാജൻ ആണ് ഇവിടെ ഈ കോട്ട പണിതത്. ഇവിടെ ആയിരുന്നു റോമൻ ഭരണാധികാരികളുടെ ആസ്ഥാനം. പല ആക്രമണങ്ങൾക്കും വിധേയമായ ഈ കോട്ട ഇപ്പോൾ ഭാഗികമായി തകർന്ന നിലയിലാണുള്ളത്. പല ടവറുകൾ (Romen towers) കൂടിയതാണ് ബാബിലോൺ കോട്ട. അതിലെ രണ്ട് ടവറിൻമേൽ നിർമിച്ച ഒരു ചർച്ചിലേക്കാണ് ആദ്യം ഞങ്ങൾ പോയത്. ഹാങ്ങിങ് ചർച്ച് എന്നാണ് പ്രശസ്തമായ ഈ ക്രിസ്ത്യൻ ആരാധനാലയത്തിന്റെ പേര്. രണ്ടു തൂണുകളിന്മേൽ പണിതിരിക്കുന്നതിനാലാണ് ഈ പള്ളിക്ക് ഈ പേര് വന്നത്. മൂന്നാം നൂറ്റാണ്ടിലാണ് ഈ പള്ളിയുടെ നിർമാണത്തിന്റെ തുടക്കം. പിന്നീട് ഏഴാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും പുതുക്കിപ്പണിയലുകൾ നടന്നിരുന്നു. 29 പടികൾ കയറിയിട്ട് വേണം പള്ളിക് അകത്ത് എത്താൻ. ഈജിപ്ത് എന്ന മുസ്ലിം രാഷ്ട്രത്തിലാണ് ഇപ്പോൾ നാം നിൽക്കുന്നത് എന്ന് മറന്ന് പോകുന്ന കാഴ്ചകളാണ് ഇവിടെ ഉള്ളത്. അതിമനോഹരമായ ഈ പള്ളി ബസിലിക്കാ മാതൃകയിൽ ആണ് നിർമിച്ചിരിക്കുന്നത്. പള്ളിയുടെ ഉൾവശം അതിമനോഹരമാണ്. മരത്തടിയിൽ കൊത്തുപണികളോട് കൂടിയ വാതിലുകളും, മറ്റ് അലങ്കാരങ്ങളും, വിവിധ വർണ്ണത്തിലുള്ള മാർബിൾ കൊണ്ടുള്ള തൂണുകളും പള്ളിയുടെ ഭംഗി വർധിപ്പിക്കുന്നു. മരതടിയിൽ നിർമിച്ചിട്ടുള്ള ഇരിപ്പിടത്തിൽ ഇരുന്ന് വിശ്വസിക്കൽ പ്രാർത്ഥിക്കുന്നത് നമുക്ക് കാണാം. സന്ദർശകർ പള്ളിക്കകത്തെ കാഴ്ചകൾ കാണുന്നുണ്ട്. പള്ളിയുടെ അൾത്താരയ്ക്കു സമീപം ഇടതു വശത്തുകൂടി ഉള്ള വാതിൽ വഴി ഉള്ളിൽ കയറിയാൽ ഗ്ലാസ്സ് കൊണ്ട് നിർമിച്ച ഒരു പ്രതലം വഴി പള്ളി പണിത രണ്ടു വലിയ കൽത്തൂണുകൾ കാണാം. പഴയ റോമൻ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് ആ കാണുന്നത്.
ഹാങ്ങിങ് ചർച്ചിൽ നിന്നും ഞങ്ങൾ പോയത് ഈജിപ്തിലെ പുരാതനമായ മറ്റൊരു പള്ളിയായ അബുസർഗ്ഗ (കാവറിൻ ചർച്ച്) യിലേക്കാണ്. നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച റോമൻ പടയാളികളായ സെർജിയസ് (Sergius) , ബാക്കസ് (Bracchus) എന്നീ വിശുദ്ധരുടെ സ്മരണാർത്ഥം പണികഴിപ്പിച്ചതാണ് ഈ പള്ളി. അതിനാൽ തന്നെ ഈ പള്ളിക്ക് സെയിന്റ്സ് സെർജിയസ്, ബാക്കസ് ചർച്ച് എന്ന പേരും കൂടെ ഉണ്ട്. നോഹയുടെ പേടകത്തിന്റെ ഒരു മാതൃക പള്ളിയുടെ മുമ്പിൽ തന്നെ കാണാം. ഹാങ്ങിങ് ചർച്ച് പോലെത്തന്നെ ഇതിന്റെ ഉൾവശവും അതിമനോഹരമാണ്. ബസിലിക്കാ മാതൃകയിൽ ആണ് ഈ പള്ളിയും നിർമിച്ചിരിക്കുന്നത്.
ഈ പള്ളി പണിയാൻ ഈ സ്ഥലം തിരഞ്ഞെടുത്തതിന്റെ കാരണം, ജറുസലേമിൽ നിന്നും തിരുകുടുംബം (ജോസഫ് , മറിയ, ഉണ്ണി യേശു) ഒളിചോടി പോന്നപ്പോൾ ഈ സ്ഥലത്തായിരുന്നു മൂന്ന് മാസത്തോളം ഒളിച്ച് താമസിച്ചിരുന്നത് എന്ന് ക്രിസ്ത്യൻ വിശ്വാസം ഉള്ളത് കൊണ്ടാണ്. പള്ളിക്കകത്തെ കാഴ്ചകൾ കണ്ടതിന് ശേഷം, പള്ളിക്കുള്ളിൽ തന്നെയുള്ള ഒരു ചെറിയ വഴിയിലൂടെ ഞങ്ങൾ താഴേക്കിറങ്ങി. അവിടെയാണ് കുട്ടിയായിരുന്ന യേശു കിടന്നിരുന്ന സ്ഥലം, നടന്നിരുന്ന കല്ല്, കളിച്ചിരുന്ന സ്ഥലം തുടങ്ങിയവ ഉള്ളത്. വിശ്വാസികളായ സഞ്ചാരികൾ ഭക്തിയോട് കൂടി ഇവിടെ നിന്നും പ്രാർത്ഥിക്കുന്നത് കാണാം. മറ്റൊരു വഴിയിലൂടെ വീണ്ടും മുകളിലേക്ക് കയറി. അവിടെ ഉണ്ണി യേശു വെള്ളം കുടിച്ചിരുന്ന കിണർ, കൂടാതെ നാലാം നൂറ്റാണ്ടിൽ മാമോദിസ മുക്കാൻ ഉപയോഗിച്ചിരുന്ന വലിയ പാത്രം, വീഞ്ഞുണ്ടാക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രം തിടങ്ങിയവ കാണാം. എല്ലാം നല്ല മനസ്സ് നിറയുന്ന കാഴ്ചകളായിരുന്നു ഈ പള്ളിക്ക് അകത്ത് ഉണ്ടായിരുന്നത്.
കാവറിൻ ചർച്ചിലെ കാഴ്ചകൾ കണ്ടതിന് ശേഷം ഞങ്ങൾ പോയത് ബെൻ-എസ്രാ സിനഗോഗ് (ജൂത പള്ളി) ലേക്കാണ് . കോപ്റ്റിക് കയ്റോക്കുള്ളിലെ ചെറിയ വഴിയിലൂടെ നടന്നിട്ടാണ് ബെൻ-എസ്രാ സിനഗോഗിലേക്ക് പോവേണ്ടത്. ഈ വഴിയിൽ ചില ക്രിസ്ത്യൻ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പഴയ വീടുകളിലാണ് അവർ താമസിക്കുന്നത്. ഈജിപ്തിന്റെ ജനസംഖ്യയുടെ 15 ശതമാനം ക്രിസ്ത്യൻ മത വിശ്വാസികളാണല്ലോ. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഇടകലർന്ന് വളരെ സൗഹാർദ്ദത്തിലാണ് ക്രിസ്ത്യാനികൾ ഈജിപ്തിൽ ജീവിക്കുന്നത്.
കാവറിൻ ചർച്ചിൽ നിന്നും കുറച്ചു മീറ്ററുകൾ നടന്നാൽ ബെൻ-എസ്രാ സിനഗോഗിൽ എത്തും. ഈജിപ്തിൽ അവശേഷിക്കുന്ന ജൂത സമൂഹത്തെ പ്രതിനിധാനം ചെയ്ത് നിലകൊള്ളുന്ന ബെൻ-എസ്ര സിനഗോഗിലെ കാഴ്ചകൾ ഒരു യാത്രികനെന്ന നിലയ്ക്ക് എന്നെ പൂർണ്ണമായി സന്തുഷ്ട്ടനാക്കി. ഞാൻ ആദ്യമായിട്ടാണ് ഒരു ജൂത പള്ളി സന്ദർശിക്കുന്നത്. ഈജിപ്തിന്റെ മറ്റ് പലഭാഗങ്ങളിലും ജൂത പള്ളികൾ കാണാമെങ്കിലും ഇന്നും ആരാധന നടക്കുന്ന ഒന്നോ രണ്ടോ പള്ളി മാത്രമേ ഒള്ളു. നൂറ്റാണ്ടുകൾക്ക് മുമ്പ് ബെൻ-എസ്രാ സിനഗോഗ് ഒരു ക്രിസ്ത്യൻ പള്ളി ആയിരുന്നു. ഇബ്നു തുലുൺ ഭരണകാലത്ത് ചുമത്തിയ വാർഷിക നികുതി അടയ്ക്കാൻ ക്രിസ്ത്യാനികൾക്ക് കഴിയാതെവന്നപ്പോൾ ജൂതന്മാർക്ക് വിറ്റതാണ് ഈ സിനഗോഗ്. ജറുസലേമിൽ നിന്ന് വന്ന അബ്രഹാം ബെൻ-എസ്ര 20,000 ദിനാറുകൾക്കാണ് അന്ന് ഈ പള്ളി വാങ്ങിച്ചത്.
പെട്ടകത്തിലൂടെ ഒഴുകിവന്ന പ്രവാചകനായ മോശയെ (മൂസ (അ)) കണ്ടെത്തിയത് ഇവിടെ നിന്നാണെന്ന് കോപ്റ്റിക് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നുണ്ട്. രണ്ടു നിലയിൽ ദീർഘ ചതുരാകൃതിയിലുള്ള പള്ളിയുടെ ഒരുഭാഗത് മാർബിളിൽ പണികഴിപ്പിച്ച ഒരു സ്ഥലം കാണാം. അവിടെ നിന്നാണ് ജൂതരുടെ വേദപുസ്തകമായ ‘തോറ’ വായിക്കുന്നത്. മറ്റ് പള്ളികളിൽ നിന്നും വ്യത്യസ്തമായി ഇവിടെ വിശ്വാസികൾ ഇരിക്കുന്നത് ചുമരിനോട് ചാരിയുള്ള ഇരിപ്പിടങ്ങളിലാണ്. ആരാധനയ്ക്കായി സ്ത്രീകൾ മുകളിലും പുരുഷന്മാർ താഴെയും ആണ് ഇരിക്കുക. മറ്റ് സ്ഥലങ്ങളിൽ നിന്നും വിത്യസ്തമായി ഇതിന്റെ ഉള്ളിൽ ഫോട്ടോ എടുക്കുന്നതിനു അനുവാദമില്ല. കുറച് നേരം അകത്തെ കാഴ്ചകൾ കണ്ട് ഞങ്ങൾ പുറത്തിറങ്ങി.
ബെൻ-എസ്രാ സിനഗോഗിൽ നിന്നും ഇറങ്ങിയാൽ കാണുന്നത് വലിയ ഒരു കടയാണ്. അതിൽ ക്രിസ്ത്യൻ-ജൂത മതവിഭാഗങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട സാധനങ്ങളാണ് വില്പനക്കുള്ളത്. മുന്നോട്ട് പോകുമ്പോൾ വഴിയുടെ ഇരു വശത്തും ധാരാളം പുസ്തകങ്ങൾ കച്ചവടത്തിനായി നിരത്തിയിട്ടിരിക്കുന്നത് കാണാം. അവിടെ നിന്ന് ഒരു പുസ്തകം വാങ്ങി ഭക്ഷണം കഴിക്കാനായി നൈൽ നദിയിൽ റെസ്റ്റോറന്റ് ആയി പ്രവർത്തിക്കുന്ന ഒരു കപ്പലിലേക്കാണ് ഞങ്ങൾ പോയത്. ഇന്ന് ഉച്ച ഭക്ഷണം കുറച്ച് നേരം വൈകിയാണ് കഴിചത്. ഭക്ഷണത്തിന് ശേഷം ഇന്നത്തെ ടൂർ അവസാനിപ്പിച്ച് ഞങ്ങൾ ഹോട്ടലിലേക്ക് തിരിച് പോയി. ഇനി നാളെ അലക്സാണ്ടർ ചക്രവർത്തിയുടെയും സാക്ഷാൽ ക്ലിയോപാട്രയുടെയും നാടായ അലക്സാൻഡ്രിയയിലേക്കാണ് പോകുന്നത്.
ശുഭരാത്രി!
- ദിവസം 10 (02/01/2019) – അലക്സാൻഡ്രിയ
ഇന്ന് ഞങ്ങൾ പോയത് മെഡിറ്ററേനിയൻ കടലിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന അലക്സാൻഡ്രിയ എന്ന മനോഹര പട്ടണത്തിലേക്കാണ്. കയ്റോയിൽ നിന്നും ഏകദേശം 220 കിമി യാത്ര ചെയ്താലാണ് സാക്ഷാൽ ക്ലിയോപാട്രയുടെ വീരചരിതം സാക്ഷ്യം വഹിച്ച അലക്സാൻഡ്രിയയിൽ എത്തുക. ബിസി 331-ൽ അലക്സാണ്ടർ ചക്രവർത്തിയുടെ വരവോട് കൂടിയാണ് ഈ പട്ടണത്തിന്റെ ഉദയം. അങ്ങിനെയാണ് ഈ പട്ടണത്തിന് അലക്സാൻഡ്രിയ എന്ന് പേര് വന്നത്. അലക്സാണ്ടർ ചക്രവർത്തി മുതൽ അവസാനത്തെ ഗ്രീക്ക് (ടോളമിക്) ഭരണാധികാരി ആയിരുന്ന ക്ലിയോപാട്ര വരെ ഉള്ളവർ ഭരണം നടത്തിയിരുന്നത് ഇവിടെ നിന്നായിരുന്നു.
കയ്റോയിൽ നിന്നും അലക്സാൻഡ്രിയയിലേക്ക് മണിക്കൂറുകളുടെ യാത്ര ഉള്ളതിനാൽ, അതിരാവിലെ തന്നെ ഞങ്ങൾ യാത്ര പുറപ്പെട്ടു. അലക്സാൻഡ്രിയ എത്തുന്നതിന് മുമ്പായി ഒരു സ്ഥലം സന്ദർശിക്കാനുണ്ടായിരുന്നു. “കാറ്റകോംബ്” എന്ന പേരുള്ള റോമൻ കാലഘട്ടത്തിലെ ഒരു പുരാതന ശവക്കല്ലറയാണ് ഇത്. പഴയ റോമാച്ചക്രവർത്തിമാരുടെയും മറ്റും മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്ന ഭൂഗർഭ അറകളുടെ പരമ്പരകളാണ് കാറ്റകോംബ്. എന്തെല്ലാം അത്ഭുതങ്ങളാണ് ഈജിപ്തിൽ ചരിത്രാന്വേഷികൾക്കായി കാലം സൂക്ഷിച്ച് വെച്ചിരിക്കുന്നത് എന്ന് ഈ സ്ഥലം സന്ദർശിച്ചപ്പോൾ മനസ്സ് പറഞ്ഞ് പോയി. യി മാറുകയായിരുന്നു.ഭൂമിക്കടിയിൽ, പല തട്ടുകളായി നിരവധി അറകളോടുകൂടിയ ഈ കൂറ്റൻ ശ്മശാനത്തിന് 2000 വർഷത്തിന് മുകളിൽ പഴക്കമുണ്ട്. റോമിലെ ക്രിസ്ത്യൻ കാറ്റകോംബ്കളുമായി ഇതിന് സാമ്യമുള്ളതിനാൽ ഇതിനെയും കാറ്റകോംബ് എന്ന് വിളിക്കുന്നത്. 2000 വർഷങ്ങൾക്ക് മുമ്പ് ഒരു റോമൻ ഭരണാധികാരിയെ അടക്കം ചെയ്യാൻ വേണ്ടി നിർമിച്ചതായിരുന്നു ഈ സ്ഥലം. പിന്നീട് ഇവിടം ഒരു പൊതു ശവക്കല്ലറകൾ ആഒരു പ്രത്യേക വഴിയിലൂടെ താഴേക്ക് ചുറ്റി ഇറങ്ങിയിട്ടാണ് ഞങ്ങൾ ഈ പുരാതന കല്ലറകൾ കാണാൻ പോയത്. താഴേക്ക് ഇറങ്ങി ചെന്നാൽ പിന്നെ സൂര്യപ്രകശം എത്താത്ത സ്ഥലങ്ങളിലൂടെ അകത്തേക്ക് പോയാൽ തട്ടുതട്ടായി നിർമിച്ച അറകൾ കാണാം. ഈ അറകളിലാണ് മൃതശരീരങ്ങൾ നിക്ഷേപിക്കുന്നത്. ഇങ്ങിനെയുള്ള നിരവധി അറകൾ ഇവിടെ ഉണ്ട്. ഇവിടേക്ക് മൃതദേഹം എത്തിക്കാനുള്ള പ്രത്യേക സജ്ജീകരണവും അവിടെ നമുക്ക് കാണാം. പല നിലകളിയായി നിർമിച്ചിരുന്ന കാറ്റകോംബ് ഭൂഗർഭജലത്തിൽ മുങ്ങിയ നിലയിലായിരുന്നു 1900 വരെ. ഇപ്പോഴും പല നിലകളും വെള്ളത്തിനടിയിലാണ്. രണ്ടാം നില വരെ മാത്രമേ സന്ദർശകർക്കായി ഒരുക്കിയിട്ടൊള്ളു.
ഫറോവൻ കാലഘട്ടത്തിലെ മരണാനന്തര ജീവിതത്തെ പറ്റിയുള്ള വിശ്വാസവും അവരുടെ ശവസംസ്കാര രീതിയും നാം മുമ്പ് പറഞ്ഞല്ലോ, അതുപോലെ ചില വിശ്വാസങ്ങൾ റോമൻ കാലത്തും ഉണ്ടായിരുന്നു എന്ന് നമുക്ക് ഇവിടെ സന്ദർശിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. ഫറോവ കാലത്തെ ചുമർചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പല ചിത്രങ്ങളും ഇതിനകത്തെ ചുമരിലും കൊത്തിവെച്ചിട്ടുള്ളതായി കാണാം. ഈ ചിത്രങ്ങളിൽ പഴയ ഈജിപ്ഷ്യൻ ദേവൻമാരെയും ദേവതകളെയും കാണാം. മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ടതാണ് ഈ ചിത്രങ്ങളും. ഈ ശവക്കല്ലറകൾക്ക് മുമ്പിലായി ഒരു മുറിയും ഇരിപ്പിടങ്ങളും കാണാം. ഇത് അവിടെ അടക്കം ചെയ്തവരുടെ ബന്ധുക്കൾക്ക് ചില പ്രത്യേക ദിവസങ്ങളിൽ ഇവിടെ വന്ന് ഇരിക്കാനുള്ള സ്ഥലമാണ്. ഭക്ഷണ സാധനങ്ങൾ കൊണ്ടാണ് ബന്ധുക്കൾ ഇവിടേക്ക് വരുന്നത്. മരിച്ചവരുടെ ആത്മാവുമായി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാം എന്ന വിശ്വാസമാണ് അവർക്കുണ്ടായിരുന്നു.
അവിടെ എല്ലാം ചുറ്റിക്കണ്ടതിന് ശേഷം ഞങ്ങൾ മുകളിലേക്ക് പോയി. പുറത്തെത്തിയപ്പോൽ അകത്ത് നിന്ന് അനുഭവപെട്ട വീർപ്പ് മുട്ടലിൽ നിന്നും ഒരു ആശ്വാസം ലഭിച്ചു. കാറ്റകോംബിന്റെ പരിസരത്ത് മാർക്ക് ആന്റണിയെ പോലുള്ള ചില ചരിത്ര പുരുഷന്മാരുടെ പുരാതന പ്രതിമകളും മറ്റ് പുരാതന ശേഷിപ്പുകളും പ്രദർശനത്തിന് വെച്ചിട്ടുണ്ട് (എണ്ണിയാൽ ഒടുങ്ങാത്തത്രയും ചരിത്ര ശേഷിപ്പുകൾ ഈജിപ്തിൽ ഉള്ളതിനാലാണ്, പല സ്ഥലങ്ങളിലായി ഇത്തരത്തിലുള്ള ചരിത്ര ശേഷിപ്പുകൾ പ്രദര്ശിപ്പിച്ചിരിക്കുന്നതായി കാണാം). ഇതെല്ലം കണ്ടതിന് ശേഷം ഞങ്ങൾ അവിടെനിന്നും യാത്ര തുടർന്നു.
പിന്നീട് ഞങ്ങൾ പോയത് അലക്സാൻഡ്രിയ പട്ടണം എത്തുന്നതിന്റെ 2 കിമി മുമ്പുള്ള കോം എൽ-ദിക്ക (Kom El Dekka) എന്ന സ്ഥലത്തേക്കാണ്. അവിടെയാണ് പ്രശസ്തമായ റോമെൻ തീയേറ്റർ സ്ഥിതിചെയ്യുന്നത്. പ്രവേശന ടിക്കറ്റെടുത്ത് ഞങ്ങൾ ഉള്ളിലെ കാഴ്ചകൾ കാണാൻ പോയി. സഞ്ചാരികളെ റോമൻ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന കാഴ്ചകളാണ് അകത്തുള്ളത്. മറ്റ് പല സ്ഥലങ്ങളിലെ പോലെത്തന്നെ ഇവിടെയും പല പുരാതന സ്മാരകങ്ങളും മറ്റും പ്രദർശനത്തിന് വെച്ചിട്ടുണ്ട്. പ്രവേശനകവാടത്തിൽ നിന്ന് തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള റോമെൻ തീയേറ്റർ നമുക് കാണാം. റോമെൻ തീയേറ്റർ അടങ്ങുന്ന ഈ പ്രദേശത്തിന് പറയുന്ന പേര് റോമൻ ആംഫിതിയേറ്റർ എന്നാണ്.
അലക്സാണ്ട്രിയയിൽ ഇന്ന് നാം കാണുന്ന ഈ റോമൻ ആംഫിതിയേറ്റർ എഡി നാലാം നൂറ്റാണ്ടിൽ റോമെൻ ഭരണകാലത്താണ് നിർമ്മിച്ചത്. സംഗീത കച്ചേരികൾ, വ്യത്യസ്ത കലാപരിപാടികൾ തുടങ്ങിയവക്ക് ആതിഥേയത്വം വഹിക്കാൻ ആയിരുന്നു ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട് പൊതുസമ്മേളനങ്ങൾ, സർക്കാർ ഉച്ചകോടികൾ പോലുള്ള പ്രധാപ്പെട്ട കാര്യങ്ങൾക്കും ഇത് ഉപയോഗിചിരുന്നു. എന്നാൽ, എ.ഡി ആറാം നൂറ്റാണ്ടിൽ അലക്സാൻഡ്രിയയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഇതിന്റെ ഘടനകളെല്ലാം നശിപ്പിക്കപ്പെട്ടു. പിന്നീട് പുതുക്കി പണിതെങ്കിലും പഴയ പ്രാധാന്യമോ പ്രതാപമോ ഉണ്ടായില്ല. കാലക്രമേണ ഇത് മണ്ണിനടിയിൽ ആക്കപെടുകയായിരുന്നു. ഈജിപ്തിൽ എ ഡി 6-ആം നൂറ്റാണ്ട് മുതൽ പല കാലഘട്ടങ്ങളിലായി പല ഭൂചലനങ്ങൾ ഇത്തരത്തിലുള്ള പല സ്മാരകങ്ങൾ നശിക്കാനും, മണ്ണിനടിയിൽ അകപ്പെടാനും കാരണമായിട്ടുണ്ട്.
റോമൻ ആംഫിതിയേറ്റർ നൂറ്റാണ്ടുകൾക്കിപ്പുറം 1960- ൽ ആണ് മണ്ണിനടിയിൽ നിന്നും യാദൃശ്ചികമായി കണ്ടെത്തിയത്. ഒരു സർക്കാർ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ഭൂമി വൃത്തിയാക്കുന്നതിനിടയിലാണ്, എന്തോ ഒരു തുമ്പ് കിട്ടിയത്. പിന്നീട് മണ്ണ് മാറ്റിയപ്പോളാണ് 20-ആം നൂറ്റാണ്ടിലെ ഈജിപ്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്നായ ഈ റോമെൻ തീയേറ്ററും പരിസരതുള്ള മറ്റ് നിർമ്മിതികളും കണ്ടെത്തിയത്. തുടകത്തിൽ മേൽക്കൂരയോട് നിർമ്മിച്ചതായിരുന്ന റോമെൻ തീയേറ്റർ ഇപ്പോൾ മേൽക്കൂരയില്ലാത്ത നിലയിലാണ് കാണാൻ സാധിക്കുക. റോമൻ തീയേറ്റർ കൂടാതെ ഇതിന്റെ പരിസരത്ത് നിന്നും ഖനനത്തിലൂടെ റോമൻ ബാത്ത്, ലക്ചർ ഹാളുകൾ, ഒരു ചെറിയ ഗ്രാമം എന്നിവ കണ്ടെത്തിയിട്ടുണ്ട്. അവിടെങ്ങളിലെല്ലാം ഒരു ഹ്രസ്വ സന്ദർശനം നടത്തിയതിന് ശേഷം ഞങ്ങൾ അലക്സാൻഡ്രിയയിലേക്ക് പുറപ്പെട്ടു.
ലോകത്തിലെ ഏറ്റവും നല്ല സ്ഥിരതയുള്ള കാലാവസ്ഥ അലക്സാൻഡ്രിയയിൽ ആണെന്ന് കേട്ടിട്ടുണ്ട്. ഞങ്ങളെ അനുഭവവും മറിച്ചായിരുന്നില്ല. നല്ല തെളിഞ്ഞ ഭംഗിയുള്ള ആകാശവും ഇളം കുളിരുമുള്ള അലക്സാൻഡ്രിയ ആയിരുന്നു ഞങ്ങളെ വരവേറ്റത്. അലക്സാണ്ടർ ചക്രവർത്തിയുടെ വരവോട് കൂടി കടൽ ഉപയോഗപ്പെടുത്തി അലക്സാൻഡ്രിയ വിഭുലീകരിക്കുകയായിരുന്നു. എന്നാൽ കാലക്രമേണ ഈ പട്ടണത്തിന്റെ പലഭാഗങ്ങളും കടൽ തിരിച്ചെടുക്കുകയാണുണ്ടായത്. അത്തരത്തിൽ കടലെടുത്തതിന്റെകൂട്ടത്തിൽ പല പുരാതന സ്മാരകങ്ങളും ഉൾപെടും. ക്ലിയോപാട്രയുടെ കൊട്ടാരം, അവരുടെ ശവകുടീരം തുടങ്ങിയവയെ കുറിച്ച ഒരു ശേഷിപ്പുകളും ഇന്നും കിട്ടാത്തതിന്റെ കാരണവും ഇതാവാം. എന്നാൽ, ഈ അടുത്ത കാലങ്ങളിലായി പല സ്മാരകങ്ങളും കടലിൽ നിന്നും കണ്ടെത്തുന്നുണ്ട്. അതെല്ലാം അലക്സാൻഡ്രിയയുടെ പല ഭാഗങ്ങളിലായി പ്രദർശനത്തിന് വെച്ചിട്ടുണ്ട്.
അലക്സാൻഡ്രിയയിൽ ആദ്യം ഞങ്ങൾ പോയത് ഖൈറ്റ്ബെ കോട്ടയിലേക്കാണ് (Citadel of Qaitbay). അലക്സാണ്ട്രിയയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഈ സ്ഥലം. അലക്സാൻഡ്രിയയുടെ മനോഹാരിത പൂർണമായും അനുഭവിക്കാൻ പറ്റുന്ന ഒരു സ്ഥലംകൂടിയാണ് ഇത്. മെഡിറ്ററേനിയൻ കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ഇത്. 15-ആം നൂറ്റാണ്ടിൽ പ്രതിരോധ പ്രവർത്തനത്തിനായി നിർമിച്ചതായിരുന്നു ഈ കോട്ട. എ ഡി 1477-ൽ സുൽത്താൻ അൽ അഷ്റഫ് സെയ്ഫ് അൽ-ദിൻ ഖൈറ്റ്ബെ ആണ് ഇത് സ്ഥാപിച്ചത്. പിന്നീട് മുഹമ്മദ് അലി പാഷ ചില കൂട്ടിച്ചേരലുകൾ നടത്തി. വളരെ മനോഹരമാണ് ഈ കോട്ടയുടെ നിർമാണം. മെഡിറ്ററേനിയൻ കടൽ ഈ സ്ഥലത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഈ കോട്ടയുടെ മുകളിലെ നിലയിൽ നിന്നും മെഡിറ്ററേനിയൻ തീരപ്രദേശത്തിന്റെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ പറ്റും. എന്റെ അഭിപ്രായത്തിൽ, അലക്സാണ്ട്രിയയിലെയും ഈജിപ്തിലെ മൊത്തത്തിലുള്ള ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്.
ഞങ്ങൾ കോട്ടയുടെ ഉൾവശം ചുറ്റിക്കണ്ടു. നൂറ്റാണ്ടുകൾക്ക് മുമ്പ് എങ്ങിനെയായിരുന്നു ഈ കോട്ട പ്രധിരോധപ്രവർത്തനത്തിനായി ഉപയിഗിച്ചിരുന്നതെന്ന് കണ്ട് മനസ്സിലാക്കി. ശേഷം കോട്ടയുടെ മുകളിലത്തെ നിലയിൽ പോയി മെഡിറ്ററേനിയൻ കടലിന്റെയും അതിന്റെ തീരത്തിന്റെയും ഭംഗി മതിവരുന്നോളാം അസ്വദിച്ചു. കുറച്ച് നേരം വിശാലമായ ഈ സ്ഥലത് ചിലവഴിച്ചു. കയ്റോയിൽ നിന്നും വരുന്ന സഞ്ചാരികൾക്കു ഇതൊരു പുതുമയായിരിക്കും.
ഖൈറ്റ്ബെ കോട്ടയിൽ നിന്നും ഞങ്ങൾ ഉച്ചഭക്ഷണത്തിനായി കടൽത്തീരത്തുള്ള ഒരു റെസ്റ്റോറന്റിലേക്കാണ് പോയത്. ഭക്ഷണശേഷം അബു അൽ അബ്ബാസ് അൽ മുർസി പള്ളി (Abu al-Abbas al-Mursi Mosque)യിലേക്കാണ് പോയത്. സൂഫിവര്യൻ ആയ അബു അൽ അബ്ബാസ് അൽ മുർസി (Abu al-Abbas al-Mursi)ക്ക് വേണ്ടി 13-ആം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഈ പള്ളി. ഈ പള്ളിക്കകത്ത് തന്നെയാണ് ഈ മഹാന്റെ കബറിടവും. ഈ പള്ളിയിൽ ഹ്രസ്വ സന്ദർശനം നടത്തിയതിന് ശേഷം പ്രശസ്തമായ അലക്സാൻഡ്രിയ ലൈബ്രറിയിലേക്ക് (Bibliotheca Alexandrina) പോയി.
പ്രാചീന ഗ്രീക്ക് കാലഘട്ടത്തിൽ അലക്സാൻഡ്രിയയിൽ ഉണ്ടായിരുന്ന ഐതിഹാസിക ഗ്രന്ഥശാലയുടെ പുനരുജ്ജീവനമാണ് ബിബ്ലിയോതെക്ക അലക്സാണ്ട്രീന. ആ പുരാതന ഗ്രന്ഥശാല ബിസി 48 ൽ ജൂലിയസ് സീസർ അഗ്നിക്കിരയാക്കുകയായിരുന്നു. ആ ഗ്രന്ഥശാല നിലനിന്നിരുന്ന സ്ഥലത്ത് 1995-ൽ പണി തുടങ്ങി 2002-ൽ പൂർത്തിയായതാണ് ഭീമാകാരമായ ഈ ഗ്രന്ഥശാല. ഇവിടെ 8 മില്യൺ പുസ്തകങ്ങൾ ഉൾക്കൊള്ളാനുള്ള സൗകര്യം ഉണ്ട്. നിലവിൽ 2.3 മില്യൺ പുസ്തകങ്ങൾ ആണ് ഇവിടെ ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ വായന പ്രദേശം (Reading area) ഉള്ള ഗ്രന്ഥശാല എന്ന പ്രത്യേകത കൂടെയുണ്ട് ബിബ്ലിയോതെക്ക അലക്സാണ്ട്രീനക്ക്. ഒരേ സമയം 2000 പേർക്ക് ഒരുമിച്ചിരുന്ന് വായിക്കാനുള്ള സൗകര്യമുണ്ടിവിടെ. ഇത് ഒരു ഗ്രന്ഥാലയം മാത്രമല്ല ഇതിൽ മ്യൂസിയം, ആർട്ട് ഗാലറി, തിയേറ്റർ, തുടങ്ങിയവ ഉൾക്കൊള്ളുന്നുണ്ട്.
ബിബ്ലിയോതെക്ക അലക്സാണ്ട്രീനയിൽ പ്രവേശിക്കാനുള്ള ടിക്കറ്റെടുത്ത് ഞങ്ങൾ അകത്ത് പ്രവേശിച്ചു. അകത്ത് നമുക്കായി മറ്റൊരു ഗൈഡ് ഉണ്ടാവുന്നതിനാൽ ഞങ്ങളുടെ ഗൈസ് പുറത്ത് നിൽക്കുകയായിരുന്നു. ഈ ഗൈഡ് എല്ലാം വിവരിച്ചുകൊണ്ട് ഞങ്ങളെ കൂടെ തന്നെ ഉണ്ടായിരുന്നു. ഗ്രന്ഥശാലയും അതുമായി ബന്ധപ്പെട്ട ചരിത്രവും മനസ്സിലാക്കിയതിന് ശേഷം ഞങ്ങൾ ഇതിനകത്ത് തന്നെയുള്ള ഒരു മ്യൂസിയം കാണാൻ പോയി. പുരാതന ഈജിപ്തുമായി ബന്ധപ്പെട്ട മ്യൂസിയം ആയിരുന്നു ഇത്.
ബിബ്ലിയോതെക്ക അലക്സാണ്ട്രീനയുടെ ഉള്ളിലെ കാഴ്ചകൾ കണ്ടതിന് ശേഷം ഞങ്ങൾ പുറത്തിറങ്ങി. പുറത്ത് സാക്ഷാൽ അലക്സാണ്ടർ ചക്രവർത്തിയുടെ ഒരു മനോഹരമായ പ്രതിമ കാണാം. മെഡിറ്ററേനിയൻ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രന്ഥശാലയുടെ പുറത്തെ കാഴ്ചകളും സന്ദർശകർക്ക് നല്ല അനുഭവമാണ്. ലോകത്തുള്ള മിക്ക ഭാഷകളിൽ നിന്നുമുള്ള അക്ഷരങ്ങൾ ഉൾപ്പെടുത്തിയാണ് ബിബ്ലിയോതെക്ക അലക്സാണ്ട്രീനയുടെ പുറംഭാഗം രൂപകല്പന ചെയ്തിരിക്കുന്നത്. അതിൽ നമ്മുടെ മലയാളത്തിൽ നിന്നും “ഉ” എന്ന അക്ഷരവും സ്ഥാനം പിടിച്ചിട്ടുണ്ട്. പുറത്തുള്ള കാഴ്ചകൾ കണ്ട് തീർത്തതിന് ശേഷം അലക്സാൻഡ്രിയ എന്ന മനോഹരമായ പട്ടണത്തിനോട് വിട പറഞ്ഞു ഞങ്ങൾ കയ്റോയിലേക്ക് തിരിച്ചു.
ഇന്നത്തെ അലക്സാൻഡ്രിയ യാത്രയോട് കൂടി 10 ദിവസത്തോളം നീണ്ട് നിന്ന ഞങ്ങളുടെ ഈജിപ്ത് പര്യാടനം അവസാനിക്കുകയാണ്. സഹസ്രാബ്ദങ്ങൾക്കപ്പുറത്തേക്ക് ഞങ്ങളെ കൊണ്ടുപോയ ഈജിപ്തിനോട് വിടപറഞ്ഞ് നാളെ രാവിലെ ഞങ്ങൾ റിയാദിലേക്ക് മടങ്ങും. ഒരുപാട് ചരിത്രങ്ങൾ ഈ യാത്രയിൽ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞു. ഞാൻ മനസ്സിലാക്കിയതും കണ്ടറിഞ്ഞതുമായ കാര്യങ്ങൾ ഇവിടെ എഴുതിയിട്ടുണ്ട്. തുടക്കത്തിൽ പറഞ്ഞപോലെ, 5000 വർഷം മുതൽ ഇങ്ങോട്ടുള്ളചരിത്രത്തെ കുറിച്ചാണ് എഴുതിയിരിക്കുന്നതെന്നതിലാൽ ചില പോരായ്മകളോ അല്ലങ്കിൽ ചില ചെറിയ തെറ്റുകളോ ഉണ്ടാവാം. എന്നെ വായിച്ച നിങ്ങൾക്ക് നന്ദി!
ഇoതിയാസ്. ബി
റിയാദ്- സൗദി അറേബ്യ