ഇസ്രായേൽ രൂപീകരണവും അനുബന്ധ സംഭവങ്ങളും
History Oct 21, 2017
മെഡിറ്ററേനിയൻ കടലിന്റെ കിഴക്കു തീരത്താണ് 1948 മെയ് 14 നു “ഇസ്രായേൽ” എന്ന ജൂത രാജ്യം രൂപംകൊണ്ടത് .ഒന്നാം ലോക മഹായുദ്ധത്തോട് കൂടി ബ്രിട്ടീഷ് അധീനതയിൽ ആയിരുന്ന ഫലസ്തീൻ എന്ന പ്രദേശത്തെ ജൂതസമൂഹത്തിനു വേണ്ടി കീറി മുറിച്ചാണ് ഇസ്രായേൽ എന്ന രാജ്യം രൂപീകരിച്ചത്. നൂറ്റാണ്ടുകളായി ആ പ്രദേശത്തു ജീവിച്ചു പോന്നിരുന്ന അറബ് ജനതയെ അസമാധാനതിന്ടെയും അധിനിവേശത്തിന്ടെയും ദുരിതത്തിലേക് തള്ളിവിട്ടിട്ടായിരുന്നു ഇസ്രായേൽ പിറവിയെടുത്തത് .
ഇസ്ലാം, ക്രിസ്ത്യൻ, ജൂത മതവിഭാഗങ്ങൾക് അവരുടെ വിശ്വാസപ്രകാരം തുല്യ അവകാശവാദമുന്നയിക്കാവുന്ന തർക്ക ഭൂമിയാണ് ഇന്നത്തെ ഫലസ്തീനും ഇസ്രായേലും അടങ്ങുന്ന ഭൂപ്രദേശം. ഏകദേശം നാലായിരം വർഷത്തെ ചരിത്രമുണ്ട് ഈ തർക്ക ഭൂമിക്ക്. ഈ മൂന്നു വിഭാഗക്കാരും ഒരുപോലെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഇബ്രാഹിം(അ)(എബ്രഹാം) എന്ന ദൈവ ദൂതന്റെ സന്താന പരമ്പരയിലൂടെ, പല ആശയവിത്യാസത്താൽ ആണല്ലോ ഈ മൂന്ന് മതവിഭാഗങ്ങൾ രൂപപ്പെട്ടത്. ഇബ്രാഹിം (അ) യുടെ മക്കളായ ഇസ്മാഈൽ(അ), ഇസ്ഹാഖ് (അ) (ഐസക്)എന്നിവരുടെ സന്തതികളിലൂടെയാണ് രണ്ടു മഹാ സമുദായങ്ങൾ പിറവിയെടുത്തത്.ഇസ്മാഈൽ(അ) യുടെ സന്താനപരമ്പര ഇസ്മായിൽ വംശവുo ഇസ്ഹാഖ് (അ) സന്താനപരമ്പര ഇസ്റാഈൽ വംശവുമായാണ് അറിയപ്പെട്ടിരുന്നത്. ഈ പരമ്പരകളിലൂടെയാണ് ഇസ്ലാം മതവും ജൂതമതവും പിറവിയെടുക്കുന്നത്. ഇന്ന് ഇസ്രായീൽ- ഫലസ്തീൻ പ്രദേശത്തു തർക്കങ്ങളും സംഘര്ഷങ്ങളും നിലനിൽക്കുന്നത് ജൂത -മുസ്ലിം വിഭാഗങ്ങൾക്കിടയിലായതിനാൽ, ഈ രണ്ടു മതവിഭാഗങ്ങൾ എങ്ങിനെയാണ് ഈ ഭൂമിക്കു അവകാശവാദം ഉന്നയിക്കുന്നത് എന്നത് പരിശോധിക്കാം
- ഇസ്ലാമിക വിശ്വാസം
ഇസ്ലാമിക മത വിശ്വാസ പ്രകാരം ഇബ്രാഹിം (അ) യുടെ മക്കളായ ഇസ്മാഈൽ(അ) ഉം ഇസ്ഹാഖ് (അ) ഉം ദൈവദൂദന്മാരാണെന്നും, അവർ ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ടത് വഴിതെറ്റിയ ജനതയ്ക്ക് നേർവഴി കാണിക്കാനും ഏകദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ നയിക്കാനും ആയിരുന്നു. ഇസ്ഹാഖ് (അ) ഫലസ്തീനിലെ “കൻആന്” വർഗക്കാരിലാണ് നിയോഗിതനായത്. പിതാവായ ഇബ്രാഹിം (അ) യുടെ പ്രബോധന മേഖലയും ഇതുതന്നെ ആയിരുന്നു. ഇസ്ഹാഖ് (അ)യുടെ പുത്രനും, “കൻആന്” വർഗക്കാരിലേക്കു നിയോഗിതനായ മറ്റൊരു പ്രാവാചകനുമായ യഅകൂബ് (അ) യുടെ സന്താനങ്ങളാണ് “ബനൂഇസ്രായിൽ”എന്നറിയപ്പെടുന്നു. യഹ്കൂബ് (അ) ” ഇസ്റായേൽ ” എന്ന പേരിലും അറിയപ്പെട്ടിരുന്നു. അതിനാൽതന്നെ ഇസ്രായീൽ സന്തതികൾ പിറവിയെടുക്കുന്നതും ഫലസ്തീനിൽ നിന്നാണ്. ഇസ്രായിൽ സന്തതികളെന്നാൽ, ലോകജനസംഖ്യയുടെ 0.2% മാത്രം വരുന്ന ഇന്നത്തെ ജൂതമത വിശ്വാസികൾ ആയിരുന്നില്ല. അവർ അല്ലാഹുവിൽ നിന്ന് ഏറ്റവും കൂടുതൽ അനുഗ്രഹം ലഭിച്ചസമുദായമായിരുന്നു. എന്നാൽ അവരിൽ ചിലരുടെ ദൈവ നിഷേധത്തിന്റെയും ധിക്കാരത്തിന്ടെയും പേരിൽ കഠിന ശിക്ഷ നേരിടേണ്ടിവന്നവരുമാണ്. ഇസ്രായീൽ വംശത്തിൽ പെട്ട ചുരുക്കം ചിലർ സത്യമാർഗത്തിൽ നിന്നും വ്യതിചലിച്ചു ജൂത മതക്കാരായി മാറുകയായിരുന്നു.
കാലക്രമേണ ബനൂഇസ്രായേൽ സമൂഹം ഫലസ്തീനിനു പുറത്തേക്കു വ്യാപിക്കുകയും, വർഷങ്ങൾക്ക് ശേഷം അവർക്കിടയിലേക്ക് മൂസ(അ)(മോസസ്) എന്ന മറ്റൊരു പ്രവാചകൻ അവതരിക്കുകയും ചെയ്തു. ഈജിപ്തിൽ ഫിർഔൻ എന്ന ക്രൂരനായ ഭരണാധികാരിയുടെ കീഴിൽ ബനൂഇസ്രായിലുകാർ ദുരിതം അനുഭവിക്കുന്ന കാലത്തായിരുന്നു മൂസ(അ) യുടെ ജനനം. വര്ഷങ്ങള്ക്കു ശേഷം മൂസ (അ) ക് പ്രവാചകത്വം ലഭിക്കുകയും ചെയ്തു . ബനൂഇസ്രായേലുകാർക്കിടയിൽ തിന്മകൾ വർദ്ധിക്കുകയും ഏക ദൈവ വിശ്വാസം ഇല്ലാതാകുകയും ചെയ്തപ്പോൾ അദ്ദേഹം അവരെ നേർവഴിക്കുകൊണ്ട് വരാൻ ശ്രമിച്ചു. ആദ്യമൊക്കെ അവർ മൂസ (അ) യെ പിൻപറ്റിയിരുന്നില്ലങ്കിലും കാലക്രമേണ അവർ മൂസ(അ) നു പിന്നിൽ അണിനിരന്നു. ഫിർഔന്റെ കിരാതഭരണത്തിൽനിന്നും ഇസ്രായേല്യർ മോചനം നേടിയതിനു ശേഷം അവരുടെ സ്വഭാവം മോശമായികൊണ്ടിരുന്നു. മൂസ (അ) അവരോട് ഈജിപ്തിൽ നിന്നും ഫലസ്തീൻ എന്ന വാഗ്ദക്തഭൂമിയിലേക്ക് പുറപ്പെടാൻ കല്പിച്ചപ്പോൾ, ധികാരപരമായിരുന്നു അവരുടെ മറുപടി. ” ഫലസ്തീനിലെ ഭരണാധികാരിയോട് ഏറ്റുമുട്ടാൻ ഞങ്ങൾ തയ്യാറല്ല എന്നും, വേണമെങ്കിൽ നീയും നിന്റെ റബ്ബും അവരോടു യുദ്ദംചെയ്യുക, ശേഷം ഞങ്ങൾ നിന്റെ കൂടെ വരാം” എന്നായിരുന്നു അവരുടെ മറുപടി. ഈ ധികാരത്തിൽ അവർ ഉറച്ചുനിന്നപ്പോൾ, ദൈവം അവര്കെതിരെ ശിക്ഷയിറക്കി. അതിന്ടെ ഫലമായി ആ ജനത നാല്പതു വർഷത്തോളം മരുഭൂമിയിൽ അലഞ്ഞു തിരിയേണ്ടി വന്നു. ദൈവം മൂസാ (അ) നു ഇറക്കികൊടുത്ത ദൈവിക ഗ്രന്ഥമായ തൗറാത്തിൽ (തോറ) കൃത്രിമം നടത്തുകയും, അവരുടെ ഇഷ്ട്ടാനുസരണം അതിൽ മാറ്റങ്ങൾ വരുത്തി, അതു പ്രകാരം ജീവിക്കുന്നവാരാന് ജൂതന്മാർ .മുഹമ്മദ് നബി (സ)ക്ക് ദൈവം ഇറക്കികൊടുത്ത വേദ ഗ്രന്ഥമായ “ഖുർആൻ” ഇൽ ഒരുഅധ്യായം മുഴുവനായും മറ്റു പല അദ്ധ്യങ്ങളിലായും ഇസ്രായീൽ ജനതയെ കുറിച്ച് വിവരിക്കുന്നുണ്ട്. ഇതിലൂടെ ആണ് മുസ്ലിംകൾ ഇസ്രായീൽ ജനതയെ കുറിച് പഠിക്കുന്നത്.
ഇന്നത്തെ ഇസ്രായീൽ-ഫലസ്തീൻ പ്രദേശത്തെ മസ്ജിദ്, “അൽ-അഖ്സ” യിൽ നിന്നായിരുന്ന് മുഹമ്ദ് നബി (സ) തന്റെ മിഅറാജ് രാവിലെ വാനലോകത്തേക്കുള്ള യാത്ര ആരംഭിച്ചിരുന്നത് . കൂടാതെ ,മസ്ജിദ്, “അൽ-അഖ്സ” യിലേക്ക് മുഖം തിരിച്ചു നമസ്കരിക്കാനായിരുന്നു മുഹമ്മദ് നബി (സ) അനുയായികളോട് കല്പിച്ചിരുന്നത്. പിന്നീട് അത് മക്കയിലെ “കഅബ” യിലേക്ക് മാറ്റുകയായിരുന്നു. അതിനാൽ തന്നെ മസ്ജിദുൽ അഖ്സ നിലകൊള്ളുന്ന ജെറുസലേം മുസ്ലിങ്ങളുടെ ഒരു പുണ്ണ്യ സ്ഥലമായി കണക്കാക്കുന്നു. ആയതിനാൽ അത് സംരക്ഷിക്കേണ്ടത് മുസ്ലിങ്ങളുടെ കടമയായി അവർ വിശ്വസിക്കുന്നു.
- ജൂതമത വിശ്വാസം
എന്നാൽ ജൂത മതക്കാരുടെ വിശ്വാസ പ്രകാരം ഇബ്രാഹിം (അ)ഉം മകൻ ഇസഹാഖ് (അ)ഉം അദ്ദേഹത്തിന്റെ സന്താനപരമ്പരയിൽ പെട്ട യഅകൂബ് (അ) (യാക്കോബ്), യൂസുഫ് (അ) (ജോസഫ്), ദാവൂദ് (അ) (ദാവീദ്), സുലൈമാൻ(അ) (സോളമൻ) മൂസാ (അ) (മോസസ്) തുടങ്ങിയവരെ ദൈവദൂദന്മാരായി അംഗീകരിക്കുകയും, ഇബ്രാഹിം (അ) യുടെ മറ്റൊരു മകനായ ഇസ്മാഈലിനെ (അ) പ്രവാചകനായി അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു. ഇബ്രാഹിം-സാറ ദമ്പതികൾക്ക് അവരുടെ വാർധക്യം എത്തുന്നവരെ സന്താന ഭാഗ്യം ഉണ്ടായിരുന്നില്ല. സാറയുടെ നിർബന്ധത്തിനുവഴങ്ങി ഇബ്രാഹിം(അ) ഹാജറ എന്ന സാറയുടെ അടിമയെ വിവാഹം കഴിക്കുകയും, ഇബ്രാഹിം (അ) യുടെ 84 ആം വയസ്സിൽ ഹാജറയിലൂടെ ഇസ്മായിൽ (അ)ജനിക്കുകയും ചെയ്തു.
എന്നാൽ കുട്ടികൾ ഇല്ലാത്ത ദുഃഖത്തിൽ കഴിഞ്ഞിരുന്ന സാറക്ക് മനുഷ്യരൂപത്തിൽ വന്ന മാലാഖ, തനിക്കൊരു കുട്ടി ജനിക്കാൻ പോകുന്നു എന്ന സന്തോഷ വാർത്ത അറിയിക്കുകയും, ഇസ്മായീൽ (അ)ജനിച്, പതിമൂന്ന് വർഷങ്ങൾക്ക് ശേഷം സാറക്ക് ഇസ്ഹാഖ് (അ)ജനിക്കുകയും ചെയ്തു. ദൈവം ഇബ്രാഹിം-സാറ ദമ്പതികൾക്ക് വാഗ്ദാനം ചെയ്ത മകനാണ് ഇസ്ഹാഖ് എന്നും, ഇസ്മായീൽ അടിമ സ്ത്രീയിൽ ഉണ്ടായ താന്നോന്നിയായ മകനാണെന്നും ജൂതർ അവരുടെ പ്രമാണങ്ങളിൽ പറയുന്നു. ഒരിക്കൽ ഇസ്മായീൽ ഇസ്ഹാഖിനെ പരിഹസിക്കുന്നത് കണ്ടപ്പോൾ, സാറ ഇബ്രാഹിം (അ) നോട് ഹാജരെയെയും ഇസ്മായീലിനേയും ഫലസ്തീനില് നിന്നും മറ്റെവിടേക്കെങ്കിലും പറഞ്ഞയക്കാൻ ആവിശ്യപെട്ടു. അങ്ങിനെയാണ് ഇസ്മായീൽ (അ) ഉം സാറയും അറേബ്യയിൽ എത്തുന്നത്. (ദൈവ കല്പനപ്രകാരം ഇസ്മായിൽ (അ) കൈക്കുഞ്ഞായിരിക്കുന്ന സമയത്തു ഇബ്രാഹിം (അ) ഹാജറയെയും ഇസ്മായീലിനെയും കൊണ്ട് മക്കയിലേക്ക് പോകുകയായിരുന്നു എന്നാണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത് ).
ഇസഹാഖ് (അ) യുടെ സന്താന പരമ്പരയിലൂടെ ഇസ്രായീൽ ജനതക്കിടയിലേക്ക് മറ്റൊരു പ്രവാചകനായ മൂസ(അ) വരുകയും. ജൂതന്മാർ മൂസക്കു പിന്നിൽ അണിനിരക്കുകയും ചെയ്തു. ഇബ്രാഹിം (അ)ന് ദൈവം വാഗ്ദാനം നൽകിയഭൂമിയായ ഫലസ്തീനിലേക്കു ഈജിപ്തിൽ നിന്നും മൂസ(അ) യുടെ കൂടെ പുറപ്പെടുകയും, എന്നാൽ ഫലസ്തീനിൽ എത്തുന്നതിനു മുമ്പ് മൂസ(അ) മരണപ്പെടും ചെയ്തു. ആയതിനാൽ മൂസ(അ)യുടെ ദൗത്യ പൂർത്തീകരണത്തിന്ടെ ഭാഗമായി “വാഗ്ദക്ത ഭൂമിയായ “ഫലസ്തീനിൽ പ്രവേശിക്കുകയെന്നത് അവരുടെ ലക്ഷ്യമാണ് .
കൂടതെ “മിശിഹാ ” ഇന്നത്തെ ഇസ്രായീൽ -ഫലസ്തീൻ പ്രദേശത്താണ് അവതരിക്കുക എന്നും , ശേഷം മുഴുവൻ ജൂതന്മാരെയും ഒന്നിപ്പിച്ചു അവരുടെ നേതൃത്വത്തിൽ ലോകത്തു നീതിയോടും സമാധാനത്തോടെയും ഒരൊറ്റ ഭരണം ഉണ്ടാകും എന്നതുമാണ് ജൂതന്മാർ വിശ്വസിക്കുന്നത്. ഈ വിശ്വാസിന്റെ പേരിലാണ് ജൂത മതക്കാർ ഇസ്രായിലിന്റെയും ഫലസ്തീനിൻടെയും പേരിൽ അവകാശമുന്നയിക്കുന്നത്. ജൂത മതക്കാർക്ക് വേണ്ടി ദൈവം ഇബ്രാഹിമിന് വാഗ്ദാനം നൽകിയ ഭൂമിയാണ് ഇന്നത്തെ ഇസ്രേയലും ഫലസ്റ്റിനുംഅടങ്ങുന്ന പ്രദേശം, അതിനാലാണ് അതിനെ “വാഗ്ദക്ത ഭൂമി” എന്ന് പറയപ്പെടുന്നത് എന്നാണ് ജൂതന്മാരുടെ വാദം. ഇസ്രായേലിനു പുറത്ത് വസിക്കുന്നത് ഒരു യഹൂദന് പ്രവാസിയായി ജീവിക്കുന്നതുപോലെയാണ്. നാം ഇസ്രായേലിനു പുറത്ത് ജീവിക്കുമ്പോൾ, നമ്മുടെ നാട്ടിൽനിന്ന് നാം പ്രവാസത്തിൽ കഴിയുന്നു. ഇതൊക്കെയാണ് ജൂത മതക്കാരുടെ വിശ്വാസം
- സിയോണിസ്റ്റ് പ്രസ്ഥാനം
1880 കളിലായാണ് ജൂതന്മാർ കിഴക്കൻ യൂറോപ്പിൽ നിന്നും ഫലസ്തീനിലേക്കു വന്നു തുടങ്ങിയത്. ഫലസ്തീനിലെ ഭൂ ഉടമകളിൽ നിന്നും കൃഷിയിടങ്ങൾ വിലക്ക് വാങ്ങി അവിടെ കൃഷി നടത്തി ജീവിതം ആരംഭിക്കാൻ തുടങ്ങി. അതുവരെ ഫലസ്തീനിൽ ജൂതമത വിശ്വാസികൾ ന്യുനപക്ഷമായിരുന്നു. സിയോണിസ്റ്റ് പ്രസ്ഥാനങ്ങളാണ് ഇത്തരം കടന്നു കയറ്റത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത്. “വാഗ്ദക്ത ഭൂമിയിലേക്കുള്ള ” ജൂതന്മാരുടെ തിരിച്ചുപോകലിന് വേണ്ടിയുള്ള ഫലസ്തീൻ വിമോചന പ്രസ്ഥാനമാണ് “സിയോണിസം”. പല രാജ്യങ്ങളിലും രഹസ്യമായി പ്രവർത്തിച്ചു് , ആസൂത്രിതമായി അവരുടെ ലക്ഷ്യം നിറവേറ്റുകയാണ് സിയോണിസ്റ്റുകൾ ചെയ്തിരുന്നത്.
യൂറോപ്പിൽ നിന്നായിരുന്നു സിയോണിസ്റ്റ് പ്രവർത്തനങ്ങളുടെ തുടക്കം. അവിടുത്തെ ജൂതന്മാർക്കിടയിൽ ആഴത്തിൽ സ്വാധീനം ഉണ്ടാക്കിയെടുക്കാൻ അവർക്കു കഴിഞ്ഞു. അവർ പറയുന്നത്, ദൈവം എബ്രഹാമിന് നൽകിയ വാഗ്ദാനപ്രകാരം, ദൈവിക നിയമങ്ങൾ അനുസരിക്കുകയും വിശ്വാസത്തോടുകൂടി ദൈവത്തെ ആരാധിക്കുകയും ചെയ്യുന്ന ജൂതന്മാർക്കു ദൈവത്തിന്റെ സ്നേഹവും സംരക്ഷണവും നൽകി അനുഗ്രഹിക്കുകയും, മറിച് ദൈവത്തിനും അവന്റെ നിയമത്തിനും എതിരെ പ്രവൃത്തിക്കുന്നവർ അവനു മുന്നിൽ കണക്കു പറയേണ്ടി വരും എന്നുമാണ്.
മറ്റു വിഭാഗങ്ങളിൽ നിന്നും വിഭിന്നമായി, ദൈവത്തിന്റെ നിയമങ്ങളും വാഗ്ദാനങ്ങളും നൽകി അനുഗ്രഹിച്ച വിഭാഗമാണ് ജൂതന്മാർ എന്നും അതിനാൽ അവർ “തിരഞ്ഞെടുത്ത ജനവിഭാഗം” ആണെന്നാണ് സിയോണിസ്റ്റുകൾ പറയുന്നത്. ജൂതന്മാരുടെ വിശ്വാസ പ്രകാരം ” മിശിഹാ” ഇന്നത്തെ ഇസ്രായീൽ- ഫലസ്തീൻ പ്രദേശത്തു അവതരിക്കും എന്നും, മുഴുവൻ ജൂതന്മാരെയും ഒരുമിപ്പിച്ചു, അവരുടെ നിയന്ത്രണത്തിൽ ലോകത്തു സമാദാനത്തോടെയും നീതിയുടെയും ഒരൊറ്റ ഭരണം ഉണ്ടാവും എന്നതും ഫലസ്തീനിലേക്കുള്ള കടന്നുകയറ്റത്തിന്റെ ഒരു കാരണമാണ്. മിശിഹായുടെ വരവിനു മുമ്പായി എല്ലാ ജൂതന്മാരും ഫലസ്തീൻ ലക്ഷ്യമാക്കി പോയിരിക്കണം എന്നായിരുന്നു സീയോണിസ്റ്റുകളുടെ ലക്ഷ്യം. അതിന്ടെ ഭാഗമായി യൂറോപ്പിൽ നിന്നും ജൂതന്മാർ ഫലസ്തീനിലേക് വന്നുകൊണ്ടിരുന്നു
- ഒന്നാം ലോക മഹായുദ്ധവും ഇസ്രായീൽ രൂപീകരണവും.
ഒന്നാം ലോക മഹായുദ്ധ സമയത്, ഓട്ടോമൻ സാമ്രാജ്യത്തിന്റെ ആധിപത്യത്തിൽ നിന്നും മിഡിൽ ഈസ്റ്റ് പിടിച്ചെടുക്കുവാൻ വേണ്ടി ബ്രിട്ടനിലും പുറത്തും ഉള്ള ജൂതസമൂഹത്തിന്റെ പിന്തുണ തേടുകയും, പകരമായി ഫലസ്തീനെ വിഭജിച് അവിടെ ഒരു ജൂത രാഷ്ട്രം നിർമിക്കാൻ അവസരം ഒരുക്കാം എന്ന ധാരണ ബ്രിട്ടൻ ചില ജൂതനേതാക്കളുമായി ഉണ്ടാക്കിയിരുന്നു. “കിങ്ഡം ഓഫ് ഇജാസ്” ഭരണാധികാരി ഹുസൈൻ ബ്നു അലി യുമായി ബ്രിട്ടൻ ഉണ്ടാക്കിയ കരാർ പോലെയുള്ള മറ്റൊരു കരാർ ആയിരുന്നു ഇത്. ഇന്നത്തെ സൗദി അറേബ്യയിലെ മക്ക, മദീന, തബൂക്, ജിദ്ദ തുടങ്ങിയ പ്രദേശങ്ങളെ വിളിക്കപ്പെട്ടിരുന്ന “കിങ്ഡം ഓഫ് ഇജാസ്” 1916 മുതൽ 1924 വരെ ഭരിച്ചിരുന്ന ഭരണാധികാരി ആയിരുന്നു ” ഹാഷിമേറ്റ്” കുടുംബത്തിൽ പെട്ട ഹുസൈൻ ബ്നു അലി.ഒന്നാം ലോക മഹായുദ്ധ സമയത് ഓട്ടോമൻ സാമ്രാജ്ജ്യം പിടിച്ചടക്കാൻ ബ്രിട്ടനേയും ഫ്രാൻസിനെയും സഹായിക്കുകയാണെങ്കിൽ , ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന ചിലഭാഗങ്ങൾ ഹാഷിമേറ്റ് കുടുംബത്തിന് നൽകാം എന്നായിരുന്നു ആ കരാർ. പ്രശസ്തമായ “ഹുസൈൻ -മെക്മോഹൻ” കത്തിടപാടിലായിരുന്നു ആ ധാരണ. 1915 മുതൽ 1916 വരെ ഹുസൈനും ഹെൻറി മെക്മോഹൻ എന്ന ഈജിപ്തിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറും കത്തുകളിലൂടെ നടത്തിയിരുന്ന ആശയവിനിമയത്തെയാണ് പിന്നീട് “ഹുസൈൻ -മെക്മൊഹൻ” കറസ്പോണ്ടൻസ് എന്ന് വിളിച്ചിരുന്നത്.
1917-ൽ ഫലസ്തീൻ, ഓട്ടോമൻ ഭരണകൂടത്തിന്റെ കീഴിൽ നിന്നും ബ്രിട്ടന്റെ അധീനതയിൽ ആയതിനു ശേഷം ഉണ്ടായ “ബാൽഫർ പ്രഖ്യാപനം” ആണ് ഇസ്രായീൽ എന്ന രാജ്യം രുപീകരിക്കുന്നതിന്റെ തുടക്കം. ബ്രിട്ടന്റെ അന്നത്തെ വിദേശകാര്യ സെക്രട്ടറി, “ആര്തുർ ജെയിംസ് ബാൽഫർ” ബ്രിട്ടനിലെ ജൂതരുടെ നേതാവിന് അയച്ച സന്ദേശത്തെയാണ് ബാൽഫർ പ്രഖ്യാപനം എന്നറിയപ്പെടുന്നത്. ജൂത സമൂഹത്തിന്റെ ദേശീയ ഭൂമിയായി ഫലസ്തീനെ പ്രഖ്യാപിച്ചുകൊണ്ട് അവിടെ ഇസ്രായീൽ എന്ന ജൂത രാജ്യം സ്ഥാപിക്കാൻ അവസരം ഒരുക്കാം എന്നായിരുന്നു അതിലെ ഉള്ളടക്കം.
1882-ൽ വെറും 25 ,000 ജൂതന്മാർ മാത്രമുണ്ടായിരുന്ന പ്രദേശത്തു 1918-ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോട് കൂടി അത് 60,000 ആയി ഉയരുകയും പിന്നീട് 1924 ആയപ്പോൾ 160,000 ആയി ഉയരുകയും ചെയ്തു. എന്നാൽ 1933 മുതൽ 1935 വരെ ജർമനിയിൽ നിന്നും പോളണ്ടിൽ നിന്നും കൂട്ട പാലായനമായിരുന്നു ഉണ്ടായിരുന്നത്. ഏകദേശം ഒരു ലക്ഷത്തോളം ജൂതന്മാർ ആ കാലയളവിൽ മാത്രം കുടിയേറി. ഹിറ്റ്ലറുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ ജർമനിയിൽ നിന്നുംപോളണ്ടിൽ നിന്നും ഒളിച്ചോടിയ ജനതക്കും ഫലസ്തീനിൽ അഭയം നൽകാൻ ബ്രിട്ടനും അമേരിക്കയും നിർബന്ധിതരായി. ജൂതന്മാർ രാജ്യത്തിന് എതിരായി പ്രവർത്തിക്കുകയും, ഒന്നാം ലോക മഹായുദ്ധത്തിലും അതിനു ശേഷവും ജർമനിയുടെ എതിരാളികളായിരുന്ന ബ്രിട്ടനേയും കൂട്ടരെയും സഹായിക്കുകയും ചെയ്തതിനായിരുന്നു ജർമനിയിലും പോളണ്ടിലും ജൂതർക്ക് ഏൽക്കേണ്ടിവന്ന ദുരിതത്തിന്റെ മുഖ്യ കാരണം (*ജൂതന്മാർ ലോകത്തിനു തന്നെ ഭീഷണിയാണെന്ന്ഹിറ്റ്ലർ ഒരിക്കൽ ആരോപിച്ചിരുന്നു).1936 ൽ ഫലസ്റ്റീൻ മേഖലയിലെ ജൂതന്മാരുടെ എണ്ണം 4,00,000 ആയികുത്തനെ ഉയർന്നു. 1882 ൽ ഫലസ്റ്റീൻ മേഖലയിൽ 8% ആയിരുന്ന ജൂതന്മാർ 1936 ൽ 30% ആയി മാറി.
തങ്ങൾ മറ്റു വിഭാഗങ്ങളിൽ നിന്നും ഉന്നതരാണെന്ന അഹങ്കാരവും അഹന്തയും നിറഞ്ഞ ചില തീവ്ര ആശയകരായ ജൂതമത വിശ്വാസികളുടെ ഫലസ്തീനിലേക്കുള്ള കടന്നു കയറ്റം ആ മേഖലയിലെ ജനജീവിതം ദുസ്സഹമാകുകയായിരുന്നു. നൂറ്റാണ്ടുകളായി അറബ് രാജ്യങ്ങളിൽ ജീവിച്ചു പോന്നിരുന്ന അറബ് ജൂതന്മാരിൽനിന്നും തീർത്തും വ്യത്യസ്തമായിരുന്നു യൂറോപ്പിൽ നിന്നും വന്നിരുന്ന ജൂത സമൂഹം. യൂറോപ്പിൽ നിന്നും വന്നവർക്കായിരുന്നു ഫലസ്തീൻ വിഭജിച്ചി അവിടെ പ്രത്യേക ജൂത രാജ്യം വേണം എന്ന ആവിശ്യം ഉണ്ടായിരുന്നത്. അവരുടെ ഈ ആവിശ്യത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് സിയോണിസ്റ്റ് പ്രസ്ഥാനം ആയിരുന്നു. എന്നാൽ യൂറോപ്യൻ ജൂതന്മാരിൽ നിന്നും വ്യത്യസ്തരായ അറബ് ജൂതന്മാർ, അറബ് രാജ്യങ്ങളിൽ മറ്റു വിഭാഗങ്ങളുമായി സൗഹാർദപരമായി ജീവിച്ചു പോന്നവരായിരുന്നു. ഫലസ്തീന്റെ അയൽ രാജ്യമായ ഇറാഖിൽ അവിടുത്തെ ജൂതന്മാർ മുസ്ലിം വിഭാഗത്തെ പോലെത്തന്നെ മുഖ്യധാരയിൽ എല്ലാവിധ സൗകര്യത്തോടുകൂടിയാണ് ജീവിച്ചിരുന്നത്. ഇറാഖിലെ ആദ്യത്തെ സാമ്പത്തിക മന്ത്രി “സാസോൺ എസ്കൽ” എന്ന ജൂത മത വിശ്വാസിയായിരുന്നു.ഇറാഖി പാർലമെന്റിൽ ചില സന്ദർഭങ്ങളിൽ മുസ്ലിം അംഗങ്ങളെക്കാൾ അനുപാധികമായി ജൂതന്മാർ കൂടുതലുണ്ടായിരുന്നു. കൂടാതെ ഉന്നത സർക്കാർ വകുപ്പുകളിൽ ജോലിചെയ്തിരുന്നത് അധികവും ജൂത മതവിശ്വാസികളായിരുന്നു. എന്നാൽ അറബ് മേഖലയിലേക്ക് സിയോണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കടന്നു വരവോടു കൂടി ചില സന്ദർഭങ്ങളിൽ അറബ് ജൂതന്മാരും തെറ്റിദ്ധരിപ്പിക്കപ്പെടുകയുണ്ടായി.
അറബ് മേഖലയിലെ എതിർപ്പും പ്രതിഷേധവും മൂലം, 1917 ലെ “ബാൽഫർ പ്രഖ്യാപനം” ത്തിനു ശേഷം ഇസ്രായീൽ രൂപീകരണത്തിന് 1948 വരെ കാത്തിരിക്കേണ്ടിവന്നു. സിയോണിസ്റ്റ് നേതാക്കളുടെ സമ്മർദത്തെ തുടർന്ന് “യു. എൻ” ബ്രിട്ടനോട് ഫലസ്തീനിൽ നിന്ന് പിൻവാങ്ങാൻ നിർദേശിക്കുകയും, അതിനെ തുടർന്ന് ബ്രിട്ടൻ 1948മെയ് 14 -നു ഫലസ്തീനിൽ നിന്ന് പിൻവലിയുകയും, തൊട്ടു പിന്നാലെ “ബെൻ ഗുറിയോൻ” എന്ന സിയോണിസ്റ്റ് നേതാവ് “സ്റ്റേറ്റ് ഓഫ് ഇസ്രേൽ” എന്ന ജൂത രാജ്യത്തിന്റെ പിറവിയെ പ്രഖ്യപിക്കുകയും, അന്നത്തെ യു.എസ് പ്രസിഡന്റ് “ഹറി എസ് ട്രൂമാൻ ” ഇസ്രായീൽ എന്ന പുതിയ രാജ്യത്തെ അംഗീകരിക്കുകയും ചെയ്തു. ഫലസ്തീൻ ജനതയുടെയും അറബ് രാജ്യങ്ങളുടെയും മഹാത്മാ ഗാന്ധിയെ പോലുള്ള ലോക നേതാക്കളുടെയും എതിർപ്പിനെ വകവെക്കാതെയായിരുന്നു അമേരിക്കയുടെയും യു.എൻ-ന്ടെയും ഈ നിലപാട്.
- അറബ്- ഇസ്രായീൽ യുദ്ധം
ഇസ്രായീൽ രൂപീകരണത്തോട് കൂടി 1948 -ൽ പ്രശസ്തമായ “അറബ്-ഇസ്രായീൽ” യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അഞ്ച് അറബ് രാജ്യങ്ങൾ ഒരുമിച്ചു ഇസ്രയേലിനെതിരെ യുദ്ദം പ്രഖ്യാപിക്കുകയായിരുന്നു. ഈജിപ്ത്,ലബനാൻ,സിറിയ, ജോർദാൻ, ഇറാഖ് എന്നീ അറബ് രാജ്യങ്ങളായിരുന്നു ഇസ്രായീൽ രൂപീകരണത്തെ എതിർത്ത് ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇസ്രായേലിനു ചുറ്റുമുള്ള ഈ അഞ്ച് രാജ്യങ്ങൾ ഒരുമിച്ചു യുദ്ധം നടത്തിയിട്ടും അന്തിമവിജയം ഇസ്രയേലിനായിരുന്നു.
അംഗബലം കൊണ്ടും ഭൂമിശാസ്ത്രപരമായ ആനുകൂല്യം കൊണ്ടും അറബ് രാജ്യങ്ങൾക്കായിരുന്നു മുൻതൂക്കമെങ്കിലും, യുദ്ധത്തിൽഅവർ പരാജയപ്പെടാൻ കാരണം, ഓരോ അറബ് രാജ്യങ്ങളും അവരുടെ സ്വാർത്ഥ താല്പര്യങ്ങളുടെ പേരിലായിരുന്നു യുദ്ധത്തിൽ പങ്കെടുത്തിരുന്നത്. ഈരാജ്യങ്ങൾ തമ്മിൽ ഒരു ഒത്തിണക്കവും യുദ്ധ സമയത്തുണ്ടായിരുന്നില്ല . കൂടാതെ, ഈ രാജ്യങ്ങളിലെ ചില നേതാക്കൾക്ക് യുദ്ധ സമയത്തും അതിനു മുമ്പും ഇസ്രയേലുമായി രഹസ്യ ബന്ധവും ഉണ്ടായിരുന്നു.
അറബ് ജനതക്കായി (മുസ്ലിംകൾക്ക്) വിഭജിച്ചു നൽകിയ ഫലസ്തീൻ പ്രദേശം പരമാവധി ഈ യുദ്ധത്തിൽ തങ്ങളുടെ അധീനതയിൽ ആകുക എന്നതായിരുന്നു ജോർദാൻ (ട്രാൻസ്ജോർദാൻ എന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്) ഭരണാധികാരി അബ്ദുല്ലയുടെ (ഹുസൈൻ ബ്നു അലിയുടെ മൂത്ത മകൻ) ലക്ഷ്യം. അതിനായി അബ്ദുള്ള ജൂത നേതാക്കളുമായി രഹസ്യമായി ചർച്ച നടത്തിയിരുന്നു.
വെസ്റ്റ്ബാങ്ക് എന്ന ഫലസ്തീൻ പ്രദേശം ജോര്ദാന് അധീനപ്പെടുത്താം എന്നും പകരം ഇസ്രയേലിനെതിരെ യുദ്ധം ചെയ്യാൻ അറബ് രാജ്യങ്ങളുടെ കൂടെ നിൽക്കരുത് എന്നതായിരുന്നു ആ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്ന ധാരണ. ഗോൾഡോ മേയർ എന്ന മുൻ ഇസ്രായീൽ പ്രധാനമന്ത്രി ഈ കൂടിക്കാഴ്ചയിൽ ഒരു അംഗം ആയിരുന്നു. ബ്രിട്ടനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അബ്ദുല്ലക്ക് ഫലസ്തീൻ വിഭജനത്തിലും ഇസ്രായീൽ രൂപീകരണത്തിലും എതിർപ്പില്ലായിരുന്നു. എന്നാൽ സ്വന്തം രാജ്യത്തിനകത്തുണ്ടായിരുന്ന ജനങ്ങളുടെയും മറ്റു അറബ് രാജ്യങ്ങളുടെയും സമ്മർദത്തിന് വഴങ്ങി ജോർദാൻ യുദ്ധത്തിന് പങ്കാളികളാവുകയായിരുന്നു (അബ്ദുല്ല 1951 ജൂലൈ 21 ന് ഫലസ്തീനിലെ “അൽ അഖ്സ” മസ്ജിദ് സന്ദർശനത്തിനിടെ ഒരു ഫലസ്തീനിയുടെവെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു).
മറ്റൊരു അറബ് രാജ്യമായ ഈജിപ്തിന്റെ ഭരണാധികാരി ഫാറൂഖിന് മറ്റു ചില ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഫലസ്തീന്റെ ദക്ഷിണഭാഗം ഈജിപ്തിന്റെ അതിർത്തിക്കുള്ളിലാക്കാനായിരുന്നു ഫാറൂഖ് ശ്രമിച്ചിരുന്നത്. കൂടാതെ ജോർദാൻ ഭരണാധികാരി അബ്ദുല്ലയുടെ യുദ്ധത്തിലെ സാന്നിദ്ധ്യം അദ്ദേഹത്തെ അസ്വസ്ഥനാക്കുകയും ചെയ്തിരുന്നു. യുദ്ധത്തിലെ വിജയത്തിലൂടെ അബ്ദുല്ലക്ക് നായകപരിവേഷം ഉണ്ടാവും എന്നും , അതുമൂലം തന്റെ മേൽക്കോയ്മ അറബ് ലോകത്തു നഷ്ടപ്പെടും എന്ന ഭയവും ഫാറൂഖിനെ അലട്ടിയിരുന്നു. അതുപോലെ, സിറിയയും ലബനോനും ഉത്തര ഫലസ്തീയനായിരുന്നു ലക്ഷ്യംവെച്ചിരുന്നത്. ജോർദാന്റെ അതെ പാത പിന്തുടർന്നിരുന്ന ഇറാഖിനും യുദ്ധത്തിൽ ആത്മാർത്ഥത കാണിച്ചിരുന്നില്ല . അറബ് ജനതയുടെയും മറ്റും സമ്മർദത്തെ തുടർന്നായിരുന്നു ഇറാഖും യുദ്ധത്തിൽ പങ്കാളികളായിരുന്നത്. ഇറാഖി ഭരണാധികാരികളും ഇസ്രായേലുമായി രഹസ്യ ബന്ധമുള്ളവരായിരുന്നു. അറബ് രാജ്യങ്ങളുടെ ഈ ഒത്തൊരുമയില്ലായ്മക്കു പുറമെ ഇസ്രായേലിനു പാശ്ചാത്യ രാജ്യങ്ങളുടെ, പ്രത്യേകിച്ചും അമേരിക്കയുടെ പരോക്ഷ സഹായവും യുദ്ധ സമയത്തു ലഭിച്ചിരുന്നു. ഇതൊക്കെ ഇസ്രയേലിന്റെ വിജയം എളുപ്പമാക്കി.
എന്നാൽ ജമാൽ അബ്ദുൽ നാസിർ നെ പോലുള്ള മിഡിൽ ഈസ്റ്റിലെ നേതാക്കളും ദേശീയവാദികളും ഇസ്രയേലിനെതിരെ ആത്മാർത്ഥമായി നിലകൊണ്ടിരുന്നങ്കിലും അവർക്കു ഭരണത്തിൽ വേണ്ട പിടിപാടില്ലാത്തതു വിനയാകുകയായിരു. അറബ്- ഇസ്രായീൽ യുദ്ധത്തിലൂടെ ഫലസ്തീൻ ജനതയെ വഞ്ചിക്കുകയായിരുന്നു ഈ അറബ് രാജ്യങ്ങൾ. ഈ യുദ്ധം കൊണ്ട് ദുരിതം അനുഭവിച്ചിരുന്നു ഫലസ്തീനിലും ഇസ്രയേലിലും ജീവിച്ചിരുന്ന മുസ്ലിം ജനതയായിരുന്നു. അറബ് മുസ്ലിങ്ങൾക്ക് വിഭജിച്ചു നൽകിയിരുന്ന ഫലസ്തീന്റെ ഭൂരിഭാഗം പ്രദേശവും ഈ യുദ്ധത്തോടുകൂടി ഇസ്രായീൽ കൈവശപ്പെടുത്തി. അവിടങ്ങളിൽ കാലങ്ങളായി ജീവിച്ചു പോന്നിരുന്ന അറബ് ജനത, തങ്ങളുടെ കൃഷിയിടങ്ങളും വീടും എല്ലാത്തിലുമുപരി പിറന്നുവീണ മണ്ണും നഷ്ടപ്പെട്ട് അഭയാർത്ഥികളാകേണ്ടിവന്നു. ഏകദേശം7,11,000 ഫലസ്തീനികൾ 400 ഓളം ഗ്രാമങ്ങൾ ഉപേക്ഷിച്ചു ഗാസ, വെസ്റ്റ്ബാങ്ക് , സിറിയ എന്നിവടങ്ങളിലേക്ക് കുടിയേറി.
നൂറ്റാണ്ടുകളായി അവിടെ ജീവിച്ചു പോന്നിരുന്ന ജനതയോട് ഇസ്രായീൽ അധികൃതർ വളരെ ക്രൂരമായിട്ടായിരുന്നു പെരുമാറിയിരുന്നതും, ആ ജനതയെ അവിടുനിന്നു ഇല്ലായ്മ ചെയ്തിരുന്നതും. ലോകം ഇപ്പോൾ മാത്രം കേട്ട് പരിചയമുള്ള “ബാക്ടീരിയോളജിക്കൽ വാർഫയർ” 1948-ൽ ഫലസ്തീൻ ജനതക്കെതിരെ പ്രയോഗിച്ചവരാണ് ഇസ്രായീൽ ഭരണകൂടം.ഭീഷണിപ്പെടുത്തിയും വെടിയുതിർത്തും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചതിന് പുറമെ ഫലസ്തീനികളുടെ കൃഷിയിടങ്ങളിലേക്ക് ഉള്ള വെള്ളത്തിൽ, പകർച്ചവ്യാധികൾ ഉണ്ടാകാൻ കാരണമാകുന്ന ബാക്ടീരിയ കടത്തി വിട്ടുo വളെരെ ക്രൂരമായിട്ടായിരുന്നു അവരെ അവിടെ നിന്ന് തുരത്തിയിരുന്നത്. 1948 -ലെ ഡിവിഷൻ കമാണ്ടർ ആയിരുന്ന “മോശെ ഡയാൻ” ആയിരുന്നു ഈ നീക്കത്തിന് ഉത്തരവ് നൽകിയിരുന്നത്. ഫലസ്തീൻ ജനതയിൽ നിന്നും അന്യായമായി പിടിച്ചെടുത്ത ഈ ഭൂമിയിലേക്കു മറ്റു അറബ് രാജ്യങ്ങളിൽ നിന്നും കുടിയേറിയ ജൂതന്മാരെയും യുറോപ്പിൽ നിന്നും വന്നുകൊണ്ടിരുന്ന ജൂതന്മാരെയും പാർപ്പിച്ചു.
- പൗരന്മാർക്കിടയിലെ വിവേചനം
രണ്ടു വിഭാഗം പൗരന്മാരായിരുന്നു അന്ന് ഇസ്രായേലിൽ ഉണ്ടായിരുന്നത്. അറബ് രാജ്യങ്ങളിൽ നിന്നും വന്ന ജൂത സമൂഹവും യൂറോപ്പിൽ നിന്നും വന്ന മറ്റൊരു വിഭാഗവും. അറബ് രാജ്യങ്ങളിൽ നിന്നും വന്ന ജൂതന്മാരെ രണ്ടാം നിര പൗരന്മാരായിട്ടായിരുന്നു ഇസ്രായീൽ അധികൃതർ പരിഗണിച്ചിരുന്നത്. ഭരണത്തിന്റെ നേതൃത്വത്തിലും ഉദ്യോഗങ്ങളിലും യൂറോപ്പിൽ നിന്നും വന്ന ജൂതന്മാരായിരുന്നു ഉണ്ടായിരുന്നത്. ഫലസ്തീൻ ജനത വിട്ടേച്ചു പോയ സ്ഥലങ്ങളിൻ കൃഷി ചെയ്യാനും താഴന്ന തസ്തികയിൽ ജോലിചെയ്യാനും വേണ്ടിയായിരുന്നു പ്രധാനമായും അറബ് രാജ്യങ്ങളിലെ ജൂതന്മാരെ ഇസ്രായേലിൽ എത്തിച്ചിരുന്നത്. യൂറോപ്പിൽ നിന്നും വന്ന ജൂതന്മാർക്കു അറബ് പ്രദേശത്തെ കുറിച്ചോ കൃഷിയെ കുറിച്ചോ അറിവില്ലാത്തതിനാൽ ഇസ്രായീൽ അധികൃതർക് ചുരുങ്ങിയ ചിലവിൽ തൊഴിലാളികളെ ആവശ്യമായിരുന്നു. പുതുതായി രൂപപ്പെട്ട ഇസ്രായീൽ എന്ന രാജ്യത്തിന്റെ പുരോഗതിക്കു അറബ് ജൂതന്മാർ അത്യാവിശ്യമായതിനാൽ മാത്രമാണ് അവരെ ഇസ്രായേലിൽ എത്തിച്ചിരുന്നത്. ഇതിനായി പല അറബ് രാജ്യങ്ങളിലും രഹസ്യമായി സിയോണിസ്റ് സംഘടനകൾ പ്രവർത്തിച്ചുകൊണ്ടിരുന്നു.
നഈം ഖിലാഡി” എന്ന ജൂതമത വിശ്വാസിയുടെ “ബെൻ ഗുറിയോൺസ് സ്കാൻഡൽസ്” എന്ന പ്രശസ്തമായ പുസ്തകത്തിൽ ഇസ്രായേലിലെ ഈ വേർതിരിവിന്റെ കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്. 1949 -ൽ ഇറാഖിൽ നിന്നും ഇസ്രായേലിലേക്ക് പോകുകയും, സിയോണിസത്തിന്ടെ ഭാഗമായി പ്രവർത്തിച്ചു നിരവധി ഇറാഖി ജൂതന്മാരെ ഇസ്രായേലിൽ എത്തിക്കുകയും , ഇസ്രായേലിൽ പല ജോലികളും ചെയ്തതിനു ശേഷം ഇസ്രായീൽ പൗരത്വം ഉപേക്ഷിച് അമേരിക്കയിൽ സ്ഥിരതാമസമാകുകയും ചെയ്ത നഈം ഖിലാഡി തന്റെ ഇസ്രായീൽ അനുഭവങ്ങളും ഇറാഖി ജൂതന്മാർ ആ കാലഘട്ടത്തിൽ അനുഭവിച്ച യാദനകളെയും കുറിച്ച് വ്യക്തമാക്കുന്ന പുസ്തകമാണ് ബെൻ ഗുറിയോൺസ് സ്കാൻഡൽസ്.
ഇറാഖി കർഷകന്റെ മകനായ നഈം ഖിലാഡി ഇസ്രായീൽ എത്തിയതിനു ശേഷം “ദഫ്ന” എന്ന സ്ഥലത്തെ ഒരു കൃഷിസ്ഥലത്തേക്കായിരുന്നു അധികൃതർ അയച്ചിരുന്നത്. ഉന്നത നിലവാരത്തിലുള്ള ജീവിതം സ്വപ്നം കണ്ട് ഇസ്രായേലിൽ എത്തിയ അദ്ദേഹത്തിന് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു അവിടെ ഉണ്ടായിരുന്നത്. വിദ്യാസമ്പന്നനായ ഖിലാഡി ആഴ്ചകൾ മാത്രം അവിടെ ജോലി ചെയ്ത് , ശേഷം മറ്റുജോലി അന്വേഷിച്ചുകൊണ്ടിരുന്നു. വിത്യസ്ത ഭാഷയിലെ തന്റെ കഴിവ് കൊണ്ട് ഒരു അറബി പത്രത്തിൽ ജോലി ലഭികുകയും ചെയ്തു. ജോലിയിൽപ്രവേശിക്കാൻ വേണ്ടി പത്രത്തിന്റെ ഓഫീസിൽ എത്തിയപ്പോഴാണ് ഇസ്രായേലിൽ അറബ് ജൂതന്മാർ രണ്ടാം നിര പൗരന്മാരാണെന്നു തിരിച്ചറിഞ്ഞു തുടങ്ങിയത്. തനിക് ലഭിച്ച നിയമന ഉത്തരവുമായി ഓഫീസിൽ എത്തിയ അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു അവിടെഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥർ പെരുമാറിയിരുന്നത്. തനിക്ക് പോകേണ്ട ഓഫീസ് എവിടെ എന്ന് അവിടെയുള്ളവരോട് അന്നെഷിച്ചപ്പോൾ, അറബ് ജൂതനാണെന്നു മനസിലാക്കിയ അവർ അദ്ദേഹത്തിനോട് “റൂം-8, റൂം-8 ” എന്ന് മാത്രം പറഞ്ഞു അവഗണിക്കുകയായിരുന്നു. അവസാനം എത്തിപ്പെട്ടത്, “ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ജൂതന്മാർക്കുള്ള വിഭാഗം (Department for Jews from Islamic countries)” എന്ന ഒരു മുറിയിലായിരുന്നു. ഇത്തരത്തിലുള്ള ബോർഡും മറ്റു ജൂതന്മാരുടെ പെരുമാറ്റവും അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കുകയും രോഷാകുലനാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പല ദുരനുഭവങ്ങളും അദ്ദേഹം “ബെൻ ഗുറിയോൺസ് സ്കാൻഡൽസ്” എന്ന പുസ്തകത്തിൽ പങ്കുവെക്കുന്നുണ്ട്.
- അയൽ രാജ്യങ്ങളിലെ ജൂതന്മാർ
ഇസ്രായീൽ രൂപീകരണം കൊണ്ട് ജീവിതം മാറിമറിഞ്ഞത് ഫലസ്തീൻ മുസ്ലിങ്ങളുടേതു മാത്രമായിരുന്നില്ല, അറബ് ജൂതന്മാരുടേതു കൂടിയായിരുന്നു.ഇസ്രായേലിനു ചുറ്റുമുള്ള അറബ് രാജ്യങ്ങളിൽ നൂറ്റാണ്ടുകളായി ജൂത മതവിശ്വാസികൾ മറ്റു മതസ്ഥരുടെ കൂടെ സൗഹാർദത്തോടുകൂടി ജീവിച്ചു പോന്നിരുന്നവരായിരുന്നല്ലോ. സിയോണിസ്റ്റ് പ്രവർത്തനം അവിടങ്ങളിൽ തുടക്കമിട്ടത് മുതലാണ് അവരുടെ ജീവിതം മാറിമറിഞ്ഞു തുടങ്ങിയത്. .
ജൂതന്മാർ ഉയർന്നനിലവാരത്തിൽ ജീവിച്ചു പോന്നിരുന്ന ഇറാഖിൽ ആയിരുന്നു ദയനീയകരമായ അവസ്ഥയിലേക്ക് അവർ എത്തിപ്പെട്ടത്. വിദ്യാസമ്പന്നരായിരുന്ന ഇറാഖി ജൂതന്മാരിൽ ഭൂരിഭാഗവും ഗവർമെന്റ് ഉദ്യോഗസ്ഥരും വലിയ കച്ചവടക്കാരും ആയിരുന്നു ചെറുത്തുനിൽപ്പിന്റെയും വിപ്ലവങ്ങളുടെയും നാടായ ഇറാഖിൽ 1919 മുതൽ 1958 വരെ (ചുരുങ്ങിയ കാലം ഒഴിച്) ബ്രിട്ടനോ അല്ലങ്കിൽ ബ്രിട്ടന്റെ സഹായത്തോടെയുള്ള ഭരണമോ ആയിരുന്നു ഉണ്ടായിരുന്നത്. ഭൂരിഭാഗം ഇറാഖികളും ഇതിൽ അസംതൃപ്തരായിരുന്നു. ദേശീയവാദികളും ഇറാഖി കമ്മ്യൂണിസ്റ് പാർട്ടിയും പലതരത്തിൽ പ്രതിഷേധിച്ചിരുന്നങ്കിലും 1958 വരെ ഇത് തുടർന്ന് കൊണ്ടേയിരുന്നു. ഇറാഖി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളിലും അണികളിലും നല്ല ഭാഗവും ജൂതന്മാരായിരുന്നു. ഇത്തരം സാഹചര്യത്തിൽ സീയോനിസ്റ്റുകൾക്കു ഇറാഖി ജൂതന്മാർക്കിടയിൽ സ്വധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല
1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചില വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പ്രശസ്തമായ “അൽ വത്ബഹ് വിപ്ലവം (Al-Wathbah uprising)” ബ്രിട്ടനും ബ്രിട്ടൻ അനുകൂല ഭരണകൂടത്തിനും ഭീഷണിയാവുന്ന തരത്തിൽ ശക്തിയായിക്കൊണ്ടിരുന്ന സമയത്താണ് ഇസ്രായീൽ രൂപീകരണവും അതിനോടനുബന്ധിച്ച യുദ്ധവും. ഈ സന്ദർഭം ഇറാഖി ഭരണകൂടം ഇസ്രയേലുമായി ചേർന്ന് ജൂതന്മാർക്കെതിരെ അതിവിദക്തമായി ഉപയോഗിക്കുകയായിരുന്നു. 1948 അവസാനത്തിൽ ഇസ്രയേലുമായിചേർന്ന് “പൗരന്മാരുടെ കൈമാറ്റം ” എന്ന വിവാദപരമായ ഒരു നടപടി പ്രാബല്യത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു.
ജൂതന്മാരെ ഇറാഖിൽ നിന്നും ഇല്ലാതാക്കുക വഴി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ദുർബലപ്പെടുത്തുകയും അതുവഴി അൽവത്ബഹ് വിപ്ലവം മൂലമുണ്ടായ ഭരണ വിരുദ്ധ പ്രധിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കലുമായിരുന്നു ലക്ഷ്യം. പല തവണയായി ഇറാഖിൽ പ്രധാനമന്ത്രി ആയിരുന്ന, ബ്രിട്ടന്റെയും ഇസ്രായീലിന്റെയും വിശ്വസ്തനായ “നൂരി അൽ സയ്യിദ്” എന്ന ഇറാഖി നേതാവായിരുന്നു ജൂതന്മാർക്കെതിരെയുള്ള ഈ നീക്കങ്ങൾക്കു പിന്നിൽ. ഇറാഖിലെ ജൂതന്മാരെ ഇസ്രായേലിനു കൈമാറുകയും പകരം ഇസ്രയേലിലുള്ള മുസ്ലിംകളെ ഇറാഖിൽ എത്തിക്കുക എന്നതായിരുന്നു പൗരന്മാരുടെ കൈമാറ്റം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ഇറാഖിലും അറബ് രാജ്യങ്ങളിലും വ്യാപക പ്രധിഷേധം ഉയർന്നു. മറ്റു അറബ് നേതാക്കൾ മുസ്ലിംകളെ അവരുടെ നാടായ ഇസ്രയേലിലും ഫലസ്തീനിലും സമാധാനത്തോടെയും സൗഹാർദത്തോടെയും ജീവിക്കാനുള്ള സൗകര്യം ഒരുക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുമ്പോഴായിരുന്നു നൂറിയുടെയും ഇറാഖി ഭരണകൂടത്തിന്റെയും സ്വാര്ഥതാല്പര്യത്തിന്റെ പേരിലുള്ള ഈ തീരുമാനം. എന്നാൽ നൂറിയും ഇസ്രയേലും അവൻ തീരുമാനിച്ചുറച്ച പദ്ധതിയിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നില്ല. മുസ്ലിം ജനതയോടുള്ള സ്നേഹം കൊണ്ടോ സഹതാപം കൊണ്ടോ ആയിരുന്നില്ല ഈ നീക്കം, മറിച് തങ്ങൾ ഇറാഖിൽ നേരിടുന്ന പ്രതിസന്ധിക്കു മുഖ്യ കാരണക്കാരായ ജൂതന്മാരെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇല്ലാതാകുകയും അത് വഴി ഇസ്രയേലിനെ സഹായിക്കുകയുമായിരുന്നു.
ഇറാഖിൽ ജൂതന്മാർ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും അവർ രാജ്യത്തിന് ഭീഷണിയാണെന്നും,രാജ്യത്തിനെതിരെ പ്രവർത്തിക്കാൻവേണ്ടി തങ്ങളുടെ വീടും സ്വത്തും വില്പന നടത്തുകയാണെന്നൊക്കെയാണ് ജൂതന്മാർക്കെതിരെയുള്ള ഈ നടപടിയ ന്യായികരിക്കാൻ വേണ്ടി നൂറിയും കൂട്ടരും പറഞ്ഞിരുന്നത്.എന്നാൽ പലഭാഗത്തും നിന്നുമുള്ള ശക്തമായ എതിർപ്പു മൂലം പൗരന്മാരുടെ കൈമാറ്റം തൽക്കാലത്തേക്ക് മാറ്റി വെക്കേണ്ടി വന്നു. പകരമായി മറ്റു പലതരത്തിലുള്ള നടപടികളിലൂടെ ജൂതന്മാർക്കെതിരെയുള്ള വൈരാഗ്യം ഭരണകൂടം പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. സർക്കാർ ജോലികളിൽ നിന്ന് അവരെ പിരിച്ചുവിട്ടും, കയറ്റുമതി ഇറക്കുമതി ലൈസൻസ് റദ്ദാക്കിയും,വിദേശ നാണയ വിനിമയം നടത്താൻ അനുവദിക്കാതെയും അവർക്കെതിരെയുള്ള നടപടി തുടർന്ന് കൊണ്ടിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തണം നിരോധിച്ചതും ഈ സമയത്തായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ബന്ധം ആരോപിച്ചു പല ജൂതന്മാരെയും ജയിലിൽ അടക്കുകയും ഉണ്ടായി. ഇറാഖിൽ നിന്നും ജൂതന്മാരെ നാടുകടത്തുകയായിരുന്നു ഭരണകൂടം ലക്ഷ്യം വെച്ചിരുന്നത്. തങ്ങൾക്കെതിരെ ഇത്തരത്തിലുള്ള പ്രവർത്തികൾ മൂലം ഇറാഖിൽ നിന്നും ജൂതന്മാർ ഇസ്രയേലിലേക് പോകാൻ തുടങ്ങി. എങ്കിലും ഭൂരിഭാഗം ജൂതന്മാരും ഇറാഖിൽ തന്നെ തുടർന്നു.
1950 -മാർച്ച് 9 ന് “ഡിനാച്ചോറലൈസേഷൻ”(പൗരത്വം ഉപേക്ഷിക്കുക) എന്ന പുതിയ നിയമം ഇസ്രായേലിൽ നിലവിൽ വന്നു. ഇറാഖി പൗരത്വം ഉപേക്ഷിച്ചു ഇസ്രായേലിലേക്ക് പോകാനുള്ള അവസരം ആയിരുന്നു ഈ നിയമത്തിൽ ഉണ്ടായിരുന്നത്. ജൂതന്മാരെ ഇറാഖിൽ നിന്നും പുറംതള്ളണം എന്ന ആവിശ്യം ഭരണകൂടത്തിനുണ്ടെങ്കിലും ഇറാഖിൽ നിന്നും ഇസ്രയേലിലേക്ക് പോകുന്നത് നിയമപരമായി ശിക്ഷാർഹമായിരുന്നു. ഈ തടസ്സമാണ് ഇപ്പോൾ നീങ്ങിയിരിക്കുന്നതു. ഒരു വര്ഷം മാത്രമെ ഈ നിയമത്തിനു കാലാവധിയുണ്ടായിരുന്നൊള്ളു.ജൂതന്മാർ ഇറാഖിൽ അനുഭവിച്ചിരുന്ന ദുരിതം മൂലം ഭൂരിഭാഗം ജൂതന്മാരും ഈ അവസരം ഉപയോഗപെടുത്തും എന്നായിരുന്നു ഇറാഖി ഭരണകൂടവും ഇസ്രയേലും കണക്കുകൂട്ടിയിരുന്നത്. എന്നാൽ വളരെ തുച്ഛമായ ആളുകൾ മാത്രമെ ഇസ്രായേലിലേക്ക് പോകാൻ വേണ്ടി അപേക്ഷിച്ചിരുന്നൊള്ളു.
- ബാഗ്ദാദ് ബോംബിങ്
“1950-51 വർഷത്തിൽ ഇറാഖിൽ ജൂതന്മാരെ ലക്ഷ്യം വെച്ച് തുടർച്ചയായി നടന്ന ബോംബ് ആക്രമണത്തെയാണ് “ബാഗ്ദാദ് ബോംബിങ്” എന്നറിയപ്പെടുന്നത്. തുടക്കം, ജൂതന്മാർ പതിവായി ഒത്തുകൂടാറുണ്ടായിരുന്ന “അമേരിക്കൻ കൾച്ചറൽ സെന്റെർ ആൻഡ് ലൈബ്രറി” യിൽ 1950 മാർച്ച് 19 ന് ഉണ്ടായ ഒരു ബോംബ് സ്ഫോടനം ആയിരുന്നു. നിരവധി ജൂതന്മാർക് പരിക് പറ്റുകയും പല നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത ഈ സംഭവത്തിന് ശേഷം ഏപ്രിൽ 8 ന് രാത്രി 9:15 ന് ബാഗ്ദാദിൽ “പാസോവർ” (passover) എന്ന ജൂതന്മാരുടെ ആഘോഷത്തിനിടയിലേക്ക് മൂന്നു പേര് സഞ്ചരിച്ചിരുന്ന കാറിൽ നിന്നും “ഗ്രനേഡ്” ആക്രമണം ഉണ്ടായി. എൽ-ദാർ എൽ ബിദ (El- Dar El- Bida) എന്ന കഫെ (cafe)യിൽ ആയിരുന്നു ഈ ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തിൽ നാല് ജൂതന്മാർക്കു ഗുരുതരമായ പരിക്ക് പറ്റുകയുണ്ടായി. ഈ ആക്രമണത്തിന് തൊട്ടുപിന്നാലെ ബാഗ്ദാദിൽ ജൂതന്മാർക്കിടയിൽ ചില ലഘുലേഖകൾ വിതരണം ചെയ്യപ്പെടുകയുണ്ടായി. “ഇറാഖിൽ ജൂതന്മാർ സുരക്ഷിതരല്ലന്നും, ജൂതന്മാർ എത്രയും പെട്ടന്ന് ഇസ്രായേലിലേക്ക് പോകണം” എന്നായിരുന്നു അതിലെ ഉള്ളടക്കം. ഈ ആക്രമണത്തിന്ശേഷം ഇറാഖി പൗരത്വം ഉപേഷിച്ചു ഇസ്രയേലിലേക്ക് പോകാൻ വേണ്ടി അപേക്ഷ കൊടുത്തവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി.
എന്നാൽ ഏപ്രിൽ 8 ശേഷം ഉണ്ടായ അപേക്ഷകരുടെ വർദ്ധനവിന് ചെറിയ ഇടിവ് വന്നു തുടങ്ങിയപ്പോൾ വീണ്ടും മറ്റൊരു ഗ്രനേഡ് ആക്രമണം ജൂതർക്ക് നേരിടേണ്ടി വന്നു. ഈ ആക്രമണം ഉണ്ടായത് മെയ് 10 ന് പുലർച്ചെ മൂന്ന് മണിക്ക് ഇറാഖി ജൂതന്റെ ഉടമസ്ഥതയിൽ ഉള്ള ബെയ്ത് ലാവി (Beit lawi) എന്ന ഓട്ടോ മൊബൈൽ സ്ഥാപനത്തിന് നേരെയായിരുന്നു. ഈ ആക്രമണത്തിൽ ആ കെട്ടിടം പൂർണമായും തകർന്നു. മെയ് 10 ലെ ആക്രമണത്തിന് ശേഷം ജൂൺ 3 ന് ബാഗ്ദാദിൽ സമ്പന്നന്മാർ മാത്രം താമസിക്കുന്ന “എൽ ബെറ്റാവിൻ” എന്ന സ്ഥലത്തു മറ്റൊരു അക്രമണവും കൂടെ ഉണ്ടായി.
രണ്ടു ദിവസത്തിനു ശേഷം ജൂൺ 5 ന് പുലർച്ചെ 2:30 ന് റഷീദ് അൽ-സ്ട്രീറ്റിൽ ഇറാഖി ജൂതന്റെ ഉടമസ്ഥതയിൽ ആയിരുന്ന സ്ഥാപനത്തിന് അടുത്ത് മറ്റൊരു ബോംബ് സ്ഫോടനം കൂടെ ഉണ്ടായി. പേടിപ്പെടുത്തുന്ന രീതിയിലുള്ള തുടർച്ചയായ സ്ഫോടനങ്ങൾ മൂലം ജൂതന്മാർ അരക്ഷിതാവസ്ഥയിൽ ആകുകയായിരുന്നു ഇറാഖിൽ.
ഡിനാച്ചോറലൈസേഷൻ എന്ന നിയമത്തിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ,1951 ജനുവരി 14 ന് വൈകുന്നേരം 7 മണിക്ക് ബാഗ്ദാദിലെ ഒരു ജൂതപള്ളിക് മുമ്പിൽ മറ്റൊരു ഗ്രനേഡ് ആക്രമണം കൂടെ നടന്നു.ഒരു കുട്ടിയടക്കം നാല് ജൂതന്മാർ ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി. ഈ അക്രമണത്തോട് കൂടി ഇറാഖിൽ നിന്നും ഇസ്രായേലിലേക്ക് പോകുന്നവരുടെ എണ്ണം ദിവസം 600 മുതൽ 700 വരെ എന്ന തോതിൽ വർദ്ധിച്ചു. ഡിനാച്ചോറലൈസേഷൻ കാലാവധി അവസാനിക്കുന്ന ഈ സമയങ്ങളിൽ ബാഗ്ദാദിന്റെ പല ഭാഗങ്ങളിലും ഇതുപോലത്തെ ആക്രമണങ്ങൾ തുടർന്നു കൊണ്ടിരുന്നു. 1952 അവസാനത്തോട് കൂടി ഇസ്രയേലും ഇറാക്ക് ഭരണകൂടവും ആഗ്രഹിച്ചതുപോലെ ജൂതന്മാർ മുഴുവനായും ഇറാഖ് ഉപേക്ഷിച്ചു പോയിരുന്നു. 1952 അവസാനത്തോടുകൂടി ചില സ്വാർത്ഥ താല്പര്യക്കാരുടെ ഇടപെടലുകൾ മൂലം, നൂറ്റാണ്ടുകളായി വിത്യസ്ത മതസ്ഥർ സൗഹാർദത്തോടുകൂടി വസിച്ചിരുന്ന ഒരു പ്രദേശത്തിന്റെ സമാധാനവും സൗന്ദര്യവും ഊഷ്മളതയും നഷ്ടപ്പെടുകയായിരുന്നു (ചില അനിഷ്ട സംഭവങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരുന്നത് വിസ്മരിക്കുന്നില്ല).
- ബാഗ്ദാദ് ബോംബിങ്ങിനു പിന്നിലെ നിഗൂഢതകൾ
അറബ് ദേശീയ വാദികൾക്കും ഇറാഖികൾക്കും ജൂതന്മാരോടുള്ള വിരോധമാണ് “ബാഗ്ദാദ് ബോംബിങ്” ന് പിന്നിലെ കാരണം എന്നാണ് ഇസ്രായേലും ഇസ്രായീൽ അനുകൂല മാധ്യമങ്ങളും അന്നും ഇന്നും പ്രചരിപ്പിക്കുന്നത്. എന്നാൽ തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് ചില ചരിത്രകാരന്മാർക്കു ഈ സംഭവത്തെ കുറിച്ചുള്ളത്. സീയോനിസ്റ്റുകൾ ഇറാഖിലെ ചില ബ്രിട്ടൻ അനുകൂല നേതാക്കളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ബാഗ്ദാദ് ബോംബിങ് എന്ന് തെളിവുകളുടെ പിൻബലത്തിൽ അവർ സമർത്ഥിക്കുന്നു. ജൂതന്മാർക്കിടയിൽ ഭീതിപരത്തിയും അസത്യങ്ങൾ പ്രചരിപ്പിച്ചും ഇസ്റായേലിലേക്കു ആവിശ്യമായ തൊഴിലാളികളെ എത്തിക്കുകയും അത് വഴി ഇറാഖിൽ നിന്നും ജൂതന്മാരെ നാട് കടത്തുകയുമായിരുന്നു അവരുടെ ലക്ഷ്യം. ഫലസ്തീനിലെ ചരിത്രകാരനായ അബ്ബാസ് ശിബ്ലക്, ഇറാഖിൽ ജൂത കുടുംബത്തിൽ ജനിച്ച നഈം ഖിലാഡി എന്ന എഴുത്തുകാരൻ, മുൻ സി ഐ എ ഏജന്റ് വൈബർ ഗൈൻ യെവലാൻഡ് തുടങ്ങിയ പ്രമുഖർ ബാഗ്ദാദ് ബോംബിങ്ങിനു പിന്നിൽ പ്രവർത്തിച്ചത് ഇസ്രയേലും സിയോണിസ്റ്റ് പ്രസ്ഥാനവും ഇറാഖിലെ ചില നേതാക്കളുമാണെന്നു ഉറപ്പിച്ചു പറയുന്നു.
മാർച്ച് 19 നു അമേരിക്കയുടെ അധീനതയിൽ ആയിരുന്നു പുസ്തകശാലയിലും സാംസ്കാരികകേന്ദ്രത്തിലും ഉണ്ടായ ആക്രമണം കൊണ്ട് ലക്ഷ്യംവെച്ചിരുന്നത് ഇറാഖും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വരുത്തുകയും അതുവഴി അമേരിക്കയുടെ പിന്തുണ ഉറപ്പുവരുത്തുകയുമായിരുന്നു എന്നാണ് അബ്ബാസ് ശിബ്ലക് പറയുന്നത്. 1941 ന് ശേഷം ഇറാഖിലെ സിയോണിസ്റ്റ് പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു നഈം ഖിലാഡി, തന്റെ ബെൻ ഗുറിയോൺസ് സ്കാൻഡൽസ് എന്ന പുസ്തകത്തിൽ ബാഗ്ദാദ് ബോംബിങ്ങിനെ കുറിച്ചും അതിന്റെ പിന്നിലെ നിഗൂഢതകളെ കുറിച്ചും വിവരിക്കുന്നത് ഏതാണ്ട് സമാനമായരീതിയിൽ തന്നെയാണ്.
1950 ഏപ്രിൽ 8 ൽ 9:15 നു എൽ-ദാർ എൽ ബിദ (El- Dar El- Bida) ലെ കഫെയിൽ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിന് തൊട്ടുപിന്നാലെ ജൂതന്മാർക്കിടയിൽ വിതരണം ചെയ്യപ്പെട്ട ലഖുലേഖയിലൂടെ ഈ ആക്രമണത്തെ കുറിച് സീയോനിസ്റ്റുകൾക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നെന്ന് തെളിഞ്ഞിരുന്നതായി അദ്ദേഹം പറയുന്നു. 9:15 നു ഉണ്ടായ ആക്രമണത്തിന് ശേഷം വിതരണംചെയ്യപ്പെട്ട ലഖുലേഖയിൽ പ്രിന്റ് ചെയ്ത സമയം രേഖപ്പെടുത്തിയിരുന്നത്, ഏപ്രിൽ-8, 4 PM എന്നായിരുന്നു. അതായതു ആക്രമണം നടക്കുന്നതിന്റെ മുമ്പ് തന്നെ ലഖുലേഖകൾ തയ്യാറാക്കി വെച്ചിരുന്നു എന്നത് വ്യക്തമാക്കുന്നതായിരുന്നു ഈ തെളിവ്. കൂടാതെ ഈ ആക്രമണത്തിന്റെ പേരിൽ മൂന്നു ജൂതന്മാരെ അറസ്റ് ചെയ്തിരുന്നു എന്നും ഖിലാഡി പറയുന്നു.അമേരിക്കൻ ചാര സംഘടനയായ “സെൻട്രൽ ഇന്റലിജൻസ് ഏജൻസി” (സി.ഐ.എ) ലെ മുൻ ഉദ്യോഗസ്ഥനായ വിൽബർക്രൈൻ യെവാലൻഡും പങ്കുവെക്കുന്നത് ഇതേ അഭിപ്രായം തന്നെയാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ “റോപ്സ് ഓഫ് സാൻഡ്” എന്ന പുസ്തകത്തിൽ ബാഗ്ദാദ് ബോംബിന്റെ പിന്നിലെ ചില സംശയങ്ങൾ പങ്കുവെക്കുന്നുണ്ട്. 1950 മാർച്ചിൽ അമേരിക്കൻ കൽച്ചറൽ സെന്റർ ആൻഡ് ലൈബ്രറിയിൽ ഉണ്ടായ ആക്രമണത്തിന് പിന്നിലെ ലക്ഷ്യം, ഇറാഖികൾ അമേരിക്കൻ വിരുദ്ധരും ജൂതന്മാരെ ഇല്ലായ്മ ചെയ്യുന്നവരുമാണെന്നു വരുത്തിതീർക്കാനും അതുവഴി അമേരിക്കൻ പിന്തുണ ദൃഢമാകുകയുമായിരുന്നു സീയോനിസ്റ്റുകളുടെ ലക്ഷ്യം എന്നാണ് അദ്ദേഹം പറയുന്നത്.
അറബ് തീവ്രവാദികൾ അറബ് ജൂതന്മാരെ ഇസ്രായേലിലേക്ക് ആട്ടിയോടിക്കുകയും സീയോനിസ്റ്റുകൾ ജൂതന്മാരുടെ രക്ഷകരും ആണെന്നതരത്തിലായിരുന്നു ഇസ്രായേലും ഇസ്രായീൽ അനുകൂല പത്രങ്ങളും പുറം ലോകത്തെ അറിയിക്കാൻ ശ്രമിച്ചിരുന്നത്, പുറത്തുള്ള ജനങ്ങളിൽ അധികവും വിശ്വസിച്ചിരുന്നതും ഇത് തന്നെയായിരുന്നു. എന്നാൽ ഇറാഖിൽ നടന്ന പോലെ 1954 ൽ ഈജിപ്തിലെ അമേരിക്കൻ ഇൻഫോർമേഷൻ സെന്റർ ആൻഡ് ലൈബ്രറിയിൽ ഒരു ആക്രമണത്തിന് ശ്രമിക്കുകയും അത് പരാജയപെടുകയുമുണ്ടായി. അതിനു പിന്നിൽ പ്രവർത്തിച്ച ചില സിയോണിസ്റ്റ് പ്രവർത്തകർ പിടിയിലാവുകയും അതിൽ രണ്ടു പേരെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു. ഈജിപ്തിൽ നടന്ന ആക്രമണത്തിന് പിന്നിൽ സിയോണിസ്റ്റുകൾ ആയിരുന്നെന്നു വ്യകതമായപ്പോൾ ഇറാഖിലെ ആക്രമണത്തിന് പിന്നിലും സിയോണിസ്റ്റുകൾ ആയിരുന്നു എന്ന സംശയത്തിന് ആക്കംകൂടി എന്ന് അദ്ദേഹം പറയുന്നു. ഈജിപ്തിലെ ആക്രമണത്തിന് പിന്നിൽ മുസ്ലിം ബ്രദർഹുഡും കമ്മ്യൂണിസ്റ്റ് പാർട്ടിയും ആണെന്ന് ആരോപിക്കുകയും,അതുവഴി ഈജിപ്തിനെയും അമേരിക്കയെയും ശത്രുക്കളാക്കാം എന്നും അതിലൂടെ ഇസ്രായേലിന് നേട്ടം ഉണ്ടാക്കാം എന്നും അവർ കണക്കുകൂട്ടിരുന്നു.
അന്നും ഇന്നും ഇസ്രയേലിലും ഫലസ്തീനിലും അയൽ പ്രദേശങ്ങളിലും നടക്കുന്ന ഇത്തരത്തിലുള്ള പല അനിഷ്ട സംഭവങ്ങൾക് പിന്നിലും നമ്മൾ വിശ്വസിക്കുന്ന അല്ലങ്കിൽ വിശ്വസിപ്പിക്കുന്ന കാരണങ്ങളിൽ നിന്നും വ്യത്യസ്തമായ സത്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാവാം. സന്ഗീർണമായ സത്യങ്ങളെക്കാൾ ലളിതമായ അസത്യങ്ങളാണ് സാധാരണ ജനങ്ങൾക്ക് വിശ്വസിക്കാൻ എളുപ്പം!
ലോകജനതയ്ക്ക് സമാധാനം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു!
ഇOതിയാസ് ബംങ്കാളത്