നഷ്ടപ്പെട്ട മൈതാനം!
History Oct 01, 2017
പാടത്തു നെൽകൊയ്തു കഴിഞ്ഞു തരിശായി കിടക്കുന്ന സമയത്താണ് ആ പാടം (നെൽവയൽ) വാടകെക്കെടുത്തിരുന്നത്. കുറേവർഷങ്ങളായി ആ പാടം തന്നെയാണ് വാടകക്കെടുക്കാറുള്ളതും. വാടകകൊടുത്ത്, രണ്ടു ദിവസത്തിനുള്ളിൽ, കളിമൺ കട്ടകൾ പൊങ്ങിയും താന്നും കിടക്കുന്ന പാടം നിരപ്പാക്കലും, നല്ല കവുങ് മുറിച്ചു രണ്ടു വശത്തു ഗോൾ പോസ്റ്റാക്കി വെക്കലും, പിന്നീടങ്ങോട്ട് നാലഞ്ച് മാസം ,വൈകുന്നേരങ്ങളിൽ പൊടിപാറുന്ന കളി തന്നെ. മലബാറിൽ പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ ഒരു കുളിർമയുള്ള കാഴ്ചയാണിത്.
2005 ഡിസംബർ, ഞാൻ കോളേജിൽ ആദ്യവര്ഷ വിദ്യാർത്ഥി ആയിരുന്നു സമയം. ഞങ്ങളുടെ ക്ലബ് അതിന്റെ പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുന്ന സമയമാണ്. കലാ സാംസ്കാരിക കായിക രംഗത്ത് ക്ലബ്ബിന്റെ ഇടപെടലുകൾ ഉണ്ടെങ്കിലും, ഫുട്ബോളിന്റെ പേരിലായിരുന്നു ക്ലബ് സമീപ പ്രദേശങ്ങളിൽ അറിയപ്പെട്ടിരുന്നത്. പാടം നിരത്തി പോസ്റ്റെല്ലാം കുത്തി കഴിഞ്ഞാൽ പിന്നെ നാലഞ്ച് മാസത്തേക്ക് ആവേശമാണ്. വൈകുന്നേരം അഞ്ചു മണി ആയിത്തുടങ്ങുമ്പോൾ എല്ലാവരും ബൂട്ടുമായി എത്തി തുടങ്ങും. ആദ്യം എത്തുന്ന 14 പേർക്കേ കളിയ്ക്കാൻ അവസരമുണ്ടാവൂ എന്നതിനാൽ. ചിലർ 5 മണിക്ക് മുമ്പ് തന്നെ പാടത്തിന്റെ ചുറ്റുമുള്ള വരമ്പത്തു ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും . പഴയ തലമുറയിൽ പെട്ട കളിക്കാർ, പ്രവാസികളായ പഴയ കളിക്കാർ (ഈ സമയത്തു കളിയ്ക്കാൻ വേണ്ടി മാത്രം ലീവെടുത്തു വന്നവർ), ക്ലബ്ബിന്റെ ഇപ്പോഴത്തെ കളിക്കാർ, പുതുതായി കളിയ്ക്കാൻ തുടങ്ങുന്ന കുട്ടികൾ അങ്ങിനെ പലതരത്തിലുള്ള കളിക്കാർ. നാട്ടിലെ ഫുട്ബാൾ പ്രേമികൾ വൈകുന്നേരങ്ങളിലെ ഈ കളികാണാൻ വരമ്പിലും മറ്റുമായി ഇടിപ്പുണ്ടാവും, കൂടാതെ നേരം വൈകി വന്നതിനാൽ കളിക്കാൻ അവസരം കിട്ടാത്ത കളിക്കാരും. പിന്നീടങ്ങോട്ട് വീറും വാശിയുമുള്ള കളിയാണ്. കൊണ്ടും കൊടുത്തും വലുപ്പ ചെറുപ്പം മറന്നുള്ള കളി. സന്ധ്യ ആവുന്നത് വരെ കളിക്കും. സൂര്യൻ അസ്തമിച് ,നേരം ഇരുണ്ടാലേ അവിടുന്നു പിരിഞ്ഞു പോകാറുണ്ടായിരുന്നൊള്ളു. കളിയെല്ലാം കഴിഞ്ഞു വീട്ടിൽ പോയി കുളിച്ചു തുണിയെല്ലാം മാറ്റി വീണ്ടും അടുത്ത ഫുട്ബാൾ ഗ്രൗണ്ടിലേക്ക്. കളിക്കാനല്ല, കളികാണാൻ!
നവംബര് തൊട്ട് ഏകദേശം ഏപ്രിൽ വരെ പലഭാഗത്തും രാത്രി കാലങ്ങളിൽ അഖിലേന്ത്യ ഫുട്ബാൾ ടൂർണമെന്റ് ഉണ്ടാവും. അന്നത്തെ രാത്രികൾ ആ കളികൾ കാണാൻ വേണ്ടി മാത്രം ഉള്ളതായിരുന്നു. വേൾഡ് കപ്പിൽ നമ്മൾ പക്ഷം പിടിക്കുന്ന പോലെ ഇവിടെയുമുണ്ട് ഞങ്ങൾക്ക് ടീമുകൾ, “അൽമദീന ചെറുപ്പളശ്ശേരി, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, KRS കോഴിക്കോട്” തുടങ്ങിയ ടീമുകൾ. മൈതാനത്തിനു ചുറ്റും കവുങ്ങ് കൊണ്ട് ഉണ്ടാക്കിയ താൽക്കാലിക ഇരിപ്പിടങ്ങളിലിരുന്നു കളികാണാൻ ടിക്കറ്റെടുത്തു ഉള്ളിൽ കയറിയാൽ വേറെ ഒരു ലോകമാണ്.
പലതരത്തിലുള്ള ശബ്ദ കോലാഹലങ്ങലും, പുകവലിയും (പുകവലിയുടെ ദുർഗന്ധം സുഗന്ധമായി അനുഭവപ്പെടുന്നട് ഇവിടങ്ങളിലാണ്) നല്ല മാപ്പിളപ്പാട്ടിന്റെ അകമ്പടിയോടെ അനോൺസ്മെന്റും എല്ലാമായുള്ള ഒരു രാത്രി കളി. “ആലിക്കോയ” എന്ന റെഫറിയോട് (കളി നിയന്ത്രിക്കുന്ന ആൾ) സഹതാപം തോന്നുന്ന ഒരു കാലമായിരുന്നു അത്. അത്രയും സാഹസികമായിട്ടായിരുന്നു അദ്ദേഹം കളി നിയന്ത്രിച്ചിരുന്നത്. തങ്ങൾ ഇഷ്ട്ടപെടുന്ന ടീമിനെതിരെ ഉണ്ടാവുന്ന ഓരോ തീരുമാനങ്ങൾക്കെതിരെയും കാണികൾ (ചിലർ മാത്രം) റെഫ്രിയെ കൂകി വിളിച്ചും മറ്റും ആയിരുന്നു പ്രതികരിച്ചിരുന്നത്. എല്ലാ റെഫറിമാർക്കും ഈ അനുഭവം തന്നെയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതെല്ലാം ആ ഗ്രൗണ്ടിനുള്ളിൽ മാത്രം ഒതുങ്ങുന്നതായിരുന്നു.
വൈകുന്നേരങ്ങളിലെ കളിയും കൂട്ടുകൂടലും എല്ലാം ഞങ്ങളെ പൂർണ ആരോഗ്യവാന്മാരും ഉന്മേഷവാന്മാരുമാക്കിയിരുന്നു. ഫുട്ബോളിനെ ബന്ധപ്പെടുത്തി പല ജീവകാരുണ്ണ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഞാൻ ഇന്നും ഓർക്കുന്നു, ഗുരുതരമായ രോഗത്താൽ ബുദ്ധിമുട്ടിയിരുന്ന ഒരാൾക്ക് സാമ്പത്തിക സഹായത്തിനായി ഒരു ഫുട്ബോൾ ടൂർണമെന്റ് നടത്തുകയും അതിൽ നിന്നും കിട്ടിയ സാമ്പത്തിക ലാഭം മുഴുവനായും ആ വ്യക്തിയുടെ ചികിത്സക്കായി നൽകുകയും ചെയതത്.
10 വര്ഷം മുമ്പൊക്കെ ഈ പ്രദേശങ്ങളിൽ, വൈകുന്നേരങ്ങളിലും രാത്രികളിലും ഫുട്ബോൾ ആരവം മാത്രമായിരുന്നു. പലഭാഗത്തും ഫുട്ബാൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുമായിരുന്നു. മിക്ക ടൂർണമെന്റുകളിലും ഞങ്ങളുടെ ക്ലബ് പങ്കെടുക്കുകയും, അതിൽ പലതിലും വിജയിക്കുകയും ചെയ്തിരുന്നു. ക്ലബ്ബിന്റെ കളി ഉണ്ടാവുന്ന ദിവസങ്ങളിൽ നാട്ടിലെ ഫുട്ബാൾ പ്രേമികൾ നേരത്തെതന്നെ അങ്ങാടിയിൽ എത്തി, ഗ്രൗണ്ടിലേക്ക് പോകാനുള്ള വാഹനം തരപ്പെടുത്താനുള്ള തിരക്കിലായിരിക്കും. ആ ദിവസം ഞങ്ങളുടെ അങ്ങാടിയിൽ ആള് വളരെ കുറവായിരിക്കും . എല്ലാവരും കളികാണാൻവേണ്ടി കിട്ടുന്ന വാഹനത്തിൽ കയറി പോകുന്ന കാഴ്ച ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു.കളിക്കാർക്ക് അത് വലിയ ആവേശവും പ്രചോദനവും ആയിരുന്നു
കളി തുടങ്ങുന്നതിനു മുമ്പ്, ഒന്പതോ പത്തോ കളിക്കാർ അടങ്ങുന്ന ടീം ഒരു പന്തിനു പിന്നിലായി ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ ഞങ്ങളുടെ നാട്ടുകാരുടെ അടുത്ത് നിന്നും കിട്ടുന്ന ആ പ്രോത്സാഹനം മധുരിക്കുന്ന ഓർമയാണ്. ക്ലബ്ബിന്റെ ഫുട്ബോൾ പ്രേമികളായ ചില രക്ഷാധികാരികളുടെ നേത്രത്വത്തിലായിരുന്നു അന്നൊക്കെ ഫുട്ബോൾ സജീവമായി മുന്നോട്ട് പോയിരുന്നത്. ഏതെങ്കിലും ടൂർണമെന്റിൽ വിജയികളായാൽ അന്ന് പിന്നെ അതൊരു ആഘോഷമാണ് . ഗ്രൗണ്ട് മുതൽ ഞങ്ങളുടെ നാട് വരെ ട്രോഫി യുമായുള്ള യാത്രയും അതിനു ശേഷം നാട്ടിൽ ഒത്തുകൂടലും ഒന്നും മറക്കാൻ പറ്റില്ല. പ്രത്യേകിച്ചും അടുത്തുള്ള പ്രദേശത്തെ ഏതെങ്കിലും ടീമിനെ ആണ് പരാജയപെടുത്തിയതെങ്ങിൽ…. എന്നാൽ എല്ലായിപ്പോഴും സന്തോഷം മാത്രമായിരിക്കില്ലല്ലോ ഉണ്ടാവുക. ചിലപ്പോൾ തോൽവിയിൽ തല താഴ്ത്തിയും, മറ്റു ചിലപ്പോൾ മത്സരം മുഴുവനാകാതെ പാതി വെച്ച് അടിപിടിയിൽ കലാശിച്ചും മടങ്ങേണ്ടി വന്നിട്ടുമുണ്ട്. നമ്മുടെ കളിക്കാരനെ എതിർ കളിക്കാർ ഫൗൾ ചെയ്താൽ, നാട്ടുകാർ വെറുതെയിരിക്കില്ലല്ലോ,അവർ ഗ്രൗണ്ടിലേക്കിറങ്ങും, അതുകാണുമ്പോൾ മറ്റേ ടീമിന്റെ ആളുകളും മോശക്കാരാവില്ല, അവരും ഇറങ്ങും. പിന്നെ ഒന്നും പറയേണ്ടല്ലോ . നേരെത്തെ പറഞ്ഞപോലെ ഗ്രൗണ്ട് വിട്ടാൽ പ്രശനം പരിഹരിക്കപെടും. എന്നാൽ ഗ്രൗണ്ട് വിടുന്ന വരെ എന്ത് സംഭവിക്കും എന്നും പറയാൻ പറ്റില്ല.
രിക്കൽ എന്റെ സുഹൃത്തായ നൗഫലും ഞാനും കുറച്ചു ദൂരെ ഒരു സ്ഥലത്തേക്ക് കളിക്കാൻ പോയി. നൗഫൽ അന്ന് മറ്റു ടീമുകൾക്കു വേണ്ടി കളിയ്ക്കാൻ പോകുന്ന സമയമാണ്. അന്ന് ഞാൻ അവന്റെ കൂടെ കാളികാണാനായിരുന്നു പോയത്. രാത്രിയിലുള്ള കളിക്ക് ഞങ്ങൾ കുറച്ചു നേരെത്തെ തന്നെ പോയി, ഗ്രൗണ്ടിന്റെ അടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തിരുന്ന് കുറെ സൊറ പറഞ്ഞു, രാത്രി ആയപ്പോൾ ഗ്രൗണ്ടിലെത്തി. കളി തുടങ്ങി! നൗഫൽ അന്ന് നല്ല ഫോമിലായിരുന്നു അവന്ടെ ടീമും. കളിയുടെ ഭൂരിഭാഗവും അവരായിരുന്നു നന്നായി കളിച്ചതു പക്ഷെ ജയിച്ചത് എതിർ ടീമും. അവരുടെ പോസ്റ്റിലേക്ക് ആകെ വന്നത് മൂന്നു അടി, മൂന്നും അവരുടെ ഗോളി വിട്ടുകളഞ്ഞു, അത്രക്കും മോശം പ്രകടനമായിരുന്നു ആ ഗോളി നടത്തിയത്. കളിയെല്ലാം കഴിഞ്ഞു നൗഫൽ അവന്ടെ പൈസയെല്ലാം വാങ്ങി ,ഞങ്ങൾ തിരികെ പോരാൻ നിക്കുമ്പോൾ, അവന്ടെ ടീമിലെ ഒരാൾ ഞങ്ങളോട് ചോദിച്ചു “നിങ്ങൾ കൊണ്ടോട്ടിയിലേക്കെല്ലേ പോകുന്നത്? പോകുന്ന വഴിയിൽ ഈ ആളെ വഴിയിൽ ഇറക്കുമോ എന്ന് ചോദിച്ചു” ഞങ്ങൾ സമ്മതിച്ചു. പോകുന്ന വഴിയിൽ കളിയെ കുറിച്ചും, തോൽവിയെ കുറിച്ചും, തോൽവിക്കു കാരണക്കാരനായ ആ ഗോളിയെ കുറിച്ചും മാത്രമായിരുന്നു ഞാൻ സംസാരിച്ചിരുന്നത്. “എവിടുന്നു കിട്ടി ആ ഗോളിയെ? ആ ചെങ്ങായിനെകൊണ്ടാണ് ഇങ്ങള് തോറ്റതു……” അങ്ങിനെ ഗോളിയെ കുറിച്ച് ഞാൻ വാചാലയായി കൊണ്ടിരിക്കുമ്പോഴും കൂടെയുള്ള ഇവർ രണ്ടുപേരുംഒന്നും മിണ്ടുന്നില്ല. ഗോളിയെ കുറിച്ച് ഞാൻ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നതിടയിൽ ബൈക്കിലുള്ള മൂന്നാമൻ എന്നെ ഒന്ന് തോണ്ടിയിട്ടു പറഞ്ഞു “ഞാൻ ആയിരുന്നു ആ ഗോളി”.
എന്നാൽ അന്നെത്തേതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ നാടിനു വന്നിട്ടുണ്ട്. അന്ന് കളിച്ചിരുന്ന പാടം നികത്തി അവിടെ വീട് വന്നു. അതോടു കൂടി നാട്ടിലെ ഫുട്ബാൾ നിലച്ചു.അന്ന് ഫുട്ബോളിനെ നെഞ്ചോട് ചേർത്ത് മുന്നോട്ടു കൊണ്ടുപോയിരുന്നവർ ജീവിത സാഹചര്യം മൂലം പ്രവാസികളാകേണ്ടി വന്നു. ഇന്നത്തെ തലമുറയ്ക്ക് ഇതിലൊക്കെയുള്ള താല്പര്യമില്ലായ്മയും നാട്ടിൽ ഫുട്ബാൾ നശിക്കാൻ കാരണമായി. പുതിയ തലമുറ എന്നോ പഴയ തലമുറ എന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു മൊബൈലിനുള്ളിലേക്കു ചുരുങ്ങിപോയിരിക്കുന്നു. വളർന്നു വരുന്ന കുട്ടികൾക്കിടയിൽ പല മാഫിയകളും (കഞ്ചാവ്, മയക്കു മരുന്ന്, അശ്ളീല സിനിമ, തീവ്രവാദം തുടങ്ങിയവ) വളരെ എളുപ്പത്തിൽ കടന്നു ചെല്ലുന്നു. നമ്മുടെ അനുജന്മാരും മറ്റും ഇത്തരക്കാരുടെ കെണിയിൽ പെട്ടിരിക്കുന്നു. മുമ്പ് എല്ലാ പ്രശ്നങ്ങളെയും ഒരു നാട് ഒറ്റകെട്ടായി നേരിട്ടിരുന്നു. എന്നാൽ ഇന്ന് എല്ലാവരും അവരവരുടെ കാര്യങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന ഈ സാഹചര്യത്തിലാണ് നാട്ടിലെ ക്ലബ്ബുകളുടെ ഇടപെടലും മറ്റും അനിവാര്യമായിരിക്കുന്നതു. നമ്മുക് ആ പഴയ ക്ലബും, ഫുട്ബോളും, അതിനെ ച്ചുറ്റിപ്പറ്റിയുള്ള കൂട്ടായ്മയും തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു. എന്നാൽ ഫുട്ബാളിനെ നെഞ്ചിലേറ്റി നടക്കുന്ന ചുരുക്കം ചിലർ ഇന്നും ഉണ്ട്, സ്വന്തം കയ്യിൽ നിന്നും പൈസ ചിലവഴിച്ചു അനേകം കുട്ടികൾക്ക്, ഒരു ലാഭേച്ഛയും ഇല്ലാതെ ഫുട്ബാൾ ക്യാമ്പ് നടത്തുകയും അവർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നവർ. എല്ലാവരെയും വലിയ കളിക്കാർ ആക്കുകയല്ല , മറിച് ആരോഗ്യമുള്ള, അച്ചടക്കമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുകായാണ് ഈ ക്യാമ്പുകൊണ്ടു അവർ ലക്ഷ്യമിടുന്നത്.
കൂട്ടികളെ അവരുടെ പഠനത്തിന്റെ കൂടെ, ഫുട്ബാൾ പോലെയുള്ള കായികരംഗത്തെക്കു ശ്രദ്ധ തിരിച്ചു വിടുന്നത് ഒരുപരിധിവരെ തെറ്റായ കാര്യങ്ങളിൽ അകപ്പെടുന്നത് തടയാൻ പറ്റും. കളിമൂലമുണ്ടാവുന്ന ഉന്മേഷവും ചുറുചുറുപ്പും കുട്ടികളെ പഠനത്തിനും സമൂഹത്തിനു ഉപകാരപ്രദമാകുന്ന സൽപ്രവർത്തനത്തിനും ഗുണം ചെയ്യും. തിന്മകളെ കുറിച്ച് ചിന്തിക്കാൻ സമായും ഇല്ലാതാവും. പഴമയിലേക്കൊരു തിരിച്ചുപോക്ക് അത്രയേറെ അനിവാര്യമാണിന്ന്.
നന്മ നേരുന്നു!
ഇoതിയാസ് ബംങ്കാളത്